എന്‍റെ കലാലയം….2007…ഭൌതികശാസ്ത്രത്തിന്‍റെയും രസതന്ത്രത്തിന്‍റെയും മനസ്സിലാകാത്ത സമവാക്യങ്ങള്‍ ഉരുവിട്ട്  നടന്നിരുന്ന കാലം…..ചുണ്ടില്‍ പുഞ്ചിരിയുടെയും മനസ്സില്‍ സന്തോഷത്തിന്‍റെയും തളിര്‍നാമ്പുകള്‍ വിടരുന്ന കാലം….ആ കാലത്ത് ആംഗലേയശാസ്ത്രം എന്നാ ചെകുത്താനെ മനസ്സില്‍ കുഴിച്ചുമൂടി, ക്ലാസ്സില്‍ കയറാതെ, കയറിയാല്‍ ശ്രദ്ധിക്കാതെ, ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ, എങ്ങാനും മനസ്സിലായാല്‍ ഓര്‍മിക്കാതെ,   മനസ്സില്‍ സിനിമയും  ക്രിക്കറ്റും  മാത്രം സ്വപ്നമായി  നിറഞ്ഞിരുന്നു .ഒരു ദിവസം മനസ്സില്‍ ഞാന്‍ എന്നെത്തന്നെ  അറിയാതെ ശപിച്ച പിന്നീട് ഒരു തമാശ ആയി മാത്രം ഓര്‍മിക്കാന്‍ മാത്രം ഇഷ്ടപെടുന്ന ഒരു ദിവസം.എന്‍റെ കലാലയത്തിന്‍റെ പ്രത്യേകതകള്‍ ഞാന്‍ ആര്‍ക്കും പറഞ്ഞു മനസ്സിലാക്കാന്‍ ആഗ്രഹികുന്നില്ല. അതത്ര നിസ്സരമാല്ല താനും.

പക്ഷെ ഇത് വായിക്കുന്ന എല്ലാവര്‍ക്കും ആ സാഹചര്യം മനസ്സിലാകും എന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു ക്ലാസ്സ്‌ തീരുമ്പോള്‍ അടുത്ത ക്ലാസ്സിലേക്ക്. അതാണെങ്കില്‍ പലപ്പോഴും ടൈം ടേബിള്‍ ഇല്ലാതെ എവിടെ ആണെന്ന് മഷി ഇട്ടു നോക്കിയാല്‍ പോലും സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മനോവിചാരങ്ങളെ  ഉള്ളിലൊതുക്കി കൂട്ടുകാരോടൊത്ത് അടുത്ത ക്ലാസ്സിലേക്ക്. അതും അനുവദിച്ചിരിക്കുന്ന അഞ്ചു മിനിട്ടിനുള്ളില്‍. ആ അഞ്ചു മിനിട്ടില്‍ എനിക്ക് സംഭവിച്ച ഒരു അബദ്ധം നിങ്ങളോട് അഞ്ചു വര്‍ഷത്തിനു ശേഷം തുറന്നു പറയുകയാണ്.ആ ദിവസം ഞാന്‍ കൂട്ടുകാരോടൊത്ത് ഇംഗ്ലീഷ് ഭാഷയുടെ ക്ലാസ്സില്‍ കയറാന്‍ പത്ത് മിനിട്ട് താമസിച്ചെത്തി. കൂടുകാരന്‍ തന്‍റെ ഇംഗ്ലീഷ് ഭാഷയുടെ അറിവ് എല്ലാവരും മനസ്സിലാക്കട്ടെ  എന്നാ അര്‍ത്ഥത്തില്‍ ആയിരിക്കാം അല്പം ശബ്ദം കുറച്ച് പക്ഷെ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന വിധത്തില്‍ May I Come In എന്നാ അനുവാദവാക്യം ഉച്ചരിച്ചു.  എല്ലാത്തിനും മുന്‍പില്‍ നില്കണം, മറ്റുള്ളവരെക്കാള്‍ സ്മാര്‍ട്ട്‌  ആകണം എന്നാ ഈ എളി യവന്‍റെ മനസ്സ്, ആ സമയം തന്നെ “സാറെ കേറിക്കോട്ടെ ?” എന്നാ ശുദ്ധമലയാളവാക്യം ഉച്ചരിച്ചു. ഈ കേരളത്തില്‍ മലയാളത്തിന് എന്ത് വില!  ഇംഗ്ലീഷ് സര്‍ ആദ്യം ഉച്ചരിച്ച May I Come In എന്നാ വാചകത്തിന് സമ്മതം മൂളി, yes come. എന്ന് പറയാന്‍ തുടങ്ങിയ നിമിഷം തന്‍റെ  മലയാള വാചകം അദ്ദേഹത്തിന്‍റെ കാതില്‍ ഇടിമുഴക്കം പോലെ വന്നിടിച്ചു.എന്‍റെ കഷ്ടകലമോ അതോ എന്‍റെ സഹപാഠികളുടെ കഷ്ടകാലമോ എന്‍റെ ശബ്ദം അല്പം ലോ  പിച്ച് ആയി പോയിരുന്നു.അത് സാറിന് അല്പം അരോചകവും കളിയാക്കുന്നത് പോലെയും തോന്നിയിരിക്കാം. താമസ്സിച്ചു വന്നിട്ടും ക്ലാസ്സില്‍ കാലെടുത്തു വച്ച എന്‍റെ സഹപാഠികള്‍ക്ക് എന്നോടൊപ്പം, സാറിന്‍റെ get out! Dont come to my class എന്ന ഗര്‍ജ്ജനം ആ ശബ്ദം മൂലം  കേള്‍ക്കേണ്ടി വന്നു. പാവം അവര്‍ എന്തു തെറ്റ് ചെയ്തു, എന്‍റെ മനസ്സ് ചിന്തിച്ചു. അങ്ങനെ ചിന്തിച്ചപ്പഴേക്കും സാറിന്റെ അടുത്ത ഗര്‍ജ്ജനം.BSc Chemistryല്‍ നിന്ന് എല്ലാവരും പുറത്ത് പോകുക”.  ക്ലാസ്സില്‍ നേരത്തെ ഒരു പക്ഷെ മറ്റെല്ലാവര്‍ക്കും മുന്‍പ് സ്ഥാനം പിടിച്ചിരുന്ന തന്‍റെ  സഹപാഠികള്‍ക്ക് എല്ലാവര്‍ക്കും പുറത്തിറങ്ങേണ്ടി വന്നു. അപ്പോഴേക്കും വീണ്ടും ആ ദയനീയമായ ഗര്‍ജ്ജനം Dont come to my class with out an apologize letter from the department. ആപ്പോഴേക്കും എല്ലാവരും ക്ലാസിനു വെളിയില്‍ എത്തിയിരുന്നു.

മനസ്സില്‍ കുറ്റബോധം. പക്ഷെ തുറന്നു പറയാന്‍ മടി. ആ കുറ്റബോധം മൂലം മനസ്സ് തുറന്നാല്‍ സ്വന്തം ഭാവി അപകടത്തിലാകും. ഒരു പക്ഷെ ആ വികൃത സ്വരം പുറപ്പെടുവിച്ചതിന് ഒരു പരസ്യ ക്ഷമാപണം. പിന്നീട് കോളേജ് പ്രിന്‍സിപ്പല്‍ന്‍റെ മുന്‍പില്‍ ഒരു ക്ഷമാപണം. അതിനു ശേഷം വീട്ടുകാരുടെ വക കോളേജിന് ഒരു ക്ഷമാപണം. ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. മനസ്സ് മന്ത്രിച്ചു. അത് നീയല്ല! ആര് ആണെന്ന് നിനക്കറിയില്ല.തന്‍റെ ശബ്ദം കേട്ട അത് തുറന്നു പറഞ്ഞവരെ “ഞാനോന്നുമല്ല. അനാവശ്യം പറഞ്ഞാല്‍ നിന്‍റെ ‍‌‍‌പള്ളക്ക് കത്തി കേറും” എന്ന രണ്ടു വാചകത്തില്‍ ഒതുക്കി. ഞങ്ങള്‍ രസതന്ത്രകാര്‍ക്ക് പൊതുവേ വളരെ മോശമായി “ഉഴപ്പന്മാര്‍” അന്ന വാക്യം ആദ്യ വര്‍ഷം തന്നെ ചാര്‍ത്തിയിരുന്നു. അത് ഞങ്ങള്‍ അഭിമാനത്തോടെ ഉഴപ്പി നേടിയതുമാണ്. ഉഴപ്പില്‍ മുന്പില്‍ ഞാനും. ആ പേര് ദോഷമായി ക്ലാസ്സിനെ മുഴുവനും ബാധിച്ചിരുന്നു. എല്ലാവരും ഉഴപ്പന്മാര്‍. അതുകൊണ്ട് ഞങ്ങള്‍ മുപ്പത്തിമൂന്ന് പേര്‍ക്കും ഈ ഞാന്‍ നിമിത്തം ഇംഗ്ലീഷ് ക്ലാസ്സില്‍ പ്രവേശനം ഇല്ല.  മനസ്സ് മന്ത്രിച്ചു. സത്യം തുറന്നു പറയാന്‍.”ഞാന്‍ ആണ് !  ഞാന്‍ ആണ് ! ആ സ്വരം കേള്‍പ്പിച്ചത്! ഞാന്‍ കാരണം ആണ് നിങ്ങളെ എല്ലാവരും പുറത്ത് ആക്കിയത്”. എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. തലച്ചോറ് ആ ചിന്തയേയും ശബ്ദത്തെയും അതിന്‍റെ അറകളില്‍ ഒതുക്കി.”ആരാടാ.. സാറിനെ തെറി പറഞ്ഞത്?”.അവര്‍ പരസ്പരം ചോദിച്ചു. ഞാനും ചോദിച്ചു.”ആരെടാ അത്?”. ആര്‍ക്കും ഉത്തരം കിട്ടിയില്ല.അഥവാ ഉത്തരം കിട്ടിയാല്‍ എന്റെ കഷ്ടകാലം.ആരൊക്കെയോ തന്‍റെ  പേര് പതുക്കെ പറഞ്ഞു. അതിനു പ്രചരണം കിട്ടുന്നതിനു മുന്‍പേ തര്‍ക്കിച്ച് ഒതുക്കി.

ഞങളുടെ class teacher ആയിരുന്ന ജോണ്‍ സര്‍ ഒരു പഞ്ചപാവം ആയിരുന്നു.ദേഷ്യം വന്നാല്‍ ഭയങ്കരനും. ദേഷ്യം ആ ദേഹത്ത് എല്ലായിടത്തും വിറയല്‍ ഉണ്ടാക്കും. ആ ദേഹമാസകലമുള്ള വിറയല്‍ ഞങ്ങളില്‍ ഭീതി നിറച്ചിരുന്നു. ഞങ്ങള്‍ എല്ലാവരും അല്ല. കുറച്ചു പേര്‍. അല്ലാത്തവര്‍ക്ക് അത് ചിരിക്കാനുള്ള ഒരു കാരണം മാത്രം ആയിരുന്നു. എന്‍റെ മനസ്സില്‍ അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തികളും ഒരു ചിരി മാത്രമേ സമ്മാനിക്കുമായിരുന്നുള്ളു. അതാണെങ്കില്‍ എനിക്ക് നിയന്ത്രിക്കാനും സാധിക്കാത്തത്. എത്രയോ തവണ അദേഹത്തിന്‍റെ ക്ലാസ്സില്‍ വായ് പൊത്തിപിടിച്ച് ചരി നിയന്ത്രിക്കാന്‍ കഷ്ടപെടുമായിരുന്നു. എന്‍റെ അഭിപ്രായത്തില്‍ ചിരി വാഗ്ദാനം ചെയ്യുന്ന എന്നാല്‍ ചിരിക്കാന്‍ യാതൊന്നും ചെയ്യാത്ത ഒരു അധ്യാപകന്‍. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ ഞങള്‍ അറിയാതെ ഞങ്ങളില്‍ ചിരി ഉണര്‍ത്തിയിരുന്നു.

ഇംഗ്ലീഷ് ക്ലാസ്സില്‍ നിന്നും ഉപാധികള്‍ ഇല്ലാതെ രസതന്ത്രവിഭാഗക്കാരെ മൊത്തമായി ഇറക്കിവിട്ട സംഭവം. അതും വികൃതമായി വൃത്തികെട്ട സ്വരത്തില്‍ സാറിനെ തെറി വിളിച്ചതിന്. ആ വാര്‍ത്ത കലാലയം മുഴുവനും പടര്‍ന്നു. പലരും പറഞ്ഞു.”രസതന്ത്രക്കാര്‍ അല്ലേ ! അവന്മാര്‍ അതല്ല അതിനപ്പുറവും ചെയ്യും.  ഇവനൊന്നും രക്ഷപെടാന്‍ പോകുന്നില്ല”. ഗുരുനിന്ദ!!

മനസ്സില്‍ കുറ്റബോധം വീണ്ടും തല പൊക്കി. അതിനെ നിഷ്പ്രയാസം ഒരു കോണില്‍ വീണ്ടും കുഴിച്ചുമൂടി ഞാന്‍ മറ്റുള്ളവരോട് അന്വേഷിച്ചു.”ആരെടാ അത് പറഞ്ഞത്?  ഇവനെയൊക്കെ ചാട്ടവാറിന് അടിക്കണം”. ആര്‍ക്കും ഉത്തരവാദിയെ കണ്ടെത്താന്‍ സാധിച്ചില്ല. എന്‍റെ പേര് പറഞ്ഞവരെകൊണ്ട് മട്ടിചിന്തിപ്പിക്കുവാന്‍ എനിക്ക് സാധിച്ചു. ഒരിക്കലും പിടി കൊടുക്കരുത്.അത് ഞാന്‍ ആണ് എന്ന് ആരും അറിയരുത്. മനസ്സ് വീണ്ടും മന്ത്രിച്ചു.

ജോണ്‍ സര്‍ എല്ലാവരെയും ഡിപാര്‍ട്ട്‌മെന്റിലേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ സാറിന്‍റെ അരുമ ശിഷ്യന്മാര്‍ ആയി. അല്ലെങ്കില്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പ്രവേശനം ഇല്ല. പ്രവേശനം ഇല്ലെങ്കില്‍ ഹാജര്‍ ഇല്ല. ഹാജര്‍ ഇല്ലെങ്കില്‍ പരീക്ഷയില്ല, ഭാവിയില്ല.  ഇങ്ങനെ ഉള്ള കാരണങ്ങള്‍ കൊണ്ട് ഉത്തരവാദിയെ  കണ്ടെത്താതെ ഞങള്‍ ഒന്നിച്ചു നില കൊണ്ടു. എന്തുകൊണ്ടോ ആ വിക്രിതശബ്ദത്തിന്‍റെ ഉടമയെ അദ്ദേഹം ചോദിച്ചില്ല.പകരം ജോണ്‍ സര്‍ അലറി. “മുട്ടുകുത്തി നിക്കടാ എല്ലാവനും.” അത് കേട്ടപാടെ സാറിന്‍റെ ദേഹമാസകലം ഉള്ള വിറയല്‍ കണ്ട് സ്വയം വിറച്ച് മുട്ട് കുത്തി. അത് കണ്ടപ്പോള്‍ മനസില്ലാ മനസ്സോടെ ബാക്കി ഉള്ളവരും മുട്ടുകുത്തിപ്പോയി. കൂട്ടത്തില്‍ ഈ സംഭവത്തിന് കാരണക്കാരന്‍ ആയ ഞാനും. ആപ്പോഴേക്കും ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുന്‍പില്‍ ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ജോണ്‍ സര്‍ വീണ്ടും അഗ്നിപര്‍വ്വതം പോലെ ജ്വലിച്ചുകൊണ്ട്‌ അലറി.”നീ ഒക്കെ എന്തിനാട ഇങ്ങോട്ട് വരുന്നത്, വീട്ടില്‍ പോയി വല്ല വാഴയും വയ്ക്ക്.വീട്ടുകാര്‍ക്ക് നിന്നെകൊണ്ട് അങ്ങനെയെങ്കിലും ഒരു വരുമാനം ഉണ്ടാകട്ടെ”.സാറിന്‍റെ വിറയല്‍ കണ്ട് എനിക്ക് ചിരി പൊട്ടി. ഞാന്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി. ഒരാള്‍ എന്തോ മഹാപരാധം ചെയ്ത പോലെ  സാറിന്‍റെ വിറയലില്‍ മനസ്സാവരിച്ചുകൊണ്ട് താഴേക്ക്‌ നോക്കി കുമ്പിട്ട് നില്‍ക്കുന്നു. മറ്റു ചിലര്‍ ചിരിക്കാതിരിക്കാന്‍ വായ പോത്തിപിടിച്ചിരിക്കുന്നു. ക്ലാസ്സിലെ മുപ്പത്തിമൂന്നുപേരും മുട്ടുകാലില്‍ നില്‍ക്കുന്നു.അതും ഈ താന്‍ കാരണം. കുറ്റബോധം വീണും മനസ്സില്‍ നിറഞ്ഞു. അപ്പോഴേക്കും അടുത്ത അലര്‍ച്ച മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞുവന്നു. “എന്‍റെ മക്കള്‍ വല്ലതും വല്ലതും ആയിരെന്നെങ്കില്‍ നിന്‍റെയൊക്കെ കാല് ഞാന്‍ തല്ലി ഓടിച്ചേനെ” .അദ്ദേഹത്തിന്‍റെ വിറയലില്‍ മറ്റു അധ്യാപകരും പങ്ക്കൊണ്ടു. അതെ വീതം വച്ചിട്ടെന്നവണ്ണം മറ്റുള്ളവരും ചെറിയ തോതില്‍ ഞങ്ങളുടെ  ഉഴപ്പിനെതിരെയും അനുസരണയില്ലയ്മക്കെതിരെയും  ശബ്ദമുയര്‍ത്തി. അതും ഞാന്‍ കാരണം എന്‍റെ സഹപാഠികള്‍ കേള്‍ക്കേണ്ടി വന്നു. പിന്നീട് ജോണ്‍ സാറിന്‍റെ കൈപടയില്‍ ഒരു കത്ത്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റിലേക്ക്. ഇനി തന്‍റെ കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നതല്ല എന്നും ചെയ്താല്‍ എല്ലാ ഉത്തരവാദിത്തവും ചെയ്യുന്നവന്‍റെ തലയില്‍ കെട്ടിവച്ച് സസ്പെണ്ട് ചെയ്യുന്നതായിരിക്കും എന്നും. അതില്‍ എല്ലാവരുടെയും ഒപ്പും. അങ്ങനെ ഇംഗ്ലീഷ് ക്ലാസ്സില്‍ വീണ്ടും പ്രവേശനം. ഇങ്ങനെ എത്രയോ സംഭവങ്ങള്‍.കലാലയ ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കാത്തതും ആഗ്രഹിക്കുന്നതും. അന്ന് മുട്ടുകാലില്‍ നിന്നാല്‍ എല്ലാവരോടും മാപ്പ് ചോദിച്ചുകൊണ്ട് ഞാന്‍ ഇതേ ഇവിടെ അവസാനിപ്പിക്കുന്നു.

ദയവായി നിങ്ങള്‍ ആരും എന്നെ ഒറ്റക്ക് കിട്ടുമ്പോള്‍ കുനിച്ചു നിര്‍ത്തി ഇടിക്കാന്‍ ശ്രമിക്കരുത്. അത് നിങ്ങള്‍ക്ക് സാധിക്കില്ല. കാരണം സത്യമായിട്ടും ഞാന്‍ ഓടും.

Advertisements