എഴുതിയത്: ജിക്കു വര്‍ഗീസ് ജേക്കബ്
ഇന്റെര്‍നെറ്റിലൂടെ ഉല്‍പ്പനങ്ങള്‍ വാങ്ങാമെന്ന് ഒരു കാലത്ത് മലയാളികള്‍ അറിഞ്ഞപ്പോള്‍ പലരും പറഞ്ഞു ‘ഇതൊക്കെ ബൂര്‍ഷ്വാ ഇടപാടാണ്, അമേരിക്കയിലൊക്കെ ഈ സംഗതി നടക്കുമായിരിക്കും’. എന്നാല്‍ ആ ധാരണകള്‍ മലയാളികള്‍ തന്നെ തിരുത്തിക്കുറിച്ചു. ഇന്ന് കേരളത്തിലെ കൊറിയര്‍ സര്‍വീസുകളുടെ പല ഔട്ട്ലെറ്റുകളിലും നൂറുകണക്കിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഷിപ്പ്മെന്റുകള്‍ ഡെലിവറി കാത്തുകിടക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നാല്‍ ക്രെഡിറ്റ് കാര്‍ഡും, പേപാലും മറ്റും ഉള്ളവര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം എങ്ങോ പോയിമറഞ്ഞു. പരിചയമുള്ള കടയില്‍ നിന്നും മേടിച്ചാല്‍ മാത്രമേ വിശ്വാസ്യത ഉണ്ടാവൂ എന്ന ധാരണയും അപ്രത്യക്ഷമായി. ഫ്ലിപ്പ്കാര്‍ട്ട് (flipcart) പോലെയുള്ള സാധ്യതകള്‍ മലയാളി ഇന്നങ്ങേയറ്റം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. വെറും ക്ലിക്കുകളുടെ അകലത്തില്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച സാധനം കുറഞ്ഞവിലയില്‍ നമ്മുടെ കൈകളില്‍ ആകര്‍ഷകമായ പാക്കിങ്ങില്‍ എത്തിയാല്‍ പിന്നെന്തിനു കടയില്‍ പോയി കഷ്ടപ്പെടണം എന്ന ന്യൂ ജനറേഷന് സങ്കല്പം ഇവിടെയും എത്തിത്തുടങ്ങി.

ഉദാഹരണത്തിന് ഒരു പ്രമുഖ കമ്പനിയുടെ 8 ജിബി പെന്‍ ഡ്രൈവ് ഫ്ലിപ്പ്കാര്‍ട്ട് മുഖേന വാങ്ങിയപ്പോള്‍ വില 294 രൂപ, അതേ കമ്പനിയുടെ 4 ജിബി പെന്‍ ഡ്രൈവ് പിറ്റേന്ന് കടയില്‍ നിന്നും വാങ്ങിയപ്പോള്‍ വില 350. ഉപഭോക്താക്കളെ ഞെട്ടിക്കുന്ന തരത്തിലുള്ള വിലക്കുറവാണ് ഇത്തരം ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. നഗരങ്ങളില്‍ ഹോം ഡെലിവറി സൗകര്യം കൂടിയുള്ളപ്പോള്‍ പലരും കടകളിലെ ഷോപ്പിംഗ് പരമാവധി കുറച്ചു. സ്റ്റോക്ക് തീര്‍ന്നു എന്ന പരാതിയില്ല, മഴയും വെയിലും സഹിച്ചു വണ്ടിക്കൂലിയും മുടക്കി കടയിലൂടെ ഉല്‍പ്പനങ്ങള്‍ അന്വേഷിച്ചു അലയേണ്ട കാര്യമില്ല,കടയിലെ വിലയേക്കാള്‍ വന്‍ വിലക്കുറവും.
ചില്ലറ വ്യാപാരികളുടെ ചങ്കിടിപ്പ് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ആമസോണ്‍ മുതലായ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്ക് ബിസിനസ് ഓവര്‍ഹെഡ് ഇല്ലാത്തത് കൊണ്ട് വിപണിയിലെ വിലയേക്കാള്‍ വളരെ കുറച്ച് ഉല്‍പ്പനങ്ങള്‍ ഉപഭോക്താകള്‍ക്ക് നല്കാന് കഴിയുമെന്നതാണ് ചില്ലറ വ്യാപാരികളുടെ ചങ്കിടിപ്പിനു ആക്കം കൂട്ടുന്ന വസ്തുത. ചില്ലറ വ്യാപാരികള്‍ എന്ന് പറയുമ്പോള്‍ നമ്മുടെ സമീപത്തുള്ള ചെറിയ കടകളുടെ മാത്രം കാര്യമല്ല, വിദേശ റീട്ടെയ്ല്‍ ഭീമന്മാരായ ടാര്‍ഗെറ്റ്, ബെസ്റ്റ്ബൈ, വാള്‍മാര്‍ട്ട്, Toys ‘R’ Us തുടങ്ങിയവരും ഭീതിയുടെ നിഴലിലാണ്. ഷോറൂമിംഗ് (Showrooming)എന്ന പുതിയ വിപണന പ്രതിഭാസമാണ് ഇത്തരം ഭീമന്മാരെ അങ്കലാപ്പിലാക്കുന്നത്. പലപ്പോഴും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ ന്യൂനതയായി പരക്കെ കേള്‍ക്കാറുള്ളത്, ഉല്‍പ്പനങ്ങള്‍ ഉപഭോക്താവിന് നേരിട്ട് കാണാനും, മനസിലാക്കാനും സാധിക്കില്ല എന്നുള്ളതാണ്. എത്രമാത്രം ഫോട്ടോഗ്രാഫുകളും, വീഡിയോകളും, വാങ്ങിയവരുടെ അഭിപ്രായങ്ങളും കണ്ടാലും ഉപഭോക്താവിന് പൂര്‍ണ വിശ്വാസമാവില്ല എന്നുള്ളതുകൊണ്ട് ഷോറൂമിംഗ് എന്ന പുത്തന്വിപണനതന്ത്രം രൂപപ്പെട്ടു. പുതിയ സമവാക്യമനുസരിച്ച്, ഉപഭോക്താവ് ഏതെങ്കിലുമൊരു കടയില്‍ ചെല്ലുന്നു, വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നു, പൂര്‍ണ തൃപ്തനായശേഷം കടയില്‍ നിന്നും ഇറങ്ങി, ആമസോണ്‍ മുതലായവയുടെ സൈറ്റുകളില്‍ കയറി ഇതേ ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ ഓര്‍ഡര്‍ ചെയ്യുന്നു,വാങ്ങുന്നു. ചില്ലറ വ്യാപാരികളുടെ അവസ്ഥയെ കുറിച്ച് കൂടുതല്‍ ഇനി പറയേണ്ടതില്ലല്ലോ.
വിദേശ രാജ്യങ്ങളില്‍ ഇതിലും കഷ്ടമെന്തെന്നു വെച്ചാല്‍, പലരും അവരവരുടെ സ്മാര്‍ട്ട് ഫോണുകളുമായി കടകളിലെത്തി ഉല്‍പ്പന്നങ്ങള്‍ കണ്ട് വിലയിരുത്തിയ ശേഷം ആമസോണിന്റെ സൈറ്റില്‍ പോയി ഓര്‍ഡര്‍ ചെയ്യുന്നു, ശേഷം കടയില്‍ നിന്നും ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോകുന്നു. വ്യാപാരികളെ അവഹേളിക്കാന്‍ ഇതില്പരം സംഗതികള്‍ ആവശ്യമുണ്ടോ? കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സ്വന്തം കടയിലിരിക്കുന്ന സാധനം വെറും പ്രദര്‍ശന വസ്തു മാത്രം, ആളുകള്‍ വാങ്ങുന്നതാവട്ടെ ഓണ്‍ലൈന്‍ ആയും. യാതൊരു മുതല്‍മുടക്കും കൂടാതെ ആമസോണ്‍ പോലെയുള്ള സംരംഭങ്ങള്‍ തുച്ഛമായ വിലയില്‍ സാധനങ്ങള്‍ വിറ്റുകൊണ്ട് കോടിക്കണക്കിനു രൂപ മുടക്കി നടത്തിക്കൊണ്ടു വരുന്ന വ്യാപാരകേന്ദ്രങ്ങളെ വെറും പ്രദര്‍ശനശാലയായി മാറ്റിയിരിക്കുന്നു എന്ന തിരിച്ചറിവ് ടാര്‍ഗെറ്റ് പോലെയുള്ള കമ്പനികളെ രോഷാകുലരാക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണുകളില്‍ പ്രൈസ് കമ്പാരിസണ്‍ ആപ്ലിക്കേഷനുകള്‍ കൂടി വന്നതോടെ വ്യാപാരികളുടെ നട്ടലൊടിഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായതും, ഷിപ്പ്മെന്റ് ചാര്‍ജ് കമ്പനികള്‍ ഈടാക്കാത്തതും,സമയലാഭവും 2011 ലെ കണക്കുകള്‍ അനുസരിച്ച് പതിനഞ്ചു ശതമാനം വര്‍ധനയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്.
ലോകമാകമാനം ഇന്റര്നെറ്റ്വല്ക്കരിക്കപ്പെടുന്ന ഈ കാലത്ത് പരമ്പരാഗത വിപണന രീതികള്‍ അതേ പടി മുന്‍പോട്ടു പോകില്ല എന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിലയുടെ കാര്യത്തിലാണ് ഏറ്റവും വലിയ മത്സരമുണ്ടാവുന്നത്. ഭീമമായ മുതല്‍മുടക്കോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഉല്‍പ്പനങ്ങളുടെ വിലകുറയ്ക്കുക എന്നത് വിഷമകരമായ ദൌത്യമാണ്. ഉപഭോക്താവിന് ഇതൊന്നും വിഷമയല്ല, വിലക്കുറവില്‍ നല്ല സാധനം വേണമെന്ന് മാത്രമേ അവര്‍ക്കുള്ളൂ. ഈ ചിന്ത ചില്ലറവ്യാപാരികളെ കെണിയില്‍ ആക്കുന്നു. ബെസ്റ്റ് ബൈ പോലെയുള്ള കമ്പനികള്‍ ആമസോണിന്റെ പ്രഹരം ഏറ്റുവാങ്ങുകയാണ്, ഈ വര്‍ഷം ഏകദേശം അന്‍പതോളം സ്റ്റോറുകള്‍ ബെസ്റ്റ് ബൈ പൂട്ടിക്കഴിഞ്ഞു.
തോല്‍വി ഏറ്റുവാങ്ങാന്‍ തയ്യാറല്ലാത്ത രീതിയിലാണ് പല റീട്ടെയ്ല്‍ ഭീമന്മാരുടെയും പ്രതിരോധമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വന്‍കിട ഡീലര്‍മ്മാര്‍ പലരും ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി കടകളിലെ വ്യാപാരം വര്‍ധിപ്പിക്കുകയാണ് പുത്തന്‍ പ്രതിരോധ തന്ത്രം, പരമ്പരാഗത രീതികള്‍ ഇനി വിലപ്പോകില്ല എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. ഓരോ കമ്പനികളും ഐഫോണ്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയാണ്. ഉല്‍പ്പന്നങ്ങളുടെ ബാര്‍കോഡ് മേല്‍പ്പറഞ്ഞ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ വിലവിവരങ്ങളും, കസ്റ്റമര്‍ റിവ്യൂകളും, വിലക്കിഴിവും മറ്റും ഉപഭോക്താവിന് തത്സമയം അറിയാന്‍ സാധിക്കും. വാള്‍മാര്‍ട്ട് ആണ് ഇത്തരമൊരു സേവനം പുറത്തിറക്കിയിരിക്കുന്നത്. ഇത് വഴി ആമസോണിനിട്ടു പണി കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാള്‍മാര്‍ട്ട് . ‘ടാര്‍ഗെറ്റ്’ ഷോപ്പിംഗ് ശൃംഗല ‘ഷോപ്പ്കിക്ക്’ എന്ന പേരിലൊരു ആപ്ലിക്കേഷനുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റോറിലെ ഉല്‍പ്പന്നങ്ങള്‍ സ്കാന്‍ ചെയ്യുന്നതനുസരിച്ച് ഉപഭോക്താവിന് നിശ്ചിത പോയിന്റുകള്‍ ലഭിക്കും.ഗിഫ്റ്റ് കാര്‍ഡുകള്‍ ആയും ഐട്യൂണ്‍ ഡൌണ്ലോഡ്സിനും ഈ പോയിന്റുകള്‍ ഉപകരിക്കും.ഈ സംവിധാനത്തിലൂടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ മനസിലാക്കുകയും ഒപ്പം തന്നെ അവരത് വാങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ പ്രതിരോധിക്കാനുള്ള മറ്റൊരു മാര്‍ഗം ‘എക്സ്ക്ലൂസീവ് ഉല്‍പ്പന്നങ്ങളുടെ’ വിപണനമാണ്.ഇതിനകം തന്നെ അനേകം കമ്പനികള്‍ അവരവരുടെ ഷോപ്പുകളിലേക്ക് മാത്രാമായി ‘എക്സ്ക്ലൂസീവ്’ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഇതിലൂടെ പല ഉല്‍പ്പന്നങ്ങളുടെയും കുത്തക സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കമ്പനികളുടെ വിശ്വാസം.
കടുത്ത മത്സരമായിരിക്കും ഈ രംഗത്ത് ഇനിയുള്ള കാലമുണ്ടാവുക എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു,വാള്‍മാര്‍ട്ടിലും ബെസ്റ്റ് ബൈയിലും പോയാലെ സാധനങ്ങള്‍ വാങ്ങൂ എന്ന ഉപഭോക്താക്കളുടെ പിടിവാശി കുറഞ്ഞുവരുകയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരേ കമ്പനിയുടെ സാധനം എത്രമാത്രം ലാഭകരമായി വാങ്ങാന്കഴിയുമെന്നത് മാത്രമാണ് അവരിപ്പോള്‍ നോക്കുന്നത്.അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിപണന സംവിധാനങ്ങള്‍ക്ക് സാധ്യതകള്‍ ഏറുകയാണ് എന്ന് വേണം അനുമാനിക്കാന്‍.