എന്റെ പ്രിയപ്പെട്ടവള്‍
ഞാന്‍ അവളെ ശ്രദ്ധിച്ചു. ചോദ്യപ്പേപ്പറിന്റെ പേജുകള്‍ തിരിച്ചും മറിച്ചും നോക്കി നെടുവീര്പ്പിടുകയാണവള്. ഞാന്‍ നോക്കുന്നത് അവള് ശ്രദ്ധിച്ചിട്ടെന്നോണം ചോദ്യപ്പേപ്പറില്‍ നിന്നും കണ്ണുകള്‍ വെട്ടിച്ച് എന്നെ ഒന്നുനോക്കി. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു.
“എങ്ങനെയുണ്ടായിരുന്നു എക്സാം?”
71 total views
ഞാന്‍ അവളെ ശ്രദ്ധിച്ചു. ചോദ്യപ്പേപ്പറിന്റെ പേജുകള്‍ തിരിച്ചും മറിച്ചും നോക്കി നെടുവീര്പ്പിടുകയാണവള്. ഞാന്‍ നോക്കുന്നത് അവള് ശ്രദ്ധിച്ചിട്ടെന്നോണം ചോദ്യപ്പേപ്പറില്‍ നിന്നും കണ്ണുകള്‍ വെട്ടിച്ച് എന്നെ ഒന്നുനോക്കി. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു.
“എങ്ങനെയുണ്ടായിരുന്നു എക്സാം?”
ഞാന്‍ അവളോട് ചോദിച്ചു. ജിജി ഇതു കേട്ടിട്ടെന്നോണം തിരിഞ്ഞു നോക്കി. എന്നിട്ട്, തന്നോടിതുവരെ ഈ ചോദ്യം ചോദിച്ചില്ലല്ലോ എന്ന മട്ടില്‍ ഒരു കള്ളച്ചിരി പാസ്സാക്കി.
“നന്നായിരുന്നു. അവിടയോ?”
അവള് തിരിച്ചു ചോദിച്ചു. ഞാന്‍ മുകളിലേക്ക് നോക്കിയിട്ട്, എല്ലാം ദൈവത്തിന്റെ കൈകളിലാണ് എന്നൊരു ഭാവവും കാണിച്ചു. അവള് ചിരിച്ചു. ഞാനും ചിരിച്ചു. അവളുടെ ചിരിയില്‍ നിന്നും വിടര്‍ന്നുവന്ന മുല്ലമൊട്ടുകള്‍ പൂര്‍ണ്ണചന്ദ്രനെ ആകര്ഷിക്കുവാന്തക്കവണ്ണം മനോഹരങ്ങളായിരുന്നു. അവളുടെ നെറ്റിത്തടത്തില്‍ പതിവായി കാണാറുള്ള ആ കുറിയ ചുരുള്‍മുടി ഒതുക്കിവച്ചുകൊണ്ട് അവള് ചോദ്യപ്പേപ്പറില്‍ത്തന്നെ കണ്ണുകള്‍ നാട്ടിയിരുപ്പായി. ഇടയ്ക്കിടയ്ക്ക് ആ കൃഷ്ണമണികള്‍ ചോദ്യപ്പേപ്പറില്‍ നിന്നും വെട്ടിമാറി എന്റെ നേര്‍ക്ക് കുതിക്കുന്നുണ്ടായിരുന്നു. എന്തിനാണ് അവള് ഇടംകണ്ണിട്ട് എന്നേമാത്രം നോക്കുന്നത് എന്നൊരു ചിന്താതരംഗം എന്റെ തലച്ചോറിലൂടെ അപ്പോള്‍ കടന്നുപോയി. അവളുടെ മനസ്സിനെ ഒരിക്കലെങ്കിലും ഒന്നിളക്കാന്‍ എന്റെ കാലങ്ങളായുള്ള നിശബ്ദ-പ്രണയാഭ്യര്‍ത്ഥനയ്ക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല.
അജയന്സാറിന്റെ കണക്കുക്ലാസ്സിനു ശേഷം എല്ലാരും വീട്ടിലേക്കു പോവുകയാണ്. ഞാനും ബാഗുമായി പുറത്തിറങ്ങി. ജിജി, നാളെ സ്കൂളില്‍ നടക്കാനിരിക്കുന്ന ഓണാഘോഷ പരിപാടികളെപ്പറ്റി അശ്വതിയോടും നിത്യയോടും വാതോരാതെ സംസാരിക്കുകയാണ്. എല്ലാവരും ആകാംഷാഭരിതരാണ്. അവള് ഇത്രനേരമായും പുറത്തു വന്നിട്ടില്ല. ഇരുവശവും കൈയ്യാല കെട്ടിയ ഇടവഴിയിലൂടെ എല്ലാവരും നടന്നകലുകയാണ്. ഞാന്‍ അകത്തേക്ക് കയറിച്ചെന്നു. അവള് ധൃതിയില്‍ പുസ്തകങ്ങള്‍ ബാഗിലാക്കുന്ന തിരക്കിലായിരുന്നു.
“പോയില്ലേ?” – അവള് ചോദിച്ചു.
“പോയാല്‍ ഞാന്‍ ഇവിടെ കാണുമോ?”
അവള് ചിരിച്ചു.
“എന്ത് പറ്റിയതാ?” – ഞാന്‍ ചോദിച്ചു.
“അജയന്സാര് ബോര്‍ഡില്‍ എഴുതിയിട്ടിരുന്ന ഉത്തരങ്ങള്‍ പകര്‍ത്താന്‍ വൈകി.അതാ.”
ചത്ത കുഞ്ഞിന്റെ ജാതകം – ഞാന്‍ മനസ്സിലോര്‍ത്തു.
“അത് ശരി. എന്നാ വാ. പോകാം.”
ഞാന്‍ തിളക്കമാര്‍ന്ന കണ്ണുകളോടെ അവളെ വിളിച്ചു.
ആ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് അവളുടെ കുപ്പിവളകളും പാദസരങ്ങളും പൊട്ടിച്ചിരിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി. ശശിസാറിന്റെ ട്യൂഷന്‍സെന്റര്‍ പൂട്ടി, താക്കോല്‍ അയല്‍പ്പക്കത്തെ വീട്ടിലെ മുത്തശ്ശിയെ ഏല്‍പ്പിച്ചു. കയ്യാല കെട്ടി മറച്ച ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. പെട്ടെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന പാദസരങ്ങളേക്കാള് മധുരമായി അവള് എന്നോട് ചോദിച്ചു.
“നാളെ സ്കൂളില്‍ വരുമോ?”
“ഞാന്‍ വരും. നീയോ?”
“ഞാന്‍ ചിലപ്പോഴേ വരൂ.”
പെട്ടെന്ന് കത്തിനിന്ന സൂര്യന് എങ്ങോട്ടോ ഓടി മറഞ്ഞതുപോലെ തോന്നി. കാര്‍മേഘങ്ങള്‍ എന്റെ മുകളിലേക്ക് ഇരച്ചുകയറി ഘനഗംഭീരമായ ശബ്ദം മുഴക്കുന്നതായി തോന്നി. എന്റെ കണ്ണുകളിലെ തിളക്കം നഷ്ട്ടപ്പെട്ടതായി അവള് മനസ്സിലാക്കിയിരിക്കണം.
“അതെന്താ?” – ഞാന്‍ ചോദിച്ചു.
“ഒന്നുമില്ല. ചിലപ്പോള്‍ വരും.”
“വരണം. വരാതിരിക്കരുത്.”
“അതെന്താ അങ്ങനെ?”
അവള് എന്നില്‍ നിന്ന് അതിന്റെ ശരിയായ ഉത്തരം പ്രതീക്ഷിക്കുന്നതുപോലെ എനിക്ക് തോന്നി.
“വെറുതെ” – ഞാന്‍ പറഞ്ഞു.
“നാളെ ആ കറുത്ത ഷര്ട്ടിട്ടോണ്ട് വരാമോ?”
ഈ ചോദ്യം കേട്ട് ഞാന്‍ ഒരു നിമിഷം സ്തബ്ദനായി നിന്നുപോയി. നാഡീ ഞരമ്പുകള്‍ വലിഞ്ഞു മുറുകിയ ഒരു അവസ്ഥ അനുഭവപ്പെട്ടു. കൈകാലുകളിലെ രോമങ്ങള്‍ പോലും എഴുനേറ്റുനിന്ന് ഈ രംഗം വീക്ഷിച്ചു. റബ്ബര്‍മരത്തിന്റെ ഇലകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ആഹ്ലാദപ്രകടനം നടത്തി. ഊളിയിട്ടു വന്ന പടിഞ്ഞാറന്‍ കാറ്റ് എന്റെ മേല്‍ ആഞ്ഞു വീശി. മുകളില്‍ തിങ്ങിനിറഞ്ഞുനിന്നിരുന്ന കാര്‍മേഘങ്ങള്‍ എവിടേയ്ക്കോ ഓടിമറഞ്ഞു. പടിഞ്ഞാറന്‍ കാറ്റിനൊപ്പം ഒഴുകിയെത്തിയ പാരിജാതത്തിന്റെ കുളിര്‍ഗന്ധം അവളുടേതാണോ എന്ന് ഞാന്‍ സംശയിച്ചുപോയി.
“ഉം. നോക്കട്ടെ.”
അങ്ങനെ പറയാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ. ഇടവഴി കടന്ന് അവള് നടന്നകലുന്നത് ഞാന്‍ നോക്കിനിന്നു. ഉള്ളില്‍ തളംകെട്ടിനിന്നിരുന്ന നിരാശ എവിടേയ്ക്കോ ഒലിച്ചിറങ്ങിപ്പോയി. ഇപ്പോള്‍ ആ സ്ഥാനത്ത് ആനന്ദമാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആനന്ദം. എനിക്കിപ്പോള്‍ അത് അനുഭവിക്കാനാകുന്നുണ്ട്. എല്ലാം എന്നിലേക്കുതന്നെ വന്നുചേരുകയാണ്. എന്റെ പ്രിയപ്പെട്ടവളൊഴിച്ച്.
72 total views, 1 views today
