ജൂണ്‍…
ആദ്യ വാരം
വാലിട്ടു കണ്ണെഴുതി, ഇരു വശത്തേയ്ക്കും മുടി പിന്നിയിട്ട്, അമ്മയുടെ കൈയ് പിടിച്ചാണ് ആണ് അവള് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വന്നത്.
ഒരു സുന്ദരിക്കുട്ടി…
രണ്ടാം വാരം
ഫ്രെണ്ട് ബെഞ്ചിലാണ് അവളുടെ സീറ്റ്. എന്ത് കൊണ്ടാണെന്നറിയില്ല, ഇടയ്ക്കിടയ്ക്ക് അവളിരിക്കുന്നിടത്തെയ്ക്ക് എന്റെ നോട്ടം പായും.
മൂന്നാം വാരം
ഞങ്ങളുടെ ക്ലാസ്സില്‍ അവള് ശ്രെദ്ധിക്കപെട്ടു കഴിഞ്ഞിരിക്കുന്നു.
എന്ത് പെട്ടെന്നാണ് അവള് കണക്കു ചെയ്യുന്നത്. ടീച്ചറുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടവള്‍ക്ക്.
നാലാം വാരം
അവളോട് സംസാരിക്കണമെന്നുണ്ട് പക്ഷെ അതാലോചിക്കുമ്പോള്‍ തന്നെ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നു. വല്ലാത്ത വെപ്രാളവും പരവേശവും.
ജൂലൈ…
ആദ്യ വാരം
പാഷനും, ഹമേഷും അവളുടെ സുഹൃത്തുക്കള്‍ ആയിരിക്കുന്നു. അവള്‍ക്കെന്തു കൊണ്ട് പരമയോഗ്യനായ എന്നെ സുഹൃത്താക്കി കൂടാ ?
രണ്ടാം വാരം
അവര്‍ ഒരുമിച്ചാണ് സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്നത്. വഴി നീളെ സംസാരിക്കുന്നത് കാണാം. എന്ത് കുന്തമാണാവൊ ഇത്ര അധികം സംസാരിക്കാനുള്ളത് ?
മൂന്നാം വാരം
നാളെ മുതല്‍ ഞാനും സ്കൂള്‍ വിട്ടാലുടന്‍ അവളുടെ കൂടെ ഇറങ്ങും. വൈകുന്നേരത്തെ ക്രിക്കറ്റ് കളി മുടങ്ങുമെന്നെ ഉള്ളു, പക്ഷെ അവളെ കണ്ടു കൊണ്ട് വീട്ടിലേക്കു പോകാമല്ലോ.
നാലാം വാരം
ലോകത്തുള്ള അലവലാതികളെല്ലാം അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ ആണ് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത് എന്ന് തോന്നുന്നു. ഇവനൊക്കെ എന്നെ കാണുമ്പോള്‍ എന്തിനാണ് ‘മനസ്സിലായടാ’ എന്ന് പറയുന്നത്? ശെരിക്കും അവര്‍ക്ക് മനസിലായിട്ടുണ്ടാവുമോ ?
ആഗസ്റ്റ്…
ആദ്യ വാരം
വൈകുന്നേരം സ്കൂള്‍ വിടുന്നതിനു മുന്‍പ് മൈക്കിലൂടെ ദേശീയഗാനം പാടുന്ന സംഘത്തില്‍ ഇന്ന് മുതല്‍ അവളുമുണ്ട്. എന്ത് ‘സുഖാ’ ദേശീയഗാനം കേള്‍ക്കാന്‍…
രണ്ടാം വാരം
കൊദാര്ദിനു അവളുടെ വീട് അറിയാമെന്നു പറയുന്നു. ഒരുമിച്ചാണ് ഞാനും അവളും സ്കൂളില്‍ നിന്ന് ഇറങ്ങുന്നതെങ്കിലും, പോത്തുര് ലേനിനു അപ്പുറത്തെയ്ക്കു ഞാന്‍ അവളെ അനുഗമിചിട്ടില്ല.
മൂന്നാം വാരം
ഇന്ന് കൊദാര്ദ് അവളുടെ വീട് കാണിച്ചു തന്നു. അവള് താമസിക്കന്നത് കൊണ്ടാണോ എന്തോ, ആ കെട്ടിടത്തിനു പോലും ഭയങ്കര സൌന്ദര്യമാണ്.
നാലാം വാരം
എന്ത് കൊണ്ടാനെന്നറിയില്ല മനസ്സില്‍ എപ്പോഴും അവളുടെ ചിന്ത മാത്രമേ ഉള്ളൂ. ഒരു പക്ഷെ അവളുടെ വീട്ടുകാര്‍ക്ക് പോലും അവളെ കുറിച്ച് ഇത്ര ചിന്ത കാണില്ല.
സെപ്റ്റംബര്‍…
ആദ്യ വാരം
ഓണപരീക്ഷ അടുത്ത ആഴ്ച തുടങ്ങുമെന്ന് ! എന്തിനാണാവോ ടീച്ചര്മാര് നമ്മളെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കുന്നത് ?
രണ്ടാം വാരം
പരീക്ഷ ഒരനനുഗ്രഹം ആണ്. പതിവിലും അര മണിക്കൂര്‍ നേരത്തെ അവള് സ്കൂളില്‍ എത്താറുണ്ട്, ഞാനും…
മൂന്നാം വാരം
ഓണപരീക്ഷ നാളെ കഴിയും, പത്തു ദിവസത്തെ അവധിക്കായി സ്കൂള്‍ അടയ്ക്കും. ആ ദിവസങ്ങളില്‍ അവളെ കാണാന്‍ കഴിയില്ല എന്നോര്‍ക്കുമ്പോള്‍…
നാലാം വാരം
സ്കൂള്‍ അടച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. പക്ഷെ എത്ര പതിയെ ആണ് സമയം നീങ്ങുന്നത്. സ്കൂള്‍ ഒന്ന് വേഗം തുറന്നിരുന്നെങ്കില്‍…
ഒക്ടോബര്‍…
ആദ്യ വാരം
നാളെ സ്കൂള്‍ തുറക്കും. പരീക്ഷപേപ്പറില്‍ ഞാന്‍ കാണിച്ചു വെച്ചിരിക്കുന്ന മണ്ടത്തരങ്ങള്‍ക്ക് മാര്‍ക്കിട്ട് കൊണ്ട് ടീച്ചര്മ്മാര് നാളെ മുതല്‍ പോര്‍വിളി തുടങ്ങും.
രണ്ടാം വാരം
എല്ലാ വിഷയങ്ങളുടെ ഉത്തരകടലാസുകളും കിട്ടി കഴിഞ്ഞു. എന്റെ മാര്‍ക്കുകളേക്കാള്‍ ഞാന്‍ താല്പര്യം കാണിച്ചത്, അവളുടെ മാര്‍ക്കറിയാന്‍ ആണ്. മിക്ക വിഷയങ്ങള്‍ക്കും അവള്‍ക്കു തന്നെയാണ് ക്ലാസ്സിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്.
മൂന്നാം വാരം
കൊദാര്ദ് പറയുന്നത് അവള്‍ക്കു ‘നാടുവാഴിയോ’, ‘നാടോടിയോ’ അങ്ങിനെ എന്തോ ഒരു ന്രത്തം അറിയാമെന്നും, അതില്‍ സമ്മാനമൊക്കെ കിട്ടിയിട്ടുണ്ടെന്നും ആണ്. പാട്ട്, ഡാന്‍സ്, പഠിത്തം…അവളുടെ കയ്യില്‍ എല്ലാ ഐറ്റവും ഉണ്ട്.
നാലാം വാരം
കഴിഞ്ഞ ഒരാഴ്ച ആയി അവള് മാത്രമാണ് സ്വപ്നങ്ങളില്‍.
നവംബര്‍…
ആദ്യ വാരം
ഇത് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു. അവളെ എന്റെ ഇഷ്ടം അറിയിക്കാതെ വയ്യ. വിക്കാതെയും, വിറയ്ക്കാതെയും, അവളോട് സംസാരിക്കാന്‍ കഴിയുമെന്നെനിക്കു തോന്നുന്നില്ല…അവളുടെ കൂട്ടുകാരിയുടെ സഹായം തേടേണ്ടി വരുമെന്നാണ് തോന്നുന്നത്.
രണ്ടാം വാരം
എന്തൊരു ജാഡ ആണ് അവളുടെ കൂട്ടുകാരിക്ക്. ആവശ്യം നമ്മുടെ ആയി പോയി, അല്ലായിരുന്നെങ്കില്‍ കാണിച്ചു കൊടുക്കാമായിരുന്നു. അവള് എന്നോട് ഇഷ്ടാമാണെന്ന് ഒന്ന് പറഞ്ഞോട്ടെ, ആ അഹങ്കാരിയായ കൂട്ടുകാരിയെ, അവളുടെ കൂട്ടുകെട്ടില്‍ നിന്നും ‘കട്ട് ‘ ചെയ്യുന്നുണ്ട് ഞാന്‍.
മൂന്നാം വാരം
ഒരാള്ടേം സഹായം വേണ്ട. നാളെ ക്ലാസ്സ് തുടങ്ങന്നതിനു മുന്‍പേ ഞാന്‍ അവളോട് എന്റെ ഇഷ്ടം പറയും.
ഡയറിക്കുറിപ്പുകള്‍ ഇവിടെ അവസാനിക്കുന്നു…
1997 നവംബര്‍ അവസാനം…കേരളത്തിലെ പ്രശസ്തമായ ഒരു സ്കൂളിലെ ക്ലാസ്സ് മുറി, സമയം രാവിലെ ഒന്‍പത്…
‘ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്…ഇയാള്‍ക്ക് എന്നെ ഇഷ്ടാണോ ? ‘
‘ എനിക്ക് അങ്ങിനെ ഒന്നും ഇല്ല. തന്നെ ഞാന്‍ ഒരു ഫ്രെണ്ടായി ആണ് കണ്ടിരിക്കുന്നത് ‘
‘ പെട്ടെന്ന് ഒരുത്തരം പറയണ്ട. നന്നായി ആലോചിച്ചു പറഞ്ഞാല്‍ മതി ‘
‘ എന്ത് ആലോചിക്കാന്‍ ? ‘
‘ വീട്ടില്‍ പോയി എന്റെ ഇഷ്ട്ടത്തെ കുറിച്ച് സ്വസ്ഥമായിട്ട് ആലോചിക്ക്. അതിനു ശേഷം നാളെ ഒരുത്തരം തന്നാല്‍ മതി. ‘
24 മണിക്കൂറുകള്‍ക്കു ശേഷം…അതേ ക്ലാസ്സ് മുറി…
‘ ആലോചിച്ചോ ? ‘
‘ ഉം. നന്നായിട്ട്… ‘
‘ എന്നാ പറയ്… ‘
‘ തന്റെ കാര്യം ‘ക്ലാസ്സ് ടീച്ചറിന്റെ അടുത്ത് കംപ്ലൈന്റ്റ് ചെയ്യണോ’, അതോ ‘വീട്ടില്‍ അമ്മയുടെ അടുത്ത് പറയണോ’ എന്നാലോചിച്ചപ്പോള്‍, ടീച്ചറിന്റെ അടുത്ത് പറയുന്നതാ നല്ലതെന്ന് തോന്നി. ‘
‘ മനസിലായില്ല ? ‘
‘ മനസിലായില്ലേ ? ഇനി പുറകെ നടന്നു ശല്യം ചെയ്താല്‍ ടീച്ചറിന്റെ അടുത്ത് കംപ്ലൈന്റ്റ് ചെയ്യുമെന്നു !!! ‘
8 മണിക്കൂറുകള്‍ക്കു ശേഷം…സ്കൂള്‍ മൈതാനം…
‘ എന്താണ് ഇങ്ങൊട്ടെയ്ക്കു ഒരു വിസിറ്റ്, സാധാരണ സ്കൂള്‍ വിട്ടാല്‍ ഉടന്‍ ഓടി പോകുന്നത് കാണാമല്ലോ ? ‘
‘ ഒന്നും പറയണ്ട. പഠിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു ‘
‘ എന്നിട്ട് പരീക്ഷ പേപ്പറില്‍ അതൊന്നും കണ്ടില്ലലോ ? ‘
‘ അതെ. അത് കൊണ്ടാണ് കളി എങ്കിലും നടക്കട്ടെ എന്ന് തീരുമാനിച്ചത് ‘
‘ ഡാ ഉവ്വേ, നീ ആ പെണ്ണിനെ കാണാനാണ്, സ്കൂള്‍ വിട്ടാലുടന്‍ ഓടി പോയ്ക്കൊണ്ടിരുന്നതെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം. അല്ല, എന്തായി കാര്യങ്ങള്‍ ? കുറേ നാള് പുറകെ നടന്നിട്ട് വല്ല പ്രയോജനവും ഉണ്ടായോ ? ‘
‘ അത് ശരിയാവില്ലടാ. ‘
‘ ശരിയാവില്ലേ ? അതെന്താ ? ‘
‘ നീ ശ്രെദ്ധിച്ചിട്ടുണ്ടോന്നു അറിയില്ല. അവള്‍ക്കു ഈ പറയുന്ന സൗന്ദര്യം ഒന്നുമില്ല. ‘
‘ ഉവ്വുവ്വേ…അവള് ടീച്ചറോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചല്ലേ ? ‘
‘ അത് നിനക്കെങ്ങനെ മനസിലായി ? അവള് നിന്നോടും…ഇതെപ്പോ ? ‘
‘ അവള് നമ്മുടെ ക്ലാസ്സില്‍ വന്ന ആദ്യ മാസം തന്നെ…പക്ഷെ അത് കൊണ്ടെന്താ, എനിക്ക് ഒരു മാസമേ നഷ്ടമായുള്ളൂ ! ‘
കുറിപ്പ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് അവളോട് ഇഷ്ടം തോന്നിപ്പിച്ച, അവളുടെ നിഷ്കളങ്ക സൗന്ദര്യം ഒരു പക്ഷെ ഇപ്പോഴവള്‍ക്ക് നഷ്ട്ടപെട്ടിട്ടുണ്ടാവാം, ആരെയും ആത്മാര്‍ഥമായി സ്നേഹിക്കാന്‍ കഴിയാത്ത വണ്ണം ഞാനും മാറിയിട്ടുണ്ടാവാം, പക്ഷെ ഇത്രയധികം വര്‍ഷങ്ങള്‍ക്കു ശേഷവും ആദ്യ പ്രണയത്തിന്റെ, അതൊരു പരാജയമായിരുന്നെങ്കില്‍ കൂടി, അതിന്റെ ഓര്‍മ്മകള്‍, അവയുടെ തിളക്കം., അവ തരുന്ന ഊര്‍ജ്ജം…