Sunil Waynz

ഗോഡ്ഫാദർ റിലീസ് ആകുന്നതിനും ദിവസങ്ങൾക്ക് മുൻപ് സിനിമാരംഗത്തെ പ്രമുഖർക്കായി ചെന്നൈയിൽ വച്ച് ഒരു പ്രിവ്യൂ ഷോ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. കെ ബാലചന്ദർ, മണിരത്നം, ഹരിഹരൻ, ഐ.വി.ശശി, പ്രിയദർശൻ പോലുള്ള അതികായർ അന്ന് പ്രിവ്യൂ കാണാൻ വന്നിരുന്നു

സിനിമ അവസാനിച്ചതും നായകൻ മുകേഷിനെ ആദ്യം അഭിനന്ദിച്ചത് തമിഴകത്തെ ‘ഇയക്കുണർ സിഗരം’ എന്നറിയപ്പെടുന്ന കെ.ബാലചന്ദർ ആയിരുന്നു. A ‘Complete Entertainer’ എന്നാണ് സിനിമയെ ബാലചന്ദർ അന്ന് വിശേഷിപ്പിച്ചത്. സിനിമയിൽ മുകേഷിന്റെ അച്ഛനായി വേഷമിട്ട എൻ.എൻ.പിള്ളയെ കുറിച്ചായിരുന്നു ബാലചന്ദറിന്റെ അടുത്ത സംശയം. Stage Background ഉള്ള നടനാണോ അദ്ദേഹമെന്ന സംശയം ബാലചന്ദർ ഉന്നയിച്ചു. അതെയെന്ന് മുകേഷ് മറുപടി പറഞ്ഞപ്പോൾ അത്തരമൊരു പശ്ചാത്തലത്തിൽ വന്ന നടന് മാത്രമേ ഈ വേഷം ഇത്ര മികവുറ്റതാക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കണ്ടവരുടെ അഭിനന്ദനങ്ങൾ ഒന്നൊഴിയാതെ ഏറ്റുവാങ്ങുമ്പോഴും മുകേഷിന് ഒരു വ്യസനം മാത്രം. ആരുടെ അഭിപ്രായം കേൾക്കാനാണോ അത്യധികം ആഗ്രഹിച്ചത് അയാൾ മാത്രം ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയിരിക്കുന്നു. മറ്റാരുമല്ല മണിരത്നം തന്നെ. സിനിമ കഴിഞ്ഞതും ആർക്കും മുഖം കൊടുക്കാതെ അദ്ദേഹം സ്ഥലം വിട്ടു. സംവിധായകരായ സിദ്ധിഖ്-ലാൽമാരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും വലിയ വിഷമമായി.സിനിമ ഇഷ്ടപ്പെടാഞ്ഞിട്ടാകുമോ അദ്ദേഹം മിണ്ടാതെ പോയതെന്ന ചിന്ത മുകേഷിന്റെ ഉള്ളിൽ അലയടിച്ചു.ദിവസങ്ങൾ കടന്നുപോയി..

ഗോഡ്ഫാദറിന്റെ റിലീസ് ദിവസം. മണിരത്നത്തിന്റെ നമ്പർ മുകേഷിന്റെ കയ്യിലില്ല, സുഹാസിനിയുടെ നമ്പറുണ്ട് താനും. എന്തും വരട്ടെ, സുഹാസിനിയെ വിളിച്ച് എന്താണ് മണിരത്നത്തിന് തങ്ങളുടെ സിനിമയെ കുറിച്ചുള്ള അഭിപ്രായമെന്ന് തിരക്കാൻ മുകേഷ് തീരുമാനിച്ചു. അതിൻ പ്രകാരം സുഹാസിനിയെ മുകേഷ് ഫോൺ വിളിച്ചു. ചെറിയൊരു ആമുഖ സംഭാഷണത്തിന് ശേഷം മുകേഷ് നേരെ വിഷയത്തിലേക്ക് കടന്നു.
“ഹസ്ബൻഡ് 2 ദിവസം മുമ്പ് ഞാൻ നായകനായ ഗോഡ്ഫാദർ എന്ന സിനിമ കാണാൻ വന്നിരുന്നു.. സുഹാസിനിയും വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു”
“ക്ഷമിക്കണം മുകേഷ്.. എനിക്ക് വരാൻ സാധിച്ചില്ല.. ഞാൻ അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു”
“അത് സാരമില്ല.. അദ്ദേഹം (മണിരത്നം) ഞങ്ങളുടെ സിനിമ കണ്ട് പക്ഷേ ഒന്നും പറയാതെയാണ് ഇറങ്ങിപ്പോയത്”
“അതെയോ.. അയ്യോ, സോറി.. He Is Very Shy.. അദ്ദേഹം അങ്ങനെ അധികം സംസാരിക്കുന്ന ആളല്ല മുകേഷ്”
“അത് സാരമില്ല.. അല്ല, എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊന്ന് ചോദിക്കണം
എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ സിനിമയെന്ന്.. കാരണം ഈ സിനിമയുടെ ഫുൾ ക്രൂ, അദ്ദേഹത്തിന്റെ അഭിപ്രായമറിയാൻ കാത്തിരിക്കുകയാണ്.. എല്ലാവരും എന്നെ ഫോണിൽ വിളിക്കുമ്പോൾ ചോദിക്കുന്നു, മണിരത്നം വിളിച്ചിരുന്നോ.. അദ്ദേഹം സിനിമ കണ്ട് അഭിപ്രായം പറഞ്ഞിരുന്നോ എന്നൊക്കെ.. അത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്”
“മുകേഷേ.. സത്യം പറയട്ടെ”
“പറഞ്ഞോളൂ.. എനിക്കും അതാണ് കേൾക്കേണ്ടത്”
“രണ്ട് ദിവസമായി മണി എന്നെ ഇവിടെ ഉറക്കിയിട്ടില്ല.. He Was Really Raving About This Movie.. ഇതാണ് പടം.. ഇങ്ങനെ വേണം പടമെടുക്കാൻ.. എന്തൊരു പടമാണ്.. ബിജിഎം ഒക്കെ എന്താ രസം.. പറയാതെ വയ്യ.. അതിഗംഭീരം”
ആക്ഷന് ആക്ഷൻ..
കോമഡിക്ക് കോമഡി..
സെന്റിമെന്റ്സിന് സെന്റിമെന്റസിന്..
റൊമാൻസിന് റൊമാൻസ്..
ഗാനങ്ങൾ.. ബിജിഎം..
അഭിനേതാക്കളുടെ തകർപ്പൻ പെർഫോമൻസ്.. പഴുതുകളടച്ച തിരക്കഥ..
ഇങ്ങനെ ഏത് Aspect എടുത്ത് നോക്കിയാലും ഒരു കൊമേർഷ്യൽ സിനിമക്ക് അവശ്യം വേണ്ട എല്ലാ ചേരുവകളും കൃത്യമായ അളവിൽ, സമാസമം ചാലിച്ചൊരുക്കിയ മറ്റൊരു Entertainer മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്.
32 വർഷം മുൻപുള്ള പ്രേക്ഷകർ എങ്ങനെ ഈ സിനിമയെ സ്വീകരിച്ചുവോ, അത് പോലൊരു സ്വീകാര്യത ഇന്നും ഈ സിനിമക്ക് ലഭിക്കുന്നു. ഇതിലെ പാട്ടുകൾ.. ബിജിഎം.. കോമഡി രംഗങ്ങൾ എല്ലാം 3 പതിറ്റാണ്ടുകൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്നു.
ഒരു സിനിമാക്കഥ പോലെ ഏറെ രസകരവും കൗതുകകരവുമാണ് ഗോഡ്ഫാദർ പിറന്നു വീണ നാൾവഴികൾ.
____________

റാംജി റാവുവും ഹരിഹർ നഗറും വൻ വിജയമായതോടെ അടുത്ത സിനിമയെ കുറിച്ചുള്ള ചിന്തയിലേക്ക് സിദ്ധിഖ്-ലാൽമാർ കടക്കുകയാണ്. ആദ്യ സിനിമകളുടെ ചർച്ചകൾക്കിടെ വഴിമുട്ടി തൽക്കാലത്തേക്ക് മാറ്റിവച്ചൊരു കഥാതന്തുവായിരുന്നു ഗോഡ്ഫാദറിന്റേത്. കല്യാണം കഴിക്കാതെ നിൽക്കുന്ന ഒരു കുടുംബത്തിലെ ഏതാനും ആണുങ്ങൾ. അവർക്ക് എതിരാളികളായി മറുവശത്ത് മറ്റൊരു കുടുബവും. ആലുവയിൽ ശത്രുക്കളായി ജീവിച്ചിരുന്ന 2 കുടുംബങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച കഥാതന്തുവായിരുന്നു സിനിമയുടേത്. അതിലേക്ക് സമർത്ഥമായി സബ്പ്ലോട്ടുകൾ സന്നിവേശിപ്പിക്കുകയായിരുന്നു സംവിധായകർ.തങ്ങളുടെ മുൻ സിനിമകളിലെ നായകനായ മുകേഷിനെ ഈ സിനിമയിൽ നായകനാക്കാൻ ആദ്യമേ സിദ്ധിഖ്-ലാൽ തീരുമാനിച്ചിരുന്നു.നായികയുടെ കാര്യത്തിലായിരുന്ന Confusion.

ഉർവശിയെ ആയിരുന്നു നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൊണ്ട് ഉർവശിയ്‌ക്ക് അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോൾ മുകേഷിന്റെ ആദ്യഭാര്യ സരിതയുടെ ശുപാർശയിലാണ് കനക ഈ സിനിമയിലേക്ക് വരുന്നത്. ഗോഡ്ഫാദർ റിലീസാകും മുൻപ് കനക അഭിനയിച്ച ‘കരഗാട്ടക്കാരൻ’ എന്ന തമിഴ് സിനിമ തമിഴ്നാട്ടിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയിരുന്നു. ശേഷം ഒരു ഡസനോളം തമിഴ് സിനിമകളിൽ അഭിനയിച്ച ശേഷമാണ് കനക ഗോഡ്ഫാദറിലേക്ക് വരുന്നത്.ആദ്യ കാഴ്ചയിൽ കനക തങ്ങളുടെ സിനിമക്ക് അനുയോജ്യയാണോ എന്ന സംവിധായകരുടെ സംശയത്തെ സിനിമയിലെ 1st ഷോട്ട്, ഒറ്റടേക്കിൽ ഓക്കേ ആക്കിയാണ് അവർ ദൂരീകരിച്ചത്.

സിനിമയിൽ കേന്ദ്രകഥാപാത്രമായ അഞ്ഞൂറാനെ ആര് അവതരിപ്പിക്കും എന്ന ചോദ്യം ആദ്യമേ വന്നു. മധുവായിരുന്നു ആദ്യ ഓപ്‌ഷൻ. ഇടക്ക് തിലകന്റെ പേരും വന്നു (ഡബിൾ റോൾ). ഒടുവിൽ ലാലാണ് നാടകാചാര്യൻ എൻ.എൻ.പിള്ളയെ ഈ സിനിമയിലേക്ക് നിർദേശിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നും ഭാര്യയുടെ മരണത്തെ തുടർന്നും സിനിമയിൽ നിന്ന് സുദീർഘമായൊരു ഇടവേള എടുത്തിരിക്കുന്ന എൻ.എൻ.പിള്ള ഇക്കാരണം കൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കുമോ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. അതിനായി ആദ്യം സമീപിച്ചത് എൻ.എൻ.പിള്ളയുടെ മകനും നടനുമായ വിജയരാഘവനെ ആയിരുന്നു.

ഈ അവസ്ഥയിൽ അച്ഛൻ അഭിനയിക്കാൻ സാധ്യതയില്ലെന്ന് വിജയരാഘവൻ തീർത്തു പറഞ്ഞു. എന്നാൽ കഥയുടെ സംക്ഷിപ്തരൂപം വിജയരാഘവനോട് പറഞ്ഞപ്പോൾ അദ്ദേഹം ആവേശഭരിതനായി. ‘ഉഗ്രൻ.. ഇത് അച്ഛന് പറ്റിയ വേഷമാണ്.. അച്ഛനിത് ചെയ്യും.. ഞാൻ അച്ഛനോട് പറയാം..’ എന്ന് വിജയരാഘവൻ. സിനിമയുടെ കാര്യം വിജയരാഘവൻ സൂചിപ്പിച്ചപ്പോൾ എൻ.എൻ.പിള്ള സമ്മതിച്ചില്ല. “ശരി, അച്ഛന് അഭിനയിക്കാൻ താല്പര്യമില്ലെങ്കിൽ വേണ്ട, അവർ ഏതായാലും വന്ന് കഥ പറഞ്ഞുപൊയ്ക്കോട്ടെ, കഥ കേട്ട് അച്ഛന് ഇഷ്ടമായില്ലെന്ന് പറയാമല്ലോ. ആ നിർദേശം അദ്ദേഹത്തിനും സ്വീകാര്യമായി. അങ്ങനെ സംവിധായകരോട് കഥ പറയാൻ വരാൻ അദ്ദേഹം അനുവാദം നൽകി.
അങ്ങനെ കഥ പറയാൻ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും ലാലും സിദ്ധിഖും കാറിൽ നേരെ കോട്ടയം ഒളശ്ശയിലുള്ള എൻ.എൻ.പിള്ളയുടെ വീട്ടിലേക്ക്. അവിടെ എത്തിയപ്പോൾ വലിയ മഴയാണ്. കാർ പോകുന്ന റോഡിന് ഇരുവശത്തുമുള്ള വീടുകൾക്ക് മുൻപിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാർ മുന്നോട്ടു നീങ്ങിയാൽ ഈ വെള്ളം നേരെ വീടുകളുടെ ഉള്ളിലേക്ക് ഇരച്ചു കയറും. അത് കൊണ്ട് നാട്ടുകാർ വണ്ടികളെല്ലാം തടയുകയാണ്. യാത്ര മതിയാക്കി തിരിച്ചു പോയാലോ എന്നായി ആദ്യം. ഏതായാലും വന്ന സ്ഥിതിക്ക് തിരിച്ചു പോകണ്ടെന്ന് തീരുമാനിച്ച് നീന്തിയും തുഴഞ്ഞുമെല്ലാം ഒരുവിധം എൻ.എൻ.പിള്ളയുടെ വീട്ടിലെത്തി.

സംവിധായകരെ മുന്നിൽ കണ്ടപ്പോൾ എൻ.എൻ.പിള്ളക്ക് അത്ഭുതം. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് വന്നതെന്ന് അദ്ദേഹം. ഇന്ന് വരാനല്ലേ സർ പറഞ്ഞത്, വേറൊരു ദിവസം വന്നാൽ സാറിന്റെ മൂഡ് മാറിയാലോ എന്ന് ലാൽ. എന്തായാലും ഭക്ഷണം കഴിച്ചാവാം ഇനി കഥ പറച്ചിൽ എന്നായി അദ്ദേഹം. ഭക്ഷണശേഷം നേരെ സംവിധായകർ പേപ്പറിൽ എഴുതിക്കൊണ്ടുവന്ന ഗോഡ്ഫാദറിന്റെ തിരക്കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം നിർത്താൻ പറഞ്ഞു. പിന്നീട് തിരക്കഥ പേപ്പറുകളിൽ എഴുതരുത്, പുസ്തകങ്ങളിൽ എഴുതണമെന്ന് നിർദേശിക്കുകയും സഹോദരിയെ വിളിച്ച് നോട്ടുബുക്കുകളിൽ എഴുതിയ തന്റെ പഴയ നാടകങ്ങൾ എടുത്തുകൊണ്ട് വരാൻ പറയുകയും അത് അദ്ദേഹം അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.

കഥ മുഴുവൻ കേട്ട ശേഷം ഈ കഥയിൽ ഞാൻ അഭിനയിക്കണമെന്ന് എന്താണ് നിങ്ങൾക്കിത്ര നിർബന്ധമെന്ന് എൻ.എൻ.പിള്ള ചോദിച്ചു. ഈ കഥാപാത്രം ശാരീരികമായി ദുർബലനാണെങ്കിലും ഉള്ളു കൊണ്ട് ഭയങ്കര കരുത്തനാണ്, അങ്ങനെ കരുത്തനായ ആളായിട്ടാണോ ആളുകൾ എന്നെ കാണുന്നത് എന്ന് എൻ.എൻ.പിള്ള ചോദിച്ചു. സാർ നാടകങ്ങളിലൂടെ ഇവിടെ ഉണ്ടാക്കിയെടുത്ത ഒരു ഇമേജുണ്ട്, ആ ഇമേജ് ഞങ്ങൾക്കിവിടെ ഉപയോഗിക്കാൻ പറ്റുമെന്ന് സിദ്ധിഖ് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് ഓരോ സീനുകൾ വിവരിച്ചു കൊടുത്തപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി വെറും പരിഹാസച്ചിരിയല്ലെന്ന് സിദ്ധിഖും ലാലും ക്രമേണേ തിരിച്ചറിഞ്ഞു.രണ്ട് ദിവസം കഴിഞ്ഞ് വിജയരാഘവനാണ് അച്ഛൻ അഭിനയിക്കാൻ സമ്മതിച്ചുവെന്ന് ഫോൺ വിളിച്ചുപറയുന്നത്. ഒറ്റ നിബന്ധന മാത്രമേ അദ്ദേഹം വച്ചുള്ളൂ. കഥാപാത്രത്തിന് സ്വന്തം ശബ്ദമായിരിക്കണം സിനിമയിൽ ഉപയോഗിക്കേണ്ടത്.

സിനിമയുടെ ഷൂട്ട് പൂർത്തിയായി ഡബ്ബ് ചെയ്യാനെത്തിയപ്പോഴാണ് അടുത്ത പ്രശ്നം. സ്ക്രീനിലെ ദൃശ്യം അദ്ദേഹത്തിന് കാണാൻ കഴിയുന്നില്ല. സ്ക്രീനിൽ ചുണ്ട് അനങ്ങുന്നത് അറിഞ്ഞാലല്ലേ ഡയലോഗ് പറയാൻ കഴിയൂ. എത്ര ശ്രമിച്ചിട്ടും അത് സിങ്ക് ആകുന്നില്ല. ഒടുവിൽ സിദ്ദിഖ് പോംവഴി കണ്ടെത്തി. ഡബ്ബിങിന് സിദ്ദിഖ് എൻ.എൻ.പിള്ളയുടെ കൂടെ നിൽക്കും. സ്ക്രീനിൽ അഞ്ഞൂറാന്റെ ഡയലോഗ് തുടങ്ങുമ്പോൾ സിദ്ദിഖ് അദ്ദേഹത്തെ തൊടും. അപ്പോൾ അദ്ദേഹം ഡയലോഗ് പറഞ്ഞുതുടങ്ങും. ആദ്യമൊന്നും ഇത് ശരിയായില്ല. സിദ്ദിഖ് തൊടുന്നത് മനസ്സിലാക്കി പറഞ്ഞു തുടങ്ങാൻ അദ്ദേഹം സ്വല്പം സമയമെടുക്കുന്നതായിരുന്നു കാരണം.

സിദ്ദിഖ് ഉടൻ വേറൊരു ഉപായം പ്രയോഗിച്ചു. സ്ക്രീനിൽ ഡയലോഗ് തുടങ്ങുന്നതിന് അൽപം മുമ്പ് എൻ.എൻ. പിള്ളയെ തൊടും. അദ്ദേഹം കൃത്യസമയത്ത് ഡബ്ബിങ് തുടങ്ങുകയും ചെയ്യും. ഇങ്ങനെ അദ്ദേഹം ഡബ്ബിങ് പൂർത്തിയാക്കി. സിനിമ ഇറങ്ങിയ ​​​​​ശേഷം എൻ.എൻ. പിള്ളയുടെ ഡയലോഗുകളും സംസാരരീതിയും വലിയ ഹിറ്റാവുകയും ചെയ്തു.
__________

സിനിമയിൽ അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം ഒരു പുരുഷകഥാപാത്രത്തെയാണ് ആലോചിച്ചത്. പിന്നീട് അത് സ്ത്രീയിലേക്കും ഫിലോമിനയിലേക്കും എത്തി. സ്വന്തം ചെറുമകളെ കരുവാക്കി അഞ്ഞൂറാനോടും മക്കളോടും പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന, കർക്കശക്കാരിയും തൻ്റേടിയുമായ കഥാപാത്രമാണ് സിനിമയിലെ അച്ചാമ്മ. അതിന് ഫിലോമിന തന്നെ അഭിനയിക്കണം എന്ന് സിദ്ധിഖ്-ലാലിന് തോന്നി. ഫിലോമിനയോട് കഥ പറഞ്ഞപ്പോൾ അവർ ഈ വേഷം ചെയ്യാമെന്ന് സന്തോഷപൂർവം സമ്മതിച്ചു.
ഈ സിനിമയുടെ ചിത്രീകരണത്തിന് മുൻപ് നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചന് അവരെ പരിചയം ഉണ്ടായിരുന്നില്ല. ഗോഡ്ഫാദറിൽ അഭിനയിക്കേണ്ട കാര്യം സംസാരിക്കാൻ അപ്പച്ചൻ ഫിലോമിനയെ പോയി കണ്ടു. ഒരു മാക്സി ധരിച്ച് ക്ഷീണിതയായ ഫിലോമിനയെ ആദ്യം കണ്ടപ്പോൾ അപ്പച്ചന് സത്യത്തിൽ വിഷമമാണ് വന്നത്. സിനിമയിൽ അഞ്ഞൂറാനൊപ്പം നിൽക്കുന്ന ശക്തമായ കഥാപാത്രമാണ് ആനപ്പാറ അച്ചാമ്മായുടേത്. ഈ ആരോഗ്യസ്ഥിതിയിൽ അവർ ഈ വേഷം ചെയ്താൽ ശരിയാകുമോ എന്ന് ഒരുവേള അദ്ദേഹം ചിന്തിച്ചു.

അപ്പച്ചന്റെ മനസ്സ് വായിച്ച ഫിലോമിന അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നുവെത്രേ :
“മോനെ, നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലായി.. എന്റെ മിടുക്ക് ഇവിടെയല്ല.. സ്ക്രീനിൽ ഞാൻ കാണിച്ചു തരാം..”
ശേഷം നടന്നത് ചരിത്രം..!!
ഏറെ കഷ്ടപ്പെട്ടാണ് ഫിലോമിന ഗോഡ്ഫാദറിൽ അഭിനയിച്ചത്. പ്രമേഹത്തെത്തുടർന്ന് അവർ വലിയ ശാരീരിക അവശതകൾ അനുഭവിക്കുന്ന സമയമായിരുന്നു അത്. രോഗത്തെ തുടർന്ന് കാലിലെ ഒരു വിരൽ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്നാണ് ഫിലോമിന ഗോഡ്ഫാദറിന്റെ കോഴിക്കോട്ടെ സെറ്റിൽ അഭിനയിക്കാനെത്തിയത്. പലപ്പോഴും ശാരീരികമായി സ്ട്രെയ്ൻ എടുത്ത് അഭിനയിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. പല സീനുകളും ഏറെ കഷ്ടപ്പെട്ടാണ് അവർ അഭിനയിച്ചത്. ഡയലോഗ് പറയാനുള്ള ബുദ്ധിമുട്ട് കാരണം ചില സീനുകൾ ഒഴിവാക്കേണ്ടതായും വന്നു.

സിനിമയിൽ മാലുവിന്റെ വിവാഹം അഞ്ഞൂറാൻ മുടക്കിയെന്ന വിവരമറിഞ്ഞ അച്ചാമ്മ അഞ്ഞൂറാനെ കൊല്ലാന്‍ തോക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്ന ഒരു രംഗമുണ്ട്. അപ്പോൾ അച്ചാമ്മയുടെ ആൺമക്കള്‍ അവരെ തടഞ്ഞു നിര്‍ത്തുന്നു. ഈ മക്കളെ ഒറ്റക്ക് എതിർത്ത് നേരിടുന്ന അച്ചാമ്മ ആ രംഗത്ത് നേരെ കുഴഞ്ഞു വീഴുകയാണ്. ആ സീനിൽ ഫിലോമിന ശരിക്കും കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയി ഡ്രിപ്പ് ഇട്ടു. പിന്നീട് ആരോഗ്യസ്ഥിതിയിൽ പുരോഗതി വന്ന ശേഷമാണ് സിനിമയിലെ ബാക്കി ഭാഗങ്ങൾ അവർ അഭിനയിക്കുന്നത്.

സിനിമയിലെ മറ്റ് അഭിനേതാക്കളുടെ Castingന്റെ കഥയും Interesting ആണ്
ഭീമൻ രഘു ചെയ്‌ത അഞ്ഞൂറാന്റെ ആൺമക്കളിൽ ഒരുവനായ പ്രേമചന്ദ്രന്റെ വേഷം ആദ്യം ചെയ്യാനിരുന്നത് നെടുമുടി വേണുവായിരുന്നു. സിനിമയിൽ അഭിനയിക്കാൻ നെടുമുടിക്ക് അഡ്വാൻസും കൊടുത്തതാണ്. അതിനിടയിലാണ് സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘സാന്ത്വനം’ സിനിമയുടെ ഷൂട്ടിങ് വരുന്നത്. നടി മീനയെ മലയാളത്തിൽ ആദ്യമായി നായികാവേഷത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയോടെ ഒരുങ്ങിയ സാന്ത്വനത്തിൽ മുഴുനീള കഥാപാത്രമായാണ് നെടുമുടി വേഷമിടുന്നത്. സിദ്ധിഖ്-ലാൽമാരുടെ ഉറ്റസുഹൃത്ത് കൂടിയായ ഔസേപ്പച്ചൻ വാളക്കുഴിയാണ് സാന്ത്വനത്തിന്റെ നിർമാതാവ്. സാന്ത്വനത്തിന്റെ ഷൂട്ടിങ് ആലുവയിലാണ്, ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് കോഴിക്കോടും. ഒരേ സമയം ഇത്രയും ദൂരം സഞ്ചരിച്ച് രണ്ട് സിനിമകളിലും അഭിനയിക്കുക ശ്രമകരമെന്ന് മനസ്സിലാക്കിയ നെടുമുടി ആകെ വിഷമപർവ്വത്തിലായി. രണ്ട് സിനിമകൾക്കും നെടുമുടിയെ വേണം. തനിക്ക് ആദ്യം അഡ്വാൻസ് തന്നത് ഔസേപ്പച്ചനാണെന്നും അദ്ദേഹത്തോട് സംസാരിച്ച് കാര്യങ്ങൾക്കൊരു നീക്കുപോക്ക് ഉണ്ടാക്കൂവെന്നും നെടുമുടി. അങ്ങനെ സിദ്ധിഖും ലാലും ഔസേപ്പച്ചനുമായി സംസാരിച്ചു. സാന്ത്വനത്തിലെ കേന്ദ്രകഥാപാത്രം നെടുമുടിയാണെന്നും നെടുമുടിയെ കിട്ടിയില്ലെങ്കിൽ തങ്ങൾക്ക് സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് ഔസേപ്പച്ചനും സംവിധായകൻ സിബി മലയിലും സിദ്ധിഖിനോട് പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലക്ക് നെടുമുടിക്ക് കൂടുതൽ പെർഫോം ചെയ്യാനുള്ളത് സാന്ത്വനത്തിലാണെന്ന് തിരിച്ചറിഞ്ഞ സിദ്ധിഖ്-ലാൽമാർ നെടുമുടിയെ വിട്ടു നൽകാൻ തീരുമാനിച്ചു. ഗോഡ്ഫാദറിനായി വാങ്ങിയ അഡ്വാൻസ് തിരിച്ചു നൽകാൻ നെടുമുടി തയ്യാറായെങ്കിലും സിദ്ധിഖ്-ലാൽ അത് വാങ്ങിയില്ല, അത് അദ്ദേഹത്തോട് കയ്യിൽ വച്ചു കൊള്ളാൻ പറഞ്ഞ ഇരുവരും തങ്ങളുടെ അടുത്ത ചിത്രത്തിൽ വേണുച്ചേട്ടനെ സഹകരിപ്പിക്കാം എന്ന ഉറപ്പ് കൂടി നൽകിയാണ് പിരിഞ്ഞത്. (ഗോഡ്ഫാദർ റിലീസ് ആയി 4 ദിവസം കഴിഞ്ഞ് റിലീസായ സാന്ത്വനം സൂപ്പർഹിറ്റായി. ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രവും സിനിമയിലെ ഉണ്ണി വാ വാ വോ ഉൾപ്പെടെയുള്ള പാട്ടുകളും വൻ സ്വീകാര്യത നേടി. ഗോഡ്ഫാദറിന് ശേഷം സിദ്ധിഖ്-ലാൽ ചെയ്ത അടുത്ത രണ്ട് സിനിമകളിലും നെടുമുടി വേണുവിന് മികച്ച വേഷങ്ങളും ലഭിച്ചു.. വിയറ്റ്‌നാം കോളനി, കാബൂളിവാല)

നെടുമുടി പോയതോടെ അദ്ദേഹത്തിനായി നിശ്ചയിച്ച വേഷത്തിന് അടുത്ത ആളെ സിദ്ധിഖും ലാലും അന്വേഷിച്ചുതുടങ്ങി. ശ്രീനിവാസനായിരുന്നു അവരുടെ ആദ്യ ഓപ്‌ഷൻ, എന്നാൽ അദ്ദേഹം മറ്റ് സിനിമകളുടെ തിരക്കുകളിൽ പെട്ടത് കൊണ്ട് അത് ഫലവത്തായില്ല. എൻ എൻ.പിള്ളക്കൊപ്പം സെറ്റിൽ വന്നിരുന്ന വിജയരാഘവനെ ആ സിനിമയിൽ Cast ചെയ്യാൻ തീരുമാനിച്ചുവെങ്കിലും അതും നടന്നില്ല. ഒടുവിൽ ആ അന്വേഷണം സിനിമയിൽ തന്നെ ഒരു വില്ലൻ വേഷം ചെയ്യാൻ നിശ്ചയിച്ചിരുന്ന ഭീമൻ രഘുവിലേക്ക് എത്തി.സിനിമയിൽ സീനത്ത് അവതരിപ്പിച്ച കടപ്പുറം കാർത്ത്യായനിയുടെ അടുത്തേക്ക് അഞ്ഞൂറാനും മക്കളും വരുമ്പോൾ അവരെ അവിടെ എതിരിടുന്ന ഗുണ്ടാകഥാപാത്രമായിട്ടാണ് ഭീമൻ രഘുവിനെ സിനിമയിൽ ആദ്യം Cast ചെയ്തിരുന്നത്

ഭീമൻ രഘുവിന്റെ അച്ഛൻ കെ.പി.ദാമോദരൻ നായരും എൻ.എൻ.പിള്ളയും ചെറുപ്പത്തിൽ സുഹൃത്തുക്കൾ ആയിരുന്നു, പിന്നീട് രണ്ട് പേരും ജോലിത്തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും രണ്ട് വഴിക്കായി. വർഷങ്ങൾക്ക് ശേഷം സിദ്ധിഖ്-ലാൽ എൻ.എൻ.പിള്ളയെ കേന്ദ്രകഥാപാത്രമാക്കി ഗോഡ്ഫാദർ എന്ന പേരിൽ ഒരു സിനിമ തുടങ്ങാൻ പോവുകയാണെന്നറിഞ്ഞ ഭീമൻ രഘുവും അച്ഛനും എൻ.എൻ.പിള്ളയെ കാണാൻ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്നു. അവരുടെ സംസാരം കഴിയുന്നത് വരെ റൂമിന്റെ പുറത്ത് നിന്ന ഭീമനെ സിദ്ധിഖ്-ലാൽ ആകസ്മികമായി കാണുകയും എന്താണ് ഇവിടെയെന്ന ചോദിക്കുകയും ചെയ്തു. അച്ഛനെ പിള്ള സാറിനെ കാണിക്കാൻ വന്നതാണെന് ഭീമൻ രഘു മറുപടി പറയുകയും ചെയ്തു. ഭീമന്റെ അന്നത്തെ ലുക്ക് കണ്ട ഇഷ്ടപ്പെട്ട സിദ്ധിഖും ലാലും അദ്ദേഹത്തെ ഉടൻ തങ്ങളുടെ റൂമിൽ വിളിച്ച് ഈ സിനിമയിലെ നെടുമുടി വേണു ചെയ്യാനിരുന്ന വേഷം എല്പിക്കുകയായിരുന്നു. അങ്ങനെയാണ് നെടുമുടിക്ക് വച്ച പ്രേമചന്ദ്രൻ എന്ന കഥാപാത്രം ചെയ്യാൻ ഭീമൻ രഘുവിന് നറുക്ക് വീണത്. ഭീമൻ രഘു ചെയ്യാനിരുന്ന ഗുണ്ടാകഥാപാത്രം വിനോദ് കോഴിക്കോട് എന്ന നടനാണ് പിന്നീട് സിനിമയിൽ ചെയ്തത്. ഭീമൻ രഘുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി മാറി പ്രേമചന്ദ്രൻ. ഒറ്റ സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ലോ കോളേജ് പ്രിൻസിപ്പലിന്റെ ഒരു വേഷവും ഗോഡ്ഫാദറിൽ ഉണ്ടായിരുന്നു. സിദ്ധിഖ് ലാലിന്റെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി ആ വേഷം ഭീമൻ രഘുവിന്റെ അച്ഛനാണ് സിനിമയിൽ അഭിനയിച്ചത്. അങ്ങനെ കോമ്പിനേഷൻ സീനുകൾ ഇല്ലെങ്കിലും ഗോഡ്ഫാദറിൽ ഒരുമിച്ചഭിനയിക്കാനുള്ള ഭാഗ്യം അച്ഛനും മകനുമുണ്ടായി. നെടുമുടിയുടെ കഥാപാത്രത്തിലേക്ക് ഭീമൻ രഘുവിനെ പറിച്ചു നട്ടതോടെ ചില്ലറ തിരുത്തലുകളും സ്ക്രിപ്റ്റിൽ നടത്തേണ്ടതായി വന്നു.

നെടുമുടിക്ക് സംഭവിച്ചത് പോലൊരു സംഗതി തിലകന്റെ കാര്യത്തിലും സംഭവിച്ചു. ഗോഡ്ഫാദറിന്റെ ഷൂട്ടിങ് നടക്കുന്ന വേളയിൽ തന്നെയാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്നത്. സന്ദേശത്തിലെ മുഖ്യകഥാപാത്രവും തിലകനാണ്. രണ്ട് സിനിമകളും ഒരേ സമയമാണ് ഷൂട്ടിംഗ്. എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം സംജാതമായി. ഒടുക്കം സത്യൻ അന്തിക്കാട് തന്നെ പോംവഴി നിർദേശിച്ചു. ഗോഡ്ഫാദറിൽ തിലകന് ഷൂട്ടില്ലാത്ത സമയങ്ങളിൽ വന്ന് സന്ദേശത്തിൽ അഭിനയിക്കട്ടെ. അങ്ങനെ സമയം കിട്ടുന്ന മുറക്ക് സന്ദേശത്തിൽ പോയി തിലകൻ അഭിനയിച്ചു. പകൽ മുഴുവൻ ഗോഡ്ഫാദറിന്റെ സെറ്റിലും രാത്രി സന്ദേശത്തിന്റെ സെറ്റിലും തിലകൻ ഓടി നടന്ന് അഭിനയിച്ചു. ഗോഡ്ഫാദറിൽ തിലകന് ഷൂട്ടിംഗ് ഇല്ലാത്ത ദിവസം മുൻകൂട്ടി സന്ദേശം ടീമിനെ അറിയിക്കുകയും അവർ അതിനനുസരിച്ച് അദ്ദേഹത്തെ കൊണ്ട് പോയി സന്ദേശത്തിൽ അഭിനയിപ്പിക്കുകയും ചെയ്തു.. അങ്ങനെ ഒരേ സമയം അഞ്ഞൂറാന്റെ മകൻ ബാലരാമനായും സ്റ്റേഷൻ മാസ്റ്റർ രാഘവൻ നായരായും വേഷപ്പകർച്ച നടത്തി മഹാനടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇടക്കെപ്പോഴോ തന്റെ സീൻ എടുക്കാതെ, മറ്റുള്ള സീനുകൾ എടുക്കാൻ സിദ്ധിഖ്-ലാൽ കൂടുതൽ ശ്രദ്ധ ചെലുത്തുവെന്നൊരു തോന്നൽ തിലകന് തോന്നുകയും ഇത് അദ്ദേഹത്തിൽ അപ്രീതി ജനിപ്പിക്കുകയുമുണ്ടായി. സെറ്റിലെ മറ്റ് ചിലരിൽ നിന്ന് യാദൃച്ഛികമായി ഇതറിയാനിടയായ സിദ്ധിഖ്ലാൽ അതോടെ മറ്റുള്ളവരുടെ സീനുകൾ ഷൂട്ട് ചെയ്യുന്നത് തൽക്കാലത്തേക്ക് ബ്ലോക്ക് ചെയ്ത് തിലകന്റെ സീനുകൾ ആദ്യം ഷൂട്ട് ചെയ്ത് അദ്ദേഹത്തെ സെറ്റിൽ നിന്ന് ഫ്രീയാക്കി. പ്രധാനമായും ക്ലൈമാക്സ് സീനുകൾ ആയിരുന്നു അത്. ഈയൊരു സംഭവം സംവിധായകർക്കും തിലകനും ഇടയിൽ ആ സമയത്ത് ചെറിയൊരു അകൽച്ച സൃഷ്ടിച്ചു. എന്നാൽ സിനിമയുടെ ഡബ്ബിങ് സെഷനിൽ ഈ പരിഭവം ഇല്ലാതെയായി. തന്നെ സിനിമയിൽ നന്നായി ഉപയോഗിച്ചതിലെ നന്ദിയും സ്നേഹവും തിലകൻ സംവിധായകരോട് അലോഹ്യം മറന്ന് പങ്ക് വച്ചതോടെ ഈ പിണക്കം പെട്ടെന്ന് അലിഞ്ഞില്ലാതെയായി.
സിനിമയിൽ ഇന്നസെന്റിന്റെ ഭാര്യാവേഷത്തിൽ ആദ്യം നിശ്ചയിച്ചിരുന്നത് വേറൊരു നടിയെ ആയിരുന്നു. അതറിഞ്ഞ ഇന്നസെന്റാണ് കെ പി.എ.സി.ലളിതയെ ഈ സിനിമയിലേക്ക് നിർദേശിക്കുന്നതും ഫോണിൽ വിളിച്ച് അവരോട് സെറ്റിലേക്ക് വരാൻ പറയുന്നതും. മായിൻകുട്ടി, സ്വാമിനാഥന്റെ കല്യാണം നിശ്ചയിച്ചു എന്ന് പറയാൻ വരുമ്പോൾ അയാളെ തള്ളിയിട്ട് അകത്തേക്ക് ഓടിക്കയറുന്ന സീനാണ്
കെ.പി.എ.സി.ലളിതയുടേതായി സിനിമയിൽ ആദ്യം ഷൂട്ട് ചെയ്തത്. ടേക്ക് പോകുന്നതിന് മുൻപ് സിദ്ധിഖും ലാലും ആ സീൻ എങ്ങനെ Develop ചെയ്യണം എന്ന കാര്യം കൃത്യമായി ലളിതയോട് പറഞ്ഞു കൊടുത്തു. മുൻപരിചയം ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങൾ പറഞ്ഞ കാര്യം KPAC ലളിത ശ്രദ്ധിച്ച് കാണില്ല എന്നാണ് സംവിധായകർ കരുതിയത്. പക്ഷേ ആക്ഷൻ പറഞ്ഞപ്പോൾ സംവിധായകർ പറഞ്ഞതിനേക്കാൾ ഗംഭീരമായിട്ടാണ് കെ.പി.എ.സി.ലളിത അഭിനയിച്ചത്. ഒറ്റ ടേക്കിൽ തന്നെ ഷോട്ട് ഓക്കെയായപ്പോൾ കണ്ട് നിന്നവരെല്ലാം കയ്യടിച്ചു. ഇത്ര വലിയ കോംപ്ലിക്കേറ്റഡ് സീൻ ഒറ്റയടിക്ക് ലളിത ചെയ്തപ്പോൾ സിദ്ധിഖ് നേരെ ഇന്നസെന്റിന്റെ അടുത്ത് പോയി പറഞ്ഞു. ‘ചേട്ടൻ പറഞ്ഞത് ശരിയാണ്.. ഈ റിസൾട്ട് വേറെ ആരുടെ കയ്യിൽ നിന്നും കിട്ടില്ല..!’

അഞ്ഞൂറാന്റെ വീട്ടിൽ കുട്ടികളുമായി ചെന്ന് കിണറ്റില്‍ ചാടാന്‍ ഒരുങ്ങുന്ന സീനിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞ് കിതച്ച്.. ക്ഷീണിച്ചവശയായി KPAC ലളിത ഇന്നസെന്റിനോട് പറഞ്ഞുവെത്രേ
‘എന്തൊരു വലിയ സീക്വന്‍സുകളാണ്.. എനിക്ക് വയ്യ.. ശ്വാസം കിട്ടുന്നില്ല.’
‘ലളിത വിഷമിക്കണ്ട.. സ്‌ക്രീനില്‍ വരുമ്പോള്‍ ഈ സീൻ ഗംഭീരമായിരിക്കും.. ഞാന്‍ ഇവന്മാരുടെ ആദ്യ സിനിമ മുതൽ കൂടെയുള്ളതല്ലേ.. ഇവന്മാര് എന്നേയും കുറേ വിഷമിപ്പിച്ചതാ.’
ജഗദീഷിന്റെ മായിൻകുട്ടിയാണ് സിനിമയിലെ മറ്റൊരു ജനപ്രിയകഥാപാത്രം. ജഗദീഷിന്റെ കരിയറിൽ ഏറെ മൈലേജ് നൽകിയ വേഷമായിരുന്നു ഇതിലെ മായിൻകുട്ടി. ശങ്കരാടിയും ഇന്നസെന്റ് ജഗദീഷും ഉൾപ്പെടുന്ന ക്ലൈമാക്സിലെ ആ ഹാസ്യരംഗത്തിന് ഇന്നും ആരാധകരേറെ. കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള ഒരു ​ഗസ്റ്റ്ഹൗസിലും മീഞ്ചന്തയിലെ ഒരു കല്യാണമണ്ഡപത്തിലും വച്ചായിരുന്നു ആ രം​ഗങ്ങൾ ചിത്രീകരിച്ചത്. സിദ്ദിഖ്-ലാൽ മിമിക്രി ചെയ്തിരുന്ന കാലത്തെ ഒരു സ്കിറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ രംഗമായിരുന്നു അത്. നന്നായി Execute ചെയ്തില്ലെങ്കിൽ അമ്പേ പാളിപ്പോകുമായിരുന്ന ഒരു സീൻ. നന്നാകുമോ എന്ന് ഉറപ്പില്ലാതെയാണ് ആ സീനിന്റെ ഷൂട്ട് ആരംഭിച്ചത്. ശങ്കരാടിക്കും ഇന്നസെന്റിനും ജഗദീഷിനും സീൻ കൃത്യമായി പറഞ്ഞു കൊടുത്തു. ഏറ്റവും വലിയ വെല്ലുവിളി ശങ്കരാടിയെ ആ സീനിൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യിക്കും എന്നോർത്തായിരുന്നു. അടികൊണ്ട് ബോധം പോയ ഒരാൾക്ക് യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല എന്നത് തന്നെ കാരണം. പക്ഷേ ശങ്കരാടി ആ സീനുകളിൽ തകർത്തഭിനയിച്ചു. ഇടയ്ക്ക് മുഖം താണുപോകുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം അതിഗംഭീരമായി അദ്ദേഹം ചെയ്തു.

ഇവരെ കൂടാതെ സിദ്ധിഖ്, കുണ്ടറ ജോണി, ജനാർദ്ദനൻ, പറവൂർ ഭരതൻ, ഉണ്ണിമേരി, തൊടുപുഴ വാസന്തി, തൃശ്ശൂർ എൽസി, തെസ്നി ഖാൻ, ഹരിശ്രീ അശോകൻ, ബീന ആന്റണി, കൊല്ലം തുളസി, രവി വള്ളത്തോൾ, ബേബി അമ്പിളി, കലാഭവൻ ഹനീഫ്, വിനോദ് കോഴിക്കോട് പോലുള്ള അഭിനേതാക്കളും സിനിമയിലെ മറ്റ് വേഷങ്ങളിൽ അഭിനയിച്ചു.കോഴിക്കോടും പരിസരപ്രദേശങ്ങളിലും വെച്ച് ഒറ്റ ഷെഡ്യൂളിൽ ഗോഡ്ഫാദറിന്റെ ഷൂട്ടിങ് പൂർത്തിയായി. കോഴിക്കോട്ടെ പ്രശസ്തമായ മണ്ണടത്ത് തറവാടാണ് അഞ്ഞൂറാന്റെ തറവാടായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. വേണുവായിരുന്നു ക്യാമറ. സിദ്ധിഖ് ലാലിന്റെ മുൻചിത്രങ്ങൾ പോലെ ബിച്ചു തിരുമല-എസ്.ബാലകൃഷ്ണൻ ടീം ആയിരുന്നു സിനിമക്ക് പാട്ടുകൾ ഒരുക്കിയത്.

എല്ലാ പ്രതിസന്ധികളും അതിജീവിച്ച് 1991 നവംബർ 15ന് സിനിമ റിലീസായി. ആദ്യ ദിവസം മുതൽ തീയേറ്റർ നിറഞ്ഞു കവിഞ്ഞു. സംവിധായകരുടെ മുൻ ചിത്രങ്ങളെക്കാൾ വലിയ വിജയം ഗോഡ്ഫാദർ നേടി. തിരുവനന്തപുരത്തെ ശ്രീകുമാർ തീയേറ്ററിൽ 400ഓളം ദിവസം സിനിമ ഓടി. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പ് വൻ വിജയം നേടി. അഞ്ഞൂറാന് പകരം മറ്റൊരാളെ കണ്ടെത്താൻ പറ്റാത്തത് കൊണ്ട് കൂടിയാകണം, എൻ.എൻ.പിള്ള തന്നെയാണ് തെലുങ്ക് പതിപ്പിലും ആ വേഷം അവതരിപ്പിച്ചത്. നായികയായി അഭിനയിച്ച അരങ്ങേറ്റ സിനിമകൾ രണ്ടും, ഒരു കൊല്ലം ഓടിയെന്ന അപൂർവ റെക്കോർഡിന് നടി കനക അർഹയായി. പൂക്കാലം വന്നൂ.. മന്ത്രിക്കൊച്ചമ്മ.. നീർപളുങ്കുകൾ തുടങ്ങിയ സിനിമയിലെ എല്ലാ പാട്ടുകളും ഒപ്പം ഐക്കോണിക് ആയ ബിജിഎം അന്നും ഇന്നും ഹിറ്റാണ്. ഞായറാഴ്ച ഷൂട്ടിംഗ് തുടങ്ങുന്ന മലയാള സിനിമ വിജയിക്കില്ലെന്ന അന്ധവിശ്വാസം അന്ന് ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. ഒരു ഞായറാഴ്ച ഷൂട്ടിംഗ് തുടങ്ങിയ ഗോഡ്ഫാദറിന്റെ വൻ വിജയത്തോടെ ഈ വിശ്വാസവും ഇല്ലാതെയായി.
____________

3 പതിറ്റാണ്ടിനിപ്പുറവും ഈ സിനിമക്ക് പ്രേക്ഷകരെ രസിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്.!?
ഒരു പത്ത് സിനിമക്കുള്ള ബുദ്ധിയും തമാശകളും ഈ സിനിമക്കുള്ളിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. വെറുമൊരു കോമഡി സിനിമ എഴുതുന്ന അധ്വാനമോ ലാഘവമോ അല്ല, മറിച്ച് അസാമാന്യമായ ബുദ്ധികൂർമതയുള്ള തിരക്കഥയാണ് ഗോഡ്ഫാദറിന്റേത്. മനുഷ്യമനസ്സിന്റെ സകലവൈകാരികതലവും സസൂക്ഷ്മം പഠിച്ച് അതിൽ ഹ്യൂമറിന്റെ Element കലർത്തി, പ്രേക്ഷകപ്രീതി നേടുന്ന രീതിയിൽ അവതരിപ്പിക്കുകയെന്നത് അത്യന്തം ശ്രമകരമായൊരു ടാസ്ക് തന്നെയാണ്, ആ ടാസ്കാണ് സിദ്ധിഖ്-ലാൽ ഈ സിനിമയിലൂടെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. അഞ്ഞൂറാൻ അടിമുടി സ്ത്രീവിരുദ്ധൻ ആയിരുന്നിട്ടു പോലും കേട്ടാൽ നെറ്റി ചുളിക്കുന്ന സ്ത്രീവിരുദ്ധഡയലോഗുകളോ കാര്യങ്ങളോ ഒന്നും തന്നെയും ഈ സിനിമയിൽ ഇല്ലെന്നത് സിനിമയുടെ എഴുത്തിന്റെ Everlasting ക്വാളിറ്റി പ്രകടമായി വെളിവാകുന്ന പ്രധാന മേന്മകളിൽ ഒന്നാണ്.

വന്നവനും പോയവനും തൊട്ട് വഴിയേ പോയവർക്ക് വരെ വ്യക്തമായ സ്ക്രീൻ സ്‌പേസ് നൽകി എഴുതിയ തിരക്കഥ കൂടിയാണ് ഗോഡ്ഫാദർ. സിനിമയിൽ സ്വാമിനാഥൻ രഹസ്യഭാര്യയെ കാണാൻ ബസ്സിറങ്ങി നടന്നു നീങ്ങുമ്പോൾ അയാൾക്കും മുന്നേ വീടന്വേഷിച്ച് വന്ന സഹോദരനെയും സുഹൃത്തിനെയും കൃത്യമായി വീട്ടിലേക്ക് പറഞ്ഞയച്ചുവെന്ന് പുഞ്ചിരിച്ച് ആത്മസംതൃപ്തിയോടെ പറയുന്ന ഒരു കഥാപാത്രമുണ്ട് ഗോഡ്ഫാദറിൽ. സിനിമയിൽ അയാൾക്ക് പേരില്ല, പടമിറങ്ങി 3 പതിറ്റാണ്ട് പിന്നിടുന്ന വേളയിലും ആ മനുഷ്യൻ ആരാണെന്നോ അയാൾ അതിന് മുൻപോ പിൻപോ വേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ എന്നോ അറിയില്ല. പക്ഷേ ഏത് ആൾക്കൂട്ടത്തിൽ നിന്നായാലും ആ നടന്റെ ചിത്രം കണ്ടാൽ.. ഒരു ട്രോൾ കണ്ടാൽ.. ഒരു Meme കണ്ടാൽ അത് ഗോഡ്ഫാദറിലെ രംഗമാണ് എന്ന് ഇപ്പോഴും സാമാന്യം നന്നായി സിനിമ ഫോളോ ചെയ്യുന്ന ഏതൊരാൾക്കും പറയാൻ സാധിക്കും.

ഭീമൻ രഘുവിന്റെ അച്ഛൻ ആകെ ഒരൊറ്റ സീനിൽ മാത്രമാണ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ കാര്യത്തിലും ഈ അസംപ്‌ഷൻ സാധ്യമാണ്. കടപ്പുറം കാർത്ത്യായനി എന്ന റോൾ ഗോഡ്ഫാദറിൽ ചെയ്യുമ്പോൾ വെറും 27 വയസ്സ് മാത്രമാണ് നടി സീനത്തിന് പ്രായം. പ്രായത്തേക്കാൾ മുതിർന്ന വേഷം, അതും തന്റെ ഇമേജിനെ വരെ ബാധിക്കാൻ സാധ്യതയുള്ളൊരു വേഷം ചെയ്യാൻ ആദ്യം അവർ താൽപ്പര്യപ്പെടാതിരുന്നതാണ്. ആ വേഷം നീ നഷ്ടപ്പെടുത്തരുത്, സിദ്ധിഖ്-ലാലിന്റെ സിനിമയാണെങ്കിൽ എന്തെങ്കിലുമൊക്കെ പെർഫോമൻസ് ചെയ്യാൻ കാണുമെന്ന സഹോദരിയുടെ വാക്കുകളിൽ വെളിപാട് തോന്നിയാണ് ആ വേഷം പിന്നീട് സീനത്ത് വന്ന് അഭിനയിക്കുന്നത്. ഒറ്റ സീൻ മാത്രമേയുള്ളൂ എന്ന് വിചാരിച്ച്/ഒരു മോശം കഥാപാത്രമാണെന്ന് വിചാരിച്ച് ഗോഡ്ഫാദർ താൻ നഷ്ടപ്പെടുത്തിയിരുന്നുവെങ്കിൽ അതിന്റെ നഷ്ടബോധം ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടിയേനെ എന്ന് ഈയിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലും സീനത്ത് പറയുകയുണ്ടായി. നായകന്റെയും നായികയുടെയും അമ്മവേഷങ്ങൾ ഉൾപ്പടെ പല സിനിമകളിലും ഇതിന് ശേഷം അഭിനയിച്ചിട്ടും ഇത്ര പോപ്പുലാരിറ്റി അവർക്ക് സമ്മാനിച്ച മറ്റൊരു കഥാപാത്രം മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്, അതും കേവലം ഒറ്റ സീൻ മാത്രമുള്ള വേഷമാണ് എന്ന് കൂടി ആലോചിക്കണം.

ഇങ്ങനെ വലുതും ചെറുതുമായ കുറെയേറെ കഥാപാത്രങ്ങൾ 32 വർഷത്തിനിപ്പുറവും ഒരൊറ്റ സിനിമ കൊണ്ട് അഡ്രസ്സ്‌ ചെയ്യപ്പെടുന്നു. ചെറുതും വലുതുമായ ഒരുപാട് അഭിനേതാക്കളുടെ ഐഡന്റിറ്റി ആയി ഇന്നും ഈ സിനിമ മാറുന്നു.3 പതിറ്റാണ്ട് മുൻപുള്ള തലമുറ എങ്ങനെ ഈ സിനിമ ആസ്വദിച്ചുവോ അതേ പോലെ ആസ്വദിക്കാൻ പുതിയ ജനറേഷനും സാധിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ച കേരളീയം വേദിയിൽ ഗോഡ്ഫാദർ പ്രദർശിച്ചപ്പോൾ ഉണ്ടായ അഭൂതപൂർവമായ തിരക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും നാമെല്ലാം കണ്ടതാണ്. ഈ തിരക്ക് ഇന്നും ഈ സിനിമക്ക് ലഭിക്കുന്ന അത്യപൂർവ്വമായ ജനപ്രീതിയുടെ നേർസാക്ഷ്യം കൂടിയാണ്

ആത്യന്തികമായി ഒരു സിനിമ ക്ലാസിക് ആയി മാറുന്നത് തലമുറഭേദമന്യേ കാഴ്‌ചക്കാരെ ആകർഷിക്കുമ്പോൾ മാത്രമാണ്. ഓരോ കാഴ്ചയിലും പുതുമ പുലർത്തുന്ന കലർപ്പില്ലാത്ത ചലച്ചിത്രാനുഭവം പങ്ക് വയ്ക്കുന്ന സിനിമകൾക്ക് മാത്രമേ അക്ഷരാർത്ഥത്തിൽ ക്ലാസിക്ക് എന്ന ടാഗ് ലൈനിന് അർഹതയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഗോഡ്ഫാദർ എല്ലാ അർത്ഥത്തിലും മലയാള സിനിമയിലെ ക്ലാസിക് ആണ്.
Evergreen CLASSIC.
ഗോഡ്ഫാദറിന്റെ 32 വർഷങ്ങൾ.

 

You May Also Like

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ പൂജയും ഔദ്യോഗികമായ ലോഞ്ചും…

മലൈക്കോട്ടൈ വാലിബൻ : പ്രേക്ഷകർ തമ്മിൽ പൊരിഞ്ഞ അടിയാണ്…!!

മലൈക്കോട്ടൈ വാലിബൻ : പ്രേക്ഷകർ തമ്മിൽ പൊരിഞ്ഞ അടിയാണ്…!! നാരായണൻ മലയ്ക്കോട്ടയ് വാലിബൻ ഇറങ്ങിയപ്പോൾ തൊട്ട്…

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കി എറണാകുളം സ്വദേശി രഘുനാഥൻ

‘തത്ത്വമസി’ 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള…

ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവരെ സുന്ദരിമാരാക്കിയത്

ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവരെ സുന്ദരിമാക്കിയത് അറിവ് തേടുന്ന പാവം പ്രവാസി സൗന്ദര്യമൽസരങ്ങളിൽ സുന്ദരിമാരെ വലയ്ക്കുന്ന…