ഓര്‍മകള്‍ക്ക് നഷ്ടങ്ങളുടെ ഗന്ധമാണ്

636

1

ചുമ്മാ ഈ പഴയ പിള്ളേര്‍ ഇങ്ങനെ ചിരിച്ചു കൊണ്ട് ഒരു ക്രിക്കറ്റ് ഫീല്‍ഡില്‍ നില്‍ക്കുന്നത് കാണാന്‍ വേണ്ടി മാത്രം. ഈ 52 വയസ്സുള്ള ആംബ്രോസും 49 വയസ്സുള്ള ഡോണാള്‍ഡും 43 വയസ്സുള്ള മുരളിയും ഒക്കെ അമേരിക്കയില്‍ മല മറിക്കാന്‍ വന്നതൊന്നുമല്ല. നമുക്കറിയാം ഇവരില്‍ മിക്കവര്‍ക്കും അവരുടെ പഴയ ദിനങ്ങളിലെത് പോലെ ബാറ്റ് ചെയ്യാനോ ബൌള്‍ ചെയ്യാനോ കഴിയില്ല എന്ന്. അവര്‍ക്കുമറിയാം. അവര്‍ക്കിത് ഒരു തിരിച്ചു പോക്കാണ് ആ നല്ല കാലത്തേക്ക്. കണ്ടു കൊണ്ടിരിക്കുന്നവരില്‍ ഒരു വലിയ പങ്കും ഓര്‍മകളിലേക്ക് തന്നെയാണ് മടങ്ങുന്നത്. പാതി റണ്ണപ്പില്‍ നടന്നു വരുന്ന അലന്‍ ഡൊണാള്‍ഡിനെ ഈ ചെറിയ ഗ്രൌണ്ടില്‍ തുടര്‍ച്ചയായി സിക്‌സറിന് പറത്തുന്ന കാണുമ്പോള്‍ അയാളെ പ്രതാപകാലത്ത് കണ്ടിട്ടുള്ളവര്‍ സ്വയമറിയാതെ വാദിച്ചു പോകുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇടിമിന്നലായിരുന്ന പഴയ അലന്‍ ഡോണാള്‍ഡിനെ ഇങ്ങനെ പ്രഹരിക്കാന്‍ കെല്പുള്ള ബാറ്റ്‌സ്മാന്‍ ഇനി ജനിച്ചിട്ട് വേണമെന്ന്.

2

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു കവര്‍ ഡ്രൈവ് ഫീല്‍ഡറുടെ നേരെ അടിച്ചതിനു ശേഷവും ചെറിയൊരു ചമ്മലോടെ ചിരിക്കുമ്പോള്‍ അയാളുടെ സുവര്‍ണകാലം കണ്ടിട്ടുള്ള, കണ്ണീരോടെ അയാളുടെ വിടവാങ്ങല്‍ കണ്ടിരുന്ന ആരാധകന്‍ നഷ്ടബോധത്തോടെ മൊഴിഞ്ഞു കാണില്ലേ, പാതിയുറക്കത്തില്‍ പോലും ആ കവര്‍ ഡ്രൈവ് ബൌണ്ടറി കടത്തിയിരുന്ന ഒരു കാലം അയാള്‍ക്കുണ്ടായിരുന്നു എന്ന്. ബ്രയാന്‍ ലാറ ക്രീസില്‍ നിന്നു കഷ്ടപ്പെടുന്നത് കണ്ടു ഇയാളെന്താ ടെസ്റ്റ് കളിക്കുകയാണോ എന്ന് പരിഹസിക്കുന്ന പുതിയ നാമ്പിന്റെ മോന്തക്കൊന്നു പൊട്ടിച്ചു നക്ഷത്രങ്ങള്‍ മറഞ്ഞു കഴിയുമ്പോള്‍ ലാപ് ടോപ്പ് തുറന്നു യൂട്യുബില്‍ ഗ്ലെന്‍ മഗ്രാത്തിന്റെ ഷോര്‍ട്ട് പിച്ച് പന്ത് പിന്‍ കാലില്‍ ഊന്നി നിന്നു കൊണ്ട് വായുവില്‍ അര്‍ദ്ധവ്ര്യത്തം വരയ്ക്കുന്ന ഒരു കിടിലന്‍ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തുന്ന ബ്രയാന്‍ ചാള്‍സ് ലാറ എന്ന വിസ്മയ കാഴ്ച കാട്ടി കൊടുക്കുന്ന അവന്റെ മുതിര്‍ന്ന സഹോദരന്‍, അയാളെ പോലെയുള്ള, അനേകം സഹോദരന്മാര്‍ക്ക് വേണ്ടിയാണ് അവരവിടെ കളിക്കുന്നത്, ഒന്നോ അതിലധികമോ തലമുറകള്‍ക്ക് വേണ്ടി. അവരില്‍ ചിലരുടെ പ്രകടനം കണ്ടിട്ട് ഇയാള്‍ക്കിപ്പോഴും ദേശീയ ടീമില്‍ കളിക്കാന്‍ കഴിയുമല്ലോ എന്ന് അഭിമാനത്തോടെ ആരാധകര്‍ വിളിച്ചു പറയുന്നത് അത് നടക്കുന്ന കാര്യമല്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ്.

3

സംശയിക്കണ്ട, അഹങ്കാരമാണ് ഞങ്ങള്‍ക്ക്, ഞങ്ങള്‍ കണ്ടിട്ടുണ്ട് ദാദയുടെ ലോഫ്റ്റഡ് ഷോട്ടുകള്‍, സച്ചിന്റെ സ്‌ട്രെയിറ്റ് ഡ്രൈവുകള്‍.. ഞങ്ങള്‍ അസൂയയോടെ കണ്ടിരുന്നിട്ടുണ്ട് പോണ്ടിംഗിന്റെ പുള്‍ ഷോട്ടുകളും ഷെയിന്‍ വോണിന്റെ മാന്ത്രിക പരിവേഷമുള്ള ലെഗ് സ്പിന്നും. വസിം അക്രമെന്ന പാക്കിസ്ഥാനി എറിഞ്ഞിരുന്ന യോര്‍ക്കറുകള്‍ കണ്ടിട്ട് ആരാധനയോടെ ഈ മനുഷ്യന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ എന്ന് മനസ്സില്‍ പല തവണ പറഞ്ഞിട്ടുണ്ട് അതേ ഞങ്ങള്‍.

4

ഗ്ലെന്‍ മഗ്രാത്ത് സ്ഥിരതയോടെ ഒരോവറിലെ 6 പന്തും കോറിഡോര്‍ ഓഫ് അണ്‍ സര്‍ട്ടനിറ്റിയില്‍ പതിപ്പിച്ചു ബാറ്റ്‌സ്മാന്റെ സാങ്കേതിക മികവിന് നേരെ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടിട്ട് ഇയാളൊരു യന്ത്രമാണോ എന്ന് ഞങ്ങള്‍ അതിശയപ്പെട്ടിട്ടുണ്ട്. ഓഫ് സ്റ്റമ്പിനു പുറത്തു വരുന്ന ഒരു പന്തിനെ കവറിലൂടെയും അതെ പന്തിനെ മിഡ് വിക്കറ്റിലൂടെയും ബൌണ്ടറി കടത്തുന്ന ലക്ഷ്മണിന്റെ കൈക്കുഴയുടെ വഴക്കം കണ്ടു എന്തൊരു കളിക്കാരനാണിയാള്‍ എന്ന് മനസ്സില്‍ മാത്രം മന്ത്രിച്ചിട്ടുണ്ട്. ഒരിന്ത്യന്‍ ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റമ്പ് പറത്തി കളഞ്ഞു കൊണ്ട് ഒരു കഴുകനെ പോലെ പറന്നിറങ്ങുന്ന ഷോയബ് അക്തറിനെ ദേഷ്യത്തോടെ നോക്കുമ്പോള്‍ തന്നെ അയാളുടെ പേസിനെ ഉള്ളിന്റെ ഉള്ളില്‍ അംഗീകരിച്ചിട്ടുമുണ്ട്.

5

ലോര്‍ഡ്‌സില്‍ ഷര്‍ട്ട് വലിച്ചൂരി വെള്ളക്കാരന്റെ അഹന്തയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ആ മനുഷ്യനെ മാത്രമേ ഞങ്ങള്‍ ദാദ എന്ന് ബഹുമാനത്തോടെ വിളിച്ചിട്ടുള്ളൂ. അതല്ലേ ബ്രോ ഹീറോയിസം? അതിനപ്പുറം ഹീറോയിസമൊന്നും ഞങ്ങളിത് വരെ കണ്ടിട്ടില്ല. മാന്യരില്‍ മാന്യരായ ഞങ്ങളുടെ പ്രിയപ്പെട്ട ഇതിഹാസങ്ങള്‍ക്കൊപ്പം കസേരയിട്ട് കൊടുത്തു അയാളെയും ഒപ്പമിരുത്തിയത് ഓഫ് സൈഡിലെ സ്‌ട്രോക്കുകളുടെ ഭംഗി മാത്രം കണ്ടിട്ടല്ല തൊലി വെളുത്തവനെ വിറളി പിടിപ്പിച്ചിരുന്ന അയാളുടെ ധാര്‍ഷ്ട്യം കണ്ടിട്ട് കൂടിയാണ്. അയാളിന്നു ക്രീസില്‍ തട്ടിയും മുട്ടിയും നിന്നു എടുത്തത് 12 റണ്‍സ് മാത്രമാണ്. പക്ഷെ ഞങ്ങള്‍ക്കയാള്‍ ക്രീസില്‍ നിന്ന ആ കുറച്ചു നിമിഷങ്ങള്‍ മാത്രം മതി സുഹ്ര്യുത്തെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാന്‍. ഇന്നെടുത്ത റണ്‍സിന്റെ അളവ് നോക്കി ദാദയുടെ മൂല്യം അളന്നെടുക്കാന്‍ സാമാന്യബോധമുള്ളവര്‍ ശ്രമിക്കില്ല എന്നറിയാമെങ്കിലും വെറുതെ പറഞ്ഞുപോകുകയാണ്. ആയ കാലത്ത് നയിച്ചവനാണയാള്‍, മുന്നില്‍ നിന്നു തന്നെ.

6

പ്രായം കണ്ണാടിയുടെ രൂപത്തില്‍ വീരുവിനെ തേടിയെത്തിയപ്പോള്‍ കണ്ണുപോട്ടനെന്ന് വിളിച്ചു കളിയാക്കിയവര്‍ ഒന്ന് ചോദിച്ചു നോക്കണം അയാള്‍ക്കെതിരെ പന്തെറിഞ്ഞ ബൌളര്‍മാരോട്. ആധുനിക ക്രിക്കറ്റിലെ ഏതെങ്കിലുമൊരു ബൌളര്‍ ക്രീസില്‍ വീരേന്ദ്ര സെവാഗ് നില്‍ക്കുന്നത് കണ്ട് ആശങ്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അങ്ങനെയങ്ങ് സമ്മതിച്ചു കൊടുക്കില്ല. ‘Is it a bird? Is it a plane? No, it’s Jotny!’ ഒരു ക്രിക്കറ്റ് മൈതാനത്തില്‍ സാധാരണ ഫീല്‍ഡര്‍മാര്‍ക്ക് സാധിക്കാത്ത രീതിയില്‍ പറന്നു നടന്നിരുന്ന ജോണ്ടിയെ കണ്ട് കൊതിച്ചിട്ടുണ്ട് ഇത് പോലോരുത്തന്‍ എന്നാണു നമുക്ക് വേണ്ടി അവതരിക്കുക എന്നോര്‍ത്ത്. ഒരു ക്രിക്കറ്റ് കളിക്കാരന്‍ വിരമിക്കുന്നത് ടി.വിയില്‍ കണ്ടു കരഞ്ഞിട്ടുണ്ട് ഇവിടെയുള്ളവര്‍ ഉള്‍പ്പെടെ കുറെയേറെ ജനങ്ങള്‍. അതൊരു ദിവസം കൊണ്ട് അവരുടെ കണ്ണുകളില്‍ ജന്മമെടുത്ത നീരുറവയൊന്നുമായിരുന്നില്ല. സച്ചിന്‍ കളിക്കുന്നത് അവനു പൈസയുണ്ടാക്കാനാണ്, നീ പോയിരുന്നു പഠിക്കടാ എന്ന വാക്കുകള്‍ പതിനായിരം തവണ ചെറുപ്പത്തില്‍ കേട്ടിട്ടും മനസ്സില്‍ സച്ചിന്‍ കളിക്കുന്നത് എനിക്ക് കൂടെ വേണ്ടിയാണെന്ന് അടിവരയിട്ടുറപ്പിച്ച ഒരു തലമുറയാണ് ഞങ്ങളുടേത്.

7

ഒരു ഗെയിമില്‍ ഒരുപക്ഷെ ഒരിക്കല്‍ മാത്രം പിറക്കുന്ന ഒരു അദ്ഭുതത്തിന്റെ കളി സ്വന്തം ജീവിതകാലത്ത് കാണാന്‍ സാധിച്ച ഞങ്ങള്‍ക്ക് അഹങ്കരിച്ചു കൂടെ ? മേല്‍ പറഞ്ഞതെല്ലാം തന്നെ ഒരു തലമുറ ഇന്നും ഉള്ളിലിട്ടു താലോലിക്കുന കാഴ്ചകള്‍ തന്നെയാണ്. ഈ കാഴ്ചകളില്‍ രാഹുല്‍ ദ്രാവിഡിനെ മിസ്സ് ചെയ്യുന്ന അതെ രീതിയില്‍ തന്നെ സ്റ്റീവന്‍ വോയെയും ആദം ഗില്‍ക്രിസ്റ്റിനെയും ഇന്‍സമാമുള്‍ ഹഖിനെയും അരവിന്ദ ഡിസില്‍വയെയുംഞങ്ങള്‍ മിസ്സ് ചെയ്യുന്നുമുണ്ട്. ഗ്രേയം സ്വാനും അജിത് അഗാര്‍കറും എങ്ങനെയാണ് ലെജന്‍ഡുകള്‍ ആയതെന്നു ചിന്തിച്ചു തല്‍ക്കാലം ഞങ്ങള്‍ സമയം നഷ്ടപ്പെടുത്തുന്നില്ല. ഈ ഇതിഹാസങ്ങളുടെയെല്ലാം പോസ്റ്ററുകള്‍ എന്റെ ചുമരിലുണ്ട് എന്ന സ്വാനിന്റെ വാക്കുകള്‍ കേട്ടു കൊണ്ടിരിക്കുന്ന ഞങ്ങള്‍ അവരുടെ ചിത്രങ്ങള്‍ പക്ഷെ ഞങ്ങളുടെ മനസ്സുകളിലാണ് പതിപ്പിച്ചിരിക്കുന്നത്. പിഴുതെറിയാന്‍ കഴിയാത്രത്ര ആഴത്തില്‍.

ഇതെല്ലാം ഞങ്ങള്‍ക്ക് നഷ്ടമായ കാഴ്ചകളാണ്. ഇവിടെ ജയത്തിന്റെയും തോല്‍വിയുടെയും കണക്കെടുപ്പുകളില്ല. ഞങ്ങള്‍ കൌതുകത്തോടെ, ഒരിത്തിരി നൊമ്പരത്തോടെ ഇതൊന്നു കണ്ടു തീര്‍ക്കട്ടെ.ചിലരൊക്കെ പരിഹാസത്തോടെ കാണുന്ന നൊസ്റ്റാള്‍ജിയ എന്ന അനുഭൂതിയില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ഞങ്ങള്‍ നനഞ്ഞു കുതിരുകയാണ്. ഓര്‍മകള്‍ക്ക് ഇപ്പോള്‍ നഷ്ടങ്ങളുടെ ഗന്ധമാണ്.