ഒരു മിനിറ്റ് നേരത്തേയ്ക്ക് ഗൂഗിള്‍.കോം സ്വന്തമാക്കിയ ചെറുപ്പക്കാരന്‍

0
481

സന്‍മയ് വേദ് എന്ന ഇന്ത്യന്‍ വംശജന് ഇതില്‍പ്പരം സന്തോഷം ഇനി ജീവിതത്തില്‍ കിട്ടാനുണ്ടാവില്ല. ആരും സ്വന്തമാക്കുവാന്‍ കൊതിക്കുന്ന, ഗൂഗിള്‍ എന്ന കോടികളുടെ ആസ്തിയുള്ള സേര്‍ച്ച് എഞ്ചിന്റെ ഡൊമെയിന്‍ നെയിം ഒരു മിനിറ്റ് നേരത്തേയ്ക്ക് ഈ ചെറുപ്പക്കാരന്‍ സ്വന്തം പേരില്‍ ആക്കിക്കളഞ്ഞുവെന്ന് ഇയാള്‍ പോലും ഇപ്പോഴും മുഴുവനായി വിശ്വസിക്കുന്നുണ്ടാവില്ല.

അമേരിക്കയില്‍ പഠനം നടത്തുന്ന സന്‍മയ് ഗൂഗിള്‍ ഇന്റര്‍ഫെയ്‌സുകളെക്കുറിച്ച് പഠിക്കുന്നതിന് ഇടയിലാണ് www.google.com എന്ന ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ ഡൊമെയിന്‍ നെയിം വില്‍പ്പനയ്ക്ക് തയ്യാറാണെന്ന് കണ്ടത്. അമ്പരന്ന് പോയെങ്കിലും ഒന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച സന്‍മയ് ഡൊമെയിന്‍ വാങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. വെറും 12 ഡോളര്‍ ആണ് ഈ കച്ചവടത്തിനായി ഇയാള്‍ക്ക് ചിലവഴിക്കേണ്ടി വന്നത്.

സാധാരണ ഡൊമെയിന്‍ നെയിം വാങ്ങുന്നത് പോലെ തന്നെ സന്‍മയ് അങ്ങനെ ഗൂഗിള്‍.കോം എന്ന മില്ല്യന്‍ ഡോളര്‍ ഡൊമെയിന്‍ നെയിമും സ്വന്തമാക്കി. എന്നാല്‍, തെറ്റ് കണ്ടുപിടിച്ച ഗൂഗിള്‍ ഒരു മിനിട്ടിനുള്ളില്‍ സന്‍മയ്യുടെ പേരില്‍ നിന്നും ഡൊമെയിന്‍ നെയിം തിരികെ പിടിച്ചു. ഏതായാലും ഒരു മിനിറ്റ് ആണെങ്കില്‍ ഒരു മിനിറ്റ്, ഗൂഗിള്‍.കോം തന്റെ പേരില്‍ ആയിരുന്നു എന്നോര്‍ത്ത് ഈ ചെറുപ്പക്കാരന് സന്തോഷിക്കാം.