ഒരു കഥ

214

“ എടാ.. ഞാന്‍ പോലുമറിയാതെ നീയെന്‍റെ ഭാര്യയായിരിക്കുന്നു.., പരിഭവമായിരിക്കുന്നു..” നിര്‍ത്താതെ കറങ്ങുന്ന ഫാനില്‍ സ്വന്തം പ്രതിച്ഛായ തേടി മലര്‍ന്നു കിടക്കുമ്പോള്‍ ഇതിലധികം നിന്നോടെന്ത്‌ പറയാനാണ്.
ഓര്‍മ്മിക്കുവാന്‍ അധികമൊന്നുമില്ല. മറക്കുവാന്‍ ഒരുപാടുണ്ടുതാനും. ഓര്‍മ്മകളെ തലോലിക്കുവാന്‍ കഴിയുന്നില്ല. കാരണം അത് ഞാന്‍ ആഗ്രഹിക്കാതെ ഉണ്ടായ സന്തതിയാണ്. എന്നാലും സ്വരക്തത്തിന്‍റെ ഒരു ചന്തം അവള്‍ക്കുണ്ട്.

“രാത്രിക്കണോ എനിക്കാണോ കൂടുതല്‍ ഭംഗി?”
“രാത്രിയിലുള്ള നിനക്ക്.”
ചുണ്ടുകള്‍ തീര്‍ത്ത ചിത്രം എന്തെന്ന്‍ വരച്ച അവള്‍ക്കു പോലും മനസ്സിലായില്ല.
“അപ്പൊ പകല്‍ എന്നെ കാണാന്‍ ഭംഗിയില്ലേ?”
“ഭംഗിയുണ്ട് കാരണം അപ്പോഴും എന്‍റെ കണ്ണില്‍ നീ രാത്രിയിലാണ്.”
അവളുടെ ചുണ്ടുകള്‍ മനസ്സറിഞ്ഞു ചിരിച്ചു.

“ശിവനെയാണ് എനിക്ക് ആണ്‍ദൈവങ്ങളില്‍ ഏറ്റവും ഇഷ്ടം.”
“അതെന്താ?”
“he is too sexy…haha..” നാവിനെല്ലില്ലാത്തവള്‍.
മടിയില്‍ നിന്നെണീപ്പിച്ചു വിട്ടപ്പോള്‍ അവളുടെ കവിളില്‍ കടന്നല് കുത്തി. കുറെ ചുവന്നുള്ളികള്‍ വേണ്ടി വന്നു നീര് വലിയാന്‍.

അവളോട്‌ കൂടുതല്‍ കാമം ആയിരുന്നു. പെണ്ണിനോട്, പ്രായത്തോട്, പ്രേമത്തോട് തോന്നിയ കാമം.
“എന്നെ കെട്ടുമോ?” അവളെപ്പോഴും ചോദിച്ചുകൊണ്ടിരുന്നു.
“നടക്കില്ല..”
“അതെന്താ?..” ഓരോ തവണയും വായില്‍ തോന്നിയത്‌ പറഞ്ഞു.

സത്യം ഇത്ര മാത്രമായിരുന്നു. നിന്നില്‍ ഞാന്‍ ഒരിക്കലും ഒരു ഭാര്യയെ കണ്ടില്ല. കണ്ടത്‌ ഒരു കാമുകിയെയാണ്. നീ ഭാര്യയായാല്‍, പരിഭവമായാല്‍ നിന്നോട് എനിക്കുള്ള കാമം പോകും. അതെനിക്കിഷ്ടമല്ല.

പക്ഷെ അവസാനം നീയെന്നെ കൊന്നു. എന്‍റെ കാമത്തെ കൊന്നു.

ഇന്നലെയാണ് ഞാനവളെ കാണുന്നത്. മൂന്നുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷം, അവിചാരിതമായി. ഒരു ഓഫീസ് മീറ്റിംഗിനുവേണ്ടി എത്തിയതാണ് കല്‍ക്കത്തയില്‍. ധൃതി വച്ച് നടന്നു നീങ്ങുന്ന ഒരുവള്‍. തിരിച്ചറിഞ്ഞ് പിന്നാലെ ചെന്നപ്പോഴേക്കും ഡേകേറില്‍ നിന്ന് കുഞ്ഞിനേയും എടുത്ത് അവള്‍ മുന്നില്‍പെട്ടു. ഒഴിഞ്ഞുമാറിയെങ്കിലും പിന്തുടരാതിരിക്കാന്‍ എനിക്കായില്ല. കാരണം ആ കയ്യിലിരുന്നത് ഒരു smsല്‍ മാത്രം ഞാന്‍ കണ്ട എന്‍റെ കുഞ്ഞാണ്.

ഞങ്ങളുടെ അവസാന കൂടിക്കാഴ്ചക്കുശേഷം അവളയച്ച ഏക sms
“ningal oru achanayirikkunnu…” [“നിങ്ങള്‍ ഒരു അച്ഛനായിരിക്കുന്നു.”]
ആ നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ switched off. ആ ഒമ്പതു മാസത്തെ ഇടവേളയില്‍ ഒരിക്കല്‍ പോലും ഞാനവളെ അന്വേഷിച്ചിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ അവളെ കാണാനില്ലെന്നറിഞ്ഞു.

പിന്നെ കാണുന്നത് ഇന്നലെയാണ്. കയ്യിലെന്‍റെ കുഞ്ഞ്. രണ്ടു വയസ്സായിരിക്കണം. തോളില്‍ കിടന്നു സുഖമായിയുറങ്ങുകയായിരുന്നു. എന്‍റെ തനിപ്പകര്‍പ്പ്.

എടുക്കാനായി കൈ നീട്ടിയപ്പോള്‍ അവളെന്‍റെ മുഖത്തു തുപ്പി.
“ ഇതൊരു പെണ്‍കുട്ടിയാണ്… അതിനാല്‍…….”