എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ. ലോകത്തെങ്ങും ഇല്ലാത്ത ഒരു ആഘോഷമാണല്ലോ ഓണം. മതങ്ങളുമായും മറ്റും ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങള്‍ ആണ് ലോകത്ത് ഇന്നുള്ളത് .എന്നാല്‍ ഇതിനു മാത്രം അല്പം വ്യത്യാസമില്ലേ?
എന്താണ് നമുക്കറിയാവുന്ന ഓണം?
എല്ലാവരും സമന്മാരാണ്. കള്ളവും ചതിയും ഇല്ല. എല്ലാവര്ക്കും സന്തോഷം. കൊള്ളാം . നല്ല ആശയം. അങ്ങിനെ തന്നെ വേണം എന്നാണ് നല്ലവരായ ഏവരുടെയും അഭിപ്രായം. ഈ ദിവസത്തില്‍ മലയാളികളായ എല്ലാവരും നല്ല ഭക്ഷണവും കഴിച്ച് ആധികളൊന്നും ഇല്ലാതെ സ്വയം മറന്നു ജീവിക്കുന്നു. ഒരു ദിവസമെങ്കിലും ആവട്ടെ സ്വയം മറക്കുവാനും സന്തോഷിക്കുവാനും നമ്മള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ ജീവിതത്തില്‍ അങ്ങിനെ ഒരു ദിവസം എങ്കിലും നമുക്ക് വേണം. അതില്‍ തര്‍ക്കമില്ല.
ആരായിരിക്കാം ഈ സങ്കല്‍പ്പത്തിന്റെ പിന്നില്‍?
ഒരു ഭരണ വര്ഗ്ഗമാവും ഇതിന്റെ പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, അടിസ്ഥാനപരമായി ഒരിക്കലും സമത്വം അവര്‍ വിഭാവനം ചെയ്യില്ല. അപ്പോള്‍ പിന്നെ അടിമകളായിരുന്ന ഒരു കൂട്ടം ആളുകള്‍ ആയിരുന്നിരിക്കണം ഈ കഥ ഉണ്ടാക്കിയത്. ചിലപ്പോള്‍ തങ്ങള്‍ നേരിട്ടിരുന്ന വിഷമതകള്‍ മറക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കഥ ആവാം ഇത്. കാലാ കാലങ്ങളില്‍ പരിണാമ വിധേയമായി അത് മലയാളികളുടെ ഒരു ഉത്സവമായി മാറിയതാവാനും മതി. എന്ത് തന്നെ ആയാലും ഒരു അടിമത്വം മൂലം വിഷമതകള്‍ അനുഭവിച്ച ഒരു ജനതയുടെ വിമോചന ത്വര ഇവിടെ നമ്മള്‍ കാണുന്നതില്‍ തെറ്റില്ല.
എന്തായിരിക്കാം ഇതിനു പിന്നിലെ സൈക്കോളജി?

എല്ലാവരും നല്ലവര്‍ തന്നെയാണ്. ആ ഗുണം എങ്ങിനെ പുറത്തു വരുന്നു അല്ലെങ്കില്‍ വരുത്തുന്നു എന്നതിനെ ആശ്രയിച്ചാവും ഒരാളെ മറ്റൊരാള്‍ വിലയിരുത്തുക. ഒരാള്‍ ഒരു കൊലപാതകി ആയിരുന്നാലും അയാള്‍ ചിലപ്പോള്‍ മറ്റൊരാളുടെ മുന്‍പില്‍ വളരെ നല്ല മനുഷ്യന്‍ ആയിരിക്കാം. അങ്ങിനെ മനുഷ്യ നന്മകളെ പുറത്തു കൊണ്ട് വരുന്ന ഒരു കാലയളവ് ആയിരിക്കാം ഈ ആഘോഷം. ഉദാഹരണമായി ഒരാള്‍ സമൂഹത്തിനു നിരക്കാത്ത രീതിയില്‍ പെരുമാറിയാലും ഓണമല്ലേ എന്നും പറഞ്ഞു കൊണ്ട് നമ്മളൊക്കെ അയാളോട് പൊറുക്കില്ലേ? അതുപോലെ തന്നെ ഒരുപാട് വിട്ടു വീഴ്ചകള്‍ നമ്മള്‍ ഈ കാലയളവില്‍ ചെയ്യുന്നില്ലേ ? അങ്ങിനെ വരുമ്പോള്‍ മനുഷ്യ മനസ്സില്‍ പൊറുക്കുവാനും ക്ഷമിക്കുവാനും ഉള്ള ഇടങ്ങള്‍ എന്നും ഉണ്ട്. അതൊക്കെ പുറത്തു വരുവാന്‍ ഒരു സമയം നമുക്ക് വേണം. ഓണം പോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തി അവിടെയാണ്.
അപ്പോള്‍ ഓണം ഒരു കമ്മ്യൂണിസ്റ്റ് ആശയമാണോ?
കമ്മ്യൂണിസം ഉണ്ടാവുന്നതിലും വളരെ മുമ്പ് തന്നെ ഓണം കേരളത്തില്‍ നിലവിലുണ്ട്. ലോകത്തെ ജനാധിപത്യത്തിലൂടെ നിലവില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നമ്മുടെതാണ്. പക്ഷെ മാര്‍ക്സും, ലെനിനും മറ്റും സമത്വത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ ആളുകള്‍ അത് വിഭാവനം ചെയ്തു. അപ്പോള്‍ ലോകത്തില്‍ ആദ്യമായി ഈ ആശയം പ്രചരിച്ചത് കേരളത്തിലാണ്. ഓണത്തില്‍ ജാതിയില്ല , മതമില്ല ഉള്ള ദൈവം തന്നെ ഒരു വില്ലനുമാണ്. അയാളാണല്ലോ മാവേലിയെ നിഗ്രഹിച്ചത്! അപ്പോള്‍ നമ്മള്‍ എന്ത് മനസ്സിലാക്കണം? കമ്മ്യൂണിസം എന്നത് ഒരു “ഓണ” ആശയമാണ്. അല്ലാതെ ഓണം ഒരു കമ്മ്യൂണിസ്റ്റ് ആശയമല്ല.