ഡാ .., ഉവ്വേ .., ഇന്ന് ഡ്രൈ ഡേ ആണല്ലേ ..’
അതെന്താ .., ഈ ഡ്രൈ ഡേ …?, അല്ലെങ്കിലും മഴയില്ലെങ്കിലും ഇപ്പെന്താ പ്രശ്നം …?
മഴക്കല്ലാ .., ഡ്രൈ ഡേന്ന് പറയണത് …!, മറ്റവന് കിട്ടാത്ത ദിവസത്തിനാണ്..!
ഓ .., അപ്പൊ ഒന്നാന്തീകളും മറ്റവന് കിട്ടത്തില്ലല്ലോ …?
അത് .., വേറേ …., നമ്മടെ ഗവണ്മെന്റ് .., ഈ ഘട്ടം .., ഘട്ടായിട്ട് .., ആള്‍ക്കാരെ നന്നാക്കാനുള്ള പരിപാടീടെ ഭാഗാണ് ..,ഈ സിസ്റ്റത്രെ…!
ഫസ്റ്റ് .., ഒന്നാന്തീ .., പിന്നെ സണ്‍ഡേകള്‍ …, അത് കഴിഞ്ഞ് .., വിശേഷ ദിവസങ്ങള്‍ ..,!,
അതായത് .., ഓണം , ക്രിസ്തുമസ്സ് …, ഈസ്റ്റര്‍ .., അങ്ങിനെ നിറുത്തി നിറുത്തി .., ആഴ്ച്ചേല് …, ഒരു ദിവസം മാത്രം മദ്യം കൊടുക്കും …!, അന്ന് കേരളത്തിന് മൊത്തം പൊതു അവധീം പ്രഖ്യാപിക്കും ..,!, കാരണം എല്ലാവര്ക്കും ഈ സാധനം വാങ്ങി ഒരാഴ്ച്ചത്തേക്ക് സ്റ്റോക്ക് വെക്കേണ്ടേ …?
അല്ല .., ഈ ഗവണ്മെന്റ് ജീവനക്കാര്‍ക്കൊക്കെ .., ഒന്നാന്തീ ആണോ ശമ്പളം കിട്ടുന്നത് ..?, സാധാരണ 28 ആം തീയ്യതി ഒക്കെ കിട്ടത്തില്ലയോ …?,
അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാണേ …?
പിന്നെ ഒരുമാതിരിപ്പെട്ട സ്ഥാപനങ്ങളൊക്കെ .., ഏതാണ്ട് 28, 29.., തീയ്യതികളിലൊക്കെയായി .., ശമ്പളം കൊടുക്കാറുണ്ട് ….!
ഇനീപ്പോ ചെറുകിട കമ്പനികളൊക്കെ ആണെങ്കീ ……ഒന്നാന്തീ .., ഒരിക്കലും ശമ്പളം കൊടുക്കാറൂല്ല്യാ …!, അവരുടെ ശമ്പള ദിവസമെല്ലാം അഞ്ചാം തീയ്യതിക്ക് മേലെയായിരിക്കും …!
ഇനി ദിവസക്കൂലിക്കാരാണെങ്കില് .., വൈകുന്നേരത്തോട് കൂടി അവരുടെ കൂലിയും കിട്ടുന്നു …!
അപ്പോ .., ഈ ഒന്നാം തീതി മദ്യം വില്ക്കാന് .., പാടില്ലാന്ന് പറേണേന്റെ…, ലോജിക്കെന്താ ..; എന്റെ ചങ്ങായീ ….?
ആ …, ഞമ്മക്ക് കൈ മലര്‍ത്താനെ പറ്റത്തുള്ളൂ ….!
സംഗതി .., ആ പോയിന്റ് .., ഞാനിപ്പളാ .., ആലോചിച്ച് നോക്കീത് …!, പിന്നെ മാസത്തിലെ ആദ്യ ദിനം എന്നതില്‍ കവിഞ്ഞ് .., എനിക്ക് ഒന്നാന്തിയോട് പ്രത്യേകിച്ച് ഒരു മമതയുമില്ല ..!, പിന്നെ ചുഴിഞ്ഞ് നോക്ക്യാ കുറച്ചൊരു ഇഷ്ട്ടക്കേട് ഉണ്ടുതാനും …!
കാരണം .., ഇരുപത്തിയെട്ടാം തീയ്യതിയോടുകൂടി ശമ്പളം കൈയ്യില്‍ വരും .., പിന്നെ അടുത്ത ശമ്പളത്തിനുള്ള ദിവസങ്ങള്‍ എണ്ണിത്തുടങ്ങലായി .. അതിലെ ആദ്യത്തെ നമ്പറ്കാരനല്ലേ ഓന് …!, അതുകൊണ്ട് എനിക്ക് അത്ര വല്യ ഇഷ്ട്ടൊന്നും ഇപ്പറയണ ഒന്നാം കാരനോടില്ല …!
അല്ലെങ്കിലും നമുക്കാ ചാര്‍ത്തിക്കിട്ടിയ പേരു മാത്രല്ലേ ഉള്ളൂ …
” അഭ്യസ്ഥവിദ്യരുടെ നാടെന്ന് …”!.., സത്യത്തില്‍ .., നമുക്കാ നെറ്റിപട്ടംച്ചുമക്കാനുള്ള .., വല്ല യോഗ്യതയുണ്ടോ …?
വെറുതങ്ങട് പഠിച്ചു കൂട്ടീട്ട് ഒരു കാര്യൂല്ലാന്ന് …!, പ്രാക്റ്റിക്കലായിട്ട് .., എന്തെങ്കിലും ചിന്തിക്കാനുള്ള ബോധം വേണം …!
സംഗതി അതില്‍ കുറച്ച് കഴമ്പുണ്ടിട്ടാ …!
അതേപോലെ സണ്‍ഡേ കിട്ടില്ലാത്രേ …!, എന്തൊരു ഗതികേടാണപ്പാ .., മനുഷ്യന് ആറ് ദിവസം ജോലി ചെയ്തീട്ട് .., സണ്‍ഡേ .., ഫാമലീടൊപ്പം .., ഒന്ന് ജോളിയായിട്ട് ഇരിക്കുമ്പോ …, ഒരു രണ്ടെണ്ണം വീശീല്ലെങ്കി .., അതിലെന്താണെടോ …., ഒരു രസം …?
ഇതിപ്പോ .., ശനിയാഴ്ച .., ജോലി കഴിഞ്ഞ് വന്നിട്ട് പോയി ക്യു നില്‍ക്കണം .., ഞായറാഴ്ച്ച .., അടിക്കാനായിട്ട് …!
അത് പെട്ടെന്ന് കിട്ടോ .., ഒടുക്കത്തെ ക്യു അല്ലേ …?, ഏതാണ്ട് പുതിയ പടം റിലീസാവണ തിരക്കല്ലേ ….?
അപ്പൊ ശനിയാഴ്ച കുറച്ച് ..നേരത്തേ എറങ്ങാന്‍ നോക്കും …!, സംഗതി .., പെര്മിഷന് ചോദിക്കുമ്പോ തന്നെ .., നമ്മടെ ബോസ്സിന് കാര്യം മനസ്സിലാവും.., പിന്നെ പുള്ളിക്ക് വന്ന് ക്യു നിക്കണ്ടല്ലോ …,
ആ ..,ഒറ്റ കാര്യത്തില്‍ നമുക്ക് എല്ലാ ശനിയാഴ്ച്ചയും പെര്മിഷന് ..ഒക്കെ…!
ഈ .., ശനിയാഴ്ച്ച .., വാങ്ങി വീട്ട്യെ വെച്ചാല്‍ വേറൊരു ദോഷണ്ട് …!
ഈ ചക്കരക്കുടം കിട്ട്യാല് ആരെങ്കിലും കൈയ്യിട്ട് നക്കാണ്ടിരിക്കോ ..?
അപ്പൊ എന്താവും …?
എന്താവാന്‍ …?, ശനിയാഴ്ച്ച .., രാത്രി തൊട്ടെന്നെ അടി തൊടങ്ങും ..!
ഇതിപ്പോ .., ഞായറാഴ്ച്ച .., മാത്രം .., രണ്ടെണ്ണം വീശണ .., എന്നേപ്പോലുള്ള ധാരാളം പേരെ ബാധിക്കണ പ്രശ്നാണേ …!
ഞായറാഴ്ച്ച .., ഒരു പതിനൊന്ന് മണിക്ക് ..,നല്ല പോത്തെറച്ചി .., ഇങ്ങട് അടപ്പത്ത് .., കറി മസാലേല് കിടന്ന് .., ഗുളു ..ഗുളൂന്ന് .. വേവണ .., മണം ആസ്വദിച്ചീട്ട് .., ഒരു രണ്ടെണ്ണം …!
ഒരു പ്രീ ആപ്പിറ്റൈസറേ …!, ,
അപ്പൊ വിശപ്പങ്ങട് തള്ള്യാ വരും ..!
വാടാ പോത്തേ .., നമുക്കൊരു കൈ നോക്കാടാന്നും പറഞ്ഞ് ..!
എന്നിട്ടാ .., പാടത്തും .., പറമ്പിലും .., പിള്ളേര്യേം .., കൊണ്ട് ഒരു വാക്കൌട്ട്…!, ഒരാഴ്ചത്തെ മുഴുവന്‍ കാര്യങ്ങളും അവര്‍ക്ക് …, പറയാനുണ്ടാവേ …!
വെച്ച ചെടികളൊക്കെ .., നന്നായി വളര്‍ന്നോ ..?, പൂവ് പൂത്തോ .., ?, മാവ് കായ്ച്ചോ …?നെല്ല് കൊയ്തോ …?, കിളി വന്നോ …?അടക്കാ പക്ഷി കരഞ്ഞോ..?, കഴിഞ്ഞാഴ്ച്ച കണ്ട പാടത്തത്ത .., ഈയ്യാഴ്ച്ച .., വീണ്ടും വന്നോ ..?
ഇതൊക്കെ അന്വേഷിക്കണ ഒരു നടത്തം .., പിള്ളേരാണെങ്ക്യെ .., നമ്മടെ വാലേ തൂങ്ങി …!
എല്ലാ കാര്യങ്ങളും .., അവര്‍ നമുക്ക് നല്ല ..വള്ളി പുള്ളി വിടാണ്ട് .., വിശദീകരിച്ചു തരും …!
”അപ്പാ .., ദേ .., കഴിഞ്ഞാഴ്ച്ച .., വന്ന നമ്മടെ .., ആ കിളീല്ല്യേ …, അതിനെ കാണാല്ല്യാട്ടാ …!, പിന്നെ നമ്മടെ ആ ചെന്തെങ്ങ്മ്മേ .., കണ്ട കിളിക്കൂടില്ലേ…?, അതില്‍ കിളി മുട്ടേ ട്ടു ….അപ്പാ ….!”
മൂത്തോന് .., പറഞ്ഞുകൊണ്ടിരിക്കുമ്പോ .., താഴേള്ളോനും .., വാശി കേറും ..!, അവന് മാത്രം ഇങ്ങനെ ചറപറാ .., സംസാരിച്ച് കൊണ്ടിരിക്കല്ലേ …?, ഇതൊക്കെ കേക്കുമ്പോ അവനും മൂച്ച് കേറും …!
സംഗതി ഒന്നും പറയാന്‍ അറിയില്ലെങ്കിലും .., എന്തേങ്കിലും പറയണല്ലോ..?
”അപ്പാ .., മ്മടെ കൊളത്തില് …, ഞാന്‍ കുളിക്കാന്‍ ഇറങ്യപ്പോ .., ആ മീന്‍ എന്നെ കടിക്കാന്‍ വന്നപ്പാ ….!, പക്ഷേ .., ഞാനോടി …!, നമുക്ക് അവനെ തല്ലണപ്പാ…”!
”നീ പേടിക്കേണ്ടടാ… , നമുക്ക് .., അവനെ പിടിച്ച് …,, നല്ല ഇരുമ്പന്‍ പുളിയും .., തേങ്ങാപ്പാലും ചേര്‍ത്ത് .., കൂട്ടാന്‍ വെക്കാം ….”!
പിന്നെ .., മാവിന്റെ മറെല്‍ വെച്ച് …, മക്കള്‍ കാണാണ്ട് ഭാര്യക്കൊരെണ്ണം…!
”യേത് …”?
”ഒരു സ്മോളേ ….”!
ഇതെല്ലാം കഴിഞ്ഞ് …, കുളത്തിലൊന്ന് .., വിശാലമായി നീന്തിക്കുളിച്ച്.., വീട്ടിലോട്ട് കേറി ചെല്ലുമ്പോഴേക്കും .., , ബീഫെല്ലാം നന്നായി വെന്ത് .. ചാറെല്ലാം കുറുകി …, നല്ല കുമു കുമാ മണത്തോടെ റെഡി ആയിട്ടിണ്ടാവും ..,
അതും .., നല്ല ആറ്റുമീന്‍ കുടംമ്പുളിയിട്ടു വറ്റിച്ചതും … പിന്നെ , നാടന്‍ കപ്പ പച്ചമുളക് അരച്ചു ചേര്‍ത്തതും കൂട്ടി ഒരു പിടി പിടിച്ചാ .., പിന്നെ വയറ് രണ്ടെണ്ണം ആയിട്ടേ നിറുത്തുള്ളൂ …!
അത് കഴിഞ്ഞ് വിശാലായൊരു ശയനം …!
ഇതൊക്കെല്ല്യെടോ .., നമ്മടെ ഒരു സണ്‍ഡേ സന്തോഷം …?, എന്നാ ഇതിപ്പോ ശനിയാഴ്ച്ച തന്നെ .., ഇനി ഒരു ദിവസം കൂടി ലീവല്ലേ എന്ന് കരുതി അങ്ങട് വീശി തൊടങ്ങും …!, പിന്നെ ഈ സാധനം ശനിയാഴ്ച്ച തന്നെ വാങ്ങി വെക്കാണല്ലോ …?
എന്നിട്ടെന്താ .., ഞായറാഴ്ച്ച ഒരു മൂഡും ഉണ്ടാവില്ല .., ഹാങ്ങ് ഓവര്‍ .., തലവേദന .., അങ്ങിനെ എല്ലായി ..,ആ ദിവസങ്ങട് വെറുതേ പൂവും …!
ഒന്നൂല്ലെങ്കെ .., ഇതങ്ങ്ട് നിര്ത്താ …!, ഒരു ദിവസം പോലും വേണ്ടാന്ന് ..!
നമ്മളും കൂടി തിരഞ്ഞെടുത്തോര് .., അവരുടെ ഇഷ്ട്ടത്തിനാ .., ഇനി നമ്മള് കുടിക്കാന്‍ പാടുള്ളൂന്ന് .., പറഞ്ഞാല്‍ …?
ഇനീപ്പോ നമ്മടെ വോട്ടൊന്നും വേണ്ടാത്രേ …!, കുടിക്കണോരുടെ വോട്ടൊന്നും വേണ്ടാന്നാ .., പറയണെ …!
ഈ .., കുടിക്കണോര്ന്ന് .., പറയുമ്പോ …., വല്ലപ്പോഴും കുടിക്കണോരും പെടൂല്ല്യെ …?
”പിന്നെന്താ .., സംശയം ..?, കുടിക്കണോര്ന്ന് പറയുമ്പോ …, അതില്‍ എല്ലാവരും പെടുന്നേ .., !, അതില്‍ ദിവസക്കണക്കും .., മാസക്കണക്കും ഒന്നൂല്ല്യാന്നെ ..!
അപ്പൊ പ്പിന്നെ ഇലക്ഷന് ഇല്ലാണ്ടെന്നെ ഒരു പാര്‍ട്ടിക്ക് ജയിക്കാലോ ..?
”വിനാശകാലേ.., വിപരീത ബുദ്ധി …!”
നമ്മടെ ആള്‍ക്കാര്‍ക്കൊക്കെ ..ഒരു വല്യേ നിനപ്പുണ്ട് …, അതായത് .., നമ്മളൊക്കെ ഭയങ്കര ബുദ്ധിക്കാരും .., മറ്റുള്ളവരൊക്കെ .., വെറും കിഴങ്ങന്‍മാരാണെന്നും ..!
മറ്റുള്ളവരുടെ ബുദ്ധിയോ .., കഴിവുകളോ .., നമ്മളൊട്ട് .., അംഗീകരിച്ചു കൊടുക്കാറുമില്ല ..!
അതെന്താന്ന് ചോദിച്ചാ .., അത് മലയാളീടെ .., മാത്രം ഒരു പ്രത്യേകതയാ..!
”തിന്നൂല്ലാ …, തീറ്റിക്കൂല്ല്യാ ….”!
അല്ലെങ്കി .., ലോകത്ത് എവിടെയെങ്കിലും .., ഇത്തരമൊരു .., നാട്ടു നടപ്പ് കേട്ടു കേള്‍വി പോലുമുണ്ടോ ….?
ഒന്നാന്തീം .., ഞായറാഴ്ച്ചകളും .., മദ്യം കൊടുക്കകേലാന്ന് ..!
ഇതിനൊക്ക്യാ .., ഈ ബല്യേ .., ബല്യേ.., ആള്ക്കാര് പറേണത്..!
”ഏത് കാര്യത്തിനും ഒരു ലോജിക്ക് വെണന്ന്‍ …”,
യേത് …?
”ലോജിക്കേ ….!”