ഒരു മൂട്ടയുടെ പാതിരാ കൊലപാതകം

1
952

സീന്‍ ഒന്ന് : രംഗ പ്രവേശം.

നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ഫ്‌ലാറ്റിലേക്ക് കുടിയേറി പാര്‍ക്കുമ്പോള്‍ മനസ് നിറയെ ശുഭ പ്രതീക്ഷകള്‍ ആയിരുന്നു. വിശാലമായ ഡബിള്‍ ബെഡ് റൂം, എന്നിലെ നളനെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന അടുക്കള , അതി ഗംഭീരം ആയ ലിവിംഗ് റൂം. പിന്നെ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. രണ്ടു ബാത്ത് റൂം..ഇനി പ്രകൃതിയുടെ വിളി കേട്ടാല്‍ രാവിലെ ക്യൂ നില്‍ക്കണ്ട ഗതികേട് വരില്ല…ഈ വിധം ശാന്തമായ മനസ്സുമായി ഞാന്‍ പുതിയ റൂമിലേക്ക് കാല്‍ എടുത്തു വെക്കുന്ന ദിവസം…

ഡോര്‍ തുറന്നു അകത്തു കയറിയപ്പോള്‍ ഒരലര്‍ച്ച..

‘ ഡാ, തൊട്ടു പോകരുത് അവനെ…അവനെ എനിക്ക് വേണം…’

എടുത്തു വെച്ച കാല്‍ പെട്ടെന്ന് തന്നെ ഞാന്‍ പിറകോട്ടു വലിച്ചു..എന്നിട്ട് മെല്ലെ ഡോറിന്റെ വിടവിലൂടെ തല ഊളിയിട്ടു അകത്തേക്ക് നോക്കി…ഉള്ളില്‍ ആരെയും കാണുന്നില്ല…ചില ബഹളങ്ങള്‍ മാത്രം..എനിക്കെതിരെ ഒരു ആക്രമണത്തിന്റെ ചാന്‍സ് ഞാന്‍ മണത്തു..അങ്ങനെ ചിന്തിക്കാന്‍ കാരണം ഉണ്ട്….അതു ഒരു ചതിയുടെ കഥയാണ്…

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഫ്‌ലാറ്റില്‍ ഉള്ളവരുടെ കാലു വാരിയാണ് ഞാന്‍ എന്റെ പ്രിയ സതീര്‍ത്യന്‍ മാത്തന്റെ കൂടെ വീട് വിട്ട് ഇറങ്ങി പോയത്…അന്ന് മുതല്‍ എന്റെ കാലു തല്ലി ഒടിക്കും എന്ന് പറഞ്ഞു നടക്കുകയാണ് റൂമിന്റെ ആശാന്‍ ആയ ജെറിന്‍..കൂടെ കൊച്ചിന്‍ ഹനീഫയെ പോലെ ഷാസുവും…ഇവര്‍ രണ്ടു പേരും നമ്മുടെ കൂട്ടുകാര്‍ ആണെങ്കില്ലും ഇന്നും എന്റെ കാലിനെ കുറിച്ച് പേടിയോടെ നടക്കുന്നവന്‍ ആണ് ഞാന്‍…എന്റെ ആ കാല്‍ ആണ് ഞാന്‍ ഇപ്പോള്‍ ഡോറിന്റെ പുറകില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്…

ഒന്ന് കൂടി ഉളിലേക്ക് തലയിട്ടു നോക്കിയപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത്…നായകന്‍ ജെറിന്‍ തന്നെ…വില്ലന്‍ പക്ഷെ ഭാഗ്യത്തിന് ഞാന്‍ അല്ല..പക്ഷെ അത് ഒരു മൂട്ട ആകുന്നു..

‘ എടാ ശാസമാനെ, പാലും പഴവും കൊടുത്തു വളര്‍ത്തിയത് ഒന്നും അല്ല അവനെ, എന്റെ സ്വന്തം ചോര കൊടുത്തു വളര്‍ത്തിയതാ അവനെ..വിടെടാ അതിനെ..’

ഇത്രയും ജെറിന്‍ പറഞ്ഞു കഴിയുന്നതിനു മുന്നേ കയ്യില്‍ കാലില്‍ ഇരുന്ന ചെരുപ്പ് ഊരി മൂട്ടകിട്ട് ഷാസു പെരുമാറിയതും ഒരുമിച്ചായിരുന്നു..സംഗതിയുടെ കിടപ്പ് കണ്ടു നിന്ന ഷിജീവന്‍ വിവരിക്കുനത് ഇങ്ങനെ…

ഒരേ കമ്പനിയില്‍ വര്‍ക്ക് ചെയുന്നവരും, അയല്‍ക്കാരും ആയ, അതായത് അടുത്തടുത്ത ബെഡില്‍ കിടക്കുന്ന ജെരിനും ശാസുവും തമ്മില്‍ ഉണ്ടായ വാക് തര്‍ക്കം ആണ് പാവം മൂട്ടയുടെ കൊലപാതകത്തില്‍ കലാശിച്ചത്…ജോലി ഒരേ കമ്പനിയില്‍ ആണെങ്കിലും രണ്ടു സോണില്‍ ആണ് ഇരു വരും പണി ചെയ്തിരുന്നത് …സോണുകള്‍ തമ്മില്‍ ഉള്ള കുടിപകയുടെ ഭാഗമായി , ഷാസു ഉണക്കാന്‍ ഇട്ടിരുന്ന അവന്റെ പുരുഷ്വത്തം കാത്തു സൂക്ഷിക്കുന്ന കവചത്തിന് ഉള്ളിലേക്ക് ജെറിന്‍ തന്റെ ബെഡില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന മൂട്ടയെ കടത്തി വിട്ടതാണ് കലഹത്തിനു കാരണം..അതിന്റെ പേരില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തിന്‍ ഒടുവില്‍ ഷാസു കാലില്‍ ഒളിപ്പിച്ചിരുന്ന ചെരുപ്പു എടുത്തു മൂട്ടയെ കുത്തുക ആയിരുന്നത്രെ..

എന്തായാലും കൊപാക്രാന്തന്‍ ആയ ജെറിന്‍ തന്റെ മൂട്ടയുടെ മൃത ശരീരവുമായി വന്നു പെട്ടത് എന്റെ മുന്നില്‍… ഞാന്‍ പയ്യെ ബാഗ് കൊണ്ട് എന്റെ രണ്ടു കാലുകളും ആവും വിധം മറച്ചു..

‘ ഓ സര്‍ എത്തിയോ..?’ തീക്ഷ്ണമായ ഒരു നോട്ടതോട് കൂടെ ജെറിന്‍.. ചോദിച്ചു..

എഹ് എത്തി ‘ ഒരു വളിച്ച ചിരി പാസാക്കി ഞാന്‍ പറഞ്ഞു..

എന്നാല്‍ പിന്നെ ആ ഫ്‌ലാറ്റു കൂടെ പോളിചോണ്ട് പോന്നൂടായിരുന്നോ..? ‘ എന്റെ പിന്നില്‍ ഉള്ള സ്ഥാവര ജന്ഖമ വസ്തുക്കള്‍ കണ്ടു അവന്‍ ചോദിച്ചു..

ശരിയാണ് ഒരു ടിപ്പര്‍ ലോറിക്കു ഉള്ള സാധനങ്ങളും ആയി ആണ് ഞാന്‍ വന്നത്..നാട്ടില്‍ മംഗലം ചെയ്യാന്‍ പോയ മാത്തന്റേതു ആണ് പകുതി..ഒരു നിമിഷത്തേക്ക് മനസ്സില്‍ അറിയാവുന്ന തെറി മാത്തനെ വിളിച്ചു…

‘ നീ മൂട്ടയെ കൊണ്ട് വന്നിട്ടുണ്ടോ..? ‘ ജെറി ചോദിച്ചു..

‘ ഇല്ലാ…എന്തേയ് ?

‘ അല്ല ഒരു വരത്തന്‍ മൂട്ടയും ഇവിടെ വന്നു ആള്‍ ആവണ്ടാ…’

ഇത്രയും പറഞ്ഞു മൂട്ടയുടെ ജഡം സംസ്‌കരിക്കാന്‍ ജെറി പുറത്തേക്കു പോയി.. അതില്‍ എനിക്കിട്ടു ഒരു ഭീഷണിയുടെ സ്വരം ഇല്ലേ എന്ന സംശയത്തോടെ ഞാന്‍ അകത്തേക്കും…

സീന്‍ രണ്ടു : മൂട്ട മഹാത്മ്യം

‘ അല്ല ഷമീര്‍ക്കാ, ഇതെന്താ ഈ മൂട്ട ഞമ്മടെ ദുബായ്‌ല് മാത്രം..ഞമ്മടെ കൊയ്‌കോട്ടു ഒന്നും ഈ ജന്തു ഇല്ലാലോ..’ ഞാന്‍ ഷമീര്‍നോട് ചോദിച്ചു…

ഷമീര്‍ ആള് കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്നു..ആള് കുറിയ വെളുങ്ങനെ ചിരിച്ചോണ്ട് നടക്കുന്ന ഒരു ബുദ്ധി ജീവി ആണ്..അല്ലെങ്കില്‍ അങ്ങനെ ആണ് എന്ന് വെപ്പ്..ഈ ഇഹലോകത്തില്‍ ഷമീര്‍കാക്ക് ഏതൊരു വിഷയത്തിനെ കുറിച്ചും തന്റെതായ അഭിപ്രായം ഉണ്ട്..ആള് സഖാവ് കുഞ്ഞാലിക്കുട്ടിയുടെ വല്യ ആരാധകന്‍ ആണ്..എന്ന് വെച്ച് ഐസ്‌ക്രീം കഴിക്കുന്ന ദുശീലം ഒന്നും ഇല്ലാ ട്ടോ…ആള് ഒരു ശുദ്ധന്‍ ആണ്..

‘എന്നാല്‍ ജി കേട്ടോ ….പണ്ട് പെര്‍ഷയ്കാര് ദുബായിലേക്ക് കുടിയെരുന്നതിനു മുന്‍പ് ഇവിടെ കുടിയേറി പാര്‍ത്തവര്‍ ആണ് ഈ മൂട്ടകളെ…പണ്ട് ഗ്രീസില്‍ ആണ് ഈ പഹയന്മാര്‍ ഉണ്ടായേ…പിന്നെ ഇവര് ഫ്രാന്‍സ്ഇല്ലും ഇംഗ്ലണ്ട്ഇല്ലും ഒക്കെ കറങ്ങി തിരിഞ്ഞു ഇവിടെ എത്യെ… ഇവിടത്തെ പണി എടുക്കാത്ത അറബികല്‌ടെ ചോര ഇവര്‍ക്ക് അങ്ങനെ പെരുത്ത് പിടിച്ചു..അങ്ങനെ ഇവിടെ കൂടിയതാ ..’

‘അപ്പോള്‍ പിന്നെ ഇതെന്താ നാട്ടില്‍ അങ്ങനെ കാണാത്തെ..?’ ഞാന്‍ ചോദിച്ചു..

ഓ നാട്ടില്ലും ഉണ്ട്.. പക്ഷേങ്കില്ല് നാടില്ല്‌ല് ഈ ചോണ്ണന്‍ഉം , പുളിയനും , പിന്നെ ഞമ്മടെ കട്ടുറുമ്പും എല്ലാരും കൂടെ യൂണിയന്‍ ഉണ്ടാക്കി ഇവന്മാരെ പേടിപ്പിച്ചു നിര്‍ത്തിയതാവും..’

‘ഇവരെന്താ ഇങ്ങനെ പെരുകുന്നെ..?’

അതോ ഒരു മൂട്ട അയ്‌ന്റെ മയ്യത്തിനു മുന്‍പ് 1000 മുട്ട വരെ ഇടുംന്നു..പിന്നെ ഇവറ്റകള്‍ ഒരു രാത്രി കൊണ്ട് ഏഴു കട്ടിലപടികള്‍ കടക്കും എനാ..’

‘ഞെ അത് നയന്‍സിന്റെ തലയിലെ പേന്‍ അല്ലെ..? ഞാന്‍ ചോദിച്ചു..

ഇവറ്റകള്‍ ഒക്കെ ചങ്ങായിമാര് അല്ലെ..എല്ലാം ഒരു വണ്ടികാന് പോക്ക്..

ഇത്രയും പറഞ്ഞു കൊണ്ട് ഷമീര് നിസ്‌കരികാന്‍ പായ വിരിച്ചു…

ഇതെല്ലാം ശമീരിന്റെ സ്ഥിരം നമ്പര്‍ ആണ് എന്ന് വിചാരിച്ചു ഞാന്‍ വിക്കി മുത്തശിയോടും ,ഗൂഗിള്‍ അപ്പോപ്പനോടും മൂട്ടയെ പറ്റി ചോദിച്ചു..അപ്പോള്‍ സംഗതി കുറെ ഒക്കെ ശരി ആണ്..പണ്ട് ഗ്രീസില്‍ ആണ് ജനനം..അതിന്റെ ആയുസ്സില്‍ 300 മുതല്‍ 1000 മുട്ട വരെ അവ ഇടുന്നു..തണുപ്പുള പ്രതലങ്ങളില്‍ ആണ് ഇവറ്റകളുടെ ജീവിതം സുഖം ആവുനത് … 1630 ഡിഗ്രി തണുപ്പില്‍ ഒരു കൊല്ലം വരെ ഇവറ്റകള്‍ക്ക് ഭക്ഷണം ഇല്ലാതെ കഴിയാം..എന്നാല്‍ 32 ഡിഗ്രിയില്‍ കൂടുതല്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ട് ആണ്…അതു കൊണ്ടാണ് നമ്മുടെ നാട്ടില്‍ അങ്ങനെ വ്യാപക ശല്യം ഇല്ലാതെ..പിന്നെ ദുഫായിലെ ഫുള്‍ ടൈം തണുത്തുറച്ച സൂര്യപ്രകാശം ചെന്ന് കയറാന്‍ ബുധിമ്മുട്ടുള്ള ഫ്‌ലാറ്റുകള്‍ ഇവക്കു റിസോര്‍ട്ടുകള്‍ ആണ്..പകലിനെക്കാള്‍ രാത്രിയില്‍ ആണ് അക്രമകാരികള്‍..വന്നു ചോര കുടിച്ചു വയറു നിറക്കാന്‍ കേവലം അഞ്ചു മിനിറ്റില്‍ താഴെ മാത്രം..അതും ഇര അറിയുനതിനു മുന്‍പേ കാര്യം കഴിഞ്ഞിരിക്കും..ലോകത്ത് ഇത് വരെ ഒരു മരുന്നും ഫല പ്രദമായി കണ്ടു പിടിചിട്ടില്ലാ…ചില ഗ്യാസ് പരിപാടികള്‍ ഒക്കെ ഉണ്ടെങ്കില്ലും മൊത്തമായി ഉന്മൂലനം ചെയുക ദുഷ്‌കരം ആണ്…ഒരൊറ്റ പണി മാത്രം ഗര്‍ഭത്തില്‍ തന്നെ കലക്കണം …

ഇങ്ങനെ മൂട്ടയുടെ രാജകീയ പുരാണം വായിച്ചിരുന്നു നേരം പൊയ്..

സീന്‍ മൂന്നു : മൃഗീയ കൊലപാതകം

പച്ച വിരിച്ച പുല്‍മേട്..അതിന്റെ നടുവില്ലേ ഒറ്റയടി പാതയിലൂടെ ഒരു ബുള്ളെറ്റ് പറക്കുന്നു…മുന്‍സീറ്റില്‍ ഒരു ആജാനുബാഹു…പിറകില്‍ ശ്രീനിവാസനെ പോലെ ഞാനും..പെട്ടെന്നു ആണ് പിന്‍സീറ്റിലെ ടയറില്‍ നിന്നും ഒരു മൂട്ട എന്നെ കടിച്ചത് .. ….അയ്യോ എന്ന് പറഞ്ഞു ഞാന്‍ ഞെട്ടി എണീറ്റത്..നോക്കിയപ്പോള്‍ കൈയ്യില്‍ ചോര. കണ്ടത് സ്വപ്നം ആണ് എന്ന് മനസിലായെങ്കില്ലും ചോര വന്നത് എങ്ങനെ എന്ന് മനസിലായില്ലാ..ലൈറ്റ് ഇട്ടു നോക്കിയപ്പോള്‍ കയില്ലേ പെരുപ്പിച്ച മസിലില്‍ ദെ ഒരു മൂട്ട ചതഞ്ഞു കിടക്കുന്നു.. ചോര കണ്ടപ്പോള്‍ എനിക്ക് കളി ഇളകി…ചിന്തിയത് വെറും രക്തം അല്ല..രാജ രക്തം ആണ്…ദി റോയല്‍ ബ്ലഡ്..

‘ അനേകായിരം ബ്രിടീഷുകാരെ അരിഞ്ഞു വീഴ്ത്തിയ എന്റെ പ്രിയ ഖട്ഖമേ…! എന്റെ തലയ്ക്കു അരികില്‍ വെച്ച ടോര്‍ച്ചു വായുവില്‍ തെളിയിച്ചു പിടിച്ചു കൊണ്ട് ഞാന്‍ അലറി വിളിച്ചു..

ഇന്ന് ഇവറ്റകളെ ഞാന്‍ അരിഞ്ഞു തള്ളും..’

ഉറങ്ങി കിടന്നിരുന്ന നാഗരാജ് പുതപ്പിനുളിലൂടെ എന്നെ ദയനീയമായി ഒന്ന് നോക്കി..

ഇല്ല ഇന്ന് ഇവറ്റകള്‍ക്ക് മാപ്പിലാ..ടോര്‍ച്ചു ഇരുട്ടില്‍ തെളിയിച്ചു നോക്കിയപ്പോള്‍ ദെ അവിടെയും ഇവിടെയും ആയി ദേഹത്ത് നാലെണ്ണം…ഒരു വലുത് ,ഒരു ഇടത്തരം പിന്നെ ചെറുത് രണ്ടെണ്ണം…ഓഹോ..ഫാമിലി ആയി ഇറങ്ങിയിരികുകയാണ്..അതും പണ്ട് സാമൂതിരി രാജാവിനു നായര്‍ പടയാളികളെ സപ്ലൈ ചെയ്തിരുന്ന തറവാട്ടിലെ ഈ അങ്ക ചേകവരുടെ രക്തം കുടിക്കാന്‍..

എന്റെ ഉട വാള്‍ ( ടോര്‍ച്ചു ) വായുവില്‍ നാല് പ്രാവശ്യം ഉയര്‍ന്നു പൊങ്ങി..

ദെ കിടക്കുന്നു.. മൂട്ടകള്‍ നാലെണ്ണം..

ധിം തരികിട ധോം..

ഈ വീരചരിതം പാടി പുകഴ്ത്താന്‍ പാണന്മാര്‍ ഇല്ലാതെ പോയല്ലോ എന്ന് ദുഖിചിരിക്കെ മറ്റൊരു ചിന്ത മനസ്സില്‍ വെള്ളിടി പോലെ വന്നു വീണു.. ഇനി ഇവറ്റകള്‍ ജെറിയുടെ കട്ടില പടി താണ്ടി വന്ന മൂട്ടകള്‍ ആണോ..?

ഒരു നിമിഷം കാലുകള്‍ അറിയാതെ പുതപ്പിനുളിലേക്ക് വലിഞ്ഞു…

എന്തായാലും തെളിവുകള്‍ മായ്ച്ചു കളഞ്ഞേക്കാം..ഡെഡ് ബോഡികള്‍ നീക്കി ആരും അറിയാതെ കയൂമിന്റെ കട്ടിലിനടിയില്‍ മറവു ചെയ്തു..അവന്റെ ബെഡില്‍ മൂട്ട ഇല്ല എന്നാണു അവന്റെ അവകാശ വാദം..ഇനി ഒരു അന്വേഷണം വരുകയാണേല്‍ അവന്‍ കുടുങ്ങട്ടെ..അതിനു ശേഷം തറ തുടച്ചു കൃഷ്ണന് കത്തിക്കാന്‍ വെച്ച ഒരു ചന്ദന തിരിയും കത്തിച്ചു വെച്ചു..മൂട്ടകളെ നിങ്ങളുടെ ആത്മാവിനു ശാന്തി നേരുന്നു…എല്ലാം ശുഭം എന്ന ധാരണയില്‍ ഒട്ടക പക്ഷിയെ പോലെ തല പുതപ്പിന് ഉള്ളിലേക്കും കാല്‍ പുറത്തേക്കും…

വാല്‍ കഷ്ണം : രാവിലെ എഴുനേറ്റു നിന്നപ്പോള്‍ മനസിലായി..ഇല്ല കാലുകള്‍ അവിടെ തന്നെ ഉണ്ട്..ആര്‍ക്കും ഒരു സംശയവും ഇല്ല..ജെറിന്‍ സന്തോഷവാനായി കാണപെടുന്നു…പക്ഷെ ഇത് എഴുതിയതിനു ശേഷം നിങ്ങള്‍ എന്നെ കുറിച്ച് കേള്‍ക്കുനില്ലെങ്കില്‍ മൂട്ടകളോട് പട വെട്ടി മരിച്ച ഒരു നായര്‍ ചേകവരെ കുറിച്ച് അബ്രപാളികളില്‍ പിനീട് കാണാന്‍ സാധിക്കട്ടെ….ഇന്‍ശ അല്ലഹ്..

Comments are closed.