എ പ്ലസ്സുകളും ഫ്ലക്സ് ബോര്‍ഡുകളും – സുനില്‍ എം എസ്

0
514

flex-board-

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിയ്ക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരേയും, എന്‍ട്രന്‍സിനും എഞ്ചിനീയറിംഗിനും മറ്റും വേണ്ടി വിദ്യാര്‍ത്ഥികളുടെ മേല്‍ മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരേയുമുള്ള ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു.

അവരവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസശാഖ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമേയുള്ളു. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് ആ സ്വാതന്ത്ര്യമില്ല. കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ തന്നെ കാരണം. 2013 മാര്‍ച്ച് പതിനഞ്ചാം തീയതി ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് ഗോവ, ത്രിപുര, സിക്കിം എന്നീ ചെറിയ സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തിയാല്‍, കേരളത്തിലാണ് ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മാനിരക്കുള്ളത്: 9.9 ശതമാനം. ദേശീയനിരക്ക് (2014 ജനുവരിയില്‍) 4.9 ശതമാനം മാത്രം. ദൈനംദിനസ്ഥിതി (കറന്റ് ഡെയ്‌ലി സ്റ്റേറ്റസ്) എന്ന രീതിയിലുള്ള കണക്കെടുപ്പില്‍ കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് 14.3 ശതമാനമായി ഉയരുന്നു; ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിലല്ലാതെ, മറ്റൊരു സംസ്ഥാനത്തിലും ഇത്ര ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്കില്ല.

മേല്‍പ്പറഞ്ഞ വാര്‍ത്തയനുസരിച്ച് കേരളത്തില്‍ 2013ല്‍ ആകെ 45 ലക്ഷം തൊഴില്‍രഹിതരുണ്ടായിരുന്നു. ഇവിടെ തൊഴില്‍ ലഭ്യത കുറവായതിനാല്‍ ആളുകള്‍ ജോലിതേടി അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കും പോകുന്നു. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി 47.33 ലക്ഷം മലയാളികളുണ്ട് (വിക്കിപ്പീഡിയ). കേരളസര്‍ക്കാര്‍ സര്‍വ്വീസില്‍ ആകെയുള്ള അഞ്ചേകാല്‍ ലക്ഷം ജീവനക്കാരില്‍ 20000 പേര്‍ മാത്രമാണ് പ്രതിവര്‍ഷം വിരമിയ്ക്കുന്നത്. ബി എസ് എന്‍ എല്ലും റെയില്‍വേസുമുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെങ്കിലും, ഒഴിവുകള്‍ പൊതുവില്‍ കുറവു തന്നെ. വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ കേരളത്തിലേയ്ക്ക് കടന്നു വരുന്നില്ല. ഇവിടുത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ, കച്ചവടസ്ഥാപനങ്ങളുള്‍പ്പെടുന്ന, സ്വകാര്യമേഖലയിലാകട്ടെ, കഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്.

പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും അന്യസംസ്ഥാനങ്ങളിലായാലും വിദേശങ്ങളിലായാലും നല്ലൊരു ജോലി കിട്ടണമെങ്കില്‍ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് ഉന്നതവിജയം നേടുക തന്നെ വേണം. തൊഴില്‍സാദ്ധ്യത കൂടുതലുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബദ്ധരാകുന്നത് അതുകൊണ്ടാണ്. ജോലിയില്ലാത്ത ഏഴുലക്ഷത്തിലേറെ എഞ്ചിനീയര്‍മാര്‍ ഇന്ന് ഇന്ത്യയിലുണ്ടെങ്കിലും, സാധാരണ ബി ഏ, ബി എസ് സി ബിരുദങ്ങളേക്കാള്‍ കൂടുതല്‍ ജോലിസാദ്ധ്യത പ്രൊഫഷണല്‍ ബിരുദങ്ങള്‍ക്കായതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അവയ്ക്കായി കിണഞ്ഞു പരിശ്രമിയ്ക്കുന്നു. നടന്നു തുടങ്ങുമ്പോഴേയ്ക്കും ആരംഭിയ്ക്കുന്ന ഇന്നത്തെ വിദ്യാര്‍ത്ഥിജീവിതം ഒരു തരം മാരത്തോണ്‍ ഓട്ടമാണ്. മാരത്തോണ്‍ ഓടുന്നവരെ വഴിനീളെ കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുന്നതു പതിവാണ്. കൈയ്യടി ഓട്ടത്തിന്റെ വേഗം കൂട്ടുന്നു. കൈയ്യടി കിട്ടാതെ ഓടിത്തീര്‍ക്കുക പോലും ദുഷ്‌കരം. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അത്തരമൊരു കൈയ്യടിയാണ്.

മുപ്പതു ശതമാനം മാര്‍ക്കു തികയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്കു നല്‍കുന്നൊരു സംസ്ഥാനത്ത്, ഒരു തപസ്യ പോലെ ബുദ്ധിമുട്ടി പഠനം നടത്തി എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിലേറെ നേടിയ വിദ്യാര്‍ത്ഥികള്‍ അഭിനന്ദിയ്ക്കപ്പെടുക തന്നെ വേണം. പക്ഷേ, അനുമോദനങ്ങളില്‍ മിതത്വം പാലിയ്ക്കുകയും വേണം. ഉന്നതവിജയം നേടിയവര്‍ക്കു നല്‍കുന്ന പ്രോത്സാഹനം അതു നേടാനാകാതെ പോയവരെ നിരുത്സാഹപ്പെടുത്താതെ സൂക്ഷിയ്ക്കുകയും വേണം. പിന്നിലായിപ്പോയവരേയും പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ദൃഷ്ടിയില്‍ അവരും തുല്യര്‍ തന്നെ. ബിരുദപ്പരീക്ഷയില്‍ ആദ്യം തോറ്റുപോയ കേരളപാണിനി ഏ ആര്‍ രാജരാജവര്‍മ്മ ബിരുദാനന്തരബിരുദപ്പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയതു പോലെ, കഴിഞ്ഞ പരീക്ഷയില്‍ മുന്നിലെത്താന്‍ കഴിയാതെ പോയവരാകാം അടുത്ത പരീക്ഷയില്‍ മുന്‍പന്തിയില്‍.

വിദ്യാര്‍ത്ഥികളുടെ മേലുള്ള ഇന്നത്തെ സമ്മര്‍ദ്ദത്തിനു കാരണം രണ്ടാണ്. ജനസംഖ്യാവര്‍ദ്ധനയാണൊന്ന്. രണ്ടാമത്തേത് സാക്ഷരതാവര്‍ധനയും. 1901ല്‍ കേരളത്തിലെ ജനസംഖ്യ കേവലം 64 ലക്ഷമായിരുന്നു. ഇന്ന് ജനസംഖ്യ അഞ്ചിരട്ടിയിലേറെയായിരിയ്ക്കുന്നു. 1901ല്‍ അവിഭക്തഭാരതത്തിന്റെ സാക്ഷരത 5.4 ശതമാനമായിരുന്നു. ഭൂരിഭാഗം ജനതയ്ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യമില്ലാതിരുന്ന അന്ന് കേരളത്തിലെ സാക്ഷരതയും അത്രയൊക്കെ മാത്രമായിരുന്നിരിയ്ക്കണം. ഇന്നാകട്ടെ ഇവിടുത്തെ സാക്ഷരത പതിനെട്ടിരട്ടിയായി: 94%. എവിടേയും അഭ്യസ്തവിദ്യരുടെ തിരക്കു തന്നെ. ഇന്ന് ബിരുദാനന്തരബിരുദമുള്ള ബസ്‌കണ്ടക്ടര്‍മാര്‍ പോലുമുണ്ട്. ഇതിനനുസരിച്ച് ജോലിസാദ്ധ്യത കൂടിയിട്ടില്ല. സര്‍ സി പി രാമസ്വാമി അയ്യരുടെ കാലത്ത് സ്ഥാപിയ്ക്കപ്പെട്ട വ്യവസായസ്ഥാപനങ്ങളൊക്കെത്തന്നെയാണ് ഇന്നുള്ള പൊതുമേഖലാസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും. വരുംകാലത്ത് തിരക്കു കൂടാനാണിട. അതിജീവനം കഠിനമാകും. നമ്മുടെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിയ്ക്കുക തന്നെ വേണം.