ഒരു ദുസ്വപ്നം ടാഗ് ചെയ്യുന്നു – ഒരു ഫേസ്ബുക്ക് കഥ
അവളുടെ മഷിയെഴുതിയ വിടര്‍ന്ന തെളിഞ്ഞ കണ്ണുകള്‍ കനംതൂങ്ങിത്തുടങ്ങി. രാത്രി ഏറെ വൈകി. ശിശിര നിലാവ് പോലും ഉറങ്ങാന്‍ പോയി. നനുത്ത ചുണ്ടുകളില്‍ ആലസ്യം വിറകൊണ്ടു. ശരീരം കീ ബോര്‍ഡിലേക്ക് ചായാന്‍ തുടങ്ങി. മൌസില്‍ അടയിരിക്കുന്ന വലത്തേ കൈയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം ഇടയ്ക്ക് പിടഞ്ഞുണര്‍ന്നു കൊണ്ടിരുന്നു. പുസ്തകത്തിലെ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുകയായിരുന്നു അവള്. നിദ്ര അരിച്ചു കയറുമ്പോള്‍ മോനിട്ടറില് തന്നെ കണ്ണുറപ്പിക്കാന്‍ വൃഥാശ്രമം നടത്തി.
77 total views
അവളുടെ മഷിയെഴുതിയ വിടര്‍ന്ന തെളിഞ്ഞ കണ്ണുകള്‍ കനംതൂങ്ങിത്തുടങ്ങി. രാത്രി ഏറെ വൈകി. ശിശിര നിലാവ് പോലും ഉറങ്ങാന്‍ പോയി. നനുത്ത ചുണ്ടുകളില്‍ ആലസ്യം വിറകൊണ്ടു. ശരീരം കീ ബോര്‍ഡിലേക്ക് ചായാന്‍ തുടങ്ങി. മൌസില്‍ അടയിരിക്കുന്ന വലത്തേ കൈയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം ഇടയ്ക്ക് പിടഞ്ഞുണര്‍ന്നു കൊണ്ടിരുന്നു. പുസ്തകത്തിലെ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുകയായിരുന്നു അവള്. നിദ്ര അരിച്ചു കയറുമ്പോള്‍ മോനിട്ടറില് തന്നെ കണ്ണുറപ്പിക്കാന്‍ വൃഥാശ്രമം നടത്തി.
കാണെക്കാണെ തെളിഞ്ഞു വന്ന ജാലകക്കീറിലൂടെ പുറത്തേക്കു പോകാന്‍ ഭ്രാന്തമായ ഒരു അഭിനിവേശം ഉള്ളില്‍ നുരയിളക്കി. അന്തരീക്ഷത്തിലൂടെ അപ്പൂപ്പന് താടിപോലെ തെന്നി നീങ്ങവെ പെട്ടെന്ന് അതിവേഗത്തില്‍ താഴെ പതിക്കുന്നത് അവള് അറിഞ്ഞു. എന്തൊരത്ഭുതം! ചെന്നു വീണത് ”പട്ടുമെത്ത” എന്ന ഗ്രൂപ്പില്‍.
കൈകാലിട്ടടിച്ച് രക്ഷപ്പെടാന്‍ നോക്കവെ സെമിത്തേരിയിലെ അസ്ഥിപഞ്ജരങ്ങളുടെ രൂപമുള്ള വേതാളങ്ങള്‍ അവളെ പൊതിഞ്ഞു. മെല്ലിച്ച നീണ്ട കൈകളാല്‍ താഴേക്ക് വലിച്ചു. കുഴിഞ്ഞ കണ്ണുകളാല്‍ അവളെ വായിച്ചു. ലൈക്കുകള്‍ കൊണ്ട് ചുംബിച്ചു. ഷെയര്‍ ചെയ്ത് സ്നേഹം പങ്കുവെച്ചു. പ്രേമപൂര്‍വമുള്ള കമന്റുകളാല്‍ അവളെ ആര്ദ്രചിത്തയാക്കി. ടാഗുകള്‍ കൊണ്ട് അവളെ സ്വന്തം ഇമേജുകളോട് വരിഞ്ഞുകെട്ടി. ഇവന്റുകള്‍ അവതരിപ്പിച്ച് മോഹിപ്പിച്ചു. മെസ്സേജുകളുടെ സ്വകാര്യതയിലേക്ക് ക്ഷണിച്ചു. ചാറ്റിംഗിന്റെ വര്‍ണാഭമായ ലോകത്തേക്ക് ഊളിയിടാന്‍ പ്രേരിപ്പിച്ചു. ആണ്‍ചൂര് കൊതിച്ച് കൊഞ്ചിയ അവളോട് സ്െ്രെതണതയുള്ള പുരുഷസ്വരത്തില്‍ ”ഞാന്‍ ഫീമെയിലാണെ”ന്ന് മൊഴിഞ്ഞു.
സഹികെട്ട അവള് സ്റ്റാറ്റസില്‍ ഇങ്ങനെ എഴുതി ”ഞാന്‍ ഒരു പുരുഷനാണ് ” ശരിക്കും അവള് ഞെട്ടിപ്പോയി! ഈയാംപാറ്റകളെപോലെ വന്നണഞ്ഞ സുഹൃത്തുക്കള്‍ എല്ലാം എവിടെ? രാത്രിയുടെ അന്ത്യയാമത്തില്‍ മയങ്ങിയ അവള് രാവിലെ ഉണര്‍ന്നപ്പോള്‍ ദുഃസ്വപ്നത്തിന്റെ അവസാനത്തെ അങ്കവും കഴിഞ്ഞിരുന്നു. ഞെട്ടിയെഴുന്നേറ്റ് എവിടെയാണ് കിടക്കുന്നതെന്നറിയാന്‍ സ്വന്തം കിടക്ക പരതി. സമാധാനം! ”കാത്തിരിപ്പ്” എന്ന ഗ്രൂപ്പിലാണുള്ളത്. ഫ്രെണ്ട് ആക്ടിവിറ്റി ഇല്ല. ആളും ആരവവുമില്ല. ചുറ്റും വരണ്ട പാടങ്ങള്‍ മാത്രം.
വര്‍ഷങ്ങളായി ഒരു പോസ്റ്റും ഇല്ലാത്ത ആ വിജനസ്ഥലിയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ ദൂരെയായി അടുപ്പുകൂട്ടി തീകായുന്ന ഒരു വൃദ്ധസുഹൃത്തിനെ അവള് കണ്ടു. കാരുണ്യം വഴിയുന്ന അയാളുടെ കണ്ണുകളിലെ ആര്‍ജവത്വം അവള് ഹൃദയത്തോട് ചേര്‍ത്തു. വിറയാര്‍ന്ന നേര്‍ത്ത വിരലുകൊണ്ട് അവള് അയാളെ തൊട്ടു. ഒരു പുരുഷായുസ്സ് തീകാഞ്ഞിട്ടും കിട്ടാതിരുന്ന ഉഷ്ണം അയാളുടെ സിരകളിലേക്ക് ഇരച്ചു കയറി. കൈവിട്ടുപോകാതിരിക്കാനുള്ള ആന്തലില്‍ അയാള്‍ അവളെ മൃദുവായി എന്നാല്‍ ദീര്‍ഘമായി പരിരംഭണം ചെയ്തു. എന്നിട്ട് കരുതലോടെ കാറ്റുപോലെ പതുക്കെ അവളുടെ ചെവികളില്‍ മന്ത്രിച്ചു. ”നിനക്കു തോഴനായി ഞാനുണ്ട്”. മുഗ്ദ്ധയായ അവള് പാതികൂമ്പിയ കണ്ണുകളാല്‍ അയാളെ തരള ചിത്തനാക്കി.
സംവത്സരങ്ങളുടെ വിയര്‍പ്പുനിറഞ്ഞ ആഗാമിഭാണ്ഡം അയാള്‍ ഒന്നൊന്നായി അവളിലേക്ക് മതിയാവാതെ വീണ്ടും വീണ്ടും ഇറക്കിവെച്ചു. വരണ്ട വയലേലകളില്‍ പുതുമഴയുടെ ഗന്ധം നിറഞ്ഞു . ജരാനരകള്‍ ആദ്യപ്രണയത്തിന്റെ ലഹരിയില്‍ ഉന്മാദനൃത്തം ചവിട്ടി. ജന്മാന്തരങ്ങളുടെ ജലപ്പരപ്പിലൂടെ എങ്ങോ ഒഴുകുന്ന പ്രാരാബ്ദത്തോണിയിലെ ആ രണ്ട യാത്രക്കാര്‍ കല്പാന്തകാലം വരെ ഇങ്ങനെ പിരിയുകയും വീണ്ടും കണ്ടുമുട്ടുകയും ചെയ്യുമായിരിക്കും. സഞ്ചിതം തീരുംവരെ അല്ലേ? അപ്പോഴും ഭീമന് ചിലന്തി കാക്കത്തൊള്ളായിരം ഓര്‍ക്കൂട്ടും ഫേസ്ബുക്കും ഉണ്ടാക്കി അവര്‍ക്കുവേണ്ടി വലയൊരുക്കിക്കൊണ്ടേയിരിക്കും. വീണ്ടും വീണ്ടും നീരൂറ്റിക്കുടിച്ചു നാവു നൊട്ടിനുണയും.
78 total views, 1 views today
