ഐസക് സാര്‍, ഒരു കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ ലാഭത്തിന് വര്‍ഗീയത പറയരുത്

0
422

00205_371331

ഫേസ്‌ബുക്ക്‌ ആക്ടിവിസ്റ്റും പ്രവാസിയുമാണ് ലേഖകന്‍ ഷഹീന്‍ എം.സി.

വാര്‍ഡുകളും പഞ്ചായത്തുകളും കോര്‍പറേഷനുകളും വിഭജനം നടക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണ സമയത്ത് കോഴിക്കോട് ജില്ലയിലൊക്കെ നടത്തിയ വിഭജനം തികച്ചും രാഷ്ട്രീയം നോക്കിയായിരുന്നു. കമ്യൂണിസ്റ്റു കോട്ടകള്‍ കെട്ടി വളച്ചുണ്ടാക്കിയ കോഴിക്കോട് കോര്‍പറേഷന്‍ ഇപ്പോഴും ഇടതു പക്ഷം ഭരിക്കുന്നത് ആ വെട്ടിമുറിക്കലും കൂട്ടിച്ചേര്‍ക്കലും നടത്തിയത് കാരണമാണ്. അന്ന് യു ഡി എഫ് ഇതിനെതിരെ ആരോപണം ഉന്നയിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു.

വാര്‍ഡ് തലത്തില്‍ ഇടതു പക്ഷം നടത്തിയ വെട്ടിമുറിക്കലില്‍ ഒരു പറമ്പ് തന്നെ രണ്ടു വാര്‍ഡില്‍ വന്നു പോയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. വീട് രണ്ടാം വാര്‍ഡിലും വീട്ടിലെ കുളിമുറിയും ടോയ്‌ലറ്റും കിണറുമൊക്കെ മൂന്നാം വാര്‍ഡിലും. തൊട്ടപ്പുറത്തെ കോണ്‍ഗ്രെസ്സ് വോട്ടുള്ള വീടിനെ വെട്ടാന്‍ വേണ്ടി മുറിച്ചപ്പോള്‍ പറ്റുന്ന അബദ്ധമാണ് അതൊക്കെ. വീട്ടുകാര്‍ക്ക് ഒന്നിനും രണ്ടിനുമൊക്കെ പോകണമെങ്കില്‍ വാര്‍ഡ് കടക്കണം എന്നതായിരുന്നു അന്നത്തെ അവസ്ഥ.

ഇത്തവണ നടത്തിയ വിഭജനം യു ഡി എഫ് അനുകൂലമാണ് എന്ന ആരോപണമാണ് ഇടതുപക്ഷം ഉന്നയിക്കുന്നതെങ്കില്‍ ഒരു രാഷ്ട്രീയ ആരോപണമായി അതിനെ കാണുമായിരുന്നു. യു ഡി എഫും എല്‍ ഡി എഫും പരസ്പരം ഇങ്ങനെ രാഷ്ട്രീയ നേട്ടം ലാക്കാക്കി വിഭജനം നടത്തുന്നു എന്ന ആരോപണം ഉന്നയിക്കുന്നത് കേരളത്തില്‍ പതിവാണ്. എന്നാല്‍ തോമസ് ഐസകും ഇടതു പക്ഷവും വാര്‍ഡ് വിഭജനത്തെ മറയാക്കി ഇക്കുറി വര്‍ഗീയ ചീട്ട് ഇറക്കിയാണ് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്. മുസ്ലിം അനുകൂല പ്രദേശങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണം എത്ര അപകടകരമാണ് എന്ന കാര്യം ഐസക്കിന് അറിയാഞ്ഞിട്ടാണോ….?

സാമുദായികപരിഗണനകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചതിന് തെളിവു ഹാജരാക്കാന്‍ എന്നോട് ഫേസ് ബുക്കിലൂടെ ചിലര്‍ ആവ…

Posted by Dr.T.M Thomas Isaac on Friday, July 24, 2015

കമ്യൂണിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള വാര്‍ഡുകള്‍ ഉണ്ടാക്കിയപ്പോള്‍ അവിടെയുള്ള മുസ്ലിം ലീഗ് വോട്ടുകളെ മുഴുവനും മറ്റൊരു വാര്‍ഡിലേക്ക് പറിച്ച് നട്ട സമയത്ത്, ഇതാ വര്‍ഗീയമായി വാര്‍ഡ് മുറിക്കുന്നു എന്ന ആരോപണം യു ഡി എഫും ലീഗും ഉന്നയിക്കാഞ്ഞത് ആ ബുദ്ധി അറിയാത്തത് കൊണ്ടായിരുന്നില്ല. കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ മതേതര സൌഹൃദമെന്ന ജീവ നാഡിയില്‍ കത്തിവെക്കണ്ട എന്ന് കരുതിയാണ്. പക്ഷേ, ഇക്കുറി ഇടതു പക്ഷവും ഐസകും പച്ച വര്‍ഗീയത പറഞ്ഞാണ് വാര്‍ഡ് വിഭജനത്തെ നേരിടുന്നത്.

കേരളത്തില്‍ ബി ജെ പി ക്ക് വര്‍ഗീയത പറയാനും പ്രചരിപ്പിക്കാനുമുള്ള ആത്മധൈര്യവും പ്രചോദനവും നല്‍കുന്നത് സി പി എം ആണെന്ന കെ പി എ മജീദിന്റെ നിരീക്ഷണം ഇവിടെ കൂട്ടി വായിക്കണം. സി പി എം രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം വര്‍ഗീയ പ്രചരണത്തിന്റെ ഗുണഭോക്താക്കള്‍ ബി ജെ പിയായി മാറുന്നത് അവര്‍ അറിയുന്നില്ല. ചുരുക്കി പറഞ്ഞാല്‍, ബി ജെ പി വെറുതേ നിന്ന് കൊടുത്താല്‍ മതി. ജനങ്ങളുടെ മനസ്സില്‍ വര്‍ഗീയ വിധ്വേഷം കുത്തിവെച്ച് താമര വോട്ടുകള്‍ വര്‍ദ്ദിപ്പിക്കുന്ന പണി സി പി എം എമ്പാടും ഈയിടെയായി കേരളത്തില്‍ നടത്തുന്നുണ്ട്. അരുവിക്കരയില്‍ സ്വന്തം വോട്ട് പോലും ബി ജെ പി കൊണ്ട്‌പോയത് അങ്ങനെയാണ്.

ഒരു രാഷ്ട്രീയ വിഷയത്തെ രാഷ്ട്രീയം പറഞ്ഞ് നേരിടാന്‍ സി പി എം തയ്യാറാകണം. ഫസലിനെ കൊന്ന് രക്തത്തില്‍ തൂവാല മുക്കി ആര്‍ എസ് എസ് മഠത്തില്‍ കൊണ്ട്‌പോയി ഇട്ടതും ടി പിയെ കൊന്നതിന്റെ ഉത്തരവാദിത്തം എന്‍ ഡി എഫ് തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതും ആരും മറന്നിട്ടില്ല. ഇത്തരം വര്‍ഗീയ ദ്രുവീകരണം കൊണ്ട് പാര്‍ടിക്ക് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നുമില്ല എന്ന് മാത്രമല്ല, കേരളം വര്‍ഗീയതയുടെ പറുദീസായാകാന്‍ പോകുന്നു എന്ന് കൂടി സി പി എം മനസ്സിലാക്കണം. ഒരു കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നും മതേതര വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത് ഇതൊന്നുമല്ല എന്നത് സഖാക്കളെ വിനയത്തോടെ ഉണര്‍ത്തട്ടെ.

രാഷ്ട്രീയത്തില്‍ പരാജയപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ വര്‍ഗീയതയെ ഒരു എളുപ്പ വിദ്യയായി കാണുന്നതാണ് ഐസക്കിനെ പോലെയുള്ള ഇടത് നേതാക്കളെകൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്