ഐടി ആക്ടിലെ 66.എ വകുപ്പ് എടുത്ത് കളഞ്ഞു; എന്താണീ 66.എ? ഒരു അവലോകനം

  139

  article-2359637-1AC0D3CF000005DC-944_634x397
  ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി..!!!

  സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ഐടി നിയമത്തിലെ 66 എ വകുപ്പാണ് സുപ്രീം കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എന്ന നിരീക്ഷണം നടത്തിയ ശേഷം റദ്ദാക്കിയിരിക്കുന്നത്.

  ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്‍ അഥവാ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളതാണ്. എങ്കിലും നിങ്ങളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്ന ചോദ്യമായിരുന്നു ഈ വകുപ്പ്.

  ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി, കുറ്റകരമായതോ സ്പര്‍ദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.

  തനിക്കെതിരെ അപകീര്‍ത്തികരമായി മൊബൈല്‍ ഫോണ്‍, ഇന്‍ര്‍നെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാള്‍ അറസ്റ്റിലാകാന്‍. അല്ലെങ്കില്‍ വിദ്വേഷം പരത്തുന്നതെന്നോ, സ്പര്‍ദ്ധ വളര്‍ത്തുന്നതെന്നോ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ മതിയായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്തിരിക്കുന്നത്.

  ഐടി ആക്ട് 2000 ല്‍ ആണ് ഇന്ത്യയില്‍ ഒരു സമഗ്ര ഐടി നിയമം നിലവില്‍ വരുന്നത്. 2008 ഡിസംബര്‍ 23ന് ഈ ആക്ടിലെ ഭേദഗതികള്‍ നിലവില്‍ വന്നു. ഐടി ആക്ട് ഭേദഗതി ചെയ്യാന്‍ പെട്ടെന്നുണ്ടായ പ്രചോദനം മുംബൈ ഭീകരാക്രമണം ആയിരുന്നു. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലായിരുന്നു പ്രധാന കാരണം.