ഓണ്‍ ലൈന്‍ ഓഫ് ലൈന്‍

0
395

1

ഓണ്‍ / ഓഫ് 1

ചാറ്റ് റൂമില്‍ വികാസ് പാര്‍വതി ആയി
മാറിയത് കുറച്ചു പേരെ വട്ടാക്കാനായിരുന്നു.
‘ഹായ് പാറൂ’ ‘ഹലോ എവിടുന്നാ ?ജി മെയില്‍ തരുമോ? ഫേസ് ബുക്ക് ?
‘മൊബൈല്‍ ?”വാട്‌സ്ആപ്പ് ഉണ്ടോ ?’

പാറു അവരോടൊക്കെ കൊഞ്ചിക്കുഴഞ്ഞു. മൊബൈല്‍ ഒഴിച്ച് എല്ലാം കൊടുത്തു.

പഞ്ചാരയില്‍ തത്വം പറഞ്ഞു വന്ന സുരേഷായിരുന്നു ഏതു നേരവും പാറുവിനെ തേടിയത്.

അവസാനം പാറുവെ കാണാന്‍ സുരേഷ് എത്തി.

” നീയാണോ പാറൂ, എന്നെ വഞ്ചിക്കുകയായിരുന്നു അല്ലെ ?”

”അതേ, പക്ഷെ ഇപ്പൊ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു സുരേഷ്. എന്റെ മനസ്സിപ്പോ
പാറുവിന്റെതാണ്”
സുരേഷ് ഒന്ന് ചിന്തിച്ചു.

” ഉം സാരമില്ല, എനിക്ക് കാര്യം നടന്നാ മതി, ഉള്ളത് വെച്ച് ഒപ്പിക്കാം നീ വാ ”

അവര്‍ ഇരുവരും കൈ കോര്‍ത്തു നടന്നു.

ഓണ്‍ / ഓഫ് 2

പാതിരാത്രി രാജീവ് വിളിച്ചതും താര ഓടി ഫോണ്‍ എടുത്തു.

” സോറി,മോളെ ജോലി തിരക്കായിരുന്നു. വിഷമിക്കല്ലേ.. വിഷമിച്ചാ അത് ആരോഗ്യത്തെ
ബാധിക്കും. പിന്നെ കല്യാണമാകുമ്പോ ആകെ ക്ഷീണിച്ചിരിക്കും. ഇനി രണ്ടു മാസമേ ഉള്ളൂ
കല്യാണത്തിന്”
ഇടയ്ക്ക് താരയുടെ നെറ്റി ചെറുതായി ഒന്ന് പൊട്ടിയെന്നറിഞ്ഞ ദിവസം രാജീവ് തുരുതുരാ വിളിച്ചു കൊണ്ടിരുന്നു.

” ഇപ്പൊ എങ്ങനുണ്ട്, ചോര പൊടിഞ്ഞത് നിസ്സാരമായി കാണരുത്, റസ്റ്റ് എടുക്കണം ”
കല്യാണം കഴിഞ്ഞു കുറച്ചു മാസത്തിനകം ഉറക്കാത്ത കാലുകളുമായി വന്ന അയാളെ
അവളൊന്നു ഉപദേശിച്ചു

”എന്തിനാണ് ചേട്ടാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ ?”
ഉടനെ താരയുടെ കവിള്‍ത്തടം പുകഞ്ഞു. പേപര്‍ വെയിറ്റ് കൊണ്ടുള്ള ഏറില്‍ അവളുടെ

നെറ്റി പൊട്ടി ചോര ഒഴുകി. രാജീവ് അത് നോക്കാതെ പോയി കിടന്നുറങ്ങി.
മാസങ്ങള്‍ക്കു മുന്‍പു തന്നില്‍ എന്താണ് പ്രത്യേകമായി ഉണ്ടായതെന്ന് അവള്‍ക്കിതുവരെ

മനസ്സിലായിട്ടില്ല.

ഓണ്‍ / ഓഫ് 3

ആ രണ്ടു വയസ്സന്മാര്‍ക്കു കുറച്ചു നാളായി ഒരു സംശയം, നേരെ മുന്നിലുള്ള ചെറിയ

വീട്ടില്‍ രണ്ടു യുവതികള്‍ തനിച്ചു താമസിക്കുന്നു ! രാത്രി അവിടെ ആരേലും വരുന്നുണ്ടോ ?

കണ്ണിലെണ്ണ ഒഴിച്ച് മാസങ്ങള്‍ കാത്തിരുന്നിട്ടും ആരെയും കണ്ടില്ല

” സദാചാരം ഉള്ള നല്ല കുട്ട്യോളാ, വെറുതെ സംശയിച്ചു ”
അകത്തു പരസ്പരം പുണര്‍ന്നു കിടക്കുകയായിരുന്നു അവര്‍

” എന്ത് വന്നാലും നമ്മള്‍ പിരിയില്ല ”

ഓണ്‍ / ഓഫ് 4

നാട്ടിലെ അമ്പലത്തിലെ യുവ പൂജാരിക്ക് മുന്നില്‍ അവള്‍ ഭക്തയായി,

മുറച്ചെറുക്കനു മുന്നില്‍ നാണം കുണുങ്ങിയായി, കോളേജില്‍ അവള്‍ പൂമ്പാറ്റയായി,

ചിലയിടത്ത് ആത്മീയ വാദിയായി, വിപ്ലവക്കാരിയായി. അയ്യോ പാവമായി.

മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങവെ അവളോട് ചോദിച്ചു എങ്ങനെ നന്നായി

അഭിനയിക്കുന്നു?

അവളൊന്നു പുഞ്ചിരിച്ചു.

ഇനിയെത്ര ഭാവങ്ങള്‍ കിടക്കുന്നു ?

ഓണ്‍ / ഓഫ് 5

തിരുവനന്തപുരത്തു ഓട്ടോ ഇറങ്ങവേ ഒട്ടോകാരന്‍ പറഞ്ഞു

”സാറേ, ഇതാ മേത്തന്മാരുടെ ഹോട്ടലാ , എന്തര്‌നു അവറ്റകള്‍ക്ക് കൊണ്ടോയി നമ്മള് കാശ് കൊടക്കണത് ?”

” അങ്ങനെ എല്ലാരും അവരവര്‍ടെ ആള്‍ക്കാരെ മാത്രം സഹായിച്ചാ ഈ രാജ്യം നിക്ക്വോ സഹോദരാ ?”

അത് കേട്ടതും ഓട്ടോക്കാരന്‍ ഒരു ചിന്തയോടെ പോയി

ഹോട്ടലിലേയ്ക്ക് കയറി.

”അല്ല ആരിത് മന്‍സൂറോ , തലശ്ശേരീന്നു എപ്പോ കയറി ?”

”ഇന്നലെ.”

”എന്താ ആ ഓട്ടോക്കാരന്‍ പറഞ്ഞെ? അവന്‍ വലിയ വര്‍ഗ്ഗീയ വാദിയാ ”

”ഹേ, അവന്‍ ഈ ഹോട്ടല്‍ നല്ല ഹോട്ടലാന്നു പറഞ്ഞു”
അത് കേട്ടതും അയാളിലും ഒരു ചിന്ത

ചിന്തിക്കാന്‍ സമയം നല്കി അവന്‍ കൈ കഴുകി.

ഓണ്‍ / ഓഫ് 6

കോടതിയില്‍ അവനൊപ്പം ഇറങ്ങി പോകുമ്പോള്‍ അവള്‍ക്കു തെല്ലും വിഷമം തോന്നിയില്ല.

അത്രയ്ക്കും ദിനേശ് തന്നെ സ്‌നേഹിക്കുന്നുണ്ട് . അവനു അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
അന്ന് രാത്രി അവളുടെ വെളുത്ത ശരീരം അവനെ ഒരുപാട് ഭ്രമിപ്പിച്ചു. ഒന്നില്‍ നിന്നും

അടുത്തതിലെയ്ക്കുള്ള ആവേശത്തിന് ഏതാനും മിനുട്ടുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

ചലനങ്ങളുടെ ദൃശ്യ ഭംഗിക്ക് അവളുടെ പുറകിലെ അരക്കെട്ടില്‍ അവന്‍ ടാറ്റൂ ചെയ്തു.
”നിന്നെ എനിക്ക് മതിയാകുന്നില്ല പെണ്ണെ. ”

”എനിക്കും..”
രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ച ശേഷമുള്ള രാത്രി അവനൊരു കുടുംബ മാഗസിന്‍

വായിക്കുകയായിരുന്നു.

ദാമ്പത്യത്തില്‍ ലൈംഗികത ഏറെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടര്‍ പറയുന്നു

കടമ വീട്ടേണ്ടതുണ്ട്. അവന്‍ അവളെ മെല്ലെ വിളിച്ചുണര്‍ത്തി.
അവളുടെ ചുണ്ടുകള്‍ക്ക് പഴയ മധുരം ഇല്ലായിരുന്നു. എങ്കിലും അയാള്‍ കടമ നിര്‍വ്വഹിക്കാന്‍

തുടങ്ങി. ഇടയ്‌ക്കെപ്പോഴോ ഓഫീസിലെ സ്റ്റാഫ് ലെന മനസ്സിലേയ്ക്ക് വന്നതും അയാള്‍

കൊടുങ്കാറ്റായി മാറി. മെല്ലെ അവളും ഉണര്‍ന്നു. മനസ്സ് മുഴുവന്‍ ലെനയ്ക്ക് സമര്‍പ്പിച്ച് നിറഞ്ഞ

സംതൃപ്തിയോടെ അയാള്‍ തിരിഞ്ഞു കിടന്നു. . അവളും തിരിഞ്ഞു കിടന്നു ഈയിടെ ഇന്റര്‍

നെറ്റിലൂടെ പരിചയപ്പെട്ട പയ്യനെ ഓര്‍ത്ത്.

ഓണ്‍ / ഓഫ് 7

”എടീ ഫോണ്‍ ”

”ആരാ”

”ഔസേപ് മുതലാളീടെ ഭാര്യയാ , എനിക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു തന്ന ആളാ

മുതലാളി, ഒന്ന് സോപ്പടിച്ചോ”

”അടുക്കളേല്‍ നൂറു കൂട്ടം പണി കിടക്കുമ്പഴാ ഫോണ്‍, നാശം !”
മറുവശത്ത് മുതലാളീടെ ഭാര്യ ചിന്തിക്കുന്നു

അവളൊന്നു വേഗം വന്നിരുന്നേല്‍ വല്ലോം പറഞ്ഞൊന്നു വെക്കാമായിരുന്നു. ഇച്ചായന്റെ

ഓരോ സൂക്കേട്, ഒരു തഹസില്‍ദാരും, അയാടെ ഭാര്യയും..! എന്നാത്തിനാ !

”ഹലോ ചേച്ചി”

”ആ…. മിനി.. ഞാന്‍ ആലീസ്, ഔസേപ് മുത… ”

”അറിയാം ചേച്ചി, മുതലാളീടെ കാര്യം ഏട്ടന്‍ എപ്പോഴും പറയും”

”ആണോ… അച്ചായനും അങ്ങനെ തന്നെയാ ”

ഓണ്‍ / ഓഫ് 8

അവള്‍ സിനിമയിലെ ഹോട്ട് ഗേള്‍ ആണ്

അവള്‍ കടിച്ച ആപ്പിള്‍ ഒരുത്തന്‍ രണ്ടു ലക്ഷം കൊടുത്തു വാങ്ങി. അവളുടെ അടിവസ്ത്രം

ഒരാള്‍ പത്തു ലക്ഷത്തിനു ലേലത്തില്‍ പിടിച്ചു.
അവളുടെ ഹോട്ടലിനു മുന്നില്‍ ആയിരങ്ങള്‍ ഒന്ന് കാണാന്‍ കാത്തു നില്ക്കുന്നു.
”മാഡം, ഒന്നാ ബാല്‍ക്കണിയില്‍ ചെല്ലാമോ ? അത്രയ്ക്കും ആരാധകരുണ്ട് , ഒന്ന് വിഷ്

ചെയ്‌തെയ്ക്ക് ”
” ഒന്ന് മിണ്ടാതിരി, മനുഷ്യന്‍ ഇവടെ വയറിളകി അടപ്പൂരി കിടക്കുമ്പോഴാണ് ആരാധകര്‍….

ഒന്ന് പോയേ ”

മാനേജര്‍ പോയി

”അടപ്പും, കോര്‍ക്കും ഒക്കെ ഇടയ്ക്ക് മറക്കുന്നതാണ് എല്ലാവരുടെയും പ്രശ്‌നം.”

മഹദ് വചനമാണ്, പേറ്റന്റില്ല ആര്‍ക്കും എവിടെയും ഉപയോഗിക്കാം.