ഓണം വന്നത് ഇറാഖില്‍ നിന്ന് ! കേരളം പാതാളം ! മാവേലി ഭരിച്ചത് തെക്കേ ഇന്ത്യ മുഴുവനും !

1181

20130914_222712

മലയാളികള്‍ ഇന്ന് ആവേശപൂര്‍വ്വം തിരുവോണം ആഘോഷിക്കുകയാണ്. നന്മയുടെ പ്രതീകമായ മാവേലി കേരളം ഭരിച്ചതിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും നമ്മള്‍ ഓണം ആഘോഷിക്കുന്നത്. ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌ എന്നൊക്കെയാണ് നമ്മള്‍ ഗ്രന്ഥങ്ങളില്‍ നിന്നും മറ്റും പഠിച്ചത്. എന്നാല്‍ സത്യത്തില്‍ അങ്ങിനെയാണോ? ഓണം നമ്മള്‍ മലയാളികളുടെ മാത്രം ഉത്സവമാണോ? ഓണത്തിന്റെ തുടക്കം ഇറാഖില്‍ നിന്നുമാണ് എന്നാണ് ബഹുഭാഷാപണ്ഡിതനും കവിയും സാഹിത്യചിന്തകനുമായ എന്‍ വി കൃഷ്ണവാരിയര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്.

പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ് അസുരന്മാര്‍. അസിറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍ വി തെളിവായി സൂചിപ്പിക്കുന്നുണ്ട്.

ഇങ്ങനെ അസിറിയയില്‍ നിന്നും വന്ന അസുരന്മാരാണ് ദ്രാവിഡര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. പുരാണങ്ങളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ദേവാസുര യുദ്ധം സത്യത്തില്‍ ആര്യ ദ്രാവിഡ സംഘര്‍ഷം ആകുവാനാണ് സാധ്യത. തന്റെ നാടിനെ നന്മയിലൂടെ ഭരിച്ച മഹാബലിക്ക് പിന്നീടു പാതാളത്തിലേക്ക് പോകേണ്ടി വന്നു എന്നാണ് ചരിത്രം. ഇന്ത്യയുടെ മാപ്പില്‍ ഏറ്റവും താഴെയുള്ള കേരളത്തെ നമ്മള്‍ പാതാളമായി കണ്ടാല്‍ മഹാബലി ഭരിച്ചത് എവിടെയായിയിരിക്കും? സംശയമെന്ത്, ദ്രാവിഡരുടെ നാടായ തെക്കേ ഇന്ത്യ മുഴുവന്‍ ഭരിച്ച രാജാവായിരുന്നു മഹാബലി എന്ന് വേണം കരുതുവാന്‍ . അങ്ങിനെയെങ്കില്‍ ആദ്യ കാലത്ത് ഓണം തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്ന ഒരു ഉത്സവം ആയിരുന്നേക്കാം.

പിന്നീടു ആര്യ സംസ്കാരത്തിന്റെ ആധിപത്യം കാരണം ഓണം കേരളത്തിലേക്ക് മാത്രമായി ചുരുങ്ങി എന്ന് വേണം അനുമാനിക്കുവാന്‍ . അങ്ങിനെയെങ്കില്‍ പുരാണങ്ങള്‍ എഴുതപ്പെട്ടത് ആര്യന്മാരാല്‍ ആയിരുന്നെന്ന് വേണം കരുതുവാന്‍ . തങ്ങളുടെ ശത്രുപക്ഷത്തുള്ള ദ്രാവിഡരെ അവര്‍ ക്രൂരന്മാരായ അസുരന്മാരായി ചിത്രീകരിച്ചിരിക്കുവാനാണ് സാധ്യത. അത് കൊണ്ട് തന്നെയാണ് ദ്രാവിഡ രാജാവായ മാഹാബലിക്ക് കേരള ചരിത്രത്തിലേക്ക് ഒതുങ്ങേണ്ടി വന്നതും.

ഇനി നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരാം. വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജറാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു. അത് മഹാബലി തെക്കേ ഇന്ത്യ മുഴുവന്‍ ഭരിച്ചിരുന്നു എന്നതിന് ഒരു തെളിവായി ഉയര്‍ത്തി കാണിക്കാം. കൂടാതെ തമിഴ്‌നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്റെ സൂചനകളാണ്.

ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. വാമനന്‍ മഹാബലിയുടെ തലയില്‍ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി എന്നതിനെ തെക്കേ ഇന്ത്യ ഭരിച്ചിരുന്ന മാവേലിയെ ആര്യന്മാര്‍ വാമനന്റെ നേതൃത്വത്തില്‍ വന്ന് യുദ്ധം ചെയ്തു പരാജയപ്പെടുത്തി കേരളത്തിലേക്ക് ഓടിച്ചു എന്ന കഥയുമായി യോജിപ്പിക്കാം. കേരളത്തെ പാതാളമായി കണക്കാക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന കഥയില്‍ നമ്മള്‍ വിശ്വസിക്കേണ്ടി വരുന്നു.

അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യ(ഭൂമി)യും , പിന്നീട് ഉത്തരേന്ത്യ(സ്വര്‍ഗ)യും, തെക്കേ ഇന്ത്യ( പാതാള)യും ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കു ന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു.

വാമനനായ ആര്യ നായകന്‍ , ദ്രാവിഡ രാജാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം.

ബഹുഭാഷാപണ്ഡിതനും കവിയും സാഹിത്യചിന്തകനുമായ എന്‍ വി കൃഷ്ണവാരിയരുടെ കണ്ണിലൂടെ ഓണത്തെ വീക്ഷിച്ചാല്‍ നമുക്കിങ്ങനെയാണ് കരുതുവാനാവുക. വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുവാനല്ല ഇങ്ങനെ ഒരു വീക്ഷണം അവതരിപ്പിച്ചത്. പകരം ഇവിടെ ചരിത്രത്തെ പുരാണവുമായി കൂട്ടി യോജിപ്പിച്ച് പുരാണത്തിനു കൂടുതല്‍ ശക്തി പകരുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.