ഒത്തൊരുമിച്ച്, ഒറ്റക്കെട്ടായ് മുന്നോട്ട്…

കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം, തമിഴ്, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെല്ലിയത് നിയമ സഭ മന്ദിരത്തില്‍ കൂടിയിരുന്നവര്‍ക്ക് കൌതുകമായി. ഒരു എന്‍ഡിഎ അംഗവും, ഒരു സ്വതന്ത്രനും അടക്കം ഇരുമുന്നണികളിയിലേയും അംഗങ്ങള്‍ സത്യവാചകം ചൊല്ലി. ആദ്യാവസാനം എല്ലാ കണ്ണുകളും പൂഞ്ഞാറിലെ പി.സി.ജോര്‍ജിന് നേരെ ആയിരുന്നു എന്നുവേണം പറയാന്‍. സത്യപ്രതിജ്ഞയ്ക്കായി സ്പീക്കറുടെ അടുത്തേക്ക് വരുന്ന പൂഞ്ഞാര്‍ എംഎല്‍എ ജോര്‍ജിന്റെ വരവിനെ കാടിളക്കി വരുന്ന ഒറ്റയാനോട് ഉപമിക്കാനേ സാധിക്കുകയുള്ളൂ. ഏതൊരു സൂപ്പര്‍സ്റ്റാറും കൊതിക്കുന്ന ഇന്‍ഡ്രൊ സീന്‍. മുല്ലപെരിയാര്‍, അതിരപിള്ളി വിഷയങ്ങള്‍ ആദ്യം സഭ അലങ്കോലമാക്കുമെന്നു കരുതിയവര്‍ക്ക് തെറ്റിയ ദിവസമായിരുന്നു ഇന്നലെ. പ്രതിപക്ഷം ആരംഭത്തിലേ നനഞ്ഞ ഏറുപടക്കം പോലാണെന്ന് പറയാം, വരും ദിവസങ്ങളില്‍ ചെന്നിത്തലയുടേയും സംഘത്തിന്റെയും ചൂടും ചൂരും കണ്ടറിയാം.
സി.പി.എം എംഎല്‍എമാരായ വീണാജോര്‍ജും, അന്തോണി ജോണും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ കെ.മുരളീധരനും ഹൈബി ഈഡനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ താമര വിരിയിച്ച ഒ.രാജഗോപാലും, ഒറ്റയ്ക്ക് നിന്ന് മൂന്നുമുന്നണികളെ പരാജയത്തിന്റെ കയ്പുനീര് കുടിപ്പിച്ച പി.സിയും സഗൌരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പുതിയ സഭയിലെ 140 എംഎല്‍എമാരില്‍ 44 പേര് പുതുമുഖങ്ങളാണ് എന്നത് ചരിത്രത്തില്‍ ഇടം നേടുന്നു. പതിനാലാം സഭയിലേയ്ക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കോണ്‍ഗ്രസ് എംഎല്‍എ വി.പി സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പി.ശ്രീരാമകൃഷ്ണനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി നാമനിര്‍ദേശം ചെയ്തത്.
447 total views, 4 views today
