By Jikku Varghese Jacob(എക്സ്ക്ലുസീവ്)

2012 ഏപ്രില്‍ 23ന് nijeshcr എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു, അതിങ്ങനെയായിരുന്നു..

Smart Tablet for India is on the way

ടെക്‌നോപാര്‍ക്കില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണത്തിന്റെ സന്തോഷവും ആരവവും ആദ്യം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ ട്വീറ്റ്. ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്ക് പഠിക്കുമ്പോള്‍ എറണാകുളം വൈപ്പിന്‍ സ്വദേശി ആദിത്തിന്റെയും,കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക്കിനു പഠിക്കുമ്പോള്‍ കഴക്കൂട്ടം സ്വദേശി നിജേഷിന്റെയും ചിന്തകള്‍ക്ക് ഏകദേശം ഒരേ Wavelength ആയിരുന്നു, അതിന്റെ ഫലമായിരുന്നു ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ വിപ്ലവമായി മാറാവുന്ന ആറ്റിറ്റിയൂഡ് ദക്ഷ എന്ന പുത്തന്‍ ടാബ്ലെറ്റ് കമ്പ്യൂട്ടറിന്റെ പിറവി. പുതിയ ടാബ്ലെറ്റ് ആകട്ടെ സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ വെറും 5,400 രൂപയ്ക്ക് ഉടന്‍ തന്നെ മാര്‍ക്കറ്റില്‍ എത്തുകയാണ്.

നീണ്ട ഒന്‍പതു വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകളുടെയും പ്രയത്‌നങ്ങളുടെയും ഒടുവില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ആറ്റിറ്റിയൂഡ് ദക്ഷ അവതരിപ്പിച്ചപ്പോള്‍


ഐസ്‌ക്രീം സാന്‍വിച്ച് ആന്‍ഡ്രോയിഡ് v4.0 എന്ന ഏറ്റവും പുതിയ വേര്‍ഷനിലായിരിക്കും ദക്ഷ ലോകത്തിനു മുന്‍പാകെ എത്തുക. 1.2 GHZ ARM കോര്‍ട്ടക്‌സ് A8 പ്രോസസര്‍, 512 എം.ബി. DDR3 RAM, 4 GB ഇന്‍ബില്‍റ്റ് മെമറി, HDMI പോര്‍ട്ട്, Micro SD സ്ലോട്ട്, 3.5 mm ഓഡിയോ ഔട്ട്, ഇന്‍ബില്‍റ്റ് സ്പീക്കേര്‍സ്, Micro USB പോര്‍ട്ട്, 3G ടോങ്കിള്‍ എന്നിവയടങ്ങുന്ന ഈ പുതിയ ടാബ്ലെറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങിയ ‘ആകാശ്’ ടാബ്ലെറ്റിന് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. വില കുറഞ്ഞ ടാബ്ലെറ്റ് എന്ന സങ്കല്‍പം ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രേരണയാണ് നിജേഷിനെയും ആദിത്തിനെയും ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്. ഇന്ന് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ദക്ഷ മാറിക്കഴിഞ്ഞു. Telmoco എന്ന് പേരില്‍ സ്വന്തം കമ്പനി ആരംഭിച്ച ഈ യുവസംരംഭകര്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ വേദനയുടേയും കഷ്ടപ്പാടിന്റെയും നിഴലില്‍ കഴിഞ്ഞ നീണ്ട വര്‍ഷങ്ങളുടെ ആരുമറിയാത്ത ഒരു കഥ ഇവര്‍ക്ക് പറയാനുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്…

രണ്ടു യുവാക്കളുടെ സംഗമമായിരുന്നു ഇത്തരമൊരു സുവര്‍ണ പദ്ധതിയുടെ കാതല്‍. പഠനസമയത്ത് തന്നെ ആദിത്തും നിജേഷും പല കമ്പനികളുടെയും ഭാഗമായിരുന്നു. വലുതായി തീരണമെന്നുറപ്പിച്ച രണ്ടു പേരും പുത്തന്‍ സാധ്യതള്‍ കണ്ടെത്താന്‍ ഇറങ്ങിപുറപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസത്തില്‍ നിന്നും പെട്ടെന്ന് ബിസിനസ് മാനേജ്മന്റ് തലത്തിലേക്ക് ഇറങ്ങിയപ്പോള്‍ നിജേഷും ആദിത്തും ശരിക്കും കുഴങ്ങിപോയി. എങ്ങനെ വര്‍ക്ക് പിടിക്കും, ആരോട് ചോദിക്കും എന്നറിയാതെ കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ വരെയുള്ള കടകളില്‍ അലഞ്ഞു നടന്നത്, എത്രയോ ദിവസങ്ങള്‍. സിവില്‍ സര്‍വീസ് മോഹവുമായി ഡല്‍ഹിയിലെത്തിയ ആദിത്താണ് ആകാശ് ടാബ്ലെറ്റിനെ കുറിച്ച് നിജേഷിനോട് പറയുന്നത്. ആ സംഭാഷണം പുതിയൊരു സംരംഭത്തിന് തുടക്കമിടുകയായിരുന്നു എന്നവര്‍ പോലും കരുതിയിട്ടുണ്ടാവില്ല.

ആദിത്ത ബോസ്, നിജേഷ് സി ആര്‍

പരമ്പരാഗതമായ sequentialകമ്പ്യൂട്ടിംഗ് കാലം അത്യാധുനികമായ Nodalകമ്പ്യൂട്ടിങ്ങിലേക്ക് മാറുന്നതിന്റെ ഓരോ അനക്കങ്ങളും അവര്‍ സൂക്ഷ്മമായി വീക്ഷിച്ചു. ഒരു നാള്‍ എറണാകുളത്തു വെച്ച് ഇരുവരും കണ്ടുമുട്ടി, ‘ടാബ്ലെറ്റ് കമ്പ്യൂട്ടര്‍’ കണ്ടിട്ടുണ്ട് എന്നല്ലാതെ അതിന്റെ സൂക്ഷ്മ സാങ്കേതിക വിദ്യകളൊന്നും തന്നെ ആ സമയത്ത് അവര്‍ക്കറിയില്ലായിരുന്നു. എങ്കിലും ഈ കണ്ടുമുട്ടല്‍ ആറ് മാസത്തിനു ശേഷം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ വഴിവെയ്ക്കുകയായിരുന്നു. 2010 ഏപ്രിലോടെ അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നേരത്തെ സേവനമനുഷ്ടിച്ചിരുന്ന കമ്പനികള്‍ ഉപേക്ഷിച്ച് പോന്നതിന്റെ സമ്മര്‍ദങ്ങള്‍ ഇരുവര്‍ക്കുമുണ്ടായിരുന്നു. കൈയ്യിലുണ്ടായിരുന്നു പണം മുഴുവന്‍ ഇതിനായി നീക്കിവെച്ചു, കടം വാങ്ങിയതും, ലോണെടുത്തതുമെല്ലാം കൂടി ഏകദേശം 40 ലക്ഷ രൂപയ്ക്ക് മുകളിലാണ് ഇത് വരെ ചിലവായത്. സാങ്കേതിക സഹായത്തിനു പഞ്ഞമുണ്ടായിരുന്നില്ല. ആദിത്തിന്റെയും നിജേഷിന്റെയും കുടുംബാംഗങ്ങളില്‍ പലരും ഇതേ രംഗത്തായിരുന്നതിനാല്‍ ശക്തമായ പിന്തുണ ഇവര്‍ക്ക് ലഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്കിങ്ങില്‍ ഉണ്ടായിരുന്ന അതിയായ താല്പര്യം വന്‍കിട മൊബൈല്‍ കമ്പനികളിലെ സുഹൃത്തുക്കളുടെ സഹായം ലഭ്യമാക്കി. ഇത്തരത്തിലുള്ള ശക്തമായ അടിത്തറ ഇരുവര്‍ക്കും പുത്തനൊരു ദിശാബോധം നല്‍കാന്‍ ഉതകുന്നതായിരുന്നു.

Cortex -A8 Processor

തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങള്‍ കഷ്ടപാടിന്റെയും വേദനയുടെയും നാളുകളായിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, എല്ലാ ദിവസവും ഉറങ്ങുമ്പോള്‍ സമയം വെളുപ്പിനെ നാല്. ഒന്നുമാകുന്നില്ല എന്നുള്ള തോന്നല്‍ എപ്പോഴും വേട്ടയാടി. വ്യക്തമായ ലക്ഷ്യങ്ങളില്ല, നാട്ടുകാരുടെ കുറ്റപ്പെടുത്തലുകള്‍, വീട്ടിലെ പ്രശ്‌നങ്ങള്‍, വന്‍തുക ഇന്‍വെസ്റ്റ് ചെയ്തതിന്റെ ടെന്‍ഷന്‍, ഹൈദരാബാദ്, ബംഗ്ലൂര്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലൂടെയും ഒടുങ്ങാത്ത അലച്ചില്‍.. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ഇരുവരുടെയും മുഖത്തു പുഞ്ചിരി. ഭാവിയെ കുറിച്ച് വല്ലാതെ ആശങ്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ‘ടെക്‌നോപാര്‍ക്കില്‍ തന്നെയുള്ള സുഹൃത്തുക്കളുടെ Mobme,Innoz Technologiesഎന്നിവ പ്രശസ്തമായപ്പോള്‍ അതിയായ സന്തോഷമുണ്ടായി. അതോടൊപ്പം തന്നെ ഞങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന പേടിയും മനസിലുയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഒരു ടാബ്ലെറ്റ് മാത്രമല്ല ചിലപ്പോള്‍ ഒരു റോക്കറ്റ് വരെ കണ്ടുപിടിച്ചെന്നു വരും’, നിജേഷ് പറയുന്നു.

വര്‍ക്കില്‍ ഏറ്റവും പ്രധാനമായത് എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി വിശദീകരിച്ചു, ശാസ്ത്രീയമായ തത്വങ്ങളുടെ പിന്‍ബലത്തോടുകൂടി ഒരു സാങ്കല്പിക ഡിസൈന്‍ രൂപീകരിക്കുക എന്നതാണ്. ഓരോ ഭാഗങ്ങളിലെയും പവര്‍ മോഡുലേഷന്‍, ബാറ്ററി യൂസേജ്, എല്‍ സി ഡി പാനല്‍ തുടങ്ങി ഒരുകൂട്ടം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുക ശ്രമകരമാണ്. പ്രോസ്സസറുകളും മറ്റും ചേര്‍ത്തു വെച്ചാല്‍ ടാബ്ലെറ്റ് ഉണ്ടാവില്ല. വ്യക്തമായ ഒരു രൂപകല്‍പ്പന ഇതിനാവശ്യമാണ്. ആദ്യമായി പ്രോട്ടോടൈപ്പ് ഡിസൈന്‍ ചെയ്ത് തെറ്റുകളും കുറവുകളും മറ്റും കണ്ടുപിടിച്ചു പരിഹരിക്കുക ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ജൂലൈയോട് കൂടി architectureപൂര്‍ത്തിയായ ശേഷം ARMന്റെ ചില ഓണ്‍സൈറ്റ് വര്‍ക്ക്‌ഷോപ്പുകളില്‍ ഇവര്‍ പങ്കെടുത്തു. ടാബ്ലെറ്റിന്റെ പൂര്‍ണതോതിലുള്ള ഉത്പാദനത്തിനായി ആരുടെ പക്കല്‍ ഏല്‍പ്പിക്കും എന്ന ചോദ്യം വീണ്ടും ഇവരുടെ മനസ്സില്‍ അവശേഷിച്ചു. പല കമ്പനികളെയും സമീപിച്ചു, ഭൂരിഭാഗവും തിരിഞ്ഞു നോക്കിയതേയില്ല. പലയിടങ്ങളിലും മെയില്‍ അയച്ചു, മിക്കയിടങ്ങളില്‍ നിന്നും ഓട്ടോ റിപ്ലൈ മാത്രം വന്നു. ചിലരാകട്ടെ ചെറിയ ക്ലൈന്റ് ആണെന്ന് അറിഞ്ഞതോടെ മുഖം തിരിച്ചു.

ചില യാഥാര്‍ത്ഥ്യങ്ങള്‍..

Telemoco Ad

ദക്ഷ വിപണിയുടെ വക്കില്‍ എത്തിനില്‍ക്കുമ്പോള്‍ ചൈനീസ് – തായ് വാന്‍ കമ്പനികളിലാണ് ഇതിന്റെ നിര്‍മ്മാണം എന്നറിയുന്നതോടെ പലരുടെയും നെറ്റിചുളിയാറുണ്ടെന്നു നിജേഷും ആദിത്തും പറയുന്നു. ഇലക്ട്രോണിക് ഗാട്‌ജെറ്റ് ലോകത്ത് മലയാളികളുടെ അജ്ഞതയാണ് ഇതിനു പ്രധാന കാരണം. ഐഫോണ്‍, ഐപാഡ് തുടങ്ങിയവ അമേരിക്കയിലും മറ്റും നിര്‍മ്മിക്കുന്നതാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ Foxconn, Compel, Wistronതുടങ്ങിയ ചൈനീസ് – തായ് വാന്‍ ODM(Original Design Manufacturer)കമ്പനികളാണ് ഇന്ന് വിപണിയിലുള്ള ആപ്പിള്‍, എസര്‍, ആമസോണ്‍, ഡെല്‍, എച്ച് പി, മൈക്രോസോഫ്ട്, ഇന്റല്‍, നോകിയ, സോണി, സംസംഗ്, തോഷിബ തുടങ്ങി എല്ലാത്തരം കമ്പനികളുടെയും ഔദ്യോഗിക നിര്‍മ്മാതാക്കള്‍. ഇലക്ട്രോണിക് രംഗത്ത് ഡിസൈനിങ്ങും ഡെവലപ് മെന്റും ഒരു കമ്പനിയും നിര്‍മ്മാണം മറ്റൊരു കമ്പനിയുമാണ് നിര്‍വഹിക്കുന്നത്. ഇത്തരത്തില്‍ ഒരു ഫാക്റ്ററിയിലെ ഒരു യന്ത്രസംവിധാനത്തിന് തന്നെ 80 കോടി രൂപയോളം ചിലവാകും.

ഇന്ന് ഇന്ത്യയിലുള്ള നോകിയയുടെ ഫാക്ടറി (ശ്രീപെരുംപുത്തൂര്‍) പോലും Foxconnന്റെ ഫാക്ടറി ലീസിനെടുത്ത് പ്രവര്‍ത്തിക്കുന്നതാണ്. ആപ്പിള്‍ പോലയുള്ള വന്‍കിട കമ്പനികള്‍ പോലും ഇത്തരം ODM കളെ സമീപിച്ചേ മതിയാകൂ. ഫാക്ടറി സ്വന്തമായി തുടങ്ങുന്നതിന്റെ ബുദ്ധിമുട്ടല്ല, മറിച്ച് എതിരാളികളായ സാംസംഗ്, നോക്കിയ തുടങ്ങിയവ എപ്പോഴും മേല്‍പ്പറഞ്ഞ ODM ഫാക്ടറികളില്‍ അവരുടെ ഓര്‍ഡര്‍കള്‍ outsource ചെയ്യും. അഥവാ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍, അമേരിക്കയിലും മറ്റും പുതിയൊരു പ്ലാന്റ് ഉണ്ടാക്കി ഉത്പാദനം ആരംഭിച്ചാല്‍, ഉല്‍പ്പന്നങ്ങളുടെ ഇപ്പോളുള്ള വിലയുടെ ഇരട്ടിയാകും. ആ സമയം കൊണ്ട് ലേബര്‍ ചാര്‍ജ് താരതമ്യേന കുറവായ ചൈനയില്‍ നിന്നും ന്യായമായ വിലയില്‍ നാല് പുതിയ മോഡലുകള്‍ സാംസംഗ് ഇറക്കിയിട്ടുണ്ടാവും. ചുരുക്കത്തില്‍ മറ്റു കമ്പനികള്‍ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്നതോടെ അവരും ചൈനയുടെയോ തായ് വാന്റെയോ ‘ആശ്രിതരായി’ മാറും. ഉത്പാദനം outsource ചെയ്യാതെ ഒരു കമ്പനികള്‍ക്കും നിലവിലുള്ള വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രോഡക്റ്റ് ഡിസൈന്‍ ചെയ്ത ശേഷം തയ്യാറാക്കിയ ഡോക്യുമെന്റ് (Intellectual Property) ODMകമ്പനികള്‍ക്ക് കൈമാറുകയാണ് പതിവ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സാക്ഷാല്‍ ആപ്പിളിന്റെ പോലും സാങ്കേതികവിദ്യ ഈ ODM കമ്പനികളുടെ ഉള്ളില്‍ നിന്നും തന്നെ ചോര്‍ന്നിരിക്കും. ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് പുറത്തിറക്കുന്ന വ്യവസായം ചൈനയില്‍ കൊഴുക്കുന്നതും ഇത്തരത്തിലാണ്. ‘ഉത്പാദനത്തിനായി ഞങ്ങള്‍ക്കും Foxconnപോലെയുള്ള കമ്പനികളെ ആശ്രയിക്കുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. അവിടെയുള്ള സര്‍ക്കാരുകളുടെ നയങ്ങള്‍ വ്യവസായങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് ഇന്ഫ്രാസ്ട്രക്ച്ച്ചര്‍ ഡെവലപ് മെന്റിനായി 80% സഹായം സര്‍ക്കാര്‍ നല്‍കും, Export Licenseന്റെ തുക മാത്രമേ സര്‍ക്കാര്‍ ഈടാക്കൂ’, നിജേഷ് പറയുന്നു.

ODM കമ്പനികളുടെ അവഗണന പതിവായപ്പോള്‍ വേറെ മാര്‍ഗമില്ലാതെ ഇവര്‍ ഫോണെടുത്തു ഫോക്‌സ്‌കോണില്‍ പലതവണ വിളിച്ചു. ധാരാളം ശ്രമങ്ങള്‍ക്ക് ശേഷം ഫോക്‌സ്‌കോണ്‍ ഇന്ത്യന്‍ ഡയറക്ടര്‍, ഹെന്റി ഹുവാങ്ങിനെ മീറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. പുത്തന്‍ സംരംഭം എന്ന നിലയില്‍ അവര്‍ക്ക് ‘ദക്ഷ’ വളരെയധികം ഇഷ്ടമായി. പക്ഷെ അവര്‍ തികച്ചും നിസ്സഹായരായിരുന്നു. മാസം 7 ലക്ഷത്തിലധികം ടാബ്ലെറ്റുകളുടെ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയു. എങ്കിലും ഈ കണ്ടുമുട്ടല്‍ നിജേഷിനും ആദിത്തിനും പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. നിരാശ അങ്ങേയറ്റം അലട്ടിയിരുന്ന മനസുകളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പിറവിയെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ മൂന്ന് ഇടത്തരം കമ്പനികള്‍ കരാറിലേര്‍പ്പെടാന്‍ തയ്യാറായി. പ്രോസസ്സിംഗ്, അസ്സംബ്ലിംഗ്, പാനലുകളുടെ നിര്‍മ്മാണം എന്നിവ മേല്‍പ്പറഞ്ഞ മൂന്ന് കമ്പനികളിലായാണ് നടക്കുന്നത്. എല്ലാം ശരിയാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ ഒരു ബ്രാന്‍ഡില്‍ പുറത്തിറക്കുവാന്‍ telmocoഎന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ നിന്നും ലഭിച്ച സഹകരണം നിസ്തുലമാണ്.

അടുത്ത വെല്ലുവിളി വിതരണ സംവിധാനവും, സര്‍വ്വീസിംഗ് സെന്ററുകള്‍ കണ്ടെത്തുന്നതുമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചത്. അമേരിക്ക, ന്യൂസിലണ്ട്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഒട്ടനേകം വിതരണക്കാര്‍ ‘ദക്ഷ’ അന്വേഷിച്ചെത്തി. വന്‍കിട സംരംഭകരും ഇതിന്റെ സാധ്യത മനസിലാക്കി ഇവര്‍ക്ക് പിന്നില്‍ അണിനിരന്നു. HTC,Samsungതുടങ്ങിയവയുടെ ഔദ്യോഗിക സര്‍വീസിംഗ് നടത്തുന്ന കമ്പനി തന്നെയാണ് ദക്ഷയുടെ സര്‍വ്വീസിംഗും ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ ആയിരത്തിലധികം സെന്ററുകള്‍ ഇവര്‍ക്കുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ഉല്‍പ്പനങ്ങള്‍ ടെക്‌നോപാര്‍ക്കിന്റെ തന്നെ ഹാര്‍ഡ്‌വെയര്‍ ടെസ്റ്റിംഗ് സെന്ററിലെയും മറ്റു ലാബുകളിലെയും പരിശോധനയ്ക്കും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷനും ശേഷവുമാകും ഉപഭോക്താക്കളുടെ കൈകളില്‍ എത്തുക.

ലോകത്തിന്റെ നെറുകയിലേക്ക്….

നീണ്ട ഒന്‍പതു വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകളുടെയും പ്രയത്‌നങ്ങളുടെയും ഒടുവില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ആറ്റിറ്റിയൂഡ് ദക്ഷ പരിചയപ്പെടുത്തുമ്പോള്‍ നിജേഷിന്റെയും ആദിത്തിന്റെയും മനസ്സില്‍ ഉയര്‍ന്നു വന്ന സന്തോഷത്തിനു അതിരില്ലായിരുന്നു. മലയാള മാധ്യമങ്ങളേക്കാള്‍ ദേശീയഅന്തര്‍ദേശീയ മാധ്യമങ്ങളില്‍ ‘ദക്ഷ’ ചര്‍ച്ചാ വിഷയമായിമാറി. ബി ബി സി യുടെ ടെക് വിഭാഗത്തില്‍ ഉടന്‍ തന്നെ ‘ദക്ഷ’ വാര്‍ത്തയാകും. അന്താരാഷ്ട്ര ഇന്ക്യുബേഷന്‍ മാസികയായ ‘ബിസിനസ് ഇന്ക്യുബേറ്ററിന്റെ’ അടുത്ത ലക്കത്തിലെ കവര്‍ സ്‌റ്റോറിയും ‘ദക്ഷ’ തന്നെ. NDTV, IBNLive തുടങ്ങിയ ചാനലുകള്‍ വീഡിയോ റിവ്യൂനായി തെരഞ്ഞെടുത്തു കഴിഞ്ഞു. പ്രീ ബുക്കിംഗ് ആരംഭിച്ച് ഒരാഴ്ചയ്ക്കകം അന്‍പതിനായിരത്തിലേറെ ബുക്കിങ്ങുകളാണ് ലഭിച്ചത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള പ്രതികരണം മോശമാണെന്ന് ഇവര്‍ പറയുന്നു. സെപ്റ്റംബറോട് കൂടി എല്ലാ തരം വിപണികളിലും വിതരണം നടത്താനുള്ള പരിശ്രമങ്ങള്‍ നടന്നു വരുകയാണ്. ആദ്യത്തെ വര്‍ഷം തന്നെ 25 ലക്ഷത്തിലധികം ടാബ്ലെറ്റുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയിലാണിവര്‍.

ദക്ഷയും എതിരാളികളും

Micromax Funbook

ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന ‘ആകാശ്’ ടാബ്ലെറ്റിന് കടുത്ത വെല്ലുവിളിയാണ് ദക്ഷ ഉയര്‍ത്തുന്നത്. ‘ആകാശിന്റെ’ വിപണി ത്വരിതപ്പെട്ടാലും ദക്ഷയെ ബാധിക്കില്ല എന്നാണു കണക്കുകൂട്ടല്‍. അടുത്തിടെ പുറത്തിറങ്ങിയ 4,000 രൂപ വില വരുന്ന Ubislate 7+എന്ന ടാബ്ലെറ്റ് അതേ രീതിയില്‍ 3,800 രൂപയില്‍ താഴെ തങ്ങള്‍ക്കു പുറത്തിറക്കാന്‍ കഴിയുമെന്ന് നിജേഷ് അവകാശപ്പെടുന്നു. ബിസിനസ് ഓവര്‍ഹെഡ് ഇല്ലാത്തതാണ് ഇതിനു പ്രാധാന കാരണം. ടെക്‌നോ പാര്‍ക്കിലെ രണ്ടു കൊച്ചു മുറികളില്‍ പന്ത്രണ്ടോളം പേരടങ്ങുന്ന കമ്പനിയില്‍ ഓവര്‍ഹെഡ് പ്രശ്‌നങ്ങളില്ല. സര്‍ക്കാരിന്റെ സബ്‌സിഡി കൂടി ലഭ്യമായാല്‍ 5,400 രൂപയുടെ ദക്ഷ 3,800 രൂപയ്ക്ക് പുറത്തിറക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ദക്ഷയുടെ അപ് ഗ്രേഡഡ് വേര്‍ഷന്‍ അടുത്ത ജനുവരിയോടെ വിപണിയിലെത്തും. ഇപ്പോഴത്തെ അവസ്ഥയില്‍ റിയര്‍ ക്യാമറയും സിം സ്ലോട്ടും ചേര്‍ത്താല്‍ 1,800 രൂപയുടെ വര്‍ദ്ധനവുണ്ടാകുമെന്നതിനാലാണ് അവ ഒഴിവാക്കേണ്ടി വനത്. ധാരാളം സംരംഭകര്‍ പുതുതായി എത്തുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ന്യായമായ വിലയില്‍ തന്നെ ദക്ഷ എത്തിക്കാന്‍ കഴിയുമെന്നാണ് നിജേഷും ആദിത്തും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. മൈക്രോ മാക്‌സിന്റെ ഫണ്‍ബുക്ക്, കാര്‍ബണ്‍, ആകാശ് എന്നിവയാണ് ദക്ഷയുടെ മുഖ്യ എതിരാളികള്‍.

വിദ്യാഭ്യാസരംഗത്ത് പുത്തന്‍ വിപ്ലവം

ആകാശ്‌ ടാബ്ലറ്റുമായി വിദ്യാര്‍ഥികള്‍

വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു ദക്ഷ ലക്ഷ്യംവെയ്ക്കുകയാണ്. ഇന്ത്യയിലെ സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ദക്ഷ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. വര്‍ഷാവസാനത്തോടു കൂടി കമ്പനിയുടെ ഗവേഷണഫലമായി രൂപീകരിക്കുന്ന National Learning Network, Open Information Hubഎന്നിവ Telmoco Hubഎന്ന അപ്ലിക്കേഷനിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. അറിവ് പങ്കുവെയ്ക്കാന്‍ കഴിയുന്ന വ്യക്തികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നൂതനമായ നെറ്റ്വര്‍ക്ക് ആണ് National Learning Network. പബ്ലിക് ആക്കാന്‍ കഴിയുന്ന എല്ലാ അറിവുകളും പങ്കുവെയ്ക്കാനുള്ള സംവിധാനമാണ് Open Information Hub ലക്ഷ്യമാക്കുന്നത്. ഈ സംരംഭങ്ങള്‍ വിദ്യാഭ്യാസരംഗത്ത് പുത്തനൊരു ദിശാബോധം നല്‍കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു.

ഭാവി..

കേരളത്തില്‍ നിന്നുള്ള സംരംഭം എന്ന നിലയില്‍ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും ഒരുപോലെ സമ്മതിക്കുന്നു. കേരളത്തിന്റെ മേന്മ, ഇവിടുത്തെ അറിവുള്ള വ്യക്തികളാണ്. അവര്‍ പകര്‍ന്ന് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അന്യ സംസ്ഥാനങ്ങളില്‍ എല്ലാവരും professionally boundedആണ്. എന്തിനോടും പുച്ഛഭാവ ത്തോടെ പ്രതികരിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. പണി ചെയ്യാതെ പണം സമ്പാദിക്കുന്ന രീതിയിലേക്ക് മാറിയ മലയാളികള്‍ പുത്തനൊരു സംരംഭത്തിന് പിന്നിലുള്ള വേദനകള്‍ പലപ്പോഴും മനസിലാക്കാറില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഒരു ടാബ്ലെറ്റില്‍ തീരുന്നില്ല ഈ യുവാക്കളുടെ പരിശ്രമം. വര്‍ഷാവസാനത്തോട് കൂടി സ്വന്തമായൊരു ഡിവൈസ് പുറത്തിറക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. പേഴ്‌സണല്‍ അസ്സിസ്റ്റന്‍സ് ഡിവൈസ് എന്ന രീതിയില്‍ വിവിധ നെറ്റ്വര്‍ക്കുകളുടെ കണക്റ്റിവിറ്റി ,പ്രൊജക്ഷന്‍, കോളിംഗ് ഫെസിലിറ്റി തുടങ്ങി ഒട്ടനേകം സേവനങ്ങളുടെ മിശ്രിതമായിരിക്കും ഇതിലുണ്ടാവുക. നിജേഷിന്റെയും ആദിത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ യുവസംരംഭകര്‍ക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നിടുകയാണ്.

‘കുറവുകളും കുറ്റങ്ങളും പറയാന്‍ ധാരാളം ആളുകളുണ്ടാവും അതില്‍ നിന്ന് പോലും പോസിറ്റീവ് ആയ കാര്യങ്ങള്‍ മാത്രമെടുത്ത്, പ്രതിസന്ധിയില്‍ തളരാതെ മുമ്പോട്ട് പോകുക എന്നതാണ് ഈ യുവാക്കള്‍ക്ക് ഭാവിതലമുറയോടു പറയാനുള്ളത്. നിജേഷിനും ആദിത്തിനും വിശ്രമിക്കാന്‍ സമയമില്ല. അവര്‍ യാത്ര തുടരുകയാണ്, പുത്തന്‍ സാധ്യതകളുടെ ചെപ്പുതുറക്കാനായി.

ബുക്കിങ്ങിന് ആയി telemoco.com സന്ദര്‍ശിക്കുമല്ലോ?

You May Also Like

വയറു നിറഞ്ഞാല്‍ ഉടന്‍ കുളിക്കാന്‍ പാടില്ലയെന്നു പറയുന്നതിന്റെ കാരണമെന്ത്?

ഈ അവസ്ഥ മുന്നില്‍ കണ്ടാണ്‌ പണ്ടുള്ളവര്‍ ആഹാരം കഴിഞ്ഞുള്ള കുളി നിരോധിച്ചത് എന്നും പറയപ്പെടുന്നു..!

ഒരു കുഞ്ഞുടുപ്പ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന വെബ്സീരീസ് എന്ന പ്രത്യേകതയും ജബലയ്ക്കുണ്ട്

ഛായാ മുഖി ജബലയെന്നാൽ കുഞ്ഞുടുപ്പ് എന്നാണത്രേ. അതിന്റെ അർത്ഥം മനസ്സിലാകാഞ്ഞിട്ട് ചോദിച്ചു മനസ്സിലാക്കിയതാണ്. ആയിരിക്കാം. കാരണം…

പാക് താലിബാന് ഓശാന പാടി “തേജസ് ദിനപ്പത്രം”..

ലോകമെങ്ങും ഇന്നലെ പെഷവാറിലുണ്ടായ കൂട്ടക്കുരുതിയ്ല്‍ നടുങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു ദിനപ്പത്രം അതെങ്ങനെ ന്യായീകരിക്കാമെന്ന ചിന്തയിലാരുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 3 (ലേഖനം) സുനില്‍ എം എസ്

അല്‍ ഗോറിനു ബുഷിനേക്കാള്‍ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു.