എല്ലാ ഡോക്ടർമാരുടെയും കഥയിൽ വലിയ വീടും കാശും ജോലിക്കാരും ഒന്നും ഉണ്ടാകില്ല

823

Dr Shinu Syamalan

ഗർഭിണിയായിരിക്കുമ്പോൾ കൊൽക്കത്തയിലെ ഒരു തെരുവിൽ തലകറങ്ങി വീണ ഡോക്ടർ. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഞങ്ങളുടെ റെബേക്ക ജെയിംസ് മാഡം. കുട്ടിയ്ക്ക് ചികിത്സ വേണ്ടി വന്നപ്പോൾ കഷ്ടപ്പെട്ട മാഡം. പക്ഷെ വർഷങ്ങൾക്ക് ശേഷം ഇന്നതൊക്കെ ഓർക്കുമ്പോൾ ഒരു കൊതുക് കടിച്ചത് പോലെയെ തോന്നുന്നുള്ളുവെന്ന് പറഞ്ഞു ഞങ്ങൾക്ക് പ്രചോദനം നൽകിയ മാഡം.

ഒരു ലാപ്ടോപ്പ് നന്നാക്കാൻ കാശു കൂട്ടിവെച്ച ഡോക്ടർ നെൽസന്റെ കുറിപ്പ്. പി. ജി കഴിഞ്ഞിട്ടും പി.എസ്.സി ലിസ്റ്റിൽ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷയത്തിൽ ഫേസ്ബുക്കിൽ നിറഞ്ഞ കുറിപ്പുകൾ.

ഡോക്ടർമാർ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ വലിയ വീട്, കാശ്, ജോലിക്കാർ, അങ്ങനെ തുടങ്ങി ഒരുപാട് സങ്കൽപ്പങ്ങൾ വരും. പക്ഷെ എല്ലാവരുടെയും കഥ അങ്ങനെയാവില്ല.

ഒരു കാലത്തു കഷ്ടപ്പാടുകളിലൂടെ കടന്ന് പോകാത്ത ഒരു ഡോക്ടറും ഉണ്ടാകില്ല. പ്രത്യേകിച്ചു പഠിച്ചു കഴിഞ്ഞു കുറച്ചു കാലം പി.ജി സീറ്റ് നേടുന്ന വരെയുള്ള കാലം. ശേഷവും തീരുന്നില്ല. അതു കഴിഞ്ഞു ഇടയ്ക്കുള്ള വിവാഹം. സ്ത്രീകളാണെങ്കിൽ പഠനത്തിന് ഇടയ്ക്കുള്ള പ്രസവവും ലീവും, അതുകഴിഞ്ഞു വീണ്ടും പി.ജി പൂർത്തികരിക്കാനുള്ള ബദ്ധപ്പാട്. അങ്ങനെ തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാകും.

അതുകഴിഞ്ഞു നല്ലൊരു ജോലി തേടിയുള്ള നടത്തം. അമർ മാഡത്തിനോട് ഞാൻ ഒരിക്കൽ ചോദിച്ചു “ജോലിക്ക് പോകുമ്പോൾ മാഡം കുട്ടികളെ നോക്കിയത്?” ..”കുട്ടികളൊക്കെ തന്നെ വളർന്നെന്നെ”. ആ ഉത്തരത്തിൽ ഒരുപാട് കഷ്ടപ്പാടുകളുടെ കഥകളുണ്ട്. കഷ്ടപ്പെട്ട് ജോലി നേടി നെട്ടോട്ടം ഓടുമ്പോൾ മക്കളെപ്പോലും നെഞ്ചോട് ചേർക്കുവാൻ സമയം കിട്ടാറില്ല എന്നത് ഒരു പുറം.

ജീവിതം തന്നെ സർജറിയെ സ്നേഹിക്കുവാൻ വേണ്ടി മാറ്റി വെച്ച രവീന്ദ്രൻ സർ. സമ്മാനം കിട്ടിയ തുക മുഴുവൻ പ്രളയത്തിന് നൽകിയ ഡോ. വീണ.

അത്യാതിഹ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ എട്ട് മണിക്കൂർ ഷിഫ്റ്റ് ഓടിയോടി തളരുന്ന ഒരു കൂട്ടമുണ്ട്. രാത്രിയെന്നോ പകലെന്നോ ദിവസമേതെന്നോ മറന്ന് പോകുന്ന കാഷ്യുവാലിറ്റി മെഡിക്കൽ ഓഫീസർമാർ.

അങ്ങനെ ഒരുപാട് പേരുടെ ഉദാഹരങ്ങൾ ഉണ്ട്. ജീവിതവും മെഡിസിനും ഒരു ത്രാസിൽ തൂക്കുമ്പോൾ പലപ്പോഴും മെഡിസിന് മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം ഡോക്ടർമാർ.

ഇന്നവരെ ഓർത്തെ മതിയാകു. ഇന്നവരുടെ ദിവസമാണ്. അവരുടെ നേട്ടങ്ങളിൽ മുങ്ങി പോകുന്ന അവരുടെ കഷ്ടപാടുകൾക്ക് നിറം പകരുന്ന ഡോക്ടർമാരുടെ ദിവസമാണ്. എല്ലാ പ്രിയപ്പെട്ട ഡോക്ടർമാർക്കും ഡോക്ടർസ് ദിന ആശംസകൾ ❤️

ഡോ. ഷിനു ശ്യാമളൻ