ഒരു കോഴി ബിരിയാണി കല്യാണം മുടക്കിയ കഥ !

485

04

വരന്റെ വീട്ടുകാര്‍ക്ക് വേണ്ടത് മട്ടന്‍ ബിരിയാണി ആയിരുന്നു. എന്നാല്‍ വധുവിന്റെ വിളമ്പിയതാവട്ടെ കോഴി ബിരിയാണിയും. കോഴി ബിരിയാണി തന്നു തങ്ങളെ അപമാനിച്ച വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കലിയും. പിന്നെ നടന്നത് നാട്ടിലെങ്ങും ഇതുവരെ കേള്‍ക്കാത്ത സംഭവങ്ങള്‍ ആയിരുന്നു. കെ.ജി ഹള്ളി മുസ്‌ലിം പള്ളിയില്‍ വെച്ചായിരുന്നു സൈഫുള്ളയും യാസ്മിന്‍ താജും തമ്മിലുള്ള നിക്കാഹ് നടത്താന്‍ തീരുമാനിച്ചത്. വിരുന്ന്‍ ഒരുക്കിയതാവട്ടെ ഫ്രേസര്‍ ടൗണിലെ ഗോള്‍ഡന്‍ ഹെറിറ്റേജ് ഷാദി മഹലിലും.

നിക്കാഹിനു പെണ്‍വീട്ടുകാര്‍ ആണ് ഭക്ഷണം ഒരുക്കേണ്ടത്. എന്നാല്‍ വരന്റെ വീട്ടുകാര്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, തങ്ങളുടെ വിഐപികള്‍ ഉണ്ടായിരിക്കുമെന്നും അതിനാല്‍ മട്ടന്‍ ബിരിയാണി തന്നെ വേണമെന്നും. എന്നാല്‍ ഇപ്പോഴത്തെ കുളമ്പ് രോഗം ഭയന്ന പാവം പെണ്‍വീട്ടുകാര്‍ ഒരുക്കിയത് 30 കിലോ കോഴി ബിരിയാണി ആയിരുന്നു.

മട്ടന്‍ ബിരിയാണി തിന്നാനായി ആര്‍ത്തിയോടെ വന്ന വരന്റെ വീട്ടുകാര്‍ ബിരിയാണിയില്‍ കോഴിക്കാല് കണ്ടതോടെ ഞെട്ടി. സംഭവം ശ്രദ്ധയില്‍ പെട്ട വരന്റെ അമ്മാവന്മാര്‍ ഒച്ചപ്പടുണ്ടാക്കാന്‍ തുടങ്ങിയതോടെ റിസപ്ഷന്‍ ഹാള്‍ കോലാഹലമായി. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും ഒടുവില്‍ കൈയാങ്കളി വരെ കാര്യങ്ങളെത്തി.

രണ്ടു കുടുംബങ്ങളിലെയും മുതിര്‍ന്ന ആളുകള്‍ മുന്നിട്ടിറങ്ങി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതോടെ വരന്റെ വീട്ടുകാര്‍ വഴങ്ങി. എന്നാല്‍ അപ്പോള്‍ വീണ്ടും മറ്റൊരു പ്രശ്നം. ഇങ്ങനെ മട്ടന്‍ ബിരിയാണി കിട്ടാത്തതിന് തല്ലുണ്ടാക്കിയ വരന്റെ വീട്ടുകാരുടെ കൂടെ എങ്ങിനെ തങ്ങളുടെ മകളെ പറഞ്ഞു വിടുമെന്നായി പെണ്‍വീട്ടുകാര്‍. പെണ്ണിന്റെ മറ്റു ബന്ധുക്കളും ഇക്കാര്യം പറഞ്ഞതോടെ വരന്റെ വീട്ടുകാരോട് അവര്‍ ഇറങ്ങി പോവാനും പറഞ്ഞു. അതോടെ ഒരു കോഴി ബിരിയാണി കാരണം വിവാഹം കുളമായി.