ഒരു നിക്കാഹിന്റെ ഓര്‍മയ്ക്ക്..
അഹമ്മദ് ഹാജി നാട്ടിലെ പ്രമാണിയാണ് . ഹാജിയുടെ മകളുടെ കല്യാണമാണ് നാളെ . സംശയിക്കേണ്ട നസീമയുടെ തന്നെ . സുന്ദരിയായ നസീമയുടെ നിക്കാഹ്. അത്രയ്ക്ക് മൊഞ്ചുള്ള ഒരു പെണ്‍കുട്ടി ആ നാട്ടിലെങ്ങും ഇല്ല . അത് കൊണ്ട് തന്നെ നസീമയെ മനസ്സ് കൊണ്ടെങ്കിലും പ്രണയിക്കാത്ത പുരുഷന്മാര് ആ നാട്ടില്‍ ഉണ്ടാവില്ല .
ഈ ഞാനും അതിലൊരാള്‍ ആണ് .
53 total views

അഹമ്മദ് ഹാജി നാട്ടിലെ പ്രമാണിയാണ് . ഹാജിയുടെ മകളുടെ കല്യാണമാണ് നാളെ . സംശയിക്കേണ്ട നസീമയുടെ തന്നെ . സുന്ദരിയായ നസീമയുടെ നിക്കാഹ്. അത്രയ്ക്ക് മൊഞ്ചുള്ള ഒരു പെണ്‍കുട്ടി ആ നാട്ടിലെങ്ങും ഇല്ല . അത് കൊണ്ട് തന്നെ നസീമയെ മനസ്സ് കൊണ്ടെങ്കിലും പ്രണയിക്കാത്ത പുരുഷന്മാര് ആ നാട്ടില്‍ ഉണ്ടാവില്ല .
ഈ ഞാനും അതിലൊരാള്‍ ആണ് .
എന്നെ മനസ്സിലായില്ലേ …?
ഫൈസല്‍ ..
കുന്നുംപുറത്തെ മുഹമ്മദ് കുട്ടിയുടെ ഒരേയൊരു മകന്.
ഞാന്‍ മാത്രമല്ല നവാസ്,സുബൈര്‍, ഷഫീക്, മാത്തുക്കുട്ടി തുടങ്ങി എന്റെ കൂട്ടുകാരില്‍ പലരും അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നസീമയെ മനസ്സ് കൊണ്ട് പ്രണയിക്കുന്നവരാണ്.
ഇതില്‍ എനിക്കൊരല്പ്പം സ്നേഹം കൂടുതല്‍ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഞാനത് സമ്മതിക്കും . അങ്ങനെ സമ്മതിക്കാനെ പറ്റൂ . സംഗതി സത്യമാണ് .
ഓത്തുപള്ളിയില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് നസീമയെ അറിയാം. പൂക്കളോടും പറവകളോടും ചിരിച്ചും കളിച്ചും നടക്കുന്ന ബാല്യകാലം തൊട്ട്. അന്ന് തൊട്ടേ ഞാന്‍ നസീമയുടെ പിന്നാലെ ഉണ്ടായിരുന്നു . സ്കൂളിലും കോളേജിലും ഒക്കെ അവളറിയാതെ അവളുടെ പിന്നാലെ ഞാനുണ്ടായിരുന്നു . ഞാന്‍ മാത്രമല്ല പല കാലങ്ങളിലായി എന്നിലേക്ക് വന്നു ചേര്‍ന്ന എന്റെ കൂട്ടുകാരും . പല കാര്യങ്ങളിലും ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ തര്‍ക്കിക്കുമായിരുന്നു. പക്ഷെ നസീമയോടുള്ള പ്രണയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കങ്ങള്‍ക്കും സ്ഥാനമില്ലായിരുന്നു .
“ആ തെക്കെവീട്ടിലെ കുട്ടിയില്ലേ ആ നസീമ , എന്ത് നല്ല കുട്ടിയാ.അല്ലേ..? ”
ഒരിക്കല്‍ ഉമ്മ ഉപ്പാനോട് പറയണത് മുറിയിലിരുന്നു ഞാന്‍ കേട്ടു
” ഏത്..? മ്മടെ അഹമ്മദ് ഹാജീന്റെ കുട്ട്യോ..? ” ഉപ്പ ചോദിച്ചു .
” അതേന്നെ….ഈ നാട്ടിലെ പെങ്കുട്ട്യോള് മുഴുവനും ഓളെ കണ്ടു പഠിക്കണം. നല്ല അച്ചടക്കമുള്ള കുട്ടി . പടച്ചോന്റെ അനുഗ്രഹം കിട്ടിയ കുട്ട്യാ…….മ്മടെ ഫൈസലിനും അത് പോലെ ഒരു കുട്ടീനെ കണ്ടു പിടിക്കണം ” ഉമ്മ ഉപ്പാനോട് പറഞ്ഞു
“എന്തിനു വേറെ കുട്ടി ഉമ്മാ .നസീമ തന്നെ പോരെ ….എനിക്ക് നൂറു വട്ടം സമ്മതാ ”
എന്റെ മനസ്സ് ഉമ്മയോട് പറഞ്ഞു.
അത്രയ്ക്ക് ഇഷ്ടായിരുന്നു എനിക്ക് നസീമയെ . പക്ഷെ ഒരിക്കല്‍ പോലും അവള് എനിക്ക് മുഖം തന്നിട്ടില്ല . ഒരിക്കല്‍ പോലും ഞാനെന്റെ സ്നേഹം പ്രകടിപ്പിച്ചിട്ടുമില്ല .നാട്ടിലെ പ്രമാണിയുടെ മകള്‍ , നല്ല ദീനിയായ കുടുംബം . അത് കൊണ്ടൊക്കെ തന്നെയാകും എല്ലാ കാര്യത്തിലും ഒരു അച്ചടക്കം നസീമ പുലര്‍ത്തിയിരുന്നു .
തട്ടമിട്ടു കോളേജില്‍ വരുന്ന,
അച്ചടക്കത്തോടെ പെരുമാറുന്ന നസീമയോട് ഞാന്‍ എങ്ങനെ പറയും എനിക്ക് നിന്നെ ഇഷ്ടമാണെന്ന്, നിന്റെ എല്ലാ സന്തോഷങ്ങളിലും എനിക്ക് പങ്കു ചേരണമെന്ന് , ഈ ജീവിതത്തില്‍ നിന്നിലേക്ക് വന്നു ചേരുന്ന എല്ലാ നിമിഷങ്ങളും നിന്റെ തൊട്ടടുത്ത് നിന്ന് എനിക്ക് കാണണമെന്ന്.
കഴിയില്ല ..എനിക്ക് അതിനു കഴിയില്ല .
എന്റെ കൂട്ടുകാര്‍ പലരും അവരുടെതായ വഴികളിലൂടെ തങ്ങളുടെ പ്രണയം അവളെ അറിയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു . അപ്പോഴെക്കെ ഞാന്‍ മാത്രം നിശബ്ദനായി നടന്നു . ഉള്ളില്‍ ഒരു കടലോളം സ്നേഹം ഒളിപ്പിച്ച്.
അവരുടെ ശ്രമങ്ങള്‍ ഓരോന്നും മാലപ്പടക്കങ്ങള്‍ പോലെ പൊട്ടിക്കൊണ്ടിരുന്നു. സുബൈറും നവാസും വളരെ ചെറുപ്പത്തിലെ നിരാശാകാമുക അസോസിയേഷനില്‍ ആജീവനാന്ത മെമ്പര്‍ഷിപ്പ് എടുത്തു .
കൂട്ടത്തില്‍ ധൈര്യവാന് ഷഫീക് ആയിരുന്നു . ഒരിക്കല്‍ ക്ലാസ്സ് വിട്ടു വരുന്നനേരം അവന് നേരെ നസീമയുടെ അടുത്തെത്തി. ഞങ്ങള്‍ കൂട്ടുകാര്‍ കാമ്പസിലെ വലിയ മരത്തിനു പിന്നില്‍ നിന്ന് അത് ശ്രദ്ധിച്ചു
“എനിക്ക് നസീമയെ ഇഷ്ടമാണ് ”
ഷഫീക് നേരെ കാര്യത്തിലേക്ക് കടന്നു . എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയതായി തോന്നി . പക്ഷെ ആ വേഗതക്ക് ആയുസ്സുണ്ടായിരുന്നില്ല . വളരെ പെട്ടെന്ന് തന്നെ അത് നോര്‍മലായി . മുഖത്തെ തട്ടം മാറ്റാതെ തന്നെ നസീമ ആ ഇഷ്ടം നിരസിച്ചു . ഷഫീക്കിന്റെ മുഖഭാവത്തില്‍ നിന്നും എനിക്കത് മനസ്സിലായി . ഞാന്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു . എന്റെ തൊട്ടു പിറകില്‍ നിന്നും മറ്റുള്ളവരും
അടുത്തത് മാത്തുക്കുട്ടിയുടെ ഊഴമായിരുന്നു. അത്ഭുതമെന്നു പറയട്ടെ അവന്റെ ശ്രമം, അതും പരാജയപ്പെട്ടു. പക്ഷെ മാത്തുക്കുട്ടിക്കു അഭിമാനിക്കാം . മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത ഒരു സമ്മാനം നേടിയെടുത്തതിന് . നസീമയുടെ ഇക്കയുടെയും കൂട്ടുകാരുടെയും കയ്യടയാളങ്ങള്‍. അത് അവന്റെ ദേഹത്ത് മഴവില്ല് വിരിയിച്ചു . എസ് ഐ പോസ്റ്റിങ്ങ് പ്രതീക്ഷിച്ചു നിന്ന നസീമയുടെ ഇക്കക്ക് അതിനു മുന്നേ ഇടിയുടെ ഒരു ചെറിയ ട്രെയിനിംഗ് കിട്ടി . മാത്തുക്കുട്ടിയിലൂടെ . ഒടുവില്‍ മാത്തുക്കുട്ടി, അവന് ഒരാഴ്ചയോളം ഹോസ്പിറ്റലില്‍ ആയിരുന്നു .ഡിസ്ചാര്‍ജ് ആയി നേരെ പോയത് നിരാശാകാമുക അസോസിയേഷനിലേക്കാണ്. അവര്‍ അവനെ അവരുടെ പ്രസിഡന്റ് ആക്കി .
അടുത്തത് ഞാന്‍ ആയിരുന്നു . എന്റെ ഊഴം. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല . കാരണം മറ്റൊന്നുമല്ല .
ഭയം .
നിരാശാകാമുക അസോസിയേഷനില്‍ എന്നെയു കാത്തിരിക്കുന്ന ഒരു മെമ്പര്‍ഷിപ്പ് . അതെന്നെ വല്ലാതെ ഭയപ്പെടുത്തി . വേണ്ട ഒന്നും വേണ്ട . എന്റെ പ്രണയം ആരുമറിയണ്ട. എന്റെ സ്നേഹം നസീമ നിരസിച്ചാല്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കും . വേണ്ട എന്റെ സ്നേഹം എന്റെ ഉള്ളില്‍ തന്നെ ഇരുന്നോട്ടെ . കാലങ്ങള്‍ എത്ര കഴിഞ്ഞാലും അതവസാനിക്കില്ല .
ഒന്ന് രണ്ടു വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയി .
ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഒരുപാടു മാറ്റങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചു . മാറ്റമില്ലാതെ തുടര്‍ന്നത് എന്റെ പ്രണയം മാത്രം. ഈ കാലമത്രയും നസീമ ഒരുപാട് തവണ എന്റെ മുന്നിലൂടെ കടന്നുപോയി. ദൂരെ മാറി നിന്ന് അവളെ പലപ്പോഴും ഞാന്‍ കണ്‍നിറയെ കണ്ടു .
ഒടുവില്‍ നാളെ നസീമയുടെ കല്യാണം .
നാട്ടിലെ ജനങ്ങള്‍ മുഴുവനും ഇന്നവിടെയുണ്ട് .ഒപ്പനയും ദഫ് മുട്ടുമൊക്കെയായി ഒരു രാത്രി. അതും കഴിഞ്ഞു .പിറ്റേന്ന് വരനെയും കാത്തു നിന്നവരുടെ ഇടയിലേക്ക് വന്നു നിര്‍ത്തിയ വാഹനത്തില്‍ നിന്നും പുതു മണവാളന്റെ വേഷ ഭൂഷാധികളോടെ ഇറങ്ങിയത് മറ്റാരുമല്ല ഞാന്‍ ആയിരുന്നു .
കുന്നുംപുറത്തെ മുഹമ്മദ് കുട്ടിയുടെ മകന് ഫൈസല്‍.
നിക്കാഹ് കഴിഞ്ഞു ഞാന്‍ നസീമയുടെ അടുത്തേക്ക് ചെന്നു. മണവാട്ടിയുടെ സ്വതസിദ്ധമായ നാണത്തോടെ നസീമ അതാ നില്ക്കുന്നു . എന്റെ മാത്രം നസീമ . ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി . ആ മുഖത്ത് ഒരു നനുത്ത പുഞ്ചിരി ഞാന്‍ കണ്ടു . ഞാന്‍ അവളുടെ കരം ഗ്രഹിച്ചു .ഒരിക്കലും എന്റെതാകില്ല എന്ന് കരുതിയ നസീമ . ഇതാ എനിക്ക് സ്വന്തം.
ഒരു മാസം മുന്നേയാണ് അത് നടന്നത് . ഉപ്പയും ഉമ്മയുമാണ് എല്ലാത്തിനും മുന്‍ കൈ എടുത്തത്. എന്റെ മനസറിഞ്ഞത് പോലെ. എനിക്ക് പെണ്ണ് ചോദിച്ചു ചെന്നതും അവളുടെ വീട്ടുകാര്‍ അതിനു സമ്മതിച്ചതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അവള്‍ക്കു കൊടുക്കാനായി മനസ്സില്‍ കരുതി വെച്ച സ്നേഹം ഇനി എനിക്ക് നല്കിതുടങ്ങണം .
അന്ന് വൈകുന്നേരം നടന്ന വിരുന്നു സല്കാരത്തില് ഒരു പാട് സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു . അതിലൊരെണ്ണം ഞാനിപ്പോഴും എന്റെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് .
ആ സമ്മാനപ്പൊതിക്ക് താഴെ സ്വര്‍ണ ലിപിയില്‍ ഇങ്ങനെ എഴുതിയിരുന്നു
വിവാഹമംഗളാശംസകള്‍
ഷഫീക് , സുബൈര്‍, നവാസ് , മാത്തുക്കുട്ടി
നിരാശാകാമുക അസോസിയേഷന് മെമ്പേഴ്സ്
54 total views, 1 views today
