ഒരു ഭരണാധികാരിയുടെ നയപരമായ ഇടപെടൽ മറ്റൊരു നാട്ടിലെ ജനങ്ങളുടെ വിശ്വാസം നേടി എടുക്കുന്നു

366

Marshal

പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിൽ ഏറിയ സമയം ഒരിക്കൽ ഞാൻ കമ്പത്ത് പോയി . ആ നാടെങ്ങും അപ്പോൾ പിണറായിയുടെ പടമുള്ള വലിയ ഫ്ലെക്സുകൾ നിറഞ്ഞിരുന്നു .മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിയുടെ ആദ്യ വിജയം നേടിയ ദിവസങ്ങൾ ആയിരുന്നു അന്ന് .അതിലവർ അവരുടെ ദൈവമായി പൂജ ചെയ്തു വരുന്ന മുല്ലപ്പെരിയാർ ഡാം നിർമിച്ച ജോൺ പെന്നിക്യൂക്കിന്റെ പടത്തിന് ഒപ്പമായിരുന്നു പിണറായിയുടെ ചിത്രവും വച്ചത് . അന്നൊക്കെ കമ്പത്ത് ഉള്ള ആളുകളോട് സംസാരിക്കുമ്പോ ഒരു രോമാഞ്ചം ഉണ്ടാകുമായിരുന്നു . അത്രക്ക് ആദരവോടെ ആയിരുന്നു അവർ പിണറായിയെ പറ്റി പറഞ്ഞിരുന്നത് . അതി തീവ്ര തമിഴ് വാദി വൈക്കോ പിണറായിയെ വാനോളം പുകഴ്ത്തി . മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളികളോട് യുദ്ധം പ്രഖ്യാപിച്ച നേതാവായിരുന്നു വൈക്കോ. 

പുതിയ ഡാം എന്നത് അവർക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല . അക്കാര്യം കേരളം ഉന്നയിച്ചാൽ ആ നിമിഷം തമിഴ്‌നാട്ടിലെ മലയാളികൾ ഇടി കൊണ്ടു തുടങ്ങും . മുൻ മുഖ്യമന്ത്രി ജയലളിത ഒരു പടി കടന്ന് കൂടുതൽ കളിച്ചാൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ തമിഴ്‌നാട്ടിലെ ഭൂമി പിടിച്ചെടുക്കുമെന്നും അവരുടെ ബിനാമി സ്വത്ത് വിവരം വെളിയിൽ വിടുമെന്നും പറഞ്ഞു . അന്ന് ബോധം പോയ ജോസപ്പ് ഉൾപ്പടെ ഉള്ള നേതാക്കൾ പിന്നീടൊരിക്കലും നാവുയർത്തിയില്ല . മുല്ലപ്പേരിയാറിന് വേണ്ടി മരിക്കാൻ ഓടിയ ജോസപ്പ് തിരിഞ്ഞോടിയ വഴികളിൽ പിന്നൊരിക്കലും പുല്ല് കിളിർത്തിട്ടില്ല എന്നത് ചരിത്രമാണ് . മുല്ലപ്പെരിയാർ വിഷയത്തിൽ വല്ലാതെ തുള്ളിയാൽ ഞങ്ങടെ കയ്യിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത് വിടുമെന്ന് പറഞ്ഞതോടെ പണം പറ്റിയ പത്രക്കാരും കണ്ടം വഴി പാഞ്ഞു .

എനിക്ക് വ്യക്തിപരമായി പുതിയ ഡാം പണിയുന്നതിന് എതിർപ്പുണ്ട് കേട്ടോ . ഒരു ഗ്രാവിറ്റി ഡാം ആയ മുല്ലപ്പെരിയാർ കരകവിഞ്ഞു ഒഴുകിയാൽ അല്ലാതെ തകരില്ല എന്ന എന്റെ ബോധ്യത്തിൽ തന്നെയാണ് ഞാനിപ്പോഴും . ഗ്രാവിറ്റി ഡാം ഭാരം കൂടുന്നതിന് അനുസരിച്ച് സുരക്ഷിതമാകും എന്നാണ് എന്റെ ചെറിയ അറിവ് . ഭാരവും ഭൂമിയുടെ ഗുരുത്വാകർഷണ ബലവും ഉപയോഗിച്ചാണ് ഗ്രാവിറ്റി ഡാം നിലനിൽക്കുന്നത് . പുതിയ ഡാം വരുന്നതോടെ പെരിയാർ ടൈഗർ റിസർവ് വെള്ളത്തിൽ ആവും . അതോടെ ഇപ്പോൾ തന്നെ കാടും നാടും തമ്മിൽ അന്തരം കുറയുന്ന കിഴക്കൻ മലയിൽ കാട്ടു ജീവികൾ നാട്ടിലേക്ക് ഇറങ്ങും . കാരണം അവരുടെ ആവാസ വ്യവസ്ഥയാണല്ലോ വെള്ളം കവരുക ? അതോടെ കർഷകർ കൂടുതൽ ദുരിതത്തിൽ ആവും . അത്കൊണ്ട് പുതിയ ഡാം എന്ന സങ്കല്പം അനാവശ്യമായ ഒന്നാണെന്നാണ് എന്റെ അഭിപ്രായം . പക്ഷെ എന്നെപ്പോലുള്ള അല്പജ്ഞാനിയുടെ തോന്നൽ അല്ലല്ലോ വിദഗ്ദ്ധ സമിതിയുടേ കണ്ടെത്തലുകൾ .

എങ്കിലും ഞാനീ വിഷയം പറയുന്നത് ഒരു ഭരണാധികാരിയുടെ നയപരമായ ഇടപെടൽ എങ്ങനെയാണ് മറ്റൊരു നാട്ടിലെ ജനങ്ങളുടെ വിശ്വാസം നേടി എടുക്കുന്നത് എന്ന് ഓർമിപ്പിക്കുകയാണ് . വി എസ് – ഉമ്മൻ ചാണ്ടി കാലത്ത് ഡാം എന്നു പറഞ്ഞാൽ അടി തുടങ്ങുന്ന തമിഴ് മക്കൾ പുതിയ ഡാം നിർദ്ദേശം സ്വീകരിച്ചിരിക്കുന്നു . തന്റെ ഭരണ പരിധിയിൽ വരാത്ത ഒരു ജനത . വെള്ളത്തിന്റെ രാഷ്ട്രീയം യുദ്ധ സമാനമായി കണ്ടു പ്രതികരിക്കുന്ന വൈകാരികതക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു ജനത . ഇളം പുല്ല് തിന്ന് മയങ്ങുന്ന മാൻ പേടകളെ പോലെയായെങ്കിൽ അത് പിണറായി എന്ന മനുഷ്യൻ കഴിഞ്ഞ നാലു കൊല്ലം നിരന്തരമായി ഇടപെട്ട് നേടിയ സ്നേഹമെന്ന വലിയ ഔഷധത്തിന്റെ ശക്തിയാണ് . എന്നാൽ നമ്മുടെ അവകാശങ്ങൾ ഒരു തരിമ്പും വിട്ട് കൊടുത്തില്ല . തമിഴ്‌നാട് നൽകുന്ന കണക്കും വാങ്ങി അവർ നൽകുന്ന കൈക്കൂലിയും വാങ്ങി മിണ്ടാതെ നടന്നിരുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ട് കെട്ട് പോലെയല്ല . ആളിയാർ പറമ്പിക്കുളം ജല കരാർ ആദ്യമായി കൃത്യമായ മോണിറ്ററിങ്ങ് നടന്നു . കരാർ പുതുക്കാൻ ഇരു സംസ്ഥാനങ്ങൾക്കിടയിൽ ധാരണയിൽ എത്തി . ചരിത്രത്തിൽ ആദ്യമായി കേരളത്തിന് വേണ്ട ജലം കേരളം ആവശ്യപ്പെടുന്ന സമയം നൽകാൻ തീരുമാനം ആയി . മുൻപ് അവർ അവിടെ മഴ പെയ്തു ഡാം നിറയുമ്പോ ഒഴുക്കി കളയുന്ന ജലം നമുക്ക് അവർ തരേണ്ട വെള്ളത്തിൽ കുറവ് ചെയ്യുമായിരുന്നു . ആ സമയം ആണ് നമ്മുടെ ഡാമുകളും നിറഞ്ഞിരിക്കുന്ന സമയം എന്നോർക്കണം . നമുക്ക് ഒരു ഗുണവും ഉണ്ടാകാറില്ല എന്നു മാത്രല്ല വലിയ നാശങ്ങൾ ഉണ്ടാകുകയും ചെയ്യുമായിരുന്നു . കൂട്ടത്തിൽ തന്നെയാണ് ശിരുവാണി ആനമലയാറ് വിഷയങ്ങൾ പരിഹരിക്കാൻ ഉന്നത തല സമിതികളെ നിയോഗിക്കുകയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നത് .

ഒരു ചർച്ചയും ഏകപക്ഷീയമായില്ല എന്നതാണ് പിണറായി വിജയന്റെ വിജയം . ചിലത് നേടുമ്പോ ചിലത് വിട്ട് കൊടുക്കണം . ഇപ്പൊ മുല്ലപ്പെരിയാറിൽ നിന്ന് വൈദ്യുതി നൽകാൻ സർക്കാർ ഒരുമാസം മുന്നേ എടപ്പാടിയും പിണറായിയും തമ്മിൽ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ തീരുമാനിച്ചു . അവരുടെ ജലമെന്ന ആവശ്യത്തിന് ഒരു വിധ എതിർപ്പും തടസ്സവും ഉണ്ടാവില്ല എന്ന ഉറപ്പ് അവർക്ക് നൽകി . അവരുടെ വിശ്വാസം നേടാൻ കഴിഞ്ഞു . തൊട്ടാൽ കത്തുന്ന ജല വിഷയങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുന്നു . അതെല്ലാം തമിഴ്‌നാട് ജനതക്ക് മനസ്സിലായിരിക്കുന്നു അവർ പിണറായിയെ വിശ്വസിക്കുന്നു . ചതിക്കില്ല എന്നും തമിഴ്‌നാട് കേരളാ ജനങ്ങൾ സഹോദരർ ആണെന്ന വാക്ക് വെറും വാക്കല്ല എന്നും അവർക്ക് ഇപ്പൊ ഉറപ്പുണ്ട് .

തമിഴ്‌നാട്ടിലെ ജനങ്ങൾ പലപ്പോഴും ഒട്ടൊരു അസൂയയോടെ പറയുന്നത് കേട്ടിട്ടുണ്ട് . ഞങ്ങൾക്ക് തന്നെക്കാമോ നിങ്ങടെ മുഖ്യനെ . പലപ്പോഴും എനിക്കും തോന്നാറുണ്ട് പിണറായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കി ആ നാട് ഈ മനുഷ്യനെ എങ്ങനെയാവും കൊണ്ട് നടക്കുക എന്ന് . മലയാളികളുടെ നന്ദികെട്ടതുംമര്യാദയില്ലാത്തതുമായ പ്രവർത്തികൾ കാണുമ്പോ അവർ അർഹിച്ച നേതാവല്ല പിണറായി എന്നും തോന്നാറുണ്ട് .

ഹൃദയങ്ങൾ തമ്മിൽ കൊരുക്കുന്ന ആ അപൂർവ സ്നേഹത്തിന്റെ പേരിന്ന് പിണറായി എന്നാണ് . കല്ലെറിഞ്ഞ എത്രയോ മനുഷ്യർ ആ സ്നേഹത്തിനു മുന്നിൽ കുഞ്ഞാടുകൾ ആയി മാറുന്നത് ഈ മുഖപുസ്തകത്തിൽ തന്നെ കാണുമ്പോ നന്മയുള്ള ദ്രാവിഡന്റെ മനസ്സ് കവരാൻ ആണോ അങ്ങേർക്ക് പ്രയാസം . ❤️❤️