template 1
പനയോല പാകിമേഞ്ഞ എട്ടുകെട്ടിന്റെ പടിപ്പുര തുറക്കുന്നത് എട്ടുപറക്കണ്ടത്തിന്റെ നടവരമ്പിലേക്കാണ്. നാലടി വീതിയില്‍ മണ്ണിട്ടുയര്‍ത്തിയ നടവരമ്പ് അക്കരെയെത്തുമ്പോള്‍ , കുട്ടാട്ടി മറുതയുടെ പാറക്കെട്ടുകള്‍ . അത് അവളുടെ നഗ്‌നമായ അമ്മിഞ്ഞ കണ്ണുകള്‍ പോലെ തോന്നിയ്ക്കും. അതിനപ്പുറം, സര്‍പ്പത്താന്മാരുടെ പെരുങ്കാട് മഴപെയ്‌തൊഴിയുന്ന വേളയില്‍ , പടിപ്പുര തുറന്നു നോക്കുമ്പോള്‍ , കുട്ടാട്ടി മറുതയുടെ അമ്മിഞ്ഞ കണ്ണുകളില്‍നിന്ന്, പാല്‍ നുര പോലെ മഴവെള്ളം ഒഴുകി വീഴുന്നതു കാണാം. വെറുതെ കുറച്ചു നേരം നോക്കി നിന്നാല്‍ സര്‍പ്പത്താന്മാരുടെ പെരുങ്കാട്ടില്‍നിന്ന് പുളഞ്ഞിഴഞ്ഞുവരുന്ന നാഗത്താന്മാരാണോ ആ നീരൊഴുക്കെന്നും സംശയം തോന്നാം. രണ്ടു നാഴികയ്ക്കകം, അത് ഒഴുകിപ്പോകുമ്പോള്‍ , കുട്ടാട്ടി മറുതയുടെ മുലക്കണ്ണുകളും, പെരുങ്കാടിന്റെ പച്ചത്തഴപ്പുകളും കിന്നാരം ചൊല്ലി നില്‍ക്കുന്നത്  കാണാം.

വൈകുന്നേരങ്ങളില്‍ കുട്ടാട്ടി മറുതയുടെ നെഞ്ചിടത്തിലൂടെ, പെരുങ്കാടിന്‍റെ നടവഴിയിലൂടെ, കരിയുറുമ്പുകളെന്നോണം വിറകുകൊള്ളികളും തലയിലേറ്റി പെണ്ണുങ്ങള്‍ നടന്നു പോകും. പെരുങ്കാടിനപ്പുറത്തെ, കീഴാളക്കോളനിയിലേക്കു പോകുന്നവരാണവര്‍ . കള്ളു മോന്തി കഴുവേറിവരുന്ന ആണുങ്ങള്‍ വെറുതെ, അവരുടെ പെണ്ണുങ്ങളെ എടുത്തിട്ടടിക്കും. തിന്നതിന്റെയും കൊടുത്തതിന്റെയും കണക്കു പറഞ്ഞ്, അലറിക്കൂവും, തിന്നപാത്രങ്ങളെടുത്ത് എറിഞ്ഞുടയ്ക്കും. വെള്ളമടങ്ങി, കലിയടങ്ങി, കൂരയില്‍ കേറുമ്പോള്‍ , ചില പെണ്ണുങ്ങള്‍ കതകു കൊട്ടിയടയ്ക്കും. കഞ്ഞി മോന്തി, കന്നം തിരിച്ചു കിടന്നുകളയും. കുറച്ചുമുമ്പുവരെ കാട്ടാളന്മാരെപ്പോലെ അലറിക്കൂവിയ ആണ്‍പിറന്നവര്‍ , പൂച്ചയേപ്പോലെ കിന്നരിച്ചു പുന്നരിച്ചടുത്തു ചെല്ലും, തുഴയും തൂമ്പയും പിടിച്ച് തഴമ്പു തുടിച്ച കൈകള്‍ കൊണ്ട്, പെണ്‍പിറന്നവളെ ചേര്‍ത്തു കിടത്തും.

അപ്പോളാവും, എട്ടുകെട്ടിലെ ഇളയ കാരണവര്‍ക്ക് പൂതിയിളക്കം. തെക്കിനിയില്‍ നിന്നൊരു ചൂട്ടാണിയെടുത്ത് (ചൂട്ട് കൂട്ടിക്കെട്ടി ഊഞ്ഞാലില്‍ തൂക്കിയിടുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്. ചൂട്ട് തണുക്കാതിരിക്കാനാണ് അതു ചെയ്യുന്നത്), തെല്ലൊന്നു തീപ്പിടിപ്പിച്ച്, വീശി വീശിക്കത്തിച്ച്, പിന്നാമ്പുറത്തെ വാഴക്കണ്ടം വഴി നിസ്സാരമായി നടന്നുപോകും. കാട് കൊത്തിച്ചുട്ട് ഓലകെട്ടിയ ഒരു കുടിലിലെവിടെയങ്കിലും, ഒരറുവാണിച്ചി കാത്തിരിക്കുന്നുണ്ടാവും. ചവറുകൂട്ടി ചുട്ടെടുത്ത കപ്പക്കിഴങ്ങും, ഒളിച്ചുവച്ചു വാറ്റിയെടുത്ത വാറ്റുറാക്കും, മുഷിഞ്ഞു നാറിയ മുണ്ടിന്‍ കോന്തലയില്‍ നിന്നും പുറത്തെടുത്ത്, അവള്‍ പൊന്നു തമ്പ്രാനെ ‘തത്കരിക്കും’. തത്കാരമേറ്റ പൊന്നു തമ്പ്രാന്‍ പൂതികെട്ട് മുണ്ടുടഞ്ഞ് പൊന്തി വരുമ്പോഴേക്കും, കയ്യിലുള്ള പണവും പണ്ടവും, അറുവാണിച്ചിക്ക് അടിയറവെച്ചു കഴിഞ്ഞിരിക്കും. പുലരും മുമ്പേ വേച്ചു നടന്ന്, തറവാടെത്തുമ്പോഴും, വലിയ കാരണവര്‍ കൂര്‍ക്കംമുഴക്കി നിലവിട്ട ഉറക്കമായിരിക്കും.
കിഴക്കിനി, നേരം പുലര്‍ന്നു ചെമ്പാവുടുക്കവേ, കീഴാളക്കോളനിയിലെ ആണ്പിറന്നവര്‍ കള്ളിറങ്ങി മദമടങ്ങി, തൂമ്പയും, നയമ്പുമായി വേലയ്ക്കു പുറപ്പെടും. കഞ്ഞിയും കപ്പയും വേവിച്ചുവച്ച്, കൂരയുടെ വാതില്‍ ചേര്‍ത്ത്പിടിച്ച്, പെണ്ണുങ്ങള്‍ വിറകൊടിക്കാനും പുല്ലരിയാനും കാടുകേറും. നടക്കും വഴി, ത്രിഫലവും (നെല്ലിക്ക, താന്നിയ്ക്ക, കടുക്ക) നാല്പാമരവും (അത്തി, ഇത്തി, അരയാല്‍ , പേരാല്‍ ) തോലുരിച്ച്, വട്ടിയില്‍ കരുതും. അടയ്ക്കയും പറങ്കിയണ്ടിയും പെറുക്കിയെടുത്ത് മടിക്കെട്ടിലൊളിച്ചുവയ്ക്കും. ആഴ്ച ചന്തയിലെവിടെയെങ്കിലും, അതു വിറ്റ് ചക്രമാക്കും. ആണുങ്ങള്‍ കുടിച്ചുമറിഞ്ഞ്, കൈയ്യില്‍ കിട്ടിയത് തീര്‍ക്കുമ്പോഴും, പെണ്ണുങ്ങളുടെ മിടുക്കില്‍ കൂരയില്‍ അന്നം വേവും.

മുന്‍ കാരണവര്‍ കരുതിവച്ചിരുന്ന പൊന്നും പണവും ഇളമുറക്കാര്‍ പിടകള്‍ക്ക് വാരിക്കൊടുത്ത്, നാടറിയെ ചൂതു കളിച്ച് ഓരോ ദിനങ്ങളും അമ്മാനമാടി കാശിപ്പെട്ടി ഒഴിഞ്ഞു. മേല്പുര മേയാതെ, എട്ടുകെട്ടിന് വിള്ളലായി. ദാരിദ്ര്യത്തിന്‍റെ വെള്ളക്കുഴികളില്‍ നിന്നും പട്ടിണിക്കുട്ടികള്‍ വിദ്യ നേടി പടിയിറങ്ങി. ആരാരുമില്ലാതെ നിലംപൊത്തിയ എട്ടുകെട്ടിന് ഊടും പാവും തീര്‍ത്തിരുന്ന മണ്‍തടങ്ങള്‍ , നിലമറന്ന്, വിലപറഞ്ഞ്, അന്യര്‍ക്ക് വിറ്റു. എട്ടുപറ കണ്ടം നിരന്നു… കുട്ടാട്ടി മറുതയുടെ മുലക്കണ്ണുകള്‍ , വെടിയും തിരിയുംകൊണ്ട് പൊട്ടിച്ചുടച്ച്, പുതുക്കക്കാര്‍ ലോറിയില്‍ കയറ്റി നാടു കടത്തി. സര്‍പ്പത്താന്മാരുടെ പെരുങ്കാട്ടില്‍നിന്നും, നാഗത്താന്മാര്‍ ഓടിയൊളിച്ചു. വെട്ടി മറിച്ചും, ചുട്ടെരിച്ചും, പെരുങ്കാട്, പെരുവഴിയായി.

എട്ടുകെട്ടും എണ്ണിയാല്‍ തീരാത്ത സ്വത്തുവകകളും, നിസ്സംഗതയോടെ നാടു നീങ്ങവേ, വേലചെയ്യാന്‍ മടിക്കാത്തവരുടെ കീഴാളക്കോളനി, ആധുനികതയുടെ ഫണമുയര്‍ത്തി. ആത്മീയതയുടെ പൊയ്മുഖമണിഞ്ഞ്, ചില പുതുപ്പണ പിണിയാളന്മാര്‍ , വീടുവീടാന്തരം, അമ്പലവും ആല്‍ത്തറയും പണിതുയര്‍ത്തി.

ചാതുര്‍വര്‍ണ്യവും, അടിയാള ഉടയാള സംസ്‌കാരവും കുത്തിയൊലിച്ചുപോയ ഈ മാതൃമണ്ണില്‍ ദൈവങ്ങളുടെ കുലത്തെ ചൊല്ലിയാവുമോ…, ഇനിയൊരു വിസ്‌ഫോടനം….

 
ഹരി നായര്‍

You May Also Like

ഈ വാര്‍ധക്യങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ!!

ദൃശ്യാ മാധ്യമ ചരിത്രത്തില്‍ ഒരു പുത്തന്‍ വിജയ ചരിത്രമെഴുതി മുന്നേറുകയാണ് അമീര്‍ഖാന്റെ ‘സത്യമേവ ജയതേ’ .മുന്‍ എപിസോഡുകള്‍ പോലെ തന്നെ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായി,അതും ഒട്ടും തന്നെ വിഷയത്തിന്റെ ചൂരും ചൂടും നഷ്ടപ്പെടാതെ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ തനിമയോടെ വരച്ചു കാട്ടുന്നതില്‍ ഈ എപിസോഡും വിജയിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. വാര്‍ധക്യം എന്നത് രണ്ടാം ബാല്യം ആണെന്ന് പറയാറുണ്ട്.എന്നാല്‍ രണ്ടാം ബാല്യം ശുഭാചിന്തകാലോ പ്രതീക്ഷകാലോ ഇല്ലാത്ത നിരാശയുടെയും വേദനയുടെയും പീഡന കാലമായി മാറുന്നതാണ് നാം ഇന്ന് കണ്ടു വരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരുടെ വേദനകളും അനുഭവങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം വാര്‍ധക്യം എങ്ങനെ പ്രത്യാശയുടെ സുവര്‍ണ്ണ തീരം ആക്കി മാറ്റാം എന്നാ കാര്യത്തില്‍ ഒരു വഴികാട്ടി കൂടി ആകുന്നതായിരുന്നു ഇന്നത്തെ എപിസോഡ്.വാര്‍ധക്യത്തില്‍ വിജയ സോപാനത്തില്‍ കയറിയവരുടെ അനുഭവങ്ങളും കഥകളും വാര്‍ധക്യത്തില്‍ ആയിരിക്കുന്നവര്‍ക്ക് പ്രചോദനം ആകുന്നതോടൊപ്പം യുവതലമുറയുടെ കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു .വാര്‍ധക്യം എന്നത് ഒരു ശാരീരിക അവസ്ഥ മാത്രമാണെന്നും നിശ്ചയ ദാര്‍ട്യവും തളരാത്ത ഒരു മനസ്സുമുന്‌ടെങ്കില്‍ തങ്ങള്‍ യുവാക്കളേക്കാള്‍ ശക്തരാനെന്നും പലരുടെയും ജീവിതം തെളിയിച്ചു.

മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കുന്ന Artemis Program ന്റെ പ്രഥമഘട്ട പ്രയാണം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Anjaly Krishna കെന്നഡി സ്പേസ് സെന്റർ ലെ ലോഞ്ച് പാഡ് 39B യില്‍ കുതിക്കാനൊരുങ്ങി നില്‍ക്കുന്ന…

ഇന്ന് വോട്ടിംഗ് അവസാനം

ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ വോട്ടിംഗ്  ഇന്ന്  (16/02/2012) ഇംഗ്ലണ്ട് സമയം രാത്രി പന്ത്രണ്ടു മണിക്ക് അവസാനിക്കും.…

ആപ്പിള്‍ വീണ്ടും പറ്റിച്ചു . പണി കിട്ടിയവര്‍ ആപ്പിളിനും പണികൊടുത്തു

ഐഒഎസ് 8 ഇറങ്ങിയ കാലം മുതല്‍ ആപ്പിളിന് ശനി ദശയാണ്. അത് സൃഷ്ടിച്ച അപ്‌ഡേറ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ പ്രശ്‌നവും ആപ്പിള്‍ നേരിടുകയാണ്.