Web
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാന്‍ 9 മാര്‍ഗങ്ങള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കുവാന്‍ ഇതാ ചില വഴികള്‍.
124 total views

ഇത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ്. അധികം താമസിക്കാതെ തന്നെ ചെറുകിട റീട്ടെയില്‍ ഷോപ്പുകള്‍ ഒരു കെട്ടുകഥ മാത്രമാവും. കൂടുതല്‍ സാധ്യതകള്‍, കുറഞ്ഞ വില, മാറ്റിയെടുക്കാനുള്ള സൗകര്യം, കാലാനുസൃതമായ ഓഫറുകള്‍. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് മേന്മകള് ഏറെയാണ്. എന്നാല്‍, വാങ്ങുവാന്‍ പോകുന്ന വസ്തു നേരിട്ട് കാണാന്‍ അവസരം കിട്ടുന്നില്ലാത്തതിനാല്‍ കബളിപ്പിക്കപ്പെടുമോ, ഓണ്‍ലൈന്‍ പണമിടപാട് നടത്തിയാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരെങ്കിലും ചോര്‍ത്തുമോ തുടങ്ങിയ പേടികള്‍ മിക്കവര്‍ക്കും ഉണ്ട്. ഓണ്‍ലൈന്‍ ആയി നടത്തുന്ന തട്ടിപ്പുകള്‍ എണ്ണത്തില്‍ ഏറിവരുന്നു എന്നത് നമ്മളെ കൂടുതല്‍ ജാഗരൂകരാക്കണം എന്നത് ശരിതന്നെ. എന്നാല്‍, പേടിയുടെ ആവശ്യമേ ഇല്ല. ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കുവാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍ നമ്മുക്ക് കാണാം.
- പരിചിതങ്ങളായ വെബ് സൈറ്റുകള്‍ ഉപയോഗിക്കുക
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തി ഏതെങ്കിലും സൈറ്റില്‍ നിന്ന് വാങ്ങാതെ നിലവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള സൈറ്റുകളെ ആശ്രയിക്കുക. നമ്മള് ഇതാണ് പതിവായി ചെയ്യാറുള്ളത് എങ്കിലും ചെറിയ അക്ഷരത്തെട്ടുകള്‍ പോലും വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വലിയ വെബ്സൈറ്റുകളുടെ പേരിനോട് സാമ്യമുള്ള പേരുകള്‍ പേരുകള്‍ ഉപയോഗിച്ച് സൈറ്റുകള്‍ ഉണ്ടാക്കി വഴിതെറ്റി വരുന്നവരെ വലയിലാക്കുന്ന വിദ്യയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.
- വാങ്ങുന്നതിന് മുന്‍പ് ‘പൂട്ട്’ ഉണ്ടോയെന്ന് നോക്കുക
പണമിടപാട് നടത്തുന്ന വെബ് സൈറ്റുകള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന എന്‍ക്രിപ്ഷന്‍ രീതിയാണ് എസ്.എസ്.എല്‍. (SSL Secured Sockets Layer). ഇത്തരം എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്ന സൈറ്റുകളുടെ അഡ്രസില്‍ HTTP എന്നതിന് പകരം HTTPS എന്ന് ഉണ്ടാവും. അതുപോലെതന്നെ അഡ്രസ് ബാറിലോ സ്റ്റാറ്റസ് ബാറിലോ ഒരു പൂട്ടിന്റെ അടയാളവും കാണുവാന്‍ കഴിയും. ഇവ ഇല്ലാത്ത സൈറ്റുകളില്‍ പണമിടപാട് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
- പേഴ്സണല്‍ വിവരങ്ങള്‍ എല്ലാം നല്‍കാതിരിക്കുക
സാധാരണ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് നിങ്ങളുടെ ഐ.ഡി. കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍, അഡ്രസ് പ്രൂഫ് മുതലായ കാര്യങ്ങള്‍ ആവശ്യമില്ല. അതുകൊണ്ട് ഏതെങ്കിലും സൈറ്റ് അത്തരം വിവരങ്ങള്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. മറ്റാരുടെയെങ്കിലും കൈയ്യില്‍ അവ പെട്ടാല്‍ വ്യാജമായ രേഖകള്‍ ഉണ്ടാക്കുവാനും ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ ഭീമന് സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുവാനും അവര്‍ക്ക് കഴിയും.
- ഓണ്‍ലൈന്‍ അക്കൗണ്ട് ഇടയ്ക്കിടെ പരിശോധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ അറിയാന്‍ മാസാവസാനം വരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് കാത്തിരിക്കേണ്ട ആവശ്യമില്ല. ഇടയ്ക്കിടെ നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുന്നത് ഒരു ശീലമാക്കുക. എന്തെങ്കിലും വിധത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടുക.
- കമ്പ്യൂട്ടറില്‍ ആന്റിവൈറസ് പ്രോഗ്രാം അപ്പ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക
പലപ്പോഴും നിങ്ങള്‍ ഒന്ലൈന് കയറി വിവരങ്ങള്‍ നല്കാന് കാത്തിരിക്കുന്നവര്‍ അല്ല ഹാക്കര്‍മാര്‍. അവര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് മാല്‍വെയറുകള്‍ കടത്തിവിട്ട് നിങ്ങളുടെ വിവരങ്ങള്‍ ചോര്ത്തിഎടുക്കുവാന് ശ്രമിക്കും. അതിനാല്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്വെയര് ഉപയോഗിക്കുകയും അത് കൃത്യമായി അപ്പ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുക.
- നല്ല പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുക
ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാസ്സ്വേര്‍ഡ് ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പലപ്പോഴും ഓര്‍ക്കാനുള്ള എളുപ്പത്തിന് പാസ്സ്വേര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുക. ആളുകള്‍ സാധാരണ തിരഞ്ഞെടുക്കുന്നതും ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ശ്രമിച്ചു നോക്കുന്നതും അതുകൊണ്ടുതന്നെ നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതാത്തതുമായ പാസ്സ്വേര്‍ഡുകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ ഈ ലേഖനം വായിക്കുക.
- കഫെകളിലും പൊതുവായ വൈഫൈ സൗകര്യങ്ങളിലും നിന്ന് പണമിടപാടുകള്‍ നടത്താതിരിക്കുക
ഇപ്പോഴും നമ്മുടെ വീട്ടില്‍ നിന്നോ നമ്മുക്ക് അറിയാവുന്ന ആളുകള്‍ മാത്രം ഉപയോഗിക്കുന്ന നെറ്റ്വര്ക്കില് നിന്നോ ഇടപാടുകള്‍ നടത്തുന്നതാണ് ബുദ്ധി. കഫെകളിലും പബ്ലിക് വൈഫൈ സൗകര്യങ്ങളിലും നിന്ന് ഇടപാടുകള്‍ നടത്തിയാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നത് ഹാക്കര്‍മാര്‍ക്ക് എളുപ്പമാവുകയേ ഉള്ളൂ.
- നിങ്ങളുടെ വൈഫൈയില്‍ വേറെ ആരും കടന്നുകയറിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക
വൈഫൈ ഹാക്ക് ചെയ്യുക എന്നത് ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് സ്വന്തം വീട്ടിലെ വൈഫൈ ആണെങ്കില്‍പോലും അവയില്‍ ആരും അനുവാദമില്ലാതെ കടന്നുകയറിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
- അനാവശ്യമായി മെയിലുകളും ലിങ്കുകളും ഓപ്പണ്‍ ചെയ്യാതിരിക്കുക
സോഷ്യല്‍ മീഡിയയില്‍ വരുന്ന ലിങ്കുകള്‍ പലപ്പോഴും ഇന്ന് ഹാക്കര്‍മാരുടെ സംഭാവനകള്‍ ആകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ്, അത് നിങ്ങളുടെ അടുത്ത സുഹൃത്ത് അയച്ചതാണെങ്കില്ക്കൂടി ഒന്നുകൂടി ചിന്തിക്കുക.
125 total views, 1 views today