ഒരു പോക്കറ്റടിക്കാരന്റെ മനസ്സലിഞ്ഞപ്പോള്‍ സംഭവിച്ചത് !

146

01

ചൈനക്കാരനായ ഒരു ഐഫോണ്‍ കള്ളനായ ഒരു പോക്കറ്റടിക്കാരന്റെ മനസ്സലിഞ്ഞപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും. ഫോണിന്റെ യഥാര്‍ത്ഥ ഉടമക്ക് ആ ഫോണില്‍ ഉണ്ടായിരുന്ന ആയിരത്തോളം വരുന്ന കോണ്ടാക്റ്റ് നമ്പറുകള്‍ മുഴുവന്‍ പേരുകള്‍ സഹിതം 11 ഓളം പേജുകളില്‍ ആയി എഴുതി പാര്‍സല്‍ അയച്ചാണ് ഈ മാന്യനായ കള്ളന്‍ പ്രൊഫഷണല്‍ എത്തിക്സ് പാലിച്ചത്. കള്ളന്‍ സ്വന്തമായി ഇത്രയധികം പേരുകള്‍ മെനക്കെട്ട് എഴുതി അയച്ചതില്‍ ഉള്ള അത്ഭുതത്തിലാണ് ഫോണിന്റെ ഉടമയായ സൌ ബിന്‍ ഇപ്പോഴും.

ഒരു ടാക്സിയില്‍ യാത്ര ചെയ്യവേയാണ് ഈ മാന്യനായ കള്ളന്‍ സൌവിന്റെ ആപ്പിള്‍ ഐഫോണ്‍ കവര്‍ന്നത്. ബാക്ക്അപ്പ്‌ കോപ്പി സൂക്ഷിക്കാത്ത തന്റെ ആയിരത്തോളം വരുന്ന കോണ്ടാക്റ്റ് നമ്പറുകള്‍ നഷ്ടപ്പെട്ട് വിഷമത്തിലായ സൌ കള്ളനെ കുറച്ചു ഭീഷണി സ്വരത്തില്‍ തന്നെ ഒരു എസ്എംഎസ് അയച്ചിരുന്നു. തന്റെ ഒപ്പം ടാക്സിയില്‍ ഇരുന്നയാളാണ് താങ്കളെന്നും താനകളെ കണ്ടുപിടിക്കുവാന്‍ തനിക്ക് പ്രയാസമൊന്നും ഇല്ലെന്നും എന്നൊക്കെയായിരുന്നു എസ്എംഎസില്‍ ഉണ്ടായിരുന്നത്.

ഫോണിലെ നമ്പറുകള്‍ പരിശോധിച്ചാല്‍ താനേത് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് താങ്കള്‍ക്ക് പിടികിട്ടുമെന്നും മെസേജില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് എത്രയും പെട്ടെന്ന് മൊബൈല്‍ തിരികെ തരുവാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മെസേജ്. ഒരു പബില്‍ ജോലി ചെയ്തിരുന്ന സൌവിന് സ്ഥലത്തെ പ്രധാന ഗുണ്ടകളുമായി ബന്ധം ഉണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷമാണ് സൌവിനു ഒരു പാര്‍സല്‍ ലഭിക്കുന്നത്. അതില്‍ തന്റെ സിം കാര്‍ഡും പതിനൊന്നോളം പേജുകളില്‍ വൃത്തിയായി എഴുതിയ നിലയില്‍ 1000 ത്തോളം കോണ്ടാക്റ്റ് നമ്പറുകളും ആണ് ഉണ്ടായിരുന്നത്.

കള്ളന്മാര്‍ക്കിടയിലെ ധര്‍മ്മബോധം എന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ്‌ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ചൈനയിലെ ട്വിട്ടര്‍ ആയ സിന വെഇബോയില്‍ ഒരു ഉപഭോക്താവ്‌ പ്രതികരിച്ചത് എന്ത് അനുകമ്പ ഉള്ളവനും സത്യസന്ധനുമായ കള്ളന്‍ എന്നുമാണ്. ഈ കള്ളന്‍ പ്രൊഫഷണല്‍ എത്തിക്സ് കാത്തു സൂക്ഷിച്ചു എന്നാണു മറ്റൊരാള്‍ പ്രതികരിച്ചത്.