deadbeat7n2web

ഇരുപത്തെട്ട് വര്‍ഷം മുന്‍പ് മനോരമ വാര്‍ഷികപ്പതിപ്പിനു വേണ്ടി ആകാശത്തേക്കൊരു ജാലകം എന്ന ചെറുനോവല്‍ വാര്‍ഷികപ്പതിപ്പിന്റെ പത്രാധിപരായ ശ്രീ മണര്‍കാട് മാത്യുവിന്റെ നിര്‍ബന്ധത്താല്‍ എഴുതുകയുണ്ടായി. ത്രീഡി കുട്ടിച്ചാത്തന്റെ ചിത്രീകരണം നടക്കുന്ന സമയം ആയതുകൊണ്ട് ചെറുനോവല്‍ എഴുതാതെ ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ഒടുവില്‍ നിര്‍ബന്ധം കാരണം മനസ്സു തുറന്നപ്പോള്‍ കഥ വന്നു.

ആ കഥ കന്നഡയില്‍ വിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിച്ചു മണിപ്പാലില്‍ നിന്നും ശ്രീ കെകെ നായര്‍ എന്ന പ്രതിഭ ഒരു കത്തയച്ചു. സമ്മതം നല്‍കിയതും അദ്ദേഹത്തിന്റെ മനോഹര വിവര്‍ത്തനം കന്നഡയിലെ ‘തുഷാര’ എന്ന വാരികയില്‍ അച്ചടിച്ചു വന്നു. കന്നഡ എനിക്കറിയില്ല. കഥയിലെ അച്ചടിച്ച വാചകങ്ങള്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ധാരാളം സ്‌ക്കൂള്‍ കുട്ടികള്‍ അസംബ്ലിയില്‍ അച്ചടക്കത്തോടെ വരിവരിയായി അങ്ങിനെ തൊഴുതു പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് മുകളില്‍ നിന്നും കാണുന്നപോലെയുള്ള കാഴ്ച്ചയാണ്.

2.

ആ കഥ തുഷാരയില്‍ വായിച്ച മംഗലാപുരത്തുള്ള ഒരു പണക്കാരന്‍ ആ കഥ കന്നഡയില്‍ സിനിമയാക്കാന്‍ എന്നെ മംഗലാപുരത്തേക്ക് ക്ഷണിച്ചു. എനക്ക് കിട്ടിയ ആദ്യത്തെ സിനിമാ സംവിധാന ക്ഷണം അതായിരുന്നു. അതും കന്നഡയില്‍. ഭാഷ അറിയാഞ്ഞിട്ടും ഞാന്‍ ധൈര്യത്തോടെ ചെന്നു. കഥയിലെ ഓരോ വരിയും ഓര്‍മ്മിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നുമാണ് ശ്രീ കെകെ നായരുടെ വിവര്‍ത്തന പാടവം ഞാന്‍ അറിയുന്നത്. ഞാനെഴുതിയ കഥ എനിക്കു തന്നെ കന്നഡയില്‍ പറഞ്ഞു തന്ന അദ്ദേഹം അത് നിര്‍മ്മിക്കാന്‍ തെയ്യാറാണ്. പക്ഷെ അദ്ദേഹം നായകനാവും.

നിര്‍മ്മാതാവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ തെറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ നായകനാവുന്നതില്‍ എനിക്കിത്തിരി ഭയം തോന്നി. എങ്കിലും, ചെത്തി മിനുക്കി മെരുക്കിയെടുത്ത് പഠിപ്പിച്ച് നല്ലപോലെ കഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ അദ്ദേഹം കന്നഡയില്‍ കലക്കിയേക്കും എന്നൊരു തോന്നലും ഇല്ലാതിരുന്നില്ല..

3.

പക്ഷെ അദ്ദേഹത്തിന്റെ മോഹം അവിടെ നിന്നില്ല. അദ്ദേഹത്തിന് ഒരു കാമുകിയുണ്ട്. അവരെ നായികയും ആക്കണം. ചുരുക്കി പറഞ്ഞാല്‍ നിര്‍മ്മാതാവും നായകനും നായികയും ഒരേയൊരു മംഗലാപുരം യാത്രയോടെ എനിക്ക് കിട്ടി. ഇനി തല്‍ക്കാലം ക്യാമറയും തിരക്കഥയും മതി.
തിരിച്ചുപോകാന്‍ ഉള്ളില്‍ ആഗ്രഹിച്ച എന്നെ അദ്ദേഹം കാമുകിയെ കൂടി പരിചയപ്പെടുത്താനായി എഴുന്നേല്‍പ്പിച്ച് കാറില്‍ കയറ്റി. കാമുകിമാരെ കാണുന്നതില്‍ തെറ്റൊന്നും ഇല്ല. ഞങ്ങള്‍ കാമുകിയുടെ വീട്ടില്‍ എത്തി.

നല്ലൊരു കാമുകി. സാധാരണ കാമുകിമാരേക്കാള്‍ നല്ല തടി. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മൂന്നിരട്ടി വണ്ണം. ഭാഷ കന്നഡയാണെങ്കിലും നല്ല ശുദ്ധ മലയാള ചിരിയാണ്. അതും ഉച്ചത്തിലേ ചിരിക്കൂ. ഇരിക്കാന്‍ പറയുന്നതും, കുടിക്കാന്‍ എടുക്കട്ടേ..ന്ന് പറയുന്നതും എല്ലാം ചിരിയുടെ മാലപ്പടക്കത്തോടെയാണ്. നല്ലപോലെ അഭിനയിക്കും എന്ന് അദ്ദേഹം. കഥ കാമുകിയും വായിച്ചിട്ടുണ്ട്. അവരും അതിലെ ചില വാചകങ്ങള്‍ ഓര്‍മ്മിച്ചു പറഞ്ഞു. കഥയിലെ നായികയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയത്രെ.

എന്റെ പ്രശ്‌നം അതൊന്നും അല്ല.
തടി എന്തു ചെയ്യും..?
കുറക്കാം എന്ന് അദ്ദേഹം.
കേട്ടതും കാമുകി തുറന്നു പറഞ്ഞു.

‘അതൊന്നും പറ്റില്ല. എന്റെ ഈ തടി എനിക്ക് ഇഷ്ടമാണ്. നായികക്ക് തടി കൂടിയാല്‍ എന്താ കുഴപ്പം..?’
ഒരു കുഴപ്പവും ഇല്ലെന്ന് ഞാന്‍, പക്ഷെ സിനിമക്ക് തടി കൂടും.

4.

ആ തര്‍ക്കം അധികം നീണ്ടു നിന്നില്ല. എവിടുന്നോ അവിടേക്കൊരു കാറ് വന്നു. അതില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്നു. അവരെ കണ്ടതും, എന്താണെന്നറിയില്ല.., അദ്ദേഹം ഓടിക്കളഞ്ഞു.

കാമുകി മലപോലെ അവിടെ തന്നെ നിന്നു.
വന്നതും അവര്‍ കാമുകിയോട് സൗമ്യമായി കന്നഡയില്‍ എന്തോ പറഞ്ഞു.
കാമുകി കണ്ണുരുട്ടാതെ തിരിച്ചും പറഞ്ഞു.
കാര്യം മനസ്സിലാക്കാന്‍ ഭാഷ അറിയണമെന്നില്ല. ഭാവം മതി.

ഭാര്യ ചോദിച്ചത് ഇതാണ്.
‘നിന്റെ പണം എടുത്തിട്ടാണോ അതോ എന്റെ പണം എടുത്തിട്ടാണോ നീ അഭിനയിക്കാന്‍ പോകുന്നത്..?’
കാമുകിയുടെ ഉത്തരം ഇതായിരുന്നു.
‘എന്റെ പണം എടുത്തിട്ടെന്തായാലും അയാള് നിന്നെ നായികയാക്കില്ല..’

5.

എന്നെ തിരിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ വിട്ടത് സൗമ്യയായ ആ ഭാര്യയാണ്. അവരെന്നോട് അറിയുന്ന ഇംഗ്ലീഷില്‍ സ്‌നേഹത്തോടെ ചോദിച്ചു.
‘ഈ സിനിമ എപ്പോള്‍ തുടങ്ങും..? ‘
അറിയാത്ത കന്നഡയില്‍ ഞാന്‍ ഉത്തരം പറഞ്ഞു.
‘നായികയുടെ തടി കുറഞ്ഞാല്‍ തുടങ്ങാം..’
അവര്‍ ചിരിച്ചു.
ആ തടി കുറയില്ല എന്നെനിക്കും അവര്‍ക്കും ഉറപ്പുണ്ടായിരുന്നു.

6.

ആ കാമുകന് മംഗലാപുരത്ത് ഒരു വല്ല്യ കച്ചവടം ഉണ്ട്.
ആ ഭാര്യയും കാമുകിയും ആ കച്ചവടത്തിലെ പാര്‍ട്ട്ണര്‍മാരാണ്.

……………………..

ഇത്രയും ഓര്‍ക്കാന്‍ ഒരു കാരണം ഉണ്ട്.

ആ കഥ അന്ന് വിവര്‍ത്തനം ചെയ്ത ശ്രീ കെകെ നായരോട് എഫ്ബിയിലൂടെ പരിചയപ്പെട്ട ശ്രീ അശോക് കുമാറിന്റെ സഹായത്തോടെ ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നെനിക്ക് സംസാരിക്കാന്‍ സാധിച്ചു. അന്നദ്ദേഹം അയച്ച കത്തും അതിലെ വരികളും ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്. സരളവും ദീപ്തവുമായ ഭാഷ. ശുദ്ധ ഹൃദയന്‍. പേരെടുത്ത വിവര്‍ത്തകന്‍. ധാരാളം പുരസ്‌ക്കാരങ്ങളുടെ ആദരവ്. ഈ എഴുപത്തേഴാം വയസ്സിലും ഓര്‍മ്മയും കാഴ്ച്ചയും പിണങ്ങുമ്പോഴും അദ്ദേഹം ആ കഥയിലെ വരികള്‍ ഓര്‍ത്തെടുത്തു പറയുമ്പോള്‍ എന്റെ നെഞ്ച് വിങ്ങുന്നു.

എന്റെ കഥയുടെ ആ വിവര്‍ത്തനം എനിക്ക് വായിച്ചു തന്ന ആ കാമുക നായകനും നായികയും എല്ലാം ഇപ്പോള്‍ എവിടെയാവും..?
ആ കഥ പിന്നീട് സിനിമയായി.
‘ഒന്നു മുതല്‍ പൂജ്യംവരെ. ‘

7.

ഇന്നൊരു നല്ല ദിവസം.
വളരെ നല്ല ദിവസം.

Advertisements