ഒറ്റ ദിവസത്തിലൊതുങ്ങാത്ത ‘വണ്‍ ഡേ’ – സിനിമാ റിവ്യൂ

0
642

1

B-Media എന്ന ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്യപ്പെട്ട റിവ്യൂ ആണിത്. റിവ്യൂവിന് നന്ദി !

കണ്ടുമടുത്ത കഥകള്‍ക്കും കഥപറച്ചിലുകള്‍ക്കും മേക്കിംഗുങ്ങുകള്‍ക്കും മീതെ അവതരണത്തിന്റെ പുതിയ രസക്കൂട്ടൊരുക്കിയാണ് ‘വണ്‍ ഡേ’ എന്ന ചെറുസിനിമയുടെ വരവ്. വലിയൊരു ജീവിത കഥ തന്നെ വലിച്ചു നീട്ടി പരത്തി പറയുമ്പോഴാണ് എല്ലായിപ്പോഴും അത് സിനിമയാകുക അല്ലെങ്കില്‍ ഒന്നും രണ്ടും മൂന്നും നാലും നിരയില്‍പ്പെട്ട സുപരിചിതരായ താരങ്ങളിലൂടെ മാത്രമാണ് സിനിമകള്‍ സാധ്യമാകുക എന്നൊക്കെയുള്ള അബദ്ധ ധാരണകളെയാണ് ‘വണ്‍ ഡേ’യിലൂടെ തിരുത്തപ്പെടുന്നത്. കണ്ണീരും, പ്രണയവും, പകയും, അമാനുഷികതയും, പ്രതികാരവുമൊക്കെയുള്ള ക്ലീഷേ വിഷയങ്ങളല്ലാതെ അഞ്ചു മിനുട്ടു കൊണ്ടുമാത്രം പറയാവുന്ന ഒരു സംഭവത്തെ എങ്ങനെ പുതിയ കാഴ്ചയിലൂടെ വ്യത്യസ്തമാക്കാം എന്നതിന്റെ തെളിവായി ഈ സിനിമയെ അടയാളപ്പെടുത്താം. സൂപ്പര്‍ താരനിരകളില്ലാതെ, സാങ്കേതികതയുടെ വലിയ പിന്‍ബലങ്ങളില്ലാതെ ഒരുക്കിയിരിക്കിരിക്കുന്ന ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല, പതിവ് ചേരുവകള്‍ പ്രതീക്ഷിക്കാതെ തിയറ്ററുകളിലെത്തിയാല്‍ !

2

സിനിമ എപ്പോഴും ലൈവ് ആയ നിമിഷങ്ങളിലേയ്ക്കും നമുക്ക് ചുറ്റുമുള്ള തല്‍സമയ കാഴ്ചകളിലേയ്ക്കും മാറി, പരമ്പരാഗത സമീപനങ്ങളില്‍ നിന്നും വിടുതല്‍ നല്‍കേണ്ട സമയമായെന്നുമൊക്കെ തെളിയിക്കാന്‍ ശ്രമപ്പെട്ട സിനിമയാണ് ട്രാഫിക്. ആ സിനിമ മുതല്‍ തിന്നുമടുത്ത സിനിമാരുചികളില്‍ നിന്നൊരു വിടുതല്‍ കണ്ടുതുടങ്ങിയതുമാണ്. ഈ സിനിമയില്‍ കഥയ്ക്കല്ല കഥ പറച്ചിലിലെ വഴിമാറിയുള്ള സഞ്ചാരങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തതെന്ന സവിശേഷത അഭിനന്ദനമര്‍ഹിക്കുന്നു. ഒരു സിനിമയ്ക്കുവേണ്ട കഥ മെനയാന്‍ കഴിവില്ലാത്തയാളല്ല ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഡോ.ജെയിംസ് ബ്രൈറ്റെന്ന് സിനിമ കണ്ടാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധികം വലിച്ചുനീട്ടി അസഹ്യമാക്കാതെ ബുദ്ധിപൂര്‍വ്വം അദ്ദേഹം അത് നിര്‍വ്വഹിച്ചിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ടും കുറഞ്ഞ ബഡ്ജറ്റ് കൊണ്ടും പുതുമുഖങ്ങളെ അണിനിരത്തിയുമുള്ള പരീക്ഷണം പാഴായില്ല എന്നുവേണം കരുതാന്‍.

3

‘വണ്‍ ഡേ’യുടെ സവിശേഷതകളും പോരായ്മകളും.

1. തുടക്കക്കാരനെന്ന നിലയില്‍ സുനില്‍ വി പണിക്കര്‍ക്ക് അഭിമാനിക്കാം, തന്റെ ശ്രമം വെറുതെയായില്ലെന്ന്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി സൂക്ഷ്മതയോടെ, മികച്ച ഷോട്ടുകളിലൂടെ അദ്ദേഹം തന്റെ സിനിമയെ വേറിട്ടതാക്കിയിരിക്കുന്നു.

2. ഡോ. ജെയിംസ് ബ്രൈറ്റിന് രോഗികളെ ചികില്‍സിക്കാന്‍ മാത്രമല്ല രോഗമുള്ള ജീര്‍ണ്ണിച്ച സിനിമാ സങ്കല്‍പ്പങ്ങളേയും പേന കൊണ്ട് ചികില്‍സിക്കാനറിയാമെന്ന് ആദ്യ സിനിമയില്‍ തന്നെ വ്യക്തം.

3. ഈ സിനിമയുടെ ഏറ്റവും മികച്ച സവിശേഷതകളില്‍ മറ്റൊന്ന് സിനിമാട്ടോഗ്രഫിയാണ്. രാജീവ് വിജയും, ബിജോയ് വര്‍ഗീസും തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. നഗരത്തിന്റെ ഏറ്റവും മികച്ച ഏരിയല്‍ ഷോട്ടുകള്‍ ഈ സിനിമയുടെ മാത്രം സവിശേഷതയാണ്. ഒരുപാട് ശ്രദ്ധക്കുറവുകളും ക്യാമറയില്‍ തന്നെ സംഭവിച്ചതും നിര്‍ഭാഗ്യകരമാണ്. ഫോക്കസ്സ് ഔട്ടുകളുടെ അയ്യരുകളി വണ്‍ഡേയില്‍ ഉടനീളമുണ്ട്. നാരയണന്‍കുട്ടിയുടെ ചോദ്യത്തിനു മുന്നോട്ടാഞ്ഞു മറുപടി പറയുന്ന കൊച്ചുപ്രേമന്റെ ക്ലോസ് അപ്, കരിക്കുകുടിക്കുന്ന മഖ്ബൂല്‍ സല്‍മാന്‍, തന്നെ കൊല്ലാനായി വരുന്ന കലാശാലയുടെ മുന്നിലേയ്ക്ക് തിരിച്ചടിക്കാനായി വരുന്ന നോബിയുടെ കലിപ്പ് ക്ലോസ് അപ്, ജിംനേഷ്യം സീന്‍, ജയിലിനുമുന്നില്‍ കത്തിയുമായി നില്‍ക്കുന്ന കലാശാല ബാബുവിന്റെ ക്ലോസ് അങ്ങനെ ഫോക്കസ്സ് ഔട്ടുകള്‍ ഈ സിനിമയുടെ രസച്ചരടുകള്‍ പലപ്പോഴും മുറിച്ചിട്ടുണ്ട്.

4. ക്ലൈമാക്‌സിലൊരുക്കിയ അതിമനോഹര ഗാനം. സംവിധായകന്റെ ചങ്കൂറ്റത്തിനാണ് ഇതിന് കയ്യടി. ഒരു സിനിമയിലും ക്ലൈമാക്‌സ് രംഗം ഗാനമായി കണ്ടിട്ടില്ല. ഈ പരീക്ഷണം എടുത്ത് പറയേണ്ട മേന്മയാണ്. മികച്ച ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ അനില്‍ ഭാസ്‌കര്‍ ഒരുപക്ഷെ പാളിപ്പോയേക്കാവുന്ന സാധ്യതകള്‍ക്ക് പിടികൊടുക്കാതെ തന്റെ പ്രതിഭ കൊണ്ട് സമര്‍ത്ഥമായി ഭദ്രമാക്കി. രാജീവ് ആലുങ്കലിന്റെ മനോഹരമായ വരികളെ മൃദുല വാര്യരുടെ ശബ്ദം കൂടുതല്‍ ആകര്‍ഷകമാക്കി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി വണ്‍ഡേയിലെ ‘ഇലകളില്‍ എന്ന ഗാനത്തെ’ അടയാളപ്പെടുത്തും.

5. വണ്ഡേയുടെ നട്ടെല്ല് എന്ന് പറയുന്നത് ഇതിലെ പശ്ചാത്തല സംഗീതമാണ്. ജയന്‍ വി പിഷാരടി സംവിധായകന്റെ മനസ്സറിഞ്ഞ്, സന്ദര്‍ഭം കൃത്യമായി മനസ്സിലാക്കി അവസാന നിമിഷം വരെ മൂഡ് നിലനിര്‍ത്തി. എങ്കിലും ചിലയിടങ്ങളില്‍ പോരായ്മകള്‍ തോന്നിപ്പിച്ചു.

6. എഡിറ്റിംഗ് കാര്യമായി എടുത്ത് പറയത്തക്ക മേന്മകളൊന്നുമില്ലാതെ കടന്നുപോയി. സൂക്ഷ്മതക്കുറവുകള്‍ എഡിറ്റിങ്ങില്‍ കല്ലുകടിയായിട്ടുണ്ട് പലയിടങ്ങളിലും. ആദ്യ പകുതി കുറെക്കൂടി ട്രിം ചെയ്ത് വേഗത്തിലാക്കിയിരുന്നെങ്കില്‍ സിനിമ കുറച്ചുകൂടി മികച്ചതായേനെ.

7. വണ്‍ഡേയിലൂടെയായിരിക്കും നാം ആദ്യമായി കാണുക.അനില്‍ മേനോനായി കയ്യടക്കമുള്ള അഭിനയം അദ്ദേഹം കാഴ്ചവച്ചു. ഫവാസ് സയാനി എന്ന പുതുമുഖം ഏവരേയും ഞെട്ടിച്ചു. തുടക്കക്കാരനായ ഫവാസില്‍ നിന്നും ആരും ഇത്രയ്ക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മികച്ച അഭിനയം കാഴ്ച വച്ച അദ്ദേഹം നാളത്തെ പ്രതീക്ഷയായി മാറുന്നു. രൂപവും ശബ്ദവും ശരിക്കും സ്റ്റീഫന്‍ പോള്‍ എന്ന കഥാപാത്രമായി മാറിയതിലൂടെ ഫവാസ് സയാനിയെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല.

1DAY Malayalam Film Official Trailor1 DAY Official Trailer

Posted by 1DAY on Sunday, November 15, 2015

8. പോലീസ് സ്റ്റേഷന്‍ കോമഡിയിലൂടെ ശരിക്കും കൊച്ചുപ്രേമന്‍ കയ്യടി നേടിയപ്പോള്‍ മറ്റു പലരും നിരാശപ്പെടുത്തി. നസീര്‍ സംക്രാന്തിയുടേയും സുഭാഷ് പണിക്കരുടേയും കോമഡികളും വേഷവിധാനവും ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. അവരുടെ തമാശകള്‍ രസിപ്പിക്കുന്നുണ്ടെങ്കിലും കോസ്റ്റ്യൂം അരോചകമായി. രണ്ടു നായികമാരും ക്ലോസ് അപ് ഷോട്ടുകളിലെ റിയാക്ഷനുകളില്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വേണ്ടത്ര പബ്ലിസിറ്റിയില്ലാതെ പോയതും മോശപ്പെട്ട സമയത്തെ റിലീസിംഗും വന്‍താര നിരകളില്ലാത്തതും ഈ സിനിമയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ചുരുക്കത്തില്‍ രണ്ടുമണിക്കൂര്‍ തിയറ്ററുകളിലിരുന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കാത്ത സിനിമയാണ് വണ്‍ഡേ. ധൈര്യമായി ഈ സിനിമ കാണാം.