ഒരു ചമ്മന്തിപ്പുരാണം …!

0
396

chutney

 
ഇന്നും ചമ്മന്തിന്ന്യാവോ …? ആവും .., ഛെയ് .., ആവില്ല ..!

മനസ്സിനുള്ളിലെ ആകാംഷ അടക്കാനാകുന്നില്ല ..,, കാരണം എന്റെ സ്‌ക്കൂള്‍ പഠനകാലത്തെ ഒരു അവിഭാജ്യഘടകമാണ് ചമ്മന്തികള്‍ ..!

വിവിധതരം ചമ്മന്തികള്‍ …!, മുളക് ചമ്മന്തി .., തേങ്ങാ ചമ്മന്തി .., പുളിചമ്മന്തി .., കാ!ന്താരി മുളക് ചമ്മന്തി …!, അങ്ങിനെ .., അങ്ങിനെ .., വിവിധതരം ചമ്മന്തികളുടെ ഒരു ഘോഷയാത്ര ..!

എന്റെ അമ്മക്ക് വേറെ കറികളൊന്നും ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല.., പക്ഷേ …, അതിനുള്ള വകുപ്പ് വേണ്ടേ …?, ചമ്മന്തിക്ക് അധികം പൈസചിലവില്ലല്ലോ ..?

എനിക്കാണെങ്കീ .., ഈ ചമ്മന്തികള്‍ കാണുന്നത് തന്നെ കലിപ്പാ …!, പക്ഷേ .., ഈ കലിപ്പ് കൊണ്ട് അമ്മയോട് തീര്‍ത്താല് .., ആ പാവത്തിന് എന്ത് ചെയ്യാന്‍ പറ്റും …?

എന്നും ഉച്ചക്ക് …, എല്ലാവരുടേയും ചോറുപാത്രം തുറക്കുമ്പോള്‍ .., നല്ല മീന്‍ കറിയുടെയും …, മീന്‍ വറുത്തതിന്റേയും …, സാമ്പാറിന്റേയും .., മെല്ലാം കൊതിയൂറുന്ന കാഴ്ച്ചകള്‍ …!

നമ്മടെ ചോറുപാത്രം തുറക്കുമ്പോള്‍ മാത്രം .., ചോറിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു സ്പൂണ്‍ ചമ്മന്തി ..! അതങ്ങനെ ആ മൂടിയോട് ചേര്‍ന്നിരിക്കുന്നുണ്ടായിരിക്കും …!

അതുകൊണ്ട് ഞാനെപ്പോഴും ഒറ്റക്കിരുന്നായിരിക്കും ഊണ് കഴിക്കാറ് .., കാരണം എന്റെ ദാരിദ്രം .., മറ്റുള്ളവരെ കാണിക്കേണ്ടല്ലോ …?

കൂട്ടുകാരെല്ലാവരും .., വട്ടം കൂടിയിരുന്ന് .., സന്തോഷത്തോടെ അവരുടെ കറികള്‍ പങ്കു വെച്ചു കഴിക്കുമ്പോള്‍ …, ഞാന്‍ മാത്രം ഏകനായി …!, കാരണം എന്റെ കൈയ്യില്‍ .., പങ്കു വെക്കാനായി എന്നും ചമ്മന്തി മാത്രമേ ഉണ്ടാകാറുള്ളൂ ..!

ഇന്നലെ ഗതി കെട്ടാണ് അമ്മയോട് വഴക്കുണ്ടാക്കിയത് ..!

‘കടം വാങ്ങിയാണെങ്കിലും .., നാളെ നിനക്ക് അമ്മ എന്തെങ്കിലും കൂട്ടാനുണ്ടാക്കിത്തരാടാ …”!

അമ്മ അത്രയും വാക്ക് പറഞ്ഞതല്ലേ ….!, അപ്പോ ഇന്ന് എന്തെങ്കിലും കൂട്ടാനുണ്ടാവും …!

എന്താണാവോ …?, ഇറച്ചി …, ?

അയ്യോ .., അത് അതിമോഹാവും ..!

ഞായറാഴ്‌ച്ചേലേ .., ഇറച്ചിക്കറി
തന്നെ പൊത്തുംപിടിയാണ് ..!, പിന്ന്യാണോ ഇന്ന്…?

വെള്ളിയാഴ്ച്ച ആകുമ്പോഴേ .., ഭയങ്കര സന്തോഷമാണ് .., ഞായറാഴ്ച്ച പോത്തിറച്ചി വാങ്ങൂല്ലോന്നോര്‍ത്ത് …!, ശനിയാഴ്ച്ച പെരുത്തു സന്തോഷം .., ഇനി ഒരു ദിവസം കൂടിയല്ലേ കാത്തിരിക്കേണ്ടാതുള്ളൂ എന്നോര്‍ത്ത് …!

എന്നാല്‍ പല ഞായറാഴ്ച്ചകളിലും ഉച്ചയോടുകൂടി .., ആ സന്തോഷം ആവിയാവുകയാണ് പതിവ് ..!

സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോ ..,എല്ലാ വീടുകളീന്നും .., ചിക്കനും .., മട്ടനും .., നല്ല മസാല ചേര്‍ത്ത് തിളക്കുന്ന മണം …ഇങ്ങനെ മൂക്കിലേക്കങ്ങ് അടിച്ചു കേറുമ്പോ …!,

”ഹോ ..”!, വായേല് കപ്പലോടിക്കാനുള്ള വെള്ളം ..!

പക്ഷേ…., ഊണിനു മുമ്പില്‍ ഇരിക്കുമ്പോഴാവും പരിപ്പും .., പറമ്പിന്ന് പറിച്ച താളീം ചേര്‍ത്ത് ഒരു വെള്ളം പോലത്തെ കറി …!

ദേഷ്യം .., സങ്കടം ഒക്കെ വരും .., ആരോട് പ്രകടിപ്പിക്കാന്‍ …?, പ്രകടിപ്പിച്ചിട്ട് എന്ത് കാര്യം …?,

വീട്ടില് അതിനുള്ള വക വേണ്ടേ …?

ചില ആഴ്‌ചേല് .., ഇറച്ചി വാങ്ങാനുള്ള അത്രയും കാശ് ഉണ്ടാവില്ല .., അപ്പൊ എന്ത് ചെയ്യൂന്ന് അറിയോ ..?

ഇറച്ചിക്കടലേ തിരക്ക് ഒഴിയുന്നത് വരെ കാത്തു നില്‍ക്കും …, എന്നിട്ട് അതിന്റെ ഈ പൊങ്ങ്ന്ന് പറഞ്ഞ ഒരു ഭാഗം ഉണ്ട് .., അതിങ്ങനെ സ്‌പോഞ്ച് പോലെ ഇരിക്കും …! ലിവറിന്റെ അത്ര കട്ടിയും ഉണ്ടാകത്തില്ല …!

സാധാരണ ആരും അത് വാങ്ങാറില്ല …!, ഞങ്ങളെപ്പോലത്തെ അത്താഴപ്പട്ടിണിക്കാരായിരിക്കും അതിനു വേണ്ടി ക്യു നില്‍ക്കുക …!, വില കുറവും .., ഇറച്ചിയുടെ പേരും …! എന്നാലും അത് ഒരു സന്തോഷം തന്നെയായിരുന്നു …!

അപ്പൊ .., ഇന്ന് ഇറച്ചി ആവില്ല .., അതുറപ്പ്..!,

അപ്പൊപ്പിന്നെ .., മുട്ട ..?, ചിലപ്പോ ആവാം .., കാരണം വീട്ടില് കോഴിനെ വളര്‍ത്തുന്നുണ്ട് …!, പക്ഷേ .., അത് കൂട്ടാന്‍ വെക്കണ്ട കാര്യം കഷ്ട്ടമാണ് ..!
കാരണം കോഴി ഞങ്ങടെ വീട്ടിലെ ഒരു അന്ന ദാതാവാണ്…!, മുട്ട വിറ്റു കിട്ടുന്ന കാശു കൂടി കൂട്ടിയിട്ടാണ് റേഷന്‍ അരി വാങ്ങാറ് ..,

അതെന്നെ കോഴീടെ മൂട്ടില് വിരല് ഇട്ട് നോക്കി അഡ്വാന്‍സ് മുപ്പാടെ വാങ്ങിയിരിക്കും …!

കോഴിക്കന്ന്യേ ..,അരോചകമാണ് .., സമാധാനമായിട്ട് ഒന്ന് മുട്ടയിടാനും പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് …!

ദാരിദ്ര്യന്റെ വീട്ടില് .., ഇനി കോഴി ആയിട്ട് പോലും പിറക്കരുതെന്ന് .., അവന്‍ പ്രതിജ്ഞയെടുത്തു കാണും …!

പിന്നെ ..,പരിപ്പ് …?, ആവാം .., ആവാതിരിക്കാം …!

ആകാംഷ അടക്കാനാകുന്നില്ല ….!, എന്ത് കറിയായിരിക്കും അമ്മ ഉണ്ടാക്കി വെച്ചിരിക്കുന്നത് …?,

ഇന്നെങ്കിലും കൂട്ടുകാരുടെ കണ്‍മുന്നില്‍ വെച്ചു തന്നെ ചോറുപാത്രം തുറക്കണം ..!

ജിഞ്‌നാസ ഒരിടത്തും ഇരിപ്പുറക്കുന്നില്ല .., അങ്ങിനെ ഞാനാ അതിസാഹസം കാണിച്ചു …!

ഇന്റെര്‍വെല്ലിന് മണിയടിച്ചതേ …, ഞാന്‍ .., ഡെസ്‌ക്കില്‍ വെച്ചെന്റെ ചോറു പാത്രം തുറന്നു നോക്കി …

കൂട്ടാന്‍ തിരഞ്ഞ .., എന്റെ കണ്ണുകള്‍ക്കു മുന്നില്‍ .., , അതാ ചമ്മന്തിയുടെ മറ്റൊരു രൂപം ..!

എന്നില്‍ കോപം ഇരച്ചു കയറിയ അതേ നിമിഷത്തില്‍ തന്നെയായിരുന്നു .., ആ അത്യാഹിതം നടന്നത് ..

തുറന്നു വെച്ചിരിക്കുന്ന എന്റെ ചോറ്റു പാത്രത്തിനു മുകളിലേക്ക് .., മുന്നിലെ ബെഞ്ചില്‍ നിന്നിരുന്ന എന്റെ ഒരു സുഹൃത്ത് ഒറ്റ ഇരുപ്പായിരുന്നു.., സത്യത്തില്‍ .., അവനേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ..!

ഇന്റര്‍വെല്‍ സമയത്ത് ആരെങ്കിലും ചോറുപാത്രം തുറക്കുമോ ..?

എന്റെ ചമ്മന്തി മുഴുവന്‍ .., ദാ അവന്റെ മൂട്ടില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു..!

ഞാനാകെ പരവേശനായിപ്പോയി …!

”എന്റെ ദൈവമേ …, ഉച്ചക്ക് ചോറുണ്ണാനുള്ള .., ആകെയുള്ള മൊതലാണ് അവന്റെ മൂട്ടില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് .”..!

കൂട്ടാനോടുള്ള എന്റെ ആശയെല്ലാം പറ പറന്നു ….!, എങ്ങിനെയെങ്കിലും ആ ചമ്മന്തിയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നായി എനിക്ക് ..!

അതാണെങ്കില്‍ അവന്റെ മൂട്ടില്‍ ഒരു .., ഒരു രൂപാ കോയിന്‍ കണക്കെ അങ്ങിനെ വട്ടത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു …!

ജസ്റ്റ് മിസ്സ്ന്ന് പറയണപോലെ….!

അല്പം മാറി .., കീറിയ ട്രൌസറിന്റെ വിടവിലൂടെ അവന്റെ നഗ്‌നമായ കുണ്ടിയുടെ ഒരു ഭാഗം കാണാം ..!

കിറു കൃത്യമായി അവന്‍ ഇരുന്നത് അവന്റെ ഭാഗ്യം ..!, ഇല്ലെങ്കില്‍ എന്റെ കാ!ന്താരി മുളക് ചമ്മന്തി അവനെ സ്വര്‍ല്ലോഗം കാണിച്ചേനെ …?

ആ ചമ്മന്തിയില്ലെങ്കില്‍ .., എന്റെ ഉച്ചയൂണ് …?

അങ്ങിനെ ഞാനാ അതിസാഹസം കാണിച്ചു …!, പതുക്കെ ഞാനവന്റെ മൂട്ടീന്ന് .., ആ ചമ്മന്തി വടിച്ചെടുത്തു ..!

എന്തോ .., അന്നത്തെ ആ ചമ്മന്തിക്ക് .., ഒരു പ്രത്യേക രുചി ഉള്ളതു പോലെ എനിക്ക് തോന്നി ..!,

അതോട് ..,കൂടി …. എന്റെ അമ്മയോടുള്ള ചമ്മന്തി പരാതിയും തീര്‍ന്നു കിട്ടി ..!