Share The Article

mk bg
 
ഴുത്തുകാരന്‍ തന്റെ പുസ്തകത്തെ ചത്ത മീനിനെപ്പോലെ കാണണം. മീന്‍ കുറേ സമയം കഴിഞ്ഞാല്‍ ചീഞ്ഞുപോകും. അതുകൊണ്ട് ചീയുന്നതിനു മുമ്പ് മീന്‍ വിറ്റുതീര്‍ക്കുന്നവനാണ് നല്ല കച്ചവടക്കാരന്‍ മീന്‍ വില്‍ക്കാന്‍ നല്ല സമയം രാവിലേയും വൈകിട്ടുമാണ്. ഇപ്പോള്‍ പിടിച്ചുകൊണ്ടുവന്നതാണ് എന്ന് തോന്നിപ്പിക്കാന്‍ ഈ സമയമാണ് നല്ലത്. അതറിയാത്തവന്‍ നട്ടുച്ചയ്ക്ക് മീനും കൊണ്ടുവരും; പരാജയപ്പെടും. എഴുത്തുകാരന്‍ വിമര്‍ശകനാണോ നോവലിസ്റ്റാണോ എന്നൊക്കെയുള്ള ചോദ്യം ബാലിശമാണ്. മലയാളത്തിന്റെ ഇത്തിരിവട്ടത്തില്‍ ചിന്തിക്കുന്നവരാണ് ഒരാള്‍ ഏതെങ്കിലുമൊരു മാധ്യമത്തില്‍ മാത്രം തളംകെട്ടി കിടക്കണമെന്ന് പറയുന്നത്. കൂടുതല്‍ പ്രതിഭയുള്ളവര്‍ ഒന്നിലധികം രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിക്കാവുന്നതാണ്. പ്രമുഖ നിരൂപകനായ സൂസന്‍ സൊണ്ടാഗ്, ജോര്‍ജ് സ്റ്റീനര്‍ തുടങ്ങിയവര്‍ നിരൂപണത്തിലും കഥാസാഹിത്യത്തിലും ഒരുപോലെ പ്രവര്‍ത്തിച്ചവരാണ്. നോവലിസ്റ്റ് ഒര്‍ഹാന്‍ പാമുഖ് നല്ലൊരു നിരൂപകനാണ്. പ്രസിദ്ധ കഥാകാരന്‍ ബോര്‍ഹസ് വലിയ ചരിത്ര ചിന്തകനും വിമര്‍ശകനുമാണ്. എലിയറ്റ് കവിയും നിരൂപകനുമാണ്. തത്ത്വചിന്തകനും സംഗീതചിന്തകനുമായ തിയോഡര്‍ അഡോര്‍ണോ വിമര്‍ശകനുമാണ്. ഒരു പ്രതിഭയ്ക്ക്, ഉള്ളില്‍ നിന്ന് ശാഖികള്‍ പുറത്തെടുക്കാന്‍ വിവിധ മാധ്യമങ്ങള്‍ ആവശ്യമാണ്. ഇന്നത്തെ ബോധത്തിന്റെ സ്വഭാവം നോക്കിയാല്‍ ഒരു മാധ്യമത്തില്‍ തന്നെ ഒതുങ്ങുന്നതാണ് അപരിഷ്‌കൃതത്വം. അയാളുടെ കയ്യിലുള്ള വിഭവം പരിമിതമാണെന്ന സൂചനയാണിത് തരുന്നത്.

നിരൂപകനാകാന്‍ വെറും പ്രചോദനം മാത്രം മതിയാവുകയില്ല. ഓരോ സാഹിത്യകൃതിയും പ്രവണതയും എന്താണ് പ്രതിനിധീകരിക്കുന്നതെന്ന് വിവേചിച്ചറിയാന്‍ കഴിയണം. നമ്മുടെ സാംസ്‌കാരിക രംഗത്തുള്ള ബഹുഭൂരിപക്ഷത്തിനും നിരൂപക മനസില്ല. വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിവില്ലാത്തതു കൊണ്ട് ഏത് കൃതി കണ്ടാലും ഉത്തമമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ചവര്‍ ചവറായിട്ട് കാണാനുള്ള ബോധം വേണം. അവാര്‍ഡുകളിലൂടെയല്ല മൂല്യനിര്‍ണയം ഉണ്ടാകേണ്ടത്. ഒരു സാഹിത്യരചന, ചരിത്രത്തില്‍ എവിടെ നില്‍ക്കുന്നു, ഇതുവരെയുള്ള സാഹിത്യാവബോധത്തില്‍ അത് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെങ്കിലും ചിന്തിക്കാന്‍ കഴിയുമ്പോഴാണ് നിരൂപക മനസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഇത് സ്ഥിരം കുറ്റികളായ പുസ്തക റിവ്യൂ എഴുത്തുകാര്‍ക്കും ബാധകമാണ്. ഏത് പുസ്തകം കണ്ടാലും റിവ്യൂ ചെയ്ത്, പുകഴ്ത്തി, മാര്‍ക്കറ്റുണ്ടാക്കി കൊടുക്കുന്നവരെ നിരൂപകരായി കാണാന്‍ കഴിയില്ല.

നമ്മുടെ പരിമിതമായ സാഹിത്യചിന്തയെ മറികടക്കാനുതകുന്ന പുസ്തകങ്ങള്‍ വായിച്ചാല്‍, കുറച്ചൊക്കെ വികസിക്കാം. അബദ്ധ ധാരണകള്‍ മാറിക്കിട്ടും. സ്റ്റീനറുടെ ‘ലിറ്ററേച്ചര്‍ ആന്‍ഡ് സെയിലന്‍സ്’ എന്ന പുസ്തകം വായിച്ചാല്‍, സാഹിത്യത്തെ നിശ്ശബ്ദത എങ്ങനെയാണ് ഭരിക്കുന്നതെന്ന് കാണാം. അയ്യപ്പപ്പണിക്കരെക്കുറിച്ചും വൈലോപ്പിള്ളിയെക്കുറിച്ചും വേണമെങ്കില്‍, നമ്മുടെ സാഹിത്യ അക്കാദമി ഭാരവാഹികള്‍ പ്രസംഗിച്ചുകളയും. പക്ഷേ, ഒരു കുഴപ്പമേ ഉണ്ടാകൂ; അയ്യപ്പപ്പണിക്കരും വൈലോപ്പിള്ളിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മാത്രം അറിയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം ഉണ്ടായ കഥയും മുളന്തുരുത്തിയിലെ മാവുമെല്ലാം വിവരിച്ച് ഇത്തരക്കാരുടെ ബോറന്‍ പ്രസംഗങ്ങള്‍ നിഷ്‌ക്രമിക്കും.
 

 
നേരത്തെ പറഞ്ഞുവന്നത് മീന്‍ വില്‍ക്കുന്നതിനെക്കുറിച്ചാണ്. നല്ല വില്‍പനക്കാരനാകാന്‍ എഴുത്തുകാരന്‍ തയ്യാറായില്ലെങ്കില്‍, മാധ്യമങ്ങള്‍ അയാളെ ശ്രദ്ധിക്കുകയില്ല. പുസ്തകം വില്‍ക്കാനുണ്ടേ എന്ന് അയാള്‍ അലറി വിളിച്ച്, ഒരു പുസ്തകം പോലും വായിക്കുകയില്ലെന്ന് ശപഥം ചെയ്തിട്ടുള്ളവന്റെ അടുക്കലേക്ക് നീങ്ങണം. ഒന്നും വായിക്കാത്തവന്‍ അവന്റെ വിഡ്ഢിത്തം മറച്ചുവയ്ക്കാനായി, ചിലപ്പോള്‍ നിങ്ങളെ വിമര്‍ശിച്ചേക്കാം; നിശ്ശബ്ദത പാലിക്കുക. വില്‍പനയില്‍ മാത്രം ശ്രദ്ധിക്കുക. മീന്‍ വേണോ എന്ന് ചോദിക്കുന്നതിന് മീന്‍കച്ചവടക്കാരന്‍ നാണിച്ചാല്‍ പറ്റില്ലല്ലോ. അവന്റെ നാണമൊക്കെ എന്നേ പോയതാണ്. അവനെപ്പോലെ എഴുത്തുകാരനും നാണം കെട്ട് വിളിച്ചുകൂവണം. അപ്പോള്‍ ഒരു നല്ല ഉപഭോക്താവിനെയെങ്കിലും കിട്ടും.

ഇപ്പോള്‍ മഹത്തായത്, ശരാശരി, ചീത്ത എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ സാഹിത്യത്തില്‍ ഇല്ലാതായിരിക്കയാണ്. എല്ലാത്തിനും അതാതിന്റെ വിപണിയുണ്ട്. നല്ല വില്‍പനക്കാരന് ഏത് മോശം വസ്തുവും വിറ്റഴിക്കാവുന്നതാണ്. ഒരു പുസ്തകത്തെ ഇന്ന് നിര്‍ണയിക്കുന്നത് അതിന്റെ കവറും പ്രസാധകന്റെ സ്വാധീനവുമാണ്. കൗശലമുള്ള പ്രസാധകനാണെങ്കില്‍, അയാള്‍ക്കും മീന്‍വില്‍പനക്കാരനാവാം. അയാള്‍ തന്റെ ഉല്‍പന്നത്തെ നന്നായി വിളിച്ചുകൂവി വില്‍ക്കും; അവാര്‍ഡ് വാങ്ങിക്കൊടുക്കും.

പൊന്‍കുന്നം വര്‍ക്കി തന്റെ ചെറിയ പുസ്തകവുമായി വീടുകള്‍ തോറും കയറിയിറങ്ങി വിറ്റിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഒരു മീറ്റിംഗില്‍ അദ്ദേഹം ഇത് വിവരിച്ചതു ഞാനോര്‍ക്കുന്നു. അന്ന് കവര്‍ചിത്രമല്ലായിരുന്നു വില്‍പനയുടെ ഘടകം; വര്‍ക്കി എന്ന ഉത്സാഹിയായിരുന്നു. ഇപ്പോള്‍ പുസ്തകം വായിക്കാനുള്ളതല്ല; കാണാനും സൂക്ഷിക്കാനുമുള്ളത് എന്ന അര്‍ത്ഥത്തിലേക്ക് തരം താണിരിക്കയാണ്. എഴുത്തുകാരനാവാന്‍ പ്രതിഭ എന്തിനെന്ന് ചോദിക്കുന്ന ധാരാളം എഴുത്തുകാര്‍ തന്നെ ഉദയം ചെയ്തിരിക്കുന്നു. പ്രസാധകന്മാര്‍ ആളെവച്ച് എഴുതികൊടുക്കുന്ന നോവല്‍ വാങ്ങി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് ഞെളിഞ്ഞു നടക്കുന്നവര്‍ വരെയുണ്ട്.

നല്ല കൃതി എഴുതിയാല്‍, അത് സ്വാഭാവികമായി ശ്രദ്ധിക്കപ്പെടുന്ന കാലം പോയി. അതിന്റെ നന്മ എവിടെയോ മറഞ്ഞിരിക്കുകയാണ്. എല്ലാവരുടെ മനസിലും നന്മകളുണ്ട്. പക്ഷേ, അത് പുറത്തുവരാനോ വളരാനോ അനുവദിക്കില്ല. നാം തന്നെ അതിനെ നശിപ്പിക്കും. അത് ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കപ്പെടുകയാണ്. അതുകൊണ്ട്, നന്മകളെ പുറത്തെങ്ങും കാണാനില്ല. വര്‍ഷങ്ങളുടെ തപസുകൊണ്ട് ഒരാള്‍ നേടുന്ന അറിവിനെ അംഗീകരിക്കാനുള്ള നീതിബോധം എവിടേക്കോ അപ്രത്യക്ഷമായിരിക്കുന്നു.

മാധ്യമങ്ങള്‍ എല്ലാത്തരം ജ്ഞാനത്തിനും ചിന്തയ്ക്കും എതിരാകുന്നത് ഇതിന്റെ ഭാഗമായി കാണണം. മാധ്യമങ്ങളിലും നന്മയുണ്ട്. പക്ഷേ, അത് ഉറവിടത്തില്‍വച്ചു തന്നെ നശിപ്പിച്ചുകളയുകയാണ്. മാധ്യമങ്ങളും രാഷ്ട്രീയവും ചേര്‍ന്ന് എന്തിനെയും നിസ്സാരവത്കരിക്കുകയും കാലികമായി ചുരുക്കുകയുമാണ്. ജ്ഞാനമുകുളങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുക എന്ന പ്രക്രിയ തുടരുകയാണ്. ഇതാണ് ഭാവനയുടെ മരണം. സാര്‍വത്രികമായ ദുരന്തത്തിന്റെ ഒരു ബാഹ്യ അടയാളമാണിത്. ഓരോ പച്ചിലയെയും നന്മയുടെ നാമ്പിനെയും അവിടെവച്ചുതന്നെ പിഴുതെറിയുന്ന ദുരന്താത്മകതയെക്കുറിച്ചാണ് എഴുത്തുകാര്‍ എഴുതേണ്ടത്. ഒരു പൂവ് വിടര്‍ന്നു വന്നയുടനെ അതിനെ കായിലേക്കും തണ്ടിലേക്കും പിന്നെ തടിയിലേക്കും പറഞ്ഞയയ്ക്കുന്ന ഈ ദുരന്തബോധത്തെപ്പറ്റി, ഇവിടെ ആരാണ് എഴുതാനുള്ളത്? ഇങ്ങനെ തന്നെ വേണമെന്ന് പറയുന്നതാണ് മരണാഭിമുഖ്യമാകുന്നത്. ഇതാണ് ഭീഷണിയെന്ന് മനസിലാക്കി, ഇതിനെതിരെ എഴുതാനാണ് തുനിയേണ്ടത്.
 
HARIKUMAR
 
ഉള്ളില്‍ നന്മയുണ്ട്; പക്ഷേ പുറത്തേക്ക് വരുന്നത് കഫവും അഴുക്കുമാണ്. സത്ത്, ജ്ഞാനം, ധര്‍മ്മം എല്ലാം എവിടെയാണോ ഉണ്ടാകുന്നത് അവിടെവച്ചുതന്നെ അവസാനിക്കുന്നു. ഈ ക്രൂരതയാണ് ഇന്നത്തെ സാംസ്‌കാരിക ജീവിതത്തിന്റെ കാതല്‍. പക്ഷേ, ഒരു മഹത്തായ തത്വം നല്ല എഴുത്തുകാര്‍ക്ക് എന്നും ആശ്വാസം പകരും. യഥാര്‍ത്ഥ കൃതികള്‍ക്ക് ലക്ഷം വായനക്കാരുടെ ആവശ്യമില്ല. ഒരു നല്ല വായനക്കാരന്‍ ഉണ്ടാകുന്നതുപോലും വന്‍ വിജയമാണ്. ചില പുസ്തകങ്ങള്‍ക്ക് ഒരു തിടുക്കവുമില്ല. ആ പുസ്തകം വായനക്കാരെ വായിക്കുന്നുവെന്ന് പ്രസിദ്ധ ചിന്തകനായ വാള്‍ട്ടര്‍ ബഞ്ചമിന്‍ പറഞ്ഞതോര്‍ക്കുകയാണ്. ഉത്തരഉത്തരാധുനികത എന്ന് പറയുന്നത് ഈ ഭാവനയുടെ മരണമാണ് അന്തര്‍വഹിക്കുന്നത്. തീറ്റയും ആഘോഷവും മാത്രം ബാക്കിയാവുന്നു. ഓര്‍മ്മയും സ്‌നേഹവും ഉത്തരവാദിത്തവും എവിടേക്കോ ഉള്‍വലിയുന്നു. ശബ്ദഭംഗിയിലും ദൃശ്യഭംഗിയിലുമാണ് അത് വ്യക്തിത്വത്തെ അറിയാന്‍ ശ്രമിക്കുന്നത്. ഏത് വ്യക്തിത്വവും അതിന് വെറുതെ ഉപയോഗിക്കാനുള്ളതാണ്; പിന്നീട് മറന്നുകളയുന്നു. പ്രണയത്തെ ഉപയോഗിക്കുകമാത്രമാണ്; മനസിനുള്ളിലേക്ക് കയറ്റുകയില്ല.

ഇന്ന് സൗന്ദര്യത്തിന്റെ, ഭാഷയുടെ, രൂപത്തിന്റെ തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കൃതികള്‍ ഉണ്ടാകുന്നില്ലല്ലോ. എല്ലാം ഇന്നലെ‌കളില്‍ കേട്ടതു മാത്രം. ഇത്തരം കൃതികളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നതുകൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാവില്ല. വിമര്‍ശനം ഇല്ലാതാകുന്നുവെന്നതിനെ തെറ്റായി കാണേണ്ടതില്ല; അത് ഈ കാലത്തോടുള്ള ഒരു പ്രതികരണമായി കണ്ടാല്‍ മതി.

ഇവിടെ ചില അക്കാദമിക് വിമര്‍ശകര്‍, കുട്ടികളെ പഠിപ്പിക്കുന്ന പോലെ എഴുതുന്നത് കാണാം. യാഥാസ്ഥിതിക സാമൂഹ്യ സങ്കല്‍പങ്ങളിലും സാംസ്‌കാരിക ഫ്യൂഡലിസത്തിലും ആണ്ടിറങ്ങി നിന്നശേഷം ഇവര്‍ ഉത്തരാധുനികതയെഴുതുന്നു. മാനവികതയുടെ ഒരംശംപോലും ഇവരുടെ രചനകളിലില്ല. സാഹിത്യവിമര്‍ശനം എന്ന പേരില്‍ ഗവേഷണ ഫലങ്ങള്‍ ഇറക്കുന്നവരുണ്ട്. സ്വന്തം പി.എച്ച്.ഡി പ്രബന്ധം സാഹിത്യവിമര്‍ശനമാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള അദ്ധ്യാപകരും കുറവല്ല. വിമര്‍ശകന് ഏറ്റവും അത്യാവശ്യം വേണ്ടത് കലാബോധവും ദാര്‍ശനികഭാവവുമാണ്. ഓരോ വാക്യത്തിലും കലയുണ്ടാകണം. യന്ത്രത്തെപ്പോലെ നിര്‍വ്വികാരമായാണ് ചിലര്‍ സാഹിത്യമെഴുതുന്നത്. ഇവരുടെയുള്ളില്‍ ഒരു മനുഷ്യജീവിപോലുമില്ല; വരണ്ട ഭൂമിയാണ് അവിടെയുള്ളത്. ഭാഷയില്‍ ആത്മാവിന്റെ പച്ചപ്പും ഓര്‍മ്മകളുടെ അറയും ചിന്തയുടെ സ്‌നിഗ്ദ്ധമായ ലോകങ്ങളും സൃഷ്ടിക്കണം. അപ്പോഴാണ് അത് വിമര്‍ശകന്റെ രചനയാകുന്നത്. അങ്ങനെയൊരു ഗദ്യം സൃഷ്ടിക്കാന്‍ ഇന്നത്തെ അദ്ധ്യാപകര്‍ക്കോ ഗവേഷകര്‍ക്കോ കഴിയുന്നില്ല.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.