ഒരു പോക്കറ്റ് ക്യാമറയിലെ പരീക്ഷണങ്ങള്‍

IMG_0500
 

ഞാന്‍ സ്വന്തമാക്കിയ എന്റെ ആദ്യകാല ക്യാമറകളായിരുന്നു പെന്റക്‌സ് K 1000, യാഷിക FX3, നിക്കോണ്‍ FM10, നിക്കോണ്‍ FM2 എന്നിവ. മുന്തിയ ക്യാമറകള്‍ അന്ന് രംഗത്തുണ്ടെങ്കിലും ഒരു കാലം കഴിയുമ്പോഴാകും എനിക്കത് സ്വന്തമാക്കാനാവുക. ഫോട്ടോഗ്രാഫിയോടുള്ള ഭ്രമം അസ്തമിച്ചപ്പോള്‍ എല്ലാം കയ്യില്‍ നിന്നു പോവുകയും ചെയ്തു. പിന്നെ ക്യാമറാ ഭ്രമം കലശലാവുന്നത് 2009 ലായിരുന്നു. പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ചിരുന്ന ഞാന്‍ 2009ല്‍ ഷാര്‍ജയില്‍ നിന്ന് വാങ്ങിയത് തീര്‍ത്തും അമച്വര്‍ ക്യാമറയായ ഒരു പോയിന്റ് & ഷൂട്ട് ക്യാമറയായിരുന്നു. സര്‍വ്വസാധാരണയായി ഉപയോഗിക്കപ്പെടുന്ന, ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന, പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത, ഒരു പരീക്ഷണവും നടത്താനാവാത്ത ഒരു ഓട്ടോഫോക്കസ് ക്യാമറ. 10 മെഗാപിക്‌സല്‍ ഉള്ള കാനോണ്‍ പവര്‍ ഷോട്ട്  A480 എന്ന ക്യാമറ ഏതാണ്ട് 3800 രൂപയ്ക്കാണെന്ന് തോന്നുന്നു അന്ന് ഞാന്‍ വാങ്ങിയത്. ഹൈ എന്‍ഡ് ക്യാമറകളില്‍ ഉള്ള ഒന്നും ഇതില്‍ പ്രതീക്ഷിക്കരുത് എന്നറിയാമെങ്കിലും ചുമ്മാ ഒരു രസം. മുന്‍പ് ഉപയോഗിച്ച 4 ഫിലിം ക്യാമറകള്‍ക്കുശേഷം ഞാന്‍ ആദ്യമായി വാങ്ങിയ ഡിജിറ്റല്‍ ക്യാമറയും ഇതായിരുന്നു. സാധാരണ എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും മാക്രോ ഓപ്‌ഷന്‍ കാണും. അത്തരത്തില്‍ കാനോണ്‍ പവര്‍ഷോട്ടിലെ മാക്രോ ഓപ്‌ഷന്‍ ഉപയോഗിച്ച്  ഫിക്‌സഡ് ലെന്‍സില്‍ മാക്രോ പടങ്ങളെടുക്കാന്‍ അല്ലെങ്കില്‍ ഒരു ടെലിലെന്‍സ് ഇഫക്ടില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ചിത്രങ്ങളാണ് താഴെ മലര്‍ന്ന് കിടക്കുന്നത്.