ഏറ്റവും ക്രിയേറ്റിവ് ആയവരുടെ ചില രസികന്‍ ശീലങ്ങള്‍

0
333

04

മറ്റുള്ളവരില്‍ നിന്നും ഒരു പടി മുന്നില്‍ നില്കണം എന്നത് എല്ലാ മനുഷ്യരുടെയും ജന്മസിദ്ധമായ ആഗ്രഹമാണ്. പഠനത്തില്‍ ആയാലും ജോലിയില്‍ ആയാലും കളികളില്‍ ആയാലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ക്ലാസില്‍ ഒന്നാമത് എത്തുന്നവനോട് മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേടും കമ്പനിയിലെ മികച്ച ജോലിക്കാരന്‍ എന്ന ബഹുമതി കിട്ടുന്ന സുഹൃത്തിനോട്‌ അസ്സൂയവും അയല്‍പക്കക്കാര്‍ പുതിയ കാറോ ടി.വി.യോ വാങ്ങുമ്പോള്‍ കുശുമ്പും ഒക്കെ മനുഷ്യര്‍ക്ക്‌ തോന്നുക. അതുപോലെ തന്നെ നമ്മെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നവരോട് ചിലപ്പോളെങ്കിലും ഒരല്പം ആരാധനയും തോന്നുക സ്വാഭാവികം. അവര്‍ എങ്ങനെയാണ് ഓരോ കാര്യങ്ങള്‍ ചെയ്യുക എന്ന് സൂക്ഷ്മമായി വീക്ഷിക്കുക ആവും പിന്നെ നമ്മുടെ പണി. അങ്ങനെ നമ്മെക്കാള്‍ ക്രിയേറ്റിവ് ആയ, ലോകത്തിലെ തന്നെ ഏറ്റവും കൂര്‍മബുദ്ധികളായ ആളുകളുടെ പൊതുവായ ചില ശീലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അയ്യോടാ, ഇതിന്റെ ഗുട്ടന്‍സ് ഇത്രയേ ഒള്ളോ എന്ന് ചോദിയ്ക്കാന്‍ ഒരുങ്ങി ഇരുന്നിട്ട് ബാക്കി വായിക്കുക.

അവര്‍ ദീര്‍ഘദൂരം നടക്കാന്‍ ഇഷ്ടമുള്ളവര്‍ ആയിരിക്കും

വെളുപ്പാന്‍ കാലത്ത് ഒരു നീണ്ട നടത്തം, അല്ലെങ്കില്‍ സൈക്ക്ലിംഗ്. അത് നിങ്ങളുടെ മൂഡ്‌ ശരിയാക്കും. കൂടുതല്‍ ചിന്തിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കും. നിങ്ങളുടെ ദൈന്യംദിന പ്രക്രിയകളുടെ ഒരു പ്രധാന ഭാഗം ആവും. ഇതില്‍ ഏതു കാരണം എടുത്താലും, ലഘുവായ ശാരീരിക വ്യായാമം നിങ്ങളെ കൂടുതല്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അവര്‍ ‘കുട്ടി-ഉറക്കങ്ങള്‍’ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും

ഉറക്കം നമ്മുടെ ചിന്തകളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ പലരും കുട്ടിക്കാലം മുതലേ ചെയ്തു വന്ന ഒരു ശീലം എന്ന രീതിയില്‍ ആണ് ഉറക്കത്തെ കാണുന്നത്. അത് ആദ്യം മാറ്റണം. നമ്മുടെ സൗകര്യത്തിനു അനുസരിച്ച് ഉറക്കം ക്രമപ്പെടുത്തണം. ഊണ് കഴിഞ്ഞു ഉറങ്ങുന്ന ശീലം ചിലര്‍ക്കുണ്ടാവം. എന്നാല്‍ നമ്മള്‍ ചെയ്യുന്ന പോലെ ഒന്ന് രണ്ടു മണിക്കൂര്‍ ഉറങ്ങുകയല്ല വേണ്ടത്. പതിനഞ്ചു ഇരുപതു മിനുട്ട് മാത്രം നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കങ്ങള്‍ ക്രിയേറ്റിവ് ആയ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.

അവര്‍ ദിവാസ്വപ്നം കാണുന്നവര്‍ ആയിരിക്കും

ഏറ്റവും ക്രിയേറ്റിവ് ആയവര്‍ക്ക് അവര്‍ ഏറ്റവും പ്രാവീണ്യം നേടിയ കാര്യത്തില്‍ നിന്നും ഏതുനിമിഷവും പുറത്ത് കടക്കാനും അതിനെപ്പറ്റിയുള്ള എല്ലാ ചിന്തകളും താല്‍കാലികമായി മറന്നു കളയുവാനും പറ്റും. എന്നാല്‍ ഇതിനു ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണമായി നിര്‍ത്തിവെക്കണം എന്നില്ല. ഉദാഹരണത്തിന്, ശക്തമായ ഒരു പശ്ചാത്തല സംഗീതം കൊണ്ട് വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും. അതിനുശേഷം മനസിനെ തുറന്നുവിട്ടുകൊള്ളൂ.

അവര്‍ മറ്റുള്ളവരുമായി സഹകരിക്കാന്‍ തയ്യാറായിരിക്കും

ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് പിക്സാര്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന സമയം. ഓരോ വിഭാഗം ആളുകള്‍ക്കും പ്രത്യേകം കെട്ടിടങ്ങള്‍ എന്നതായിരുന്നു ആദ്യ പ്ലാന്‍. എന്നാല്‍ അത് എല്ലാം ചേര്‍ത്ത് ഒരു വലിയ കെട്ടിടം ആക്കി പണിയാന്‍ ഒടുവില്‍ ജോബ്സ് തീരുമാനിച്ചു. അതിനെ ഫലം വന്‍ വിജയം ആയിരുന്നു. ഒരു മെക്കാനിക്കല്‍ എന്ജിനിയര്‍ക്കു വ്യത്യസ്തമായ ഒരു ഐഡിയ കൊടുക്കാന്‍ ഒരു സാധാ വര്‍ക്ക്‌ഷോപ്പ് ജോലിക്കാരന് പറ്റും. അങ്ങനെഉള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ കേള്‍ക്കാനും അതില്‍നിന്നും പഠിക്കാനും മനസ് കാണിച്ചവര്‍ ആണ് ഇന്ന് വലിയ നിലയില്‍ എത്തിയിട്ടുള്ളത്.

അവര്‍ റിസ്കുകള്‍ എടുക്കാന്‍ ഇഷ്ടപ്പെടും

റിസ്ക്‌ എടുക്കുക എന്ന് പറഞ്ഞാല്‍ സ്വന്തം ജീവന്‍ പണയം വച്ചു എന്തെങ്കിലും ചെയ്യുക എന്നല്ല. പതിവ് വഴികളില്‍ നിന്നും വേറിട്ട്‌ ചിന്തിക്കുവാനും അത്തരം കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കുവാന്‍ ധൈര്യം ഉള്ളവരെ ഉയര്‍ന്നുവരികയുള്ളൂ. ഇത്തരം സമീപനങ്ങള്‍ തലച്ചോറിനെ കൂടുതല്‍ ഉശാറാക്കും. ചിലപ്പോള്‍ നിങ്ങളുടെ വഴി തെറ്റായിരിക്കാം. പക്ഷെ അതിലുപരി തെറ്റിപ്പോകാം എന്ന സാധ്യത നിലനില്‍ക്കെത്തന്നെ ആ വഴിയില്‍ക്കൂടി പോകാന്‍ കാണിക്കുന്ന ധൈര്യം ആണ് പ്രധാനം.

അവര്‍ കൃത്യമായ ഒരു ദിനചര്യ കാത്തുസൂക്ഷിക്കും

ഓരോരുത്തരുടെയും ശീലങ്ങള്‍ വ്യത്യസ്തം ആയിരിക്കും. എന്നാല്‍ ഏറ്റവും ക്രിയേറ്റിവ് ആയ ആളുകളുടെ പൊതു സ്വഭാവം എന്നത് അവര്‍ എല്ലാ കാര്യവും കൃത്യമായി മുന്‍കൂട്ടി കണക്കുകൂട്ടുകയും അതിനനുസരിച്ച് നടപ്പിലാക്കുകയും ചെയ്യും. ഒരു ടൈം ടേബിള്‍ ഉണ്ടാവണം എല്ലാ കാര്യത്തിനും. ജീവിതത്തില്‍ എത്രത്തോളം ചിട്ടയും ക്രമവും ഉണ്ടാകുന്നോ അത്രത്തോളം ക്രിയാത്മകം ആയി ചിന്തിക്കാന്‍ നമ്മുക്ക് കഴിയും.

അവര്‍ പുതിയ കാര്യങ്ങള്‍ അറിയാന്‍ തല്പരരായിരിക്കും

ഏറ്റവും ക്രിയേറ്റിവ് ആയ ആളുകള്‍ അവരുടെ മേഖലയില്‍ മാത്രം ഒതുങ്ങി നില്ക്കാന്‍ ആഗ്രഹിക്കില്ല. അവര്‍ പുതിയ പുതിയ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ സദാ താല്പര്യം ഉള്ളവരായിരിക്കും. ഇത് തലച്ചോറിനെ വളരാന്‍ സഹായിക്കുകയും അങ്ങനെ അത് വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അവര്‍ക്ക് ഊര്‍ജം പകരുകയും ചെയ്യും.

അവര്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കും

നമ്മുടെ ഇന്ദ്രിയങ്ങളെ എത്രത്തോളം ഫലപ്രദമായി നാം ഉപയോഗിക്കുന്നുവോ അത്രത്തോളം ക്രിയാത്മകമായി ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും നമ്മുക്ക് കഴിയും. കണ്ണുണ്ടായാല്‍ പോര കാണണം എന്ന് കേട്ടിട്ടില്ലേ? ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍നിന്നും കൂടുതല്‍ മനസിലാകാന്‍ ശ്രമിക്കുകയും ചെയ്യണം.

അവര്‍ വരുത്തിയ പിഴവുകള്‍ക്ക് മാപ്പ് നല്‍കുന്നവര്‍ ആയിരിക്കും

ഏതു മേഖലയിലായാലും തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികം ആണ്. ചില ആളുകള്‍ ഉണ്ട്, തെറ്റ് വരുത്തിയതിനെ ഓര്‍ത്തു വിഷമിച്ചു വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നവര്‍. മറ്റു ചിലര്‍ തെറ്റിപ്പോകുമോ എന്ന പേടി കൊണ്ട് ഒന്നും ചെയ്യാനാവാതെ പോകുന്നവര്‍. സത്യത്തില്‍, തെട്ടുകളിലൂടെ ആണ് നാം പുതിയ പാഠങ്ങള്‍ പഠിക്കുക. ആയിരം തവണ പരീക്ഷണം നടത്തി നോക്കിയിട്ടാണ് ബള്‍ബിന്റെ ഫിലമെന്റ്റ് ഉണ്ടാക്കാന്‍ പറ്റിയ വസ്തു എഡിസന്‍ കണ്ടെത്തിയത്. എന്നാല്‍ എഡിസന്‍ അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ” ഫിലമെന്റായി ഉപയോഗിക്കാന്‍ പറ്റാത്ത ആയിരം വസ്തുക്കള്‍ ഞാന്‍ കണ്ടെത്തി”. ഈ സമീപനം ആണ് നമ്മുക്കും ഉണ്ടാവേണ്ടത്.

അവര്‍ ഒറ്റയ്ക്ക് അല്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും

നമ്മുടെ ബന്ധങ്ങളോ തിരക്കുകളോ ഒന്നും നമ്മെ ഒരുപരിധിക്കപ്പുറം കീഴ്പെടുത്താന്‍ പാടില്ല.എല്ലാത്തിനുമൊടുവില്‍ അല്‍പ സമയം ഏകാന്തതയില്‍ ആയിരിക്കുക. ആരും ശല്യപ്പെടുത്താന്‍ ഇല്ലാതെ എല്ലാ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു ഒരിത്തിരി നേരം. നമ്മളെക്കുറിച്ച് തന്നെ ചിന്തിക്കുവാനും വിലയിരുത്തല്‍ നടത്താനും ഇത് ഏറെ പ്രയോജനം ചെയ്യും. ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ക്ക് ആവശ്യം വേണ്ട ഊര്‍ജവും മറ്റൊന്നല്ല.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെക്കൊണ്ട്‌ ജീവിതം ഒരു ദിവസം കൊണ്ട് മാറ്റിമറിച്ചേക്കാം എന്ന ചിന്ത വേണ്ട. എന്നാല്‍ ചിന്താരീതിയിലുള്ള ഒരു ചെറിയ, നല്ല മാറ്റം കൊണ്ട് ജീവിതരീതിയില്‍ വളരെ വലിയ ഒരു മാറ്റം വരുത്താന്‍ പറ്റും. എവിടെയാണ് മാറ്റം വേണ്ടത് എന്ന് കണ്ടുപിടിക്കണം എന്ന് മാത്രം.

Advertisements