1. ഒരാള്‍ ഒറ്റയ്ക്ക് ചിരിക്കുന്നു. 

കമ്പാര്‍ട്ട്‌മെന്‍റില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.എല്ലാവരും തികഞ്ഞ ഗൌരവത്തില്‍ ഇരുപ്പുറപ്പിച്ചു.വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

ഹാര്‍മോണിയവും കൊണ്ട് ഒരാള്‍ ശ്രുതിമധുരമായി ആയിരം പാദസരങ്ങള്‍ ആലപിച്ചു തുടങ്ങി.എല്ലാവരുടെയും മുഖത്തെ ഘനഭാവം ഒന്ന് കൂടി കനത്തു.

അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണ്, ഒന്നും മിണ്ടാതെ വച്ചുകെട്ടിയ ഗാംഭീര്യത്തോടെ ബലം പിടിച്ചങ്ങനെ ഇരിക്കും.ഒരു നല്ല പാട്ട് കേട്ടാലോ തമാശ കേട്ടാലോ അനങ്ങില്ല.

എല്ലാവരെയും വീക്ഷിച്ച ശേഷം ഒരു ചെറുപ്പക്കാരന്‍ പതുക്കെ ചിരിച്ചു തുടങ്ങി.പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചിരി ഉച്ചസ്ഥായിയില്‍ കൊട്ടിക്കയറി.ഭൂരിപക്ഷം ആളുകളും ഒന്നും ശ്രദ്ധിക്കാതെ ഇരുന്നു.ചിലര്‍ ദേഷ്യഭാവത്തില്‍ അയാളെ തുറിച്ചു നോക്കി.പാട്ടുകാരന്‍ പാട്ടവസാനിപ്പിച്ച് അയാളുടെ അടുത്തേക്ക് ചെന്നു.എന്നിട്ട് പറഞ്ഞു.”ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ മാഷെ.ഈ കൊലച്ചിരി ഒന്ന് നിര്‍ത്ത്‌”.

ചിരി നിര്‍ത്താന്‍ പാടുപെട്ടുകൊണ്ട് അയാള്‍ പറഞ്ഞു “എടോ താന്‍ എത്ര തൊണ്ട പൊട്ടിച്ചാലും ഈ ശരീരങ്ങള്‍ അനങ്ങില്ല.കാരണം അവര്‍ എല്ലാവരും എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഇരകളാണ്.ഇവര്‍ ചിരിച്ചാല്‍ അല്ലെങ്കില്‍ ഇപ്പോഴുള്ള ഭാവം വെടിഞ്ഞാല്‍, ഞങ്ങള്‍ പട്ടിണിയാകും. ഞങ്ങളുടെ പഠിപ്പും അധ്വാനവും വെറുതെയാകും. താന്‍ ഇവറ്റകളെ നന്നാക്കാണ്ട് സ്ഥലം വിടാന്‍ നോക്ക്.”

“നിങ്ങളാരാ”? പാട്ടുകാരന്‍ ചോദിച്ചു.

“ഞാനോ? ഞാനൊരു കാര്‍ഡിയാക്‌ സര്‍ജന്‍, ഇനി താനിവിടെ നിന്നാല്‍ ഞാന്‍ കരയും..ദയവു ചെയ്തു നിങ്ങള്‍ പോകൂ, എന്നെ കരയിക്കല്ലേ”..

പാട്ടുകാരന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങി.

അപ്പോഴും അവിടെയുണ്ടായിരുന്ന സമൂഹം ഗാംഭീര്യം വിടാതെ ഇരുന്നു…മൊബൈല്‍ മോര്‍ച്ചറിയിലേക്ക് ആവശ്യമായ ഭാവം പരിശീലിച്ച് കൊണ്ട്…….

**********

2. ജീവിതം.

തീവണ്ടിയിലെ ജാലകക്കാഴ്ച പോലെ ആണ് ജീവിതം.

നമ്മുടെ കാഴ്ചകള്‍ പുറകോട്ട് ഓടിക്കൊണ്ടിരിക്കും. അതില്‍ ബാല്യവും, കൌമാരവും,യവ്വനവും,പച്ചപ്പും,വരള്‍ച്ചയും, എല്ലാമുണ്ടായിരിക്കും….

അവധിക്ക് മുത്തച്ച്ചനെയും മുത്തശിയെയും കാണാന്‍ പോകുമ്പോള്‍ അമ്മയുടെ മടിയിലിരുന്ന്‍ ഈ ജാലകത്തിലൂടെ പുറകോട്ടോടുന്ന മരങ്ങളെയും വീടുകളെയും ആളുകളെയും അദ്ഭുതത്തോടെ കണ്ടതും…..

പ്രായമുള്ളവരുടെ സ്നേഹത്തണലില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവധികള്‍ ആഘോഷിച്ചതും….

പ്രായമുള്ള സ്നേഹവാല്സല്യങ്ങളെ മരണം തല്ലിക്കെടുത്തിയതും….

ഒരിക്കലും പിരിയില്ലെന്നു കരുതിയവര്‍ എന്തിനെന്നറിയാതെ അകന്നതും….

കണ്ണടച്ചാലും അങ്ങനെ അങ്ങനെ പുറകോട്ടോടുന്ന എത്ര എത്ര കാഴ്ചകള്‍….

മഴത്തുള്ളി മുഖത്തടിച്ചപ്പോള്‍ കണ്ണ് തുറന്നു.

ജാലകത്തിന്‍റെ കണ്ണാടിച്ചില്ല് താഴ്ത്തുമ്പോള്‍, ചുളിവുകള്‍ വീണ കയ്യില്‍ പറ്റിയിരുന്ന ഒരു വെളുത്ത മുടി കാറ്റില്‍ എവിടേക്കോ പറന്നു പോയി………….

********

You May Also Like

‘എസ്ര’ പടത്തിനു നന്ദി : കറുത്ത യഹൂദന്മാരെ ഓർമ്മിക്കാൻ എങ്കിലും ഒരു താൾ മാറ്റി വെച്ചതിന്

2 വർഷം മുൻപ് സുഹൃത്തുമൊത്തു ചേന്നമംഗലം ഒപ്പം പറവൂർ സിനഗോഗുകൾ സന്ദർശിക്കാൻ പോയി. പാലിയം ക്ഷേത്രത്തിന്റെ , പെരിയാറ്റിലേക്കുള്ള കുന്നിൻ

ഇങ്ങനെയാണ് ഒന്നര കോടി വരുന്ന വിവരങ്ങള്‍ ഫെസ്ബുക്ക് സൂക്ഷിക്കുന്നത്

ലോകമെമ്പാടും ഉള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെസ് ബുക്ക് പോലെയുള്ള വമ്പന്‍ കമ്പനികള്‍ എങ്ങനെ സൂക്ഷിച്ചു വയ്ക്കുന്നു?.

മൊബൈല്‍ വിശേഷങ്ങള്‍

‘സര്‍, താമരശേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്നുച്ചകഴിഞ്ഞു ബസ്സപകടം വല്ലതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?’

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Fazil Razak സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് അതിര്. പേര് സൂചിപ്പിക്കുന്നതുപോലെ ഇത് അതിരുകളുടെ കഥയാണ്.…