ഗെയിം റിക്വസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നമ്മുക്ക് ഒരു തീരാ തലവേദന ആണെങ്കിലും ഗെയിം കളിക്കുന്നത് പലര്‍ക്കും ഒരു ഹരമാണ്. ഓരോ ദിവസവും വിവിധങ്ങളായ പുതിയ ഗെയിമുകള്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ആളുകള്‍ക്ക് പ്രിയപ്പെട്ട ഗെയിമുകളില്‍ പലതും പണ്ടേ ആ സ്ഥാനം കൈക്കലാക്കിയവയാണ്. അങ്ങനെയുള്ള ഏറ്റവും മികച്ച 5 ഫെയ്സ്ബുക്ക് ഗെയിമുകള്‍ നമ്മുക്ക് പരിചയപ്പെടാം.
- ഫാംവില്ലെ
സ്വന്തമായി ഭൂമിയില്ലത്തവര്‍ക്ക് പോലും കൃഷി ചെയ്യുവാന്‍ അവസരം ഉണ്ടാക്കുകയാണ് ഫാംവില്ലെ എന്ന ഈ പ്രശസ്ത ഗെയിം. 2009ലാണ് ഈ ഗെയിം അവതരിപ്പിക്കപ്പെട്ടത്. അതിനുശേഷം പെട്ടെന്നാണ് ഫാംവില്ലെ ആരാധകപ്രശംസ നേടിയെടുത്തത്. ഇന്നും ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഫെയ്സ്ബുക്ക് ഗെയിം എന്ന ഖ്യാതി ഫാംവില്ലെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്.
- കാന്‍ഡി ക്രഷ് സാഗ
പണ്ടെങ്ങോ ഓണക്കാലത്ത് കളിച്ചിരുന്ന മിടായി പെറുക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കിടിലന്‍ ഗെയിം ആണ് കാന്‍ഡി ക്രഷ് സാഗ. പല ലെവലുകളില്‍ ആയാണ് ഈ ഗെയിം കളിക്കുന്നത്. ഓരോ ലെവലിലും ഓരോ നിര്‍ദിഷ്ട ദൗത്യം പൂര്‍ത്തിയാക്കിയാലെ വിജയിക്കാന്‍ ആവൂ. ഓരോ ലെവല്‍ കൂടുംതോറും കളിയുടെ കാഠിന്യവും കൂടും എന്നതാണ് കാന്‍ഡി കൃഷ് സാഗ എന്ന ഗെയിമിനെ പ്രിയങ്കരമാക്കുന്നത്.
- ആങ്ക്രി ബേര്‍ഡ്സ്
ഈ ദേഷ്യക്കാരന്‍ പറവകളുടെ കളി കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കളിയിലെ നായകന്മാര് പക്ഷികളാണ്. അവരുടെ മുട്ടകള്‍ തട്ടിയെടുക്കുന്ന വില്ലന്മാരുടെ താവളങ്ങള്‍ നശിപ്പിക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഇതിനായി പലതരം കഴിവുകള്‍ ഉള്ള പക്ഷികളെ നമ്മുക്ക് ലഭിക്കും. ഇവയെ ഉപയോഗിച്ച് വില്ലന്മാരുടെ താവളങ്ങള്‍ നശിപ്പിച്ചു അവരെ ഇല്ലാതാക്കുമ്പോള്‍ അവര്‍ തട്ടിയെടുത്ത കിളിമുട്ടകള്‍ നമ്മുക്ക് തിരികെ നേടിയെടുക്കാം.
- ക്രിമിനല്‍ കെയ്സ്
അല്‍പ്പം സീരിയസ് ആയുള്ള കളികള്‍ വേണം എന്നുള്ളവരുടെ ഇഷ്ടതാരമാണ് ക്രിമിനല്‍ കെയ്സ്. കുറ്റാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് നിങ്ങള്‍. ഓരോ തവണ എന്തെങ്കിലും കുറ്റകൃത്യം നടക്കുമ്പോഴും സംഭവസ്ഥലത്ത് നിന്ന് സൂചനകളും തെളിവുകളും കൃത്യമായി കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. അങ്ങനെ ലഭിക്കുന്ന തെളിവുകള്‍ ആണ് കുറ്റവാളിയെ പിടികൂടാന്‍ നിങ്ങളെ സഹായിക്കുന്നത്. വെറുതെ ഒരു ഗെയിം എന്നതിനേക്കാള്‍ ഒരു കുറ്റാന്വേഷകന് എങ്ങനെ ആണ് പ്രവര്‍ത്തിക്കുക എന്നത് വളരെ അടിസ്ഥാനപരമായ രീതിയില്‍ മനസിലാക്കുവാനും ഈ ഫെയിസ്ബുക്ക് ഗെയിം നിങ്ങളെ സഹായിക്കും.
- ഫ്രൂട്ട് നിന്‍ജ
കുട്ടികളുടെ ഇഷ്ടഗെയിം ആണ് ഫ്രൂട്ട് നിന്‍ജ. അത് സ്മാര്‍ട്ട് ഫോണിലെ കാര്യം. എന്നാല്‍, ഫെയ്സ്ബുക്കില്‍ എത്തുമ്പോള്‍ ഫ്രൂട്ട് നിന്‍ജ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രായത്തിന്റെ വിലക്കുകളില്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട, ആളുകള്‍ക്കിടയില്‍ ഏറെ പ്രശസ്തിയുള്ള, ഫെയ്സ്ബുക്ക് ഗെയിമുകളുടെ കൂട്ടത്തില്‍ ആണ് ഫ്രൂട്ട് നിന്‍ജ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇവ മാത്രമല്ല ഫെയ്സ്ബുക്കിലെ പ്രധാനപ്പെട്ട ഗെയിമുകള്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ക്കിടയില്‍ സ്വീകാര്യത നേടിയെന്ന് കരുതുന്ന 5 എണ്ണം ഞങ്ങള്‍ അവതരിപ്പിച്ചു എന്നേയുള്ളു. നിങ്ങളുടെ പ്രിയപ്പെട്ട ഫെയ്സ്ബുക്ക് ഗെയിം ഈ ലിസ്റ്റില്‍ ഇടം കണ്ടെത്തിയില്ലേ? വിഷമിക്കേണ്ട. താഴെ ഒരു കമന്റ് ആയി നിങ്ങളുടെ പ്രിയപ്പെട്ട ഫെയ്സ്ബുക്ക് ഗെയിം ചേര്‍ത്തോളൂ. അവ ഞങ്ങള്‍ ഇതില്‍ ചേര്‍ത്ത് പോസ്റ്റ് വിപുലീകരിക്കുന്നതാണ്.