ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..

0
679

വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

ഷാര്‍ജയിലുള്ള ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമില്‍ അക്കൗണ്ടന്റാണ്‌ ശുക്കൂര്‍ഭായി. അവിടെ പര്‍ച്ചേസിനു വരാറുള്ള ഒരു എഞ്ചിനീയര്‍ക്ക് വിശ്വസ്തനായ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും യാച്ചൂന്റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇത്രേം നേരം എല്ലാറ്റിനേം ഞെട്ടിച്ചത്. ഏതോ ഒരു വലിയ കമ്പനിയുടെ ആളാണ്‌ പുള്ളിയെന്നും നല്ലൊരു മനുഷ്യനാണെന്നും മൂപ്പര് പറഞ്ഞതുകേട്ടപ്പോള്‍ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടെന്ന് സലാംക്കയും അഭിപ്രായപ്പെട്ടു. ഒരു വസന്തത്തിന്റെ സുഗന്ധം എനിക്കുചുറ്റും പരക്കുന്നതായി അനുഭവപ്പെട്ടെങ്കിലും ഗ്യാസ്‌ട്രബ്ള്‍ ഉള്ള ശരീഫിക്കാന്റെ ഫ്രീസോണിലൂടെ പ്രവഹിച്ച വളിയുടെ ദുര്‍ഗന്ധമായിരുന്നു അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു..!

പിറ്റേന്ന്, എല്ലാവരും ഡ്യൂട്ടിക്ക് പോയശേഷം ശുക്കൂര്‍ഭായ്‌ തന്ന നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ജ്യേഷ്ടന്റെ കരുതലോടെയാണ് എഞ്ചിനിയര്‍ സംസാരിച്ചത്. പേര്ചോദിച്ചു. വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. “പുതിയ കമ്പനിയാണ്. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. കാലത്ത് കുറച്ചുപേരെ ജബല്‍അലിയിലുള്ള സൈറ്റില്‍ കൊണ്ടുവിടണം. വൈകിട്ട് അവരെ തിരിച്ചു കൊണ്ടുവരണം. അതിനിടയില്‍ തനിക്ക് പണിയൊന്നുമുണ്ടാവില്ല. വിശ്രമിക്കാം. ശമ്പളമായി മൂവായിരം ദിര്‍ഹംസ് തരും. റൂമുണ്ട്. ഫ്രൈഡേ വര്‍ക്കുണ്ടെങ്കില്‍ ഓവര്‍ ടൈം അലവന്‍സ് കിട്ടും.” ഇത്രയും വിശദീകരിച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് ദുബായിലെ ദേരയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല, മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.! പകല്‍ സമയം ചുമ്മാതിരിക്കുന്നവന് മൂവായിരം ദിര്‍ഹംസ് ശമ്പളം കൊടുക്കുക! വെള്ളി ദിവസങ്ങളില്‍ ആളേം വിട്ടു വന്നാല്‍ പിന്നേം കാശ്! ഇതേതു ദുന്യാവ് റബ്ബേ! ഇനി ഇതായിരിക്കുമോ മൂത്താപ്പ പറഞ്ഞ ദുബായി.! എന്തായാലും ജീവിതം പൂച്ച നക്കാനുള്ള സര്‍വ്വ സാധ്യതകളും തെളിയുന്നുണ്ട്.

ഉച്ചഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് ശേഷം രാത്രിയേക്കുള്ള ഭക്ഷണവുമുണ്ടാക്കി. മൂന്നരമാസായിട്ട് എന്റെ പുന്നാര മക്കളാണ് സലാംക്കയും കൂട്ടരും. ഷുഗര്‍രോഗിയായ ഹംസക്കാക്ക് രാത്രിയിലെ ഗുളിക എടുത്തുകൊടുക്കുന്നത് ഞാനാണ്. മൊയ്‌ദുക്കാന്റെ മുട്ടുവേദനയ്ക്ക് കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഞാനാണ്. അസീസ്ക്കാന്റെ കഷണ്ടിത്തലയിലെ ശേഷിക്കുന്ന മുടിവെട്ടിക്കൊടുക്കുന്നതും ഈ ഞാനാണ്. അവരെയൊക്കെ വിട്ടുപോകണമല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. നാലുമണിക്ക് പുറപ്പെടുമ്പോള്‍ സലാംക്ക അടുത്ത റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി കീശയില്‍നിന്നും ഏതാനും നോട്ടുകളെടുത്തെന്റെ കയ്യില്‍പ്പിടിപ്പിച്ചു. അമ്പരപ്പോടെ നോക്കുമ്പോള്‍ ആയിരത്തി ഇരുനൂറു ദിര്‍ഹംസ്! അതെന്തിനുള്ള കാശാണെന്ന് ചോദിക്കുംമുന്‍പേ അദ്ദേഹമെന്നെ ചേര്‍ത്തുനിര്‍ത്തി കണ്ണുതുടച്ചു.

‘മോന് വേണ്ടി ഞങ്ങള്‍ കരുതിയ പൈസയാണിത്. എവിടെ പോയാലും മോന് നല്ലതേ വരൂ…’

എത്ര നിര്‍ബന്ധിച്ചിട്ടും ആ കാശ് ഞാന്‍ വാങ്ങിയില്ല. സലാംക്ക ബഹളം വെച്ചു. അതുകേട്ട് മറ്റുള്ളവരും അങ്ങോട്ട് വന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അതു വാങ്ങണമെന്നായി. ഒടുവില്‍ അതില്‍ നിന്നും ഇരുനൂറു ദിര്‍ഹംസെടുത്ത് ഞാനിറങ്ങി. സത്യത്തില്‍ എന്റെ കയ്യില്‍ ഇരുപതോ മുപ്പതോ ദിര്‍ഹംസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവര്‍ക്കിടയിലെ മൂന്നര മാസത്തെ അനുഭവങ്ങള്‍ക്ക് ഞാനല്ലേ ദക്ഷിണ കൊടുക്കേണ്ടത്..! എന്നെ സംബന്ധിച്ച് മൂന്നരമാസം എന്നത് മൂന്നുവര്‍ഷത്തെ പാഠങ്ങളായിരുന്നു. യുദ്ധഭൂമിയുടെ നടുവില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടവനെപ്പോലെ ഞാനവിടെ നിന്നും ദുബായിലേക്ക് തിരിച്ചു.

സുന്ദരനും സുമുഖനുമായ എഞ്ചിനിയര്‍ ജോര്‍ജ്ജ്‌സാര്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. നാളെമുതല്‍ ഞാനോടിക്കേണ്ട വണ്ടിയുടെ താക്കോല്‍ കയ്യില്‍ തന്നു. കഴിഞ്ഞ ദിവസം വരെ ജോലിയിലുണ്ടായിരുന്ന ഗോപാല്‍ എന്ന ആലപ്പുഴക്കാരനെ അയാളുടെ കമ്പനി തിരിച്ചുവിളിച്ചത്രേ. ആ ഒഴിവിലേക്കാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. എഞ്ചിനിയര്‍ എന്നെയുംകൂട്ടി അവരുടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. നാളെ കാലത്ത് അഞ്ചുമണിക്ക് ജോലിക്കാരെയും കൂട്ടി ജബല്‍ അലിക്ക് അടുത്തുള്ള ദുബായ് മറീന എന്ന സ്ഥലത്തെത്തണം. സ്ഥലം ഇവര്‍ കാണിച്ചുതരുമെന്നും കുറച്ചുദിവസം കഴിഞ്ഞാല്‍ മറ്റൊരു നല്ല റൂം ശരിയാക്കാമെന്നും പറഞ്ഞ് സാറ് പോയി.

പത്തോ പന്ത്രണ്ടോ മുറികളുള്ള വലിയൊരു പഴഞ്ചന്‍ ഇരുനില വീടാണ് നൂറോളം തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പാക്കി മാറ്റിയിരിക്കുന്നത്. പ്രവേശിക്കുമ്പോള്‍ വലതുവശത്തുള്ള ഒരിടുങ്ങിയ മുറിയിലാണ് ഞാന്‍ താമസിക്കേണ്ടത്. രൂക്ഷമായൊരു ദുര്‍ഗന്ധം നിറഞ്ഞിരുന്ന ആ റൂമില്‍ ആന്ധ്ര സ്വദേശികളായ മൂന്നുപേരും ഒരു ബംഗാളിയുമാണ് താമസിക്കുന്നത്. ഡബിള്‍ തട്ടുള്ള മൂന്നു കട്ടിലയും ബെഡ്ഡുമുള്ള അതില്‍ ഞാനൊരു അഞ്ചാമനോമനക്കുഞ്ചുവായി. ഒരരികില്‍ ബാഗ് വെച്ച് പുറത്തിറങ്ങി വില്ലയ്ക്ക് ചുറ്റും മണ്ടിനടന്നു.

ഒരുഭാഗത്ത് നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത് പ്ലൈവുഡ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്‌സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്‌റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ് പോലും കളയാത്ത രോമഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച് ഞാനവിടം മൂത്രാഭിഷേകം നടത്തി.

നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാനിവിടെ മൂത്രിക്കാനിവിടെയുറങ്ങാനാശിപ്പതേ സുഖ’മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്‌ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ…! 1980 മുതല്‍ 2002വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ പറയണം. സംഗതി നേരാണെങ്കില്‍ എനിക്കൊരുമ്മ ബംഗാളിലുണ്ട്. ആലം ഹുസൈന്‍ എന്ന ഈ പയ്യനിതാ ഇന്നുമുതല്‍ എന്റെ അനുജനാണ്. ഈ ബന്ധംവെച്ച് വേണേല്‍ എനിക്കവിടെ നിന്നും കല്യാണം കഴിക്കാം. അങ്ങനെയെങ്കില്‍ അഹമദാജിയുടെ മോന്‍ ബംഗ്ലാദേശിന്റെ മരുമോനാകാന്‍ അധികകാലം വേണ്ടിവരില്ല.

ഒരൊഴിഞ്ഞ കട്ടില അവന്‍ എനിക്കായി ഒരുക്കിത്തന്നു. എന്തോ ഒരു മുന്‍ജന്മസ്‌നേഹം നിഴലിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം.

കാലങ്ങളായി ഏതൊക്കെയോ കാലമാടന്മാര്‍ ഗ്യാലന്‍ കണക്കിന് ശുദ്ധജലം ഒഴുക്കിവിട്ട് പഴകിപ്പതിഞ്ഞു മുഷിഞ്ഞുനാറിയ ബെഡ്ഢിനുമീതെ ലുങ്കിവിരിച്ച് ഉടുത്തലുങ്കി തലവഴി മൂടി ജീവിതത്തിലാദ്യമായി അത്രയും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ് മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്‌ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ …,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

പിറ്റേന്ന് പുലര്‍ച്ചെ നാലര മണിക്ക് ആലം ഹുസൈന്‍ എന്നെ വിളിച്ചുണര്‍ത്തി. കുളിച്ചു കുട്ടപ്പനായി കൂട്ടത്തില്‍ നല്ല ഡ്രസ്സണിഞ്ഞു വണ്ടിയുടെ കീയുമെടുത്ത് അവനോടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. അവരുടെ കൈകളില്‍ ഉച്ചക്ക് കഴിക്കാനുള്ള ടിഫിന്‍ ഉണ്ടായിരുന്നു. ആ കെട്ടിടം അവസാനിക്കുന്ന ഭാഗത്തെ ഒരൊഴിഞ്ഞ ഏരിയയിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വലിയ ബസിനടുത്ത് കുറേപേര്‍ ഉറക്കച്ചടവോടെ നില്‍പ്പുണ്ട്. അതിനപ്പുറത്തുള്ള കാറിനരികിലേക്ക് നീങ്ങുകയായിരുന്ന എന്നെ ആലം ഹുസൈന്‍ പിടിച്ചുനിര്‍ത്തി. എന്നിട്ട്, ‘ഈ ബസിന്റെ ഡോര്‍ തുറക്കു’ എന്ന് ആംഗ്യം കാട്ടി. ഒന്നും മനസിലാവത്തവനെപ്പോലെ ഞാന്‍ പുരികമുയര്‍ത്തി അവനെ രൂക്ഷമായി നോക്കി.

ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ! എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!

ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് ‘ഹരേ ഭായ്, ജല്ധീ കോലോ..’ എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു. ഇത് വിധിയാണ്. ഇവിടെ തോല്‍ക്കുക എന്നാല്‍ ദൈവം ജയിച്ചു എന്നാണര്‍ഥം! അങ്ങനെ പടച്ചോന്‍ ജയിക്കണ്ട. വേണ്ടിവന്നാല്‍ പ്ലൈന്‍പോലും ഓടിക്കുമെന്ന കരളുറപ്പോടെ ഡോര്‍തുറന്നു അകത്തുകയറി. സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ് ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!

ഏതായാലും വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് റോഡിലിറക്കി. 34സീറ്റുള്ള, മിസ്തുബിഷിയുടെ മിനി ബസ്സാണത്. നാലുപേരല്ല ഇരുപത്തിയേഴ് തൊഴിലാളികളെയാണ് അതില്‍ സൈറ്റിലേക്ക് കൊണ്ടുപോകേണ്ടത്. മണിക്കൂറുകള്‍ക്കകം എല്ലാവരുമായി സൌഹൃദത്തിലായി. ബസ്സുമായി നന്നേ ഇണങ്ങി. എന്നും രാവിലെ അവരെ സൈറ്റിലിറക്കിയിട്ട് പിറകിലെ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങും. ഉച്ചക്ക്‌പോയി ചോറ് തിന്നിട്ടു വരും. വൈകിട്ട് ആറുമണിയാകുമ്പോള്‍ തിരിച്ചു റൂമിലെത്തും. നാലഞ്ചു പഞ്ചാബികളും അഞ്ചാറ് മലയാളികളും എട്ടുപത്ത് ബംഗാളികളും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമാണ് ജോര്‍ജ് സാറിന്റെ കീഴിലുള്ളത്.

ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ വൃത്തികെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന ധാരണ ഞാന്‍ മാറ്റിയെടുത്തു. പൊരിയുന്ന വെയിലത്തും കൊടുംതണുപ്പിലും ജോലിചെയ്യുന്ന ഈ പാവങ്ങളെ സമ്മതിക്കണം. നേരെചൊവ്വേ കുളിക്കാനോ പല്ലുതേക്കാനോ അവര്‍ക്ക് കഴിയില്ല. കാലത്ത് നാലരമുതല്‍ വൈകിട്ട് ആറരവരെ വിശ്രമമില്ലാതെ ജോലിചെയ്തു തളര്‍ന്നുവരുന്ന അവര്‍ക്ക് എന്‍ജോയ്‌മെന്റ്‌റ് എന്ന് പറയാന്‍ ഒന്നുമില്ല. ബംഗാളികള്‍ ‘ഷ’ ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ ‘ണ്ടി’ കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും ‘ണ്ടി’ ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ ‘പോടാ തെണ്ടീ’ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി.

ടൈല്‍സിന്റെ പണിയാണവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും അവരിലൊരാളായി. ഉറക്കം ഒഴിവാക്കി അവരോടൊപ്പം സഹായിയായി. സിമന്റ് കുഴച്ചും ടൈല്‍സ് മുറിച്ച് ചുവരിലൊട്ടിച്ചും ഉല്‍സാഹഭരിതമായ ജീവിതം…

കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്‌ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. ‘നിനക്കവിടെ സുഖമല്ലേ’ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ് കഴിക്കുന്നത്, വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്‌സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.! എന്റെ കൈപ്പിടിയിലൊതുങ്ങാത്ത ബസ്സുമായി ദുബായിയുടെ കറുത്ത ഞരമ്പിലൂടെ ചീറിപ്പായുമ്പൊഴൊക്കെ ഞാന്‍ പ്രാര്‍ഥിച്ചത് എന്നെ അറിയുന്ന ആരെയും, എന്റെ വാപ്പയുടെയൊ ഉമ്മയുടെയോ പരിചയത്തിലോ ബന്ധത്തിലോ പെട്ട ആരെയും കാണരുതേ എന്നായിരുന്നു.

എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്‌നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക് പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ െ്രെഡവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!

——————————————————————

2004ല്‍ എന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ, എന്റെ കരങ്ങളാല്‍ ടൈല്‍സ് പതിഞ്ഞ ദുബായ് മറീന എന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ജുമൈറ ലേക് ടവേഴ്‌സിലൊന്നില്‍ 42വേ ഫ്‌ലോറില്‍ ഇന്ന്, 2012ല്‍ ജീവിതത്തെ നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. മറ്റൊരത്ഭുതം ആലം ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.

ജോലിക്കിടയില്‍ അവനു അപകടം പറ്റി. ലീവെടുക്കാന്‍ സമ്മതിക്കാതെ ജോര്‍ജ് എന്ന കാട്ടാളന്‍ അവനെക്കൊണ്ട് ജോലി ചെയ്യിച്ചു. അത് ചോദ്യം ചെയ്ത് അയാളുമായി എനിക്ക് വഴക്കിടെണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാനവിടം വിട്ടു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ആലം ഹുസൈന്‍ എന്ന പയ്യനിപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ െ്രെഡവറാണ്. ആദ്യ കാഴ്ചയില്‍ ‘എന്റെ അനുജനോ’ എന്ന് സംശയിച്ചെങ്കില്‍ ഇന്നവന്‍ ശരിക്കുമൊരനുജനെപ്പോലെ എന്റെ കൂടെയുള്ളതും ദൈവത്തിന്റെ കരവിരുതല്ലേ!