P1120357

ഹാറൂണിന്റെ ഒട്ടക ജീവിതം വായിക്കുന്നതിനു മുമ്പ് ഹാറൂണിനെ ഒന്ന് പരിചയപ്പെടാം. ഗള്‍ഫ് ഒരേ സമയം സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ചതിയുടെയും ആഡംബരത്തിന്റെയും ലോകമാണ്. അങ്ങിനെ ഒരു ചതിയുടെ ഇരയാണ് ഹാറൂണ്‍. നാട്ടില്‍ അമ്മയും അനുജത്തിയും സഹോദരനുമടങ്ങുന്ന കുടുംമ്പം ,പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ഹാറൂണ്‍ തുടര്‍ന്നു പഠിക്കാനല്ല പോയത് , കൂട്ടുകാരനുമൊത്ത് പെയിന്റിഗ് ചെയ്യാനും നാടന്‍ ജോലികള്‍ക്കുമായിരുന്നു .അന്നന്നു കിട്ടുന്ന ചെറിയ വരുമാനത്തില്‍ സന്തോഷത്തോടെയും പരിഭവത്തോടെയും ആ ചെറിയ കുടുംമ്പം കഴിഞ്ഞു വന്നു ,അതിനിടക്കാണ് സഹോദരിയുടെയും ജീവിത യാത്രയില്‍ കണ്ടുമുട്ടി പിന്നെ പ്രണയത്തിലേക്ക് നീങ്ങിയ ഹാറൂണിന്റെയും വിവാഹവും നടക്കുന്നത് ..സഹോദരിയുടെ വിവാഹം വരുത്തിവെച്ച വന്‍ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും കരകയറാനാണ് പലരെയും പോലെ ഹാറൂണിന്റെ കിനാവുകളിലും എണ്ണപ്പാടവും കടുന്നു വരുന്നത് . അങ്ങിനെയാണ് കൊല്ലം ജില്ലയില്‍ നിന്നും ,ഭാര്യയുടെ അവശേഷിക്കുന്ന സ്വര്‍ണ്ണവും വിറ്റ് ഒരു പരിചയക്കാരന്റെ കയ്യില്‍ നിന്നും അറുപതിനായിരം രൂപക്ക് വിസ വാങ്ങുന്നതും റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും ,ഗള്‍ഫിലെ ‘സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനാവാന്‍ പുറപ്പെട്ട ഹാറൂണ്‍ പ ക്ഷെ എത്തിപ്പെട്ടത് 1500 കിലോമീറ്റര്‍ അകലെയുള്ള ഒരു മസ്രയില്‍ ആയിരുന്നു

തായിഫ് വഴി അല്ബഹ യില്‍ നിന്നും ചുരമിറങ്ങി മുദല്ലിഫ് എന്ന ചെറു ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു ,യാത്രാക്ഷീണം കൊണ്ട് എപ്പോഴോ മയക്കത്തിലേക്ക് വീണത് കാരണം സ്‌പോണ്‍സറുടെ കൂടെയുള്ള പിന്നീടുള്ള യാത്രയില്‍ വിജനമായ മരുഭൂമിയില്‍ കൂടിയുള്ള യാത്രയൊന്നും ഹാറൂണ്‍ അറിഞ്ഞതേയില്ല. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോഴാണ് ഏതോ അജ്ഞാത മരുഭൂമിയിലാണ് താന്‍ എന്ന യാഥാര്‍ത്ഥ്യം ഹാറൂണ്‍ അറിയുന്നത്.

ആടുജീവിതം

താന്‍ ചതിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തോട് അധികം വൈകാതെ ഹാറൂണും പൊരുത്തപ്പെട്ട് തുടങ്ങി , , എല്ലാം വിട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടിപ്പോകുന്നതിനെകുറിച്ചും ,ആത്മഹത്യയെ കുറിച്ചുമൊക്കെ പലതവണ ചിന്തിച്ചെങ്കിലും കടം കയറിയ വീടും അമ്മയുടെയും ഭാര്യ യുടെയും സഹോദരങ്ങളുടെയുമൊക്കെ മുഖങ്ങളും അതില്‍ നിന്നും പിന്തിരിയിപ്പിച്ചു .ഒട്ടകങ്ങളും ആടും പശുക്കളുമൊക്കെയായി പിന്നെ ഹാറൂണിന്റെ കൂട്ടുകാര്‍ ,തൊഴില്‍ ഉടമ സ്‌നേഹവും കാരുണ്യവുമുള്ള ഒരു നല്ല മനുഷ്യ സ്‌നേഹിയായത് കൊണ്ട് പിടിച്ചുനിന്നു ,മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹം ഹാറൂണിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ എത്തിച്ചു കൊടുക്കും , അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ട് പോകും ,എന്തെങ്കിലും അത്യാവശ്യം വന്നാല്‍ പെട്ടന്ന് ഓടിയെത്തും.

ഹാറൂണിന്റെ ജോലി ഭാരം കുറക്കാന്‍ ഏറെ കാലത്തിനു ശേഷം ഒരു കൂട്ട് കിട്ടി .അലി സയ്യിദ് എന്ന യമന്‍ സ്വദേശി ആയിരുന്നു അത് ,പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള യമനില്‍ നിന്നും കിലോമീറ്ററുകള്‍ കാല്‍ നടയായും വാഹനത്തിലുമൊക്കെയായി അതിര്‍ത്തി സേനയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും കണ്ണ് വെട്ടിച്ചു എങ്ങിനെയോ ഇവിടെ എത്തിയതായിരുന്നു അലി സയ്യിദ് . കിലോമീറ്ററുകള്‍ ഇങ്ങിനെ കാല്‍നടയായി വന്ന് ഇത്തരം മസ്രകളില്‍ അന്നത്തിനു വേണ്ടി അതിജീവനം തേടുന്നവര്‍ ഒരു പാടുണ്ട് ഇവിടെ.

അലിയും ഹാറൂണും

ഹാറൂണിനെ എനിക്ക് പരിചയപെടുത്തുന്നത് കൂട്ടുകാരന്‍ ശിഹാബായിരുന്നു . അടുത്ത ഫ്‌ലാറ്റില്‍ കുറച്ച ദിവസം ശിഹാബിന്റെ അതിഥിയായിരുന്നു ഹാറൂണ്‍. , മസ്രയിലെ ഹാറൂണിന്റെ ജീവിതം നേരിട്ട് കാണാനും മസ്ര കാണാനുമൊക്കെയായിരുന്നു അഷ്‌റഫും ശിഹാബും ഞാനും കൂടി കുന്ഫുധയില്‍ നിന്നും അമ്പതു കിലോമീറ്റര്‍ അകലെയുള്ള മസ്ര കാണാന്‍ പുറപ്പെട്ടത് .

ഹാറൂണ്‍ പറഞ്ഞു തന്ന വഴിയുടെ ഏകദേശ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ,യാത്രക്കിടയില്‍ പല തവണ ഹാറൂണിന്റെ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു ,എങ്കിലും യാത്ര മുടക്കിയില്ല.

അഷ്‌റഫും ഹാറൂണും പിന്നെ ഞാനും

പല തവണ വഴി തെറ്റിയെങ്കിലും ഏറെ നേരത്തെ അലച്ചിലിന് ശേഷം ഞങ്ങള്‍ ഹാറൂണിന്റെ മസ്രയിലെത്തി .ഞങ്ങളവിടെയെത്തിയപ്പോള്‍ ഹാറൂണവിടെ ഇല്ലായിരുന്നു ,,പകരം രണ്ടു യമനികള്‍ പശു തൊഴുത്തില്‍ തീറ്റ കൊടുക്കുകയായിരുന്നു. ഹാറൂണിനെ കാണണം എന്ന് പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഞങ്ങളെയും കൊണ്ട്’ യാ ഹാരൂണ്‍ യാ ഹരൂണ്‍ ‘എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അധികം ദൂരയല്ലാത്ത ഒരു തോട്ടത്തിലേക്ക് കൊണ്ട് പോയി ,,അവിടെ ഒട്ടകങ്ങള്‍ക്കും ആടിനും കൊടുക്കാനായി കൃഷി ചെയ്തുണ്ടാക്കിയ പുല്ല് പറിക്കുകയായിരുന്നു ഹാറൂണ്‍ ,

ഞങ്ങളെ കണ്ടപ്പോള്‍ ഹാറൂണ്‍ സന്തോഷത്തോടെ കയറിവന്നു ,ഒട്ടകങ്ങളെയും ആടുകളെയും കാണാനായി ഞങ്ങളും ,,തോട്ടത്തില്‍ കൂടി നടക്കുമ്പോഴാണ് ഞാനാ കാഴ്ച കാണുന്നത് .ഒരു മരത്തിനു മുകളില്‍ ഒരു കട്ടില്‍ കയറ്റി വെച്ചിരിക്കുന്നു .എന്നിട്ട് അതിനു മുകളില്‍ ഒരു തുണി കൊണ്ട് മറച്ചിരിക്കുന്നു ..മരത്തിനു താഴെ നിന്നും നോക്കിയാലെ ആ ഏറുമാടത്തെ പോലെ തോന്നിക്കുന്ന കട്ടില്‍ കാണുകയുള്ളൂ .

ഒളിത്താവളം
ഏറു മാടത്തിലെ ബ്ലോഗര്‍

അലി സയ്യിദ് ന്റെ വീടാണ് ആ ഏറുമാടം ,ഇത്ര അടുത്ത് ഹാറൂണിന്റെ കൊച്ചു മുറി ഉണ്ടായിട്ടും കൊടും ചൂടിലും തണുപ്പിലും അയാള്‍ അവിടെ കഴിയുന്നത് എന്തിനെന്നോ ?. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ പിടിക്കാന്‍ മസ്രകളിലെത്തുന്ന നിയമപാലകരില്‍ നിന്നും രക്ഷപ്പെടാനുള്ള ഒളിത്താവളം , അതിന്റെ ഉള്‍വശം വലിഞ്ഞുകയറി കാണാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഹാറൂണിന്റെ ഓര്‍മ്മപ്പെടുത്തല്‍ ‘പാമ്പുണ്ടാവും ട്ടോ ചില്ലകളില്‍ ‘ .ഒരു പാമ്പിനെയും പേടിക്കാതെ ആ മരക്കൊമ്പില്‍ വര്‍ഷങ്ങളായി ജീവന്‍ പണയം വെച്ച് അന്തിയുറങ്ങുന്ന ‘അലി സയ്യിദ്’ മാര്‍ ഇത്തരം മസ്രകളിലെ സ്ഥിരം കാഴ്ചകളാണ് .അന്നം തേടാന്‍ മനുഷ്യര്‍ തേടുന്ന വഴികളെ കുറിച്ചായിരുന്നു ഞാനപ്പോള്‍ ചിന്തിച്ചു പോയത് ..ഇവരുടെയൊക്കെ ജീവിതം കാണുമ്പോള്‍ നമ്മുടെ വിഷമങ്ങള്‍ക്കും പോരായ്മകള്‍ ക്കും എന്ത് വില ?

ഇവനാണവിടുത്തെ രാജാവ്

ഹാറൂണിനൊപ്പം പുല്‍ തോട്ടവും കടന്നെത്തിയത് ഒട്ടക കൂട്ടങ്ങളുടെയടുത്തായിരുന്നു ,ചെറുതും വലുതുമായി ഒരു പാട് ഒട്ടകങ്ങള്‍ ഉണ്ടവിടെ ,എല്ലാം പെണ് പ്രജകള്‍ ,പാലിനു വേണ്ടിയാണ് ഇവകളെ വളര്‍ത്തുന്നത് .ഒരു കപ്പു പാലിന് പതിനഞ്ചു റിയാല്‍ വരെ വിലയുണ്ട് .ഒട്ടകത്തിന്റെ പാല്‍ കറന്നയുടനെ തന്നെ കുടിക്കണം ,തണുത്തു കഴിഞ്ഞാല്‍ രുചിയില്‍ മാറ്റം വരും ..കുറെ നാളത്തെ ആഗ്രഹമായിരുന്നു ഒട്ടക പാലിന്റെ രുചി അറിയാനുള്ള മോഹം . അലി സയ്യിദ് നോട് പറയേണ്ട താമസം ഒരു പാത്രവുമായി ഒട്ടകത്തിന്റെ അടുത്തേക്ക് നടന്നു , ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഒട്ടകത്തിന്റെ അടുത്തെത്തി .പാല്‍ ഒട്ടക കുട്ടികള്‍ കുടിക്കാതിരിക്കാന്‍ വേണ്ടി പ്രത്യേക വസ്ത്രം കൊണ്ട് അകിട് മൂടി കെട്ടിയിരുന്നു. അതൊക്കെ മാറ്റി അലി കറവ തുടങ്ങി ,അതിനിടയിലും എന്തൊക്കെയോ അയാള്‍ ഒട്ടകവുമായി സംസാരിച്ചു കൊണ്ടിരുന്നു ,മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കിയ മനുഷ്യ ജീവിതങ്ങള്‍ ,അവരോടു കിന്നാരം പറയുകയും സങ്കടങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്ന അപൂര്‍വ്വ കാഴ്ച !!!.

അലിയും ഹാറൂണും കറവയില്‍

കൂട്ടത്തില്‍ ഏറ്റവും ഉയരവും എടുപ്പുള്ളവന്‍ ഇവിടെയെത്തിയിട്ട് കുറച്ചു നാളെ ആയുള്ളൂ ,എല്ലാ തരുണികളായ ഒട്ടകങ്ങളുടെയും ഏക ബോയ് ഫ്രണ്ട് , എല്ലാവരെയും പരിചയപ്പെടുന്ന ശ്രമത്തിലാണ് ആശാന്‍ ,,ഹാറൂണും അലിയും അടുത്ത് ചെന്നപ്പോള്‍ അനുസരണയോടെ നിന്നു ,.എന്നാല്‍ ഞങ്ങളെ അത്രക്ക് പിടിച്ചില്ല എന്ന് തോന്നുന്നു ,ആദ്യമൊക്കെ ഒഴിഞ്ഞു മാറി ,പിന്നെ മൂപ്പരും വഴിക്കുവന്നു .കിട്ടിയ ചാന്‍സില്‍ കുറച്ചു ഫോട്ടോക്കും പോസ് ചെയ്തു ആശാന്‍

ആടുകള്‍ ഒരു പാടുണ്ട് ഹാറൂണിന്റെ ചങ്ങാതിമാരായിട്ട് , ജനനവും മരണവുമൊക്കെ ഇവിടെ സ്ഥിരം കാഴ്ചകളാണ് ,ഞങ്ങളെത്തിയ അന്നും നടന്നു രണ്ടു പ്രസ്രവം , ഒരു ആടിന്‍ കുട്ടിക്ക് അല്പം സീരിയസായതു കൊണ്ട് അതിനെയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു ഹാറൂണിന്റെ സ്‌പോണ്‍സര്‍ , നൂറിലധികം ആടുകളുണ്ട് ഇവിടെ ,മണിക്കൂറുകള്‍ പ്രായമായതും വാര്‍ദ്ധക്യത്തില്‍ എത്തിയവയും കൂട്ടുകുടുംബമായി ഇവിടെ കഴിയുന്നു ,കൌതുകം നിറഞ്ഞ മറ്റൊരു അറിവായിരുന്നു ,പെണ് ആടുകളെ മാംസത്തിനായി ഉപയോഗിക്കില്ല എന്നത് .പ്രായം ചെന്ന് ആയുസ് ഒടുങ്ങുന്നത് വരെ അവ ജീവിക്കും .!!. സന്താന പരിപാലനം നടത്തുകയും ,പാല്‍ ചുരത്തുകയും ചെയ്യുന്ന അമ്മ എന്ന മഹത്തായ പദവി വഹിക്കുന്ന മിണ്ടാ പ്രാണികളോടുള്ള കാരുണ്യവും ബഹുമാനവുമാവാം അതിനുള്ള കാരണം .ആട്ടിന്‍ പാല്‍ നമ്മുടെ നാട്ടിലെ പോലെ ഇവിടെ ആരും കുടിക്കാറില്ല ,അകിട് പാല്‍ നിറഞ്ഞു വീര്‍ക്കാതിരിക്കാന്‍ എന്നും രണ്ട് നേരം അവ കറന്നു ഒഴിവാക്കല്‍ ഹാറൂണിന്റെ ജോലിയാണ് . ഹാറൂണ്‍ ആ മസ്രയില്‍ വന്നതിനുശേഷം അവിടെ നടന്നതൊക്കെ ഇരട്ട പ്രസവങ്ങളായിരുന്നു ,അത് കൊണ്ട് തന്നെ ഹാറൂണ്‍ വന്നത് ഒരനുഗ്രഹമായി അവിടെ വരുന്നവരോടോക്കെ സന്തോഷത്തോടെ പറയാറുണ്ട് ഹാറൂണിന്റെ മുതലാളി.

കയ്യില്‍ ആട്ടിന്‍കുട്ടിയും കക്ഷത്തില്‍ മലയാള പേപ്പറും

മൃതിയടഞ്ഞ ആടുമാടുകളെ വലിച്ചിഴച്ചു അമ്പതു മീറ്റര്‍ അകലെള്ള വിജനമായ മണ്ണില്‍ കൊണ്ടിടും ,എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ മണ്ണ് കൊണ്ട് മൂടുകയൊന്നുമില്ല ..കൊടും ചൂടില്‍ അത് കരിഞ്ഞു പോകും എന്നാണു അതിനു പിന്നിലെ തത്വം . നല്ല കാറ്റുള്ളതു കൊണ്ട് ദുര്‍ഗന്ധവും ഉണ്ടാവില്ലത്രെ

ഹാറൂണിന്റെയും അലിയുടെയും ജീവിത രീതി കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ ..രാവിലെ ആറുമണിക്ക് ജോലി തുടങ്ങും ,എണീറ്റാലാദ്യം ആടുകളുടെ അരികെ പോയി നോക്കും ,എണ്ണം കുറവുണ്ടോ എന്തെങ്കിലും അപകടം പറ്റിയോ എന്നൊക്കെ പരിശോധിക്കും ,പിന്നീട് ആട്ടിന്‍ പാല്‍ കറന്നു ഒഴിവാക്കും ,അപ്പോഴേക്കും അലി സയ്യിദ് അവക്കുള്ള തീറ്റയുമായി എത്തിയിട്ടുണ്ടാവും ,പിന്നെ ഒട്ടകങ്ങളെ കറക്കാന്‍ പോകും ,ആ പാലാണ് പ്രഭാത ഭക്ഷണം ,ഇടക്കൊക്കെ അവയെ തെളിച്ചുകൊണ്ട് മരുഭൂമിയില്‍ കൂടി നടക്കും .പത്തു മണിയായാല്‍ പിന്നെ വിശ്രമമാണ് ,ഉച്ചക്ക് മൂന്ന് മണി കഴിഞ്ഞാല്‍ വീണ്ടും ആടിനെയും ഒട്ടകങ്ങളെയുമൊക്കെ തിരിച്ചു തൊഴുത്തിലാക്കും ,എല്ലാം കഴിയുമ്പോഴേക്കും നേരം ഇരുട്ടിക്കാണും ,അടുത്ത മസ്രയില്‍ ജോലി ചെയ്യുന്ന അലിയുടെ കൂട്ടുകാരും വരും ഭക്ഷണം കഴിക്കാന്‍ ,ഹാറൂണിന്റെ മുറിയുടെ അടുത്തു തന്നെയുള്ള അടുപ്പില്‍ ചുട്ടെടുക്കുന്ന റൊട്ടിയാണ് പ്രധാന ഭക്ഷണം , ഇടക്കൊക്കെ ഉടമ കൊടുക്കുന്ന ആടിനെ അറുത്ത് യമനി കബ്‌സ ഉണ്ടാക്കും ,നാട്ടില്‍ നിന്നും വന്നതിനു ശേഷം നാടന്‍ ഭക്ഷണം കഴിച്ചത് ഷിഹാബുമൊത്തുള്ള കുറച്ചു ദിവസം മാത്രമായിരുന്നു എന്ന് അരുണ്‍ പറയുന്നു .

ബെന്യാമിന്റെ ആടുജീവിതത്തിലും മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയിലും പറയുന്നത് ഒട്ടും അതിശയോക്തിയില്ലന്നു ഹാറൂ ണും പറയുന്നു ,മരുഭൂമിയില്‍ എല്ലാമുണ്ട് . ജന്തു ജീവികളും പക്ഷികളും പാമ്പുകളുമൊക്കെ ,വലിയ കഴുകന്‍മാര്‍ ജീവന്‍ വെടിഞ്ഞ ആടുകളെ ഭക്ഷിക്കാന്‍ വരുന്നത് ഹാറൂണിന്റെ പതിവ് കാഴ്ചയാണ് .ഒരിക്കല്‍ കാലില്‍ ചുറ്റിയ പാമ്പിനെ അലി സയ്യിദ് വലിച്ചെറിഞ്ഞത് ഹാറൂണിന്നും പേടിയോടെ ഓര്‍ക്കുന്നു .

നേരം ഏറെ ഇരുട്ടിയിരിക്കുന്നു ,ഇനിയും അവര്‍ക്കൊപ്പം നിന്നാല്‍ അവരുടെ ജോലി തടസ്സപെടും ,തിരിച്ചു പോവാന്‍ ഞങ്ങള്‍ക്കും പ്രയാസമാകും .കയ്യിലുണ്ടായിരുന്ന മലയാളം ന്യൂസ് ദിനപത്രം അഷ്‌റഫ് ഹാറൂ ണിന് സമ്മാനിച്ചു , ഒരു പഴയ അറബിക് മാഗസിന്‍ അലി സയ്യിദിനും , വായിക്കാനറിയില്ല എന്നാലും അതിലുള്ള പടങ്ങള്‍ കാണാലോ ? അലി യുടെ ചിരിച്ചു കൊണ്ടുള്ള നന്ദി പ്രകടനം . കയ്യില്‍ കിട്ടിയ മലയാള പത്രം നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഹാറൂണ്‍ ,’ഇന്ന് വിറ്റ അറുപത്തിയെട്ട് പത്രങ്ങളില്‍ ഒരു കുത്തോ കോമയോ വിടാതെ വായിക്കാന്‍ പോകുന്ന ഏക വ്യക്തി ഹാറൂണ്‍ മാത്രമാകും ‘ മടക്ക യാത്രയില്‍ അഷ്‌റഫ് പറഞ്ഞത് എത്ര സത്യസന്ധമായ നിരീക്ഷണമാണ് ,ഇനി ഒരു മലയാള അക്ഷരമോ മലയാള ഭാഷ സംസാരിക്കുന്നവരെയോ ഹാറൂണ്‍ കാണുന്നത് ദിവസങ്ങള്‍ കഴിഞ്ഞാവും ,

അത് വരേ അയാളും അലിയും ആ പത്രവും മാഗസിനും പല തവണ വായിച്ചു കൊണ്ടേയിരിക്കും . ഞങ്ങള്‍ കണ്‍ മറയുന്നത് വരെ അവര്‍ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു ,ഹാറൂണിന്റെ മസ്രയിലേക്ക് എനിക്ക് മടങ്ങാതിരിക്കാനവില്ല , കാരണം ഞങ്ങളുടെ സംസാരത്തിനിടക്ക് ആടുജീവിതത്തിലെ നജീബിനെ പോലെ മറ്റൊരാള്‍ കടന്നു വന്നിരുന്നു ,വളരെ അകലെയുള്ള ഒരു മസ്രയില്‍ മാസങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു ‘കേരള വാല’ ഉണ്ടെന്നും കഴിയുമെങ്കില്‍ അവനെ കാണണ മെന്നും ആഴ്ചയിലൊരിക്കല്‍ മ്സ്രയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ അതു വഴി വരുന്ന ബംഗാളി കള്‍ പറഞ്ഞതായി ഹാറൂണ്‍ പറഞ്ഞിരിക്കുന്നു ,എങ്കില്‍ ആരാകും അത് ? എന്തായിരിക്കും അവനു ഹാറൂണിനോട് പറയാനുള്ളത് ? .ദൈവമനുഗ്രഹിച്ചാല്‍ ഞാന്‍ വീണ്ടും വരും ,എവിടെയോ ഒരു സഹായ ഹസ്തത്തിനായി കാത്തിരിക്കുന്ന ആ മലപ്പുറക്കാരനെ കാണാന്‍ ഹാറൂണിനൊപ്പം …!

You May Also Like

ഒരു എഴുത്തുകാരന്‍ അനുഭവത്തിന്റെ പൊരുള്‍ കണ്ടെത്തുന്നു

  –എം.കെ. ഹരികുമാറുമായി ശൈലേഷ് നായര്‍ നടത്തിയ അഭിമുഖം. പുതിയൊരു ദര്‍ശനവും നോവല്‍ രൂപവും സൃഷ്ടിച്ച…

മാച്ചു പിച്ചു : പര്‍വതങ്ങളില്‍ നൂറ്റാണ്ടുകള്‍ ഒളിച്ചിരുന്ന മഹാനഗരം

ഇന്‍ക വര്‍ഗക്കാരുടെ പുരാതന നഗരം മാച്ചു പിച്ചുവിന്റെ വിശേഷങ്ങള്‍

ഗാന്ധിജിയുടെ ശവസംസ്ക്കാര സീനില്‍ അഭിനയിച്ചത് 3 ലക്ഷം പേര്‍; ഗാന്ധി സിനിമയുടെ ലോക റെക്കോര്‍ഡ്‌

ഇദ്ദേഹത്തിന്റെ പേര് റിച്ചാര്‍ഡ് ആറ്റിന്‍ബോറോ, ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുണ്ടോ

സര്‍ ലഡ്ഡു 2: നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഇറങ്ങി

താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും വീഡിയോയില്‍ പ്രമേയം ആകുന്നു. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. അതായിരുന്നു 2012 ലെ സര്‍ ലഡ്ഡു എന്ന പേരില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ തീം. അഞ്ചര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ആ കിടിലന്‍ ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗവുമായി കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ് സ്കൂള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.