ഒരു എയര്‍ ഇന്ത്യാ യാത്രാനുഭവം !
മൂടല്‍ മഞ്ഞിന്റെ പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുന്‍വിധിയോടെയാണ്, വിമാനതാവളത്തില്‍ എത്തിയത്. എന്നാല്‍ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തില്‍ ഇരുപ്പായി.
205 total views

രാജ്യത്തിന്റെ മാത്രമല്ല നമ്മുടെ ഓരോ കുടുംബത്തിലെ പ്രാധാന കാര്യങ്ങളും തീരുമാനിക്കുന്നത് അമേരിക്കകാരോ അല്ലെങ്കില്‍ വിദേശത്ത് താമസിക്കുന്നവരാണ്. അവര്‍ നാട്ടിലോട്ട് വരാനുള്ള അവധി എടുക്കുന്നതോടെ, കുടുംബത്തിലെ കെട്ടിക്കാറായ ചെറുക്കന്റെയോ/ പെണ്ണിന്റെയോ കല്യാണം കൂടുക, കുഞ്ഞുകുട്ടികളുണ്ടെങ്കില്‍ അവരുടെ മാമ്മോദീസ/നൂലുകെട്ട്,വയസ്സായവരെ സന്ദര്‍ശിക്കുക…… അങ്ങനെ കാസര്‍ക്കോട് മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വരവ്. ഒന്നിനും സമയമില്ലാത്ത അവരെ എങ്ങനെയെങ്കിലും കല്യാണം കൂടിപ്പിക്കണം എന്ന വാശിയിലാണ് കുടുംബക്കാരും. ആ വാശിയുടെ ഭാഗമായിട്ട് ഉണ്ടായ കല്യാണത്തിനാണ് എനിക്കും പങ്കെടുക്കേണ്ടത്. അമേരിക്കയില്‍ നിന്നും വന്ന സ്വന്തക്കാര്‍ക്ക് മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും പ്രാധാന്യമുള്ളതിനാല്‍ ബാക്കിയുള്ളവരുടെ പ്രാരാബ്ധങ്ങളൊന്നും വിഷയമാല്ലാതായി.ഇത്രയും ദൂരെ ഉള്ളവര്‍ക്ക് കല്യാണം കൂടാമെങ്കില്‍ ഇന്‍ഡ്യുടെ ഒരു മൂലയില്‍ കിടക്കുന്ന നിനക്കണോ യാത്ര ഒരു പ്രശ്നം എന്ന മട്ടിലായിരുന്നു കല്യാണവീട്ടുകാരും.
പെട്ടെന്ന് തീരുമാനിച്ച ആഘോഷം ആയതിനാല്‍ യാത്രക്ക് വേണ്ടി പിന്നെയുള്ള ആശ്രയം ‘ബജറ്റ് വിമാനകമ്പനി (Budget airlines) കളാണ്. വീടിന്റെ ബജറ്റ് ക്രമീകരിക്കുന്നതിനു വേണ്ടി, യാത്ര ഞാന്‍ തന്നെ ആക്കി.രാവിലെ 5.55 നുള്ള ‘Air India’ യുടെ വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയത്. 9 മണിയോടെ നാട്ടിലെത്തും. മൂടല്‍ മഞ്ഞിന്റെ പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുന്‍വിധിയോടെയാണ്, വിമാനതാവളത്തില്‍ എത്തിയത്. എന്നാല്‍ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തില്‍ ഇരുപ്പായി. കുറച്ചു നേരം ‘റണ്‍വേ’ യില്‍ കൂടി ഓടി, പറക്കാനുള്ള സന്ദേശം കിട്ടുന്നില്ല പോരാത്തതിന് അദൃശ്യതയും കാരണം തിരിച്ച് പാര്‍ക്കിംഗ് സ്ഥലത്ത് കൊണ്ട് ഇട്ടു. എല്ലാവരും അതിനകത്ത് കാത്തിരിപ്പായി. ഇതിനിടയ്ക്ക് അവര്‍ ഭക്ഷണവും വിളമ്പാനും തുടങ്ങി. ഭക്ഷണവും കഴിഞ്ഞു മാനവും തെളിഞ്ഞു സമയം ഏകദേശം പത്ത് പത്തര ആയി. വിമാനത്തിന് മാത്രം അനക്കമില്ല. കാര്യങ്ങള്‍ തിരക്കിയപ്പോഴാണറിയുന്നത്, പൈലറ്റ് 9 മണിക്ക് അയാളുടെ ഡ്യൂട്ടി സമയം കഴിഞ്ഞ കാരണം തിരിച്ച് വീട്ടില്‍ പോയി. എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാര്‍!
യാത്രക്കാരില്‍ പലരും കേരളം കാണാനായിട്ട് പോകുന്ന വിനോദസഞ്ചാരികളും വിദേശികളും ഏതാനും മലയാളികളുമാണ്. ചിലരുടെ നേതൃത്വത്തില്‍ ഏതാനും പേര് കൂടി ചേര്‍ന്ന് സമരവും നടത്തി. തക്കസമയത്ത് ഫോണ്‍ കാള്‍ വന്ന കാരണം എനിക്ക് അതില്‍ പങ്കെടുക്കാനായില്ല. എന്റെ അടുത്ത ഇരുന്ന വിദേശിക്ക്, ഒരു സമരത്തില്‍ പങ്കെടുക്കാനായ സന്തോഷം.
‘നീയും പങ്കെടുക്കേണ്ടാതായിരുന്നു, ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ഒരു ഭാഗ്യമല്ലേ ‘ എന്നാണ്തിരിച്ച് വന്നിട്ട് പറഞ്ഞത്. ഞാന്‍ വെറുതെ ചിരിച്ചെങ്കിലും മനസ്സിലോര്‍ത്തു_ നമ്മുക്കണോ(ഇന്ത്യക്കാര്‍) സമരങ്ങളോട് പുതുമ, ഏത് തരം സമരം വേണമെന്നുള്ള ആശയത്തിന്റെ കുറവേയുള്ളൂ!
ഏതാനും നിമിഷങ്ങള്‍ക്കകം പുതിയ പൈലറ്റ് എത്തി. ഞങ്ങളെല്ലാവരും കൈയ്യടിച്ചാണ് സ്വാഗതം ചെയ്തത്. സമരത്തിന്റെ ഗുണം എന്ന ഒരഹങ്കാരം ഞങ്ങളില്‍ ഓരോത്തരര്ക്കും ഉണ്ടായിരുന്നു. ഏകദേശം 12.30 യോടെ വിമാനം പറന്ന് ആകാശത്ത് എത്തി.അതോടെ പലര്‍ക്കും വിശപ്പിന്റെ വിളി ആരംഭിച്ചു. ഭക്ഷണം ചോദിച്ചപ്പോഴാണറിയുന്നത് ‘ഭക്ഷണം ഒന്നുമില്ല, വേണമെങ്കില്‍ വെള്ളം തരാം ….. ചോദിക്കുന്നവര്‍ക്കെല്ലാം ചെറിയ കുപ്പിയില്‍ വെള്ളം കൊടുക്കുന്നുണ്ട്.വിമാനം ആകാശത്ത് എത്തിയ കാരണം ഇനി ഒരു സമരം നടത്തിയാലും ഫലം കാണില്ല എന്നറിയാവുന്നതു കൊണ്ട് ‘വെള്ളമ്മെങ്കില് വെള്ളം എന്ന നിലപാടിലായിരുന്നു ഞങ്ങള്‍ !
കല്യാണതലേന്ന് പുറപ്പെട്ട കാരണം കല്യാണം കൂടാന്‍ സാധിച്ചുതിരിച്ചുള്ള യാത്ര രാത്രി 8.55 നായിരുന്നുവെങ്കിലും പലപ്പോഴായി സമയം മാറ്റിയ വിവരം sms ആയി അറിയിക്കുന്നുണ്ടായിരുന്നു. രാത്രി 12 മണിക്കുള്ള യാത്രക്കായി 9 മണിക്ക് തന്നെ ഞാന്‍ വിമാനതാവളത്തില്‍ എത്തി.ഇനിയും സമയമുണ്ടല്ലോ എന്നോര്‍ത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. Air India യില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ യുടെ പുറകെ കുറേ പേര് ബഹളം വെച്ച് നടക്കുന്നുണ്ട്. ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞു
‘ നീ തിരിച്ച് പോകാനായിട്ട് വന്നിരിക്കുന്നതല്ലേ, കേരളത്തിലോട്ടുള്ള യാത്രയില്‍ നമ്മള് ഒരുമിച്ചാണ് വന്നത്.ഇന്നത്തെ യാത്ര ചില സാങ്കേതികമായ തകരാറുകള്‍ കാരണം വേണ്ടെന്നു വെച്ചു. വേഗം ഞങ്ങളുടെ കൂടെ ചേര്‍ന്നോ …….
എന്നെയാണെങ്കില്‍ യാത്രയ്ക്കാന്‍ വന്നവരെല്ലാം തിരിച്ചു പോയി.പെട്ടെന്ന് നിസ്സഹായാവസ്ഥയിലായതു പോലെ ആ ആള്‍ക്കുട്ടത്തില്‍ ചേരുകയെന്നല്ലാതെ ……..
അപ്പോഴേക്കും യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരുന്നു.പലരുടേയും യാത്രയയ്ക്കാന്‍ വന്നവര്‍ തിരിച്ചു പോയി.അതോടെ താമസസൗകര്യം വേണമെന്ന ബഹളമായിട്ടാണ് പലരും. പലര്‍ക്കും പിറ്റേ ദിവസം ഓഫീസില്‍ പ്രവേശിക്കേണ്ടതാണ്, മറ്റു ചിലര്‍ സെമിനാറുകലോ/ സമ്മേളനം ത്തിലോ പങ്കെടുക്കേണ്ടവരാണ്,കുട്ടികള്‍, കുടുംബം …….എല്ലാവരും അവരവരുടെ പ്രാരാബ്ധങ്ങള്‍ നിറുത്താതെ പറയുന്നുണ്ട്, അതൊക്കെ കേള്‍ക്കാന്‍ ആരെങ്കിലും വേണമെന്ന നിര്‍ബന്ധം ആര്‍ക്കുമില്ല.താമസസൗകര്യം ഏര്‍പ്പാടാക്കി തരാമെന്ന് പറയുന്നു ണ്ടെങ്കിലും അതിനായിട്ടുള്ള കാര്യങ്ങള്‍ ഒന്നും മുന്നോട്ട് നീങ്ങുന്നില്ല.അതോടെ എലിയെ പിടിക്കാന്‍ വന്ന കുഴലൂത്തുകാരനായ മാജിക്കുകാരുടെ (The Pied Piper of Hamelin) കഥയിലെ പോലെ ……പക്ഷെ ഒരു വ്യത്യാസം മാത്രം കഥയില്‍ എല്ലാവരും മാജിക്കുകാരന്റെ പുറകെ ആണെങ്കില്‍ ഇവിടെ ഞങ്ങള്‍ എല്ലാവരും ‘Air India lady’ യുടെ പുറകെയാണ്.അവരെ പിന്തുടരുന്നതിന്റെ ദേഷ്യം അവര്‍ കാണിക്കുന്നുണ്ടെങ്കിലും വേറെ ഒരു Air India ഉദ്യോഗസ്ഥരെ അവിടെ കാണാത്തകാരണം ഞങ്ങള്‍ അതൊന്നും കാര്യമാക്കിയില്ല.
എല്ലാ ബഹളങ്ങളുടെ അവസാനമായി ഏകദേശം 11 മണിയോടെ താമസ്ഥലത്ത് എത്തി. അടുത്ത വിമാനയാത്രക്ക് മുന്‍പ് ഹോട്ടലുകാര്‍ ഞങ്ങളെ വിളിച്ചറിയിക്കാം എന്ന ഉറപ്പിന്മേല് ഞങ്ങള്‍ ഓരോത്തരും മുറിയിലെത്തി. മുറിയില്‍ എത്തിയതോടെ, ‘എന്നെ മാത്രം വിളിച്ചറിയ്ക്കാന്‍ മറന്നു പോയാലോ, ഉറങ്ങി പോയാലോ …..പോരാത്തതിന് വായിച്ചതും കേട്ടറിഞ്ഞതുമായ എല്ലാതരം കൊലപാതക കഥകളും മനസ്സിലേക്ക് ഓടി വന്നു. ആരുടേയും സൗകര്യം നോക്കാതെ കല്യാണം നിശ്ചയിച്ച കുടുംബക്കാരെ കുറ്റം പറയണോ അതോ എല്ലാത്തിനും കാരണക്കാരായ അമേരിക്കകാരെ കുറ്റം പറയണോ എന്നറിയാത്ത അവസ്ഥ ! ഹോട്ടലുകാര്‍ വാക്ക് പാലിച്ചു രാവിലെ 5 മണിക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു 6 മണിക്ക് അവര്‍ വിമാനതാവളത്തില്‍ കൊണ്ടാക്കുമെന്ന് …
യാത്രയുടെ അടുത്ത ഘട്ടം അങ്ങനെ ആരംഭിച്ചു. ടിക്കറ്റുമായി ഗേറ്റിന്റെ അടുത്ത് എത്തിയപ്പോള്‍,
‘മാഡം ഇത് ഇന്നലത്തെ ട്ടിക്കറ്റ് ആണ് ‘….അയാളോട് കഥ പറഞ്ഞു വരുമ്പോഴേക്കും എന്റെ ഹിന്ദി പറയുന്ന കൂട്ടുകാരിയും മറ്റു യാത്രക്കാരും അവിടെ എത്തി. സെക്യൂരിറ്റിക്കാരന് ‘നിങ്ങള്‍ Air India യുടെ ഓഫീസ്സില്‍ ചെന്ന് പറയൂ’
അവിടെ എത്തിയപ്പോള്‍, ഒരു പാവം പയ്യന് ഉറക്കം തൂങ്ങി ഇരിപ്പുണ്ട്. ‘എവിടെ ഞങ്ങളുടെ വിമാനം _ എന്ന ചോദ്യവുമായി കൂട്ടത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ടപ്പോള്‍, അവന്റെ ഉറക്കമെല്ലാം പമ്പ കടന്നു എന്ന് മാത്രമല്ല കഥയറി യാതെ അവന് ആകെ അന്തം വിട്ടിരിക്കുകയാണ്. സിസ്റ്റത്തില്‍ നോക്കിയപ്പോഴാണ്, അവന് കാര്യങ്ങള്‍ പിടി കിട്ടിയത്.’ബോസ്സിനെ വിളിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് അവന് പോയി.ഹിന്ദി പറയുന്ന കൂട്ടുകാരിയും അവളുടെ ഭര്‍ത്താവും കൂടെ അവിടെയുള്ളവരോടെല്ലാം കേരളത്തിലോട്ട് വന്നപ്പോള്‍ ഉള്ള സംഭവങ്ങളും തലേദിവസത്തെ കാര്യങ്ങളും വിവരിക്കുന്നുണ്ട്. അടുത്ത ഒരു സമരത്തിനായി എല്ലാവരേയും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആരും ഒത്തൊരുമയോടെ മുന്നോട്ട് വരാന്‍ തയ്യാറല്ല. ചിലര്‍ക്ക് മാധ്യമാക്കാര്‍ വന്നെങ്കിലോ എന്ന പേടി അപ്പോഴേക്കും Air India യുടെ ബോസ്സ് എത്തി. അതോടെ ഹിന്ദി പറയുന്ന കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ നല്ല ഭാഷയുടെ ‘സ്റ്റോക്ക് തീര്‍ന്നു തുടങ്ങി. അയാളെ മാത്രം ഞങ്ങളുടെയെല്ലാം പ്രതിനിധിയായി വിമാനതാവളത്തിനകത്തു ഓഫീസിലോട്ട് വിളിച്ചു. ഞങ്ങളെല്ലാം ഗ്ലാസ്സില്‍ കൂടി അവരുടെ സംഭാഷണം കണ്ടു നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വളരെ ശാന്തസ്വഭാവക്കാരനായി ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു ‘10.30 ക്ക് ബോംബൈ വഴി പോകുന്ന വിമാനത്തില്‍ പോകാം.സ്വഭാവത്തില്‍ വന്ന വ്യത്യാസം എന്നില്‍ സംശയം ഉണ്ടാക്കാതിരുന്നില്ല, അപ്പോള്‍ സമയം ഏഴര ആയിട്ടേയുള്ളൂ…….പിന്നീടാണറി ഞ്ഞത്, അപ്പോള്‍ തന്നെയുള്ള Air Indiaയുടെ വിമാനത്തില്‍ അവര്‍ ട്ടിക്കറ്റ് ശരിയാക്കി പോയി എന്ന കാര്യം .’കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെയായി !
യാത്രയ്ക്കായി വന്നിട്ടുള്ള പലരേയും അപ്പോഴേക്കും കണ്ടുപരിചയമായി.കൂട്ടത്തിലുണ്ടായിരുന്ന പലരും വിമാനതാവളത്തിനകത്ത് കൂടി നടക്കുന്നത് ഗ്ലാസ്സില്‍ കൂടി കണ്ടതോടെ എങ്ങനെയെങ്കിലും അവിടെ എത്തുക എന്നതായി എന്റെ ലക്ഷ്യം.സെക്യൂരിറ്റികാരെല്ലാം ഹിന്ദിക്കാരായതു കൊണ്ട് മലയാള ഭാഷ കുറച്ചു സമയത്തേക്ക് മറക്കുന്നതാണ് നല്ലതെന്ന് തോന്നി. കാര്യങ്ങള്‍ പറഞ്ഞു അവസാനം ഞാനും വിമാനതാവളത്തിനകത്ത് എത്തി.പലരും അപ്പോള്‍ തന്നെയുള്ള വിമാനത്തില്‍ പോകാനുള്ള ബഹളത്തിലാണ്.
ബോസ്സിന്റെ ബോസ്സ് വന്ന്, 10.30 യുടെ വിമാനത്തില്‍ മാത്രമേ ഇനി പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതോടെ, ഞാനടക്കം അങ്കത്തില്‍ തോറ്റ പലരും അവിടെ കാത്തിരിപ്പായി.എന്നാലും Air India യുടെ കൗണ്ടര്‍ ന്റെ അവിടെ കൂട്ടത്തിലുള്ള ആരുടെയെങ്കിലും തല കണ്ടാല്‍ എല്ലാവരും അങ്ങോട്ട് പോകും. എല്ലാവരും ഒരു സംഘം ആയിട്ടാണെങ്കിലും ആര് എപ്പോഴാണ് കാലുമാറുക എന്നറിഞ്ഞു കൂടാ. പിന്നീടങ്ങോട്ട് ‘ഇന്‍ഡ്യന്‍ ഞണ്ടുകള്‍ ഇരിക്കുന്ന കുട്ട മൂടി വെയ്ക്കേണ്ടതില്ല എന്ന് പറയുന്നത് പോലെയായിരുന്നു.ബഹളവും സങ്കടം പറച്ചിലും ക്യൂ നില്‍ക്കലും അതിന്റെ ഇടയ്ക്ക് കേറുന്നവരെ മാറ്റലും ……ഒക്കെ കഴിഞ്ഞ് ‘ബോര്‍ഡിങ് പാസ് കൈയ്യില്‍ കിട്ടിയപ്പോള്‍, ശരിക്കും ദൈവത്തിന് നന്ദി പറഞ്ഞ നിമിഷം.എല്ലാവരും നമ്മുക്ക് ചുറ്റുമുണ്ട് എന്നാല്‍ നമ്മുക്ക് നാം മാത്രം എന്ന് പറയുന്നത് പോലെ !
കല്യാണവിശേഷങ്ങള്ക്കുള്ള അത്രയും തന്നെ പ്രാധാന്യം എന്റെ യാത്രക്കും കുടുംബക്കാര് കൊടുത്തത് കൊണ്ട്, അമേരിക്കയില്‍ നിന്നും വന്ന ബന്ധുക്കാരും എന്നെ ഫോണ്‍ വിളിച്ചിരുന്നു.എന്തും ഏന്തും പോസിറ്റീവ് ചിന്തയോടെ കാണുന്ന അവര്‍ എന്നോട് പറഞ്ഞത്, ‘ നീ എന്തുമാത്രം ഭാഗ്യവതിയാണ്, ഒരു യാത്രയോടെ നിനക്ക് എന്തൊക്കെ experience കിട്ടിയത്……. വ്യക്തമായ നിയമങ്ങളോ, അത് നടപ്പിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ നമ്മുക്കില്ല പോരാത്തതിന് സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിലുള്ള ജനസമൂഹം കൂടി ആകുമ്പോള്‍ അനുഭവങ്ങള്‍ക്ക്(experiences) ആണോ നമ്മുക്ക് (ഇന്ത്യക്കാര്‍ക്ക് ) പഞ്ഞം? അതെ, നമ്മള്‍ക്ക് എന്നും പുതിയ experience …….. ആ കാര്യത്തിലും നമ്മള് ഭാഗ്യവന്മാര്!!!
206 total views, 1 views today
