ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു ഒരു കളിക്കാരനെ .സാക്ഷാല്‍ ഡോണ്‍ ബ്രാഡ് മാനും ,കിംഗ് വിവിയന്‍ റിച്ചാര്‍ഡ്‌സിനും ഒപ്പം നിര്‍ത്താന്‍,ആരാധിക്കാന്‍. തന്റെ ആദ്യ ടെസ്റ്റില്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു പേസ് ബൗളിംഗ് നിരയെ ,സാക്ഷാല്‍ ഇമ്രാന്‍ ഖാനും ,വസിം അക്രവും വഖാര്‍ യൂനിസും ഉള്‍പ്പെട്ട പേസ് ബൗളിംഗ് ത്രയത്തെ ചങ്കൂറ്റത്തോടെ നേരിട്ട ഒരു പയ്യനെ ഇന്ത്യന്‍ ജനതക്ക് നന്നേ പിടിച്ചു. അവര്‍ തിരിച്ചറിയുകയായിരുന്നു തങ്ങളുടെ മിശിഹായെ ,തങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി കൊണ്ട് ഒടുവില്‍ അവന്‍ അവതരിച്ചു എന്നവര്‍ തിരിച്ചറിഞ്ഞു.കാലമേറെ കഴിഞ്ഞപ്പോള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ഒരു കുടുംബാഗത്തെപോലെ അവരുടെ മനസ്സില്‍ ഇടം പിടിച്ചു. സ്വന്തം ഉള്ളംകയ്യിലെ രേഖകള്‍ പോലെ അവന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും അവര്‍ക്ക് കാണാപാഠമായി.സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ എന്നായിരുന്നു അവന്റെ പേര്. .ഇന്ത്യയിലെ കോടാനുകോടി ക്രിക്കറ്റ് പ്രേമികള്‍ സ്വീകരണ മുറിയിലെ ടെലിവിഷന്‍ സെറ്റുകളില്‍ നിന്നും തങ്ങളുടെ ഹ്ര്യദയങ്ങളിലേക്ക് പ്രതിഷ്ഠിച്ച ചാമ്പ്യന്‍ പ്ലെയര്‍. വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറം ഒരു കളിക്കാരന്‍ താന്‍ കളിക്കുന്ന കളിക്കുമപ്പുറത്തെക്ക് വളര്‍ന്ന കാഴ്ച വിസ്മയാവഹം തന്നെയാണ്. ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ആരായിരുന്നു എന്ന ചോദ്യം വരും തലമുറയിലെ ആരെങ്കിലും ചോദിക്കാനിടയായാല്‍ സച്ചിന്റെ ഉദയവും വളര്‍ച്ചയും അയാളിലെ ബാറ്റ്‌സ്മാന്റെ പൂര്‍ണതയും അഭിമാനത്തോടെ കണ്ടു നിന്ന ഒരു തലമുറ ഒന്നടങ്കം മറുപടി പറയും സച്ചിന്‍ അവര്‍ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്നു എന്ന്.

ഇങ്ങനെ ഒരു ദിവസം വന്നെത്തുമെന്ന് ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ കരുതിയിരിക്കില്ല. സച്ചിനില്ലാത്ത ഒരു ക്രിക്കറ്റ് മൈതാനവുമായി അവര്‍ക്കിനി പൊരുത്തപ്പെടെണ്ടി വരും .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു കഴിഞ്ഞു .അവസാന ഇന്നിംഗ്‌സില്‍ സച്ചിന് സെഞ്ച്വറി നഷ്ടമായപ്പോള്‍ ഒരു നിമിഷത്തേക്ക് 100 എന്ന മാന്ത്രിക ബാറ്റിംഗ് ആവറേജിനു അല്‍പമകലെ മാത്രം കരിയര്‍ അവസാനിപ്പിച്ച ഡോണ്‍ ബ്രാഡ്മാന്‍ മനസ്സിലേക്ക് ഓടിയെത്തി.മനുഷ്യ ജന്മങ്ങള്‍ക്ക് അനശ്വരത കൈവരിക്കാനാകില്ല എന്ന് നമ്മെ അറിഞ്ഞു കൊണ്ട് ഓര്‍മപ്പെടുത്തുകയായിരുന്നോ ഈ മഹാപുരുഷന്മാര്‍? ടെണ്ടുല്‍ക്കര്‍ ഇന്നൊരു ഒരു ഇതിഹാസമാണ് .വിശേഷണങ്ങള്‍ക്കപ്പുറം ക്രിക്കറ്റ് എന്ന ഗെയിമിന്റെ പര്യായമായി മാറികഴിഞ്ഞ കളിക്കാരന്‍.എന്നാല്‍ ദൈവം എന്ന വിശേഷണം തെറ്റാണ് എന്ന് ടെണ്ടുല്‍ക്കര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് ഇന്നലെയായിരുന്നു .തന്റെ വികാരങ്ങള്‍ മുഖത്ത് പ്രതിഫലിക്കാതെ മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കുന്നതിനു കഴിവുള്ളയാലാണ് സച്ചിന്‍ എന്നദ്ദേഹത്തിന്റെ പത്‌നി അഞ്ജലി മുന്‍പൊരിക്കല്‍ സാക്ഷ്യപെടുത്തിയിരുന്നു .ഇരുപത്തിനാല് കൊല്ലം താന്‍ ഹ്യദയത്തോട് ചേര്‍ത്ത് പിടിച്ച ,തന്നെ താനാക്കിയ ക്രിക്കറ്റ് എന്ന ഈ ഗെയിമിനോട് വിട പറഞ്ഞ നിമിഷം താനൊരു പച്ച മനുഷ്യന്‍ മാത്രമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ വാംഖഡെയില്‍ പെയ്തിറങ്ങി.അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരുടെ പോലും മനസ്സൊന്നു പതറിയ നിമിഷങ്ങളായിരുന്നു അത് . ആ നിമിഷങ്ങളില്‍ ലോകമെമ്പാടുമുള്ള അദ്ദേഹത്തെ സ്‌നേഹിക്കുന്ന കോടാനുകോടി ആരാധകരുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ മാത്രമാണ് അയാളുടെ മഹത്വത്തെ സംശയിക്കുന്നവര്‍ക്കുള്ള മറുപടി. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അയാള്‍ എത്ര കഠിന ഹ്യദയനായാല്‍ പോലും കണ്‍പീലികള്‍ നനയാതെ ആ നിമിഷങ്ങള്‍ കണ്ടിരിക്കാന്‍ കഴിഞ്ഞിരിക്കില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മടങ്ങുകയാണ് ,ഇതുപോലെയൊരു യാത്രയയപ്പ് ലോകത്തില്‍ ഒരു കായിക താരത്തിനും കിട്ടിയിട്ടുണ്ടാകാനും ഇടയില്ല .ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒട്ടനവധി പോസ്റ്റുകളില്‍ ചിലത് വളരെ അര്‍ത്ഥവത്തായിരുന്നു.അതിലൊന്ന് ഇങ്ങനെയായിരുന്നു.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാസത്തിന്റെ എണ്ണിയാലോടുങ്ങാത്ത റെകോര്‍ഡുകളുടെ കൂടെ ഒരു റെകോര്‍ഡ് കൂടെ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം കരയിച്ച മനുഷ്യന്‍ എന്ന റെകോര്‍ഡ് .

മുംബെയിലെ വാംഖടെ സ്‌റ്റെഡിയത്തില്‍തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി സച്ചിന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.എന്ത് കൊണ്ടാണ് ഈ മനുഷ്യന്‍ ഇത്രയും കാലം ക്രിക്കറ്റിന്റെ നെറുകയില്‍ എതിരാളികളില്ലാതെ വിരാജിച്ചതെന്നു വെളിവാക്കിയ വാക്കുകള്‍.തനിക്ക് എല്ലാ പിന്തുണയും നല്‍കിയ സ്വന്തം കുടുംബത്തെ സ്‌നേഹത്തോടെ പരാമര്‍ശിച്ചു കൊണ്ട് തുടങ്ങിയ അദ്ദേഹം തനിക്ക് ഇത്രയും നാള്‍ പ്രൊത്‌സാഹനവും സ്‌നേഹവും നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞു .ഒപ്പം കളിച്ച ഇതിഹാസങ്ങളായ ലക്ഷ്മണ്‍ ,ഗാംഗുലി ,ദ്രാവിഡ് ,കുംബ്ലെ എന്നിവരെയെല്ലാം പേരെടുത്ത് അദ്ദേഹം പരാമര്‍ശിച്ചു.തന്നെ എക്കാലവും പിന്താങ്ങിയ മീഡിയയോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു .പൂജ്യത്തിനു പുറത്താകുമ്പോഴും സെഞ്ച്വറി നേടി പുറത്താകുമ്പോഴും ഒരേ പോലെ തന്നെ സ്‌നേഹിച്ച ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം നിര്‍ത്തിയത്.അവരുടെ സ്‌നേഹം തന്റെ കരിയറില്‍ എത്ര മാത്രം നിര്‍ണായകമായിരുന്നു എന്നദ്ദേഹം എങ്ങനെ തിരിച്ചറിയാതിരിക്കും.പുതുതലമുറയിലെ പുതുനാമ്പുകളെ ഇപ്പോഴേ സച്ചിനോട് ഉപമിക്കുന്നവര്‍ ദയവായി ഓര്‍ക്കുക .ഈ മനുഷ്യന്‍ നേരിട്ടത് ആ കാലഘട്ടത്തിലെ ഇതിഹാസ സമാനരായ ബൗളര്‍മാരെയായിരുന്നു .ഗ്ലെന്‍ മഗ്രാത്ത് ,വസിം അക്രം ,വഖാര്‍ യൂനിസ് ,വാല്‍ഷ് ,ഷെയിന്‍ വോണ്‍ ,മുരളീധരന്‍ തുടങ്ങിയ മഹാന്മാരായ പന്തെറുകാരെ നേരിട്ട സച്ചിനു തുല്യമാകില്ല ഇന്നത്തെ ശരാശരി നിലവാരം പോലുമില്ലാത്ത ബൗളര്‍മാരെ നിര്‍ജീവമായ പിച്ചുകളില്‍ അടിച്ചു പരത്തി സെഞ്ച്വറികള്‍ നേടുന്ന ഒരു കളിക്കാരനും .

അദ്ദേഹത്തിന്റെ പേരില്‍ എഴുതി ചെര്‍ക്കപ്പെട്ടിട്ടുള്ള റെകോര്‍ഡുകളെ പറ്റിയൊക്കെ അറിയാത്തവര്‍ ചുരുക്കമായിരിക്കും.അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതു ആ മനുഷ്യനോടുള്ള അളവറ്റ സ്‌നേഹവും ബഹുമാനവും ഒന്ന് കൊണ്ട് മാത്രമാണ്.അവര്‍ക്കറിയാം ഒരാളും പൂര്‍ണനല്ല എന്ന് ,അവരുടെ പ്രിയപ്പെട്ട സച്ചിന്‍ ഉള്‍പ്പെടെ.എങ്കിലും എന്തോ അവര്‍ക്കയാളെ ഇഷ്ടമാണ്.അയാള്‍ പുറത്താകുമ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ അവര്‍ ഓഫ് ചെയ്തിരുന്നതും ആ ഇഷ്ടകൂടുതല്‍ കൊണ്ട് തന്നെയാണ് . ലോക ക്രിക്കറ്റിന്റെ മുന്നില്‍ അവര്‍ക്ക് ധൈര്യപൂര്‍വ്വം ഉയര്‍ത്തി കാണിക്കുവാന്‍ അവര്‍ക്ക് ലഭിച്ച ആ വരദാനത്തിന്റെ നേട്ടങ്ങളില്‍ അവര്‍ മതി മറന്നു ആഘോഷിച്ചിരുന്നു . ഇന്നിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സച്ചിനില്ലാതെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടികഴിഞ്ഞു.എന്നാല്‍ സച്ചിന്‍ ഇത്ര മാത്രം സ്‌നേഹിക്കപ്പെടുന്നത് അയാള്‍ ഏകദേശം ഒറ്റക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വന്തം ചുമലുകളില്‍ താങ്ങിനിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ പേരിലാണ് .തുടര്‍ച്ചയായ ,മനം മടുപ്പിക്കുന്ന പരാജയങ്ങള്‍ക്കിടയില്‍ അവര്‍ക്കൊരാശ്വാസം പകര്‍ന്നിരുന്നത് അവരുടെ പ്രിയപ്പെട്ട സച്ചിന്‍ നേടിയിരുന്ന സെഞ്ച്വറികളായിരുന്നു . പിന്നീട് വിവിഎസ് ലക്ഷ്മണും ,രാഹുല്‍ ദ്രാവിഡും .സൗരവ് ഗാംഗുലിയും ,സേവാഗും ഉള്‍പ്പെട്ട ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ അദ്ദേഹത്തിന്റെ ഭാരം പങ്കു വക്കാനെത്തിയെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു വികാരമായി തന്നെ നിലനിന്നു.ഇന്ത്യ പരാജപ്പെടുംപോഴും അയാളുടെ സെഞ്ച്വറികളില്‍ അവര്‍ പ്രകടിപ്പിച്ചിരുന്ന ആഹ്ലാദം പലപ്പോഴും എന്നെ അസ്വസ്ഥനാക്കിയിരുന്നു . അന്ധമായ ആരാധന എന്ന് വിശേഷിപ്പിച്ച് നിശിതമായി ഞാന്‍ വിമര്‍ശിച്ചിരുന്ന ആ സമീപനത്തിന്റെ വിശദീകരണം ഒരു പക്ഷെ ഇന്നലെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ ഉതിര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികളായിരിക്കാം .

സച്ചിന്‍ എന്ന കളിക്കാരനെതിരെ വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുക്കാന്‍ ഞാന്‍ ഭയപ്പെടുന്നു . ആയിരങ്ങളോ ,പതിനായിരങ്ങളോ ,ലക്ഷങ്ങളോ അല്ല കോടിക്കണക്കിനു വരുന്ന ആരാധകര്‍ അയാള്‍ക്ക് വേണ്ടി പൊരുതാന്‍ രംഗത്തെത്തുന്നു.അയാളെ പ്രതിരോധിക്കാന്‍ എണ്ണിയാലോടുങ്ങാത്ത വാദങ്ങളുടെ രക്ഷാകവചങ്ങള്‍ തീര്‍ത്ത് അവര്‍ നില്‍ക്കുമ്പോള്‍ നമുക്ക് തല്ക്കാലം അയാളെ ബഹുമാനത്തോടെ നോക്കി നില്‍ക്കാനെ സാധിക്കൂ .സച്ചിന്‍ എന്ന ഇതിഹാസതുല്യനായ കളിക്കാരനോടുള്ള ഒരു ജനതയുടെ സ്‌നേഹത്തെ അംഗീകരിച്ചു കൊണ്ട് തന്നെ വീണ്ടും പറയേണ്ടി വരുന്നു .ഒരിക്കലും ഒരു കളിക്കാരന്‍ അയാള്‍ കളിക്കുന്ന കളിയേക്കാള്‍ വലുതാകാന്‍ പാടില്ല.എങ്കിലും എന്തൊക്കെ തടസ്സവാദങ്ങള്‍ ഉന്നയിച്ചാലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരമമായ ഒരു സത്യമാണ് .അയാളുടെ ജീവിതം ഒരു മാതൃകയും.വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിരുന്ന അദ്ദേഹം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ അല്ലെങ്കില്‍ പണക്കൊഴുപ്പിന്റെ ധാരാളിത്തത്തില്‍ സ്വയം മറക്കുന്ന ഓരോ മനുഷ്യനും ഒരു മാത്ര്യകയായിരുന്നു.ക്രിക്കറ്റ് ഇനിയും ഇവിടെയുണ്ടാകും .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ലാതെ ഇനിയും ഇവിടെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും .പുതിയ താരോദയങ്ങള്‍ ഇനിയുമുണ്ടാകും.എങ്കിലും ഈ ലോകത്തില്‍ ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുന്നിടത്തോളം കാലം സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ ഒരിക്കലും ഒളി മങ്ങാത്ത ഒരു വിഗ്രഹമായി നില നില്‍ക്കും .കൊഹ്‌ലിമാരും ശര്‍മമാരും ഇനിയും ക്രിക്കറ്റ് മൈതാനങ്ങളെ തീ പിടിപ്പിക്കും.ക്രിക്കറ്റില്‍ പുതിയ വിഗ്രഹങ്ങള്‍ വന്നു കൊണ്ടേയിരിക്കും.അപ്പോഴേക്കും ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പഴയ തലമുറയുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ടാവുന്ന ഈ തലമുറയില്‍ പെട്ടവരില്‍ ഒരാളെങ്കിലും ബാക്കിയുണ്ടെങ്കില്‍ അയാള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന് പറയും ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കരുടെ കളി കണ്ടിട്ടുണ്ട് .ടെണ്ടുല്‍ക്കര്‍ എന്ന ജീനിയസ് കളിച്ചിരുന്നത് ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നു .അയാള്‍ക്കപ്പുറം വരില്ല മറ്റൊരു താരോദയവും .

You May Also Like

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍

പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് ‘റൊണാള്‍ഡോ’

ആരാണ് പുരുഷ ടെന്നിസ് ചരിത്രത്തിലെ ആട് ?

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'(1988).പ്രിയദർശൻ-മോഹൻലാൽ സിനിമ.ഒരു രംഗത്തിൽ തട്ടിപ്പുകാരനായ ശ്രീനിവാസൻ എംജി സോമൻ മാനേജിംഗ് ഡയറക്ടറായ ഒരു ഷൂ കമ്പനിയുമായി

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.

രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി ശ്രീലങ്കയുടെ “ഔദാര്യം” ?

പക്ഷെ ഒരു സംശയം, ശരിക്കും രോഹിതിന്റെ വിജയമായിരുന്നോ അതോ ശ്രീലങ്കന്‍ ടീമിന്റെ ഔദാര്യമായിരുന്നോ ?