Share The Article

Coll_KKD
ഇരുപത്തിമൂന്നാമത് ഡി.സി.അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സ്മരണകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എഴുതിയ ‘ദി വ്യൂ ഫ്രം കൊല്ലം : എ ഡേ ഇന്‍ ദി ലൈഫ് ഓഫ് എ സബ് കളക്ടര്‍’ എന്ന പുസ്തകത്തിന്റെ ചര്‍ച്ച നടന്നപ്പോള്‍ ശ്രീ. സി. ബാലഗോപാല്‍ ഇങ്ങനെ പറഞ്ഞു : ‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍, ഞാന്‍ പറയുന്നു, ഇന്ത്യയുടെ ആത്മാവ് ജില്ലകളിലാണ്. കാരണം, രാഷ്ട്രീയ ഇടപെടലുകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയുന്ന, സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്ന, സിവില്‍ സര്‍വന്റ്മാര്‍ സേവനം അനുഷ്ടിക്കുന്ന ഏറ്റവും അടിസ്ഥാനഘടകം ജില്ലകളാണ്.’ ജില്ലയിലെ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന കളക്ടര്‍, മജിസ്‌ട്രേറ്റ്, പോലീസ് മേധാവി എന്നിവരുടെ അധികാരങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഈ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണെന്ന് അടുത്തിടെ പല സമര്‍ത്ഥരായ യുവാക്കളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യുവത്വവും തന്റേടവും ഒരേപോലെ കൈമുതലായുള്ള ഈ സര്‍ക്കാര്‍ ഔദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഈ കൂട്ടത്തില്‍ ഏറ്റവും പേര് കേട്ട ആളാണ് ജനകീയനായ കളക്ടര്‍ എന്ന പേര് ഇതിനോടകം തന്നെ സമ്പാദിച്ച കോഴിക്കോടിന്റെ സ്വന്തം ‘കളക്ടര്‍ ബ്രോ’, എന്‍. പ്രശാന്ത് IAS.സോഷ്യല്‍ മീഡിയ എങ്ങനെ ഫലപ്രദമായി ഭരണത്തില്‍ ഉപയോഗിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് അദ്ദേഹം. എല്ലാവര്ക്കും ഒരുപോലെ സമീപസ്ഥനാണ് എന്നതിനാല്‍, തന്റെ ഭരണമണ്ഡലത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അറിയുവാനും ശരിയായി പ്രതികരിക്കുവാനും അദ്ദേഹത്തിന് കഴിയുന്നു.ഏറ്റവുമൊടുവില്‍ നടപ്പാക്കിയ കടപ്പുറം ക്ലീനിംഗ് വരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അറിയുവാന്‍ കഴിയും എത്രത്തോളം ക്രിയാത്മകതയും നേതൃപാടവവും ഈ ചെറുപ്പക്കാരന്‍ കളക്ടര്‍ക്ക് ഉണ്ടെന്നുള്ളത്.

ഏറെ മനോഹരമായ കോഴിക്കോട് കടപ്പുറം മാലിന്യങ്ങളാല്‍ നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നു. ഇതിനൊരു പരിഹാരമുണ്ടാവണം എന്ന് എല്ലാവരും പറയാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ആരും എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടിറങ്ങിയില്ല. അപ്പോഴാണ് പതിവുപോലെ കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്:

‘കോഴിക്കോട് കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന ഒരു പൊതുസ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയല്ലതാനും. വേണമെങ്കില്‍ നമുക്കു അശ്രദ്ധമായി പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നവരാണോ വൃത്തിയാക്കാന്‍ ഉത്തരവാദപ്പെട്ടവരാണോ കൂടുതല്‍ ഉത്തരവാദികള്‍ എന്നതിനെക്കുറിച്ച് തര്‍ക്കിക്കാം.

അതിനു പകരം ഈ വെള്ളിയാഴ്ച്ച ഗാന്ധി ജയന്തി ദിവസം രാവിലെ ഒരു 10 മണിക്ക് നമ്മളെല്ലാവരും കടപ്പുറത്ത് ഇറങ്ങി ഒന്നു മൊത്തത്തില്‍ വൃത്തിയാക്കുന്നു. എന്താ? വൃത്തിയാക്കിയാല്‍ അടുത്ത ദിവസമാവുമ്പോഴേക്കും വീണ്ടും പഴയ പോലെ ആവില്ലേ എന്ന് ഒരു ചോദ്യമുണ്ട്. അങ്ങനെ ആവാതിരിക്കാന്‍ എന്തു ചെയ്യണമെന്നും നമ്മള്‍ ആലോചിക്കണം. വീട്ടിലിരുന്ന് ആലോചിച്ച് അഭിപ്രായം പറയുന്നതിനെക്കാള്‍ ഭംഗി വെള്ളിയാഴ്ച്ച രാവിലെ കടപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം പറയുന്നതാവും അല്ലേ?’

മികച്ച പ്രതികരണങ്ങളാണ് ഈ നിര്‍ദേശത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ഈ മുന്നേറ്റം അങ്ങനെ മറ്റ് മാധ്യമങ്ങളിലും എത്തിച്ചേര്‍ന്നു. പ്രതീക്ഷിച്ചതിലും ഗംഭീരമായ വരവേല്‍പ്പാണ് ഈ ക്ലീനിംഗ് യജ്ഞത്തിന് ലഭിച്ചത്. 10 മണിക്ക് തുടങ്ങാം എന്ന് ആദ്യം തീരുമാനിച്ച പരിപാടി സൗകര്യം കണക്കിലെടുത്ത് 7 മണിക്ക് തന്നെ തുടങ്ങി. അങ്ങനെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ കോഴിക്കോട് കടപ്പുറം വീണ്ടും സുന്ദരിയായി. ഇനി മാലിന്യങ്ങള്‍ വീണ് കടപ്പുറം വീണ്ടും പഴയ സ്ഥിതിയില്‍ എത്താതിരിക്കാന്‍ വേണ്ട നടപടികളും ഒപ്പം വരുന്നുണ്ട്.

ഓപ്പറേഷന്‍ സുലൈമാനിയും പ്രോജക്റ്റ് 4Nഉം കംപാഷണേറ്റ് കോഴിക്കോടും ഒക്കെ ഈ കളക്ടര്‍ ബ്രോയുടെ വിജയവഴിയിലെ പൊന്‍ നേട്ടങ്ങളാണ്. ഇന്ന് കേരളമൊട്ടാകെ കോഴിക്കോടിന്റെ കളക്ടര്‍ ബ്രോയെ ആദരവോടെ നോക്കുകയാണ്. ഒപ്പം കോഴിക്കോടിനെക്കുറിച്ച് അസൂയപ്പെടുകയും ചെയ്യുന്നു എന്ന് പറയുന്നതിലും അതിശയോക്തിയില്ല. ഇതുപോലെ ഒരു കളക്ടര്‍ ഞങ്ങള്‍ക്കും വേണം എന്ന് എല്ലാവരും പറയുമ്പോള്‍ അത് എന്‍.പ്രശാന്ത് എന്ന വ്യക്തിയുടെ വിജയം എന്നതില്‍ ഉപരി, നമ്മുടെ ഭരണവ്യവസ്ഥയില്‍ പ്രതീക്ഷ നഷ്ടപ്പെടാന്‍ഇനിയും സമയമായിട്ടില്ല എന്ന ശുഭസൂചനയാണ് നല്‍കുന്നത്. കോഴിക്കോടിന്റെ കളക്ടര്‍ ബ്രോയ്ക്കും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെയും ആശംസകള്‍.