ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം ഒന്ന്)

390

03

‘സ്‌മോക്കിംഗ് ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത്’ എന്ന മുന്നറിയിപ്പിന്റെ പാരഡിയായി നമുക്ക് ‘ഇന്‍വെസ്റ്റിംഗ് ഇന്‍ ഇക്ക്വിറ്റി ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത്’ എന്നു പറയാവുന്നതാണ്. ഇതു മൊഴിമാറ്റം നടത്തുമ്പോള്‍ ‘പുകവലി ഹാനികരം’ എന്നതിനൊപ്പിച്ച് ‘ഓഹരിനിക്ഷേപം ഹാനികരം’ എന്നു പറയാം. പാരഡികള്‍ ഇടയ്‌ക്കൊക്കെ സത്യമായിത്തീരാറുണ്ട്. ഇവ രണ്ടും തമ്മില്‍, അതായത്, പുകവലിയും ഓഹരിനിക്ഷേപവും തമ്മില്‍ രണ്ടു വ്യത്യാസങ്ങളുണ്ട്. അവയിലൊന്നിനെപ്പറ്റി ആദ്യം തന്നെ പറയാം. പുകവലി ആരോഗ്യത്തെ തുടക്കത്തിലെങ്കിലും സാവധാനമാണ് കരണ്ടു തിന്നാറ്. ഓഹരികള്‍ക്കാകട്ടെ, നിങ്ങളുടെ സമ്പത്തു മുഴുവന്‍ തകര്‍ക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം മതി. ഒരുദാഹരണം പറയാം: സത്യം കമ്പ്യൂട്ടര്‍ എന്നൊരു ഷെയര്‍ ഒരു കാലത്ത് ഓഹരിക്കമ്പോളത്തിലെ നിക്ഷേപകരുടെ കണ്ണിലുണ്ണിയായിരുന്നു. നിഫ്റ്റിയെന്ന സൂചികയുടെ ഭാഗവും. ഇതൊക്കെയായിരുന്നിട്ടും, 180 രൂപയില്‍ നിന്ന് വെറും ആറു രൂപയിലേയ്ക്കു പതിയ്ക്കാന്‍ സത്യം കമ്പ്യൂട്ടറിന്ന് 48 മണിക്കൂര്‍ മാത്രമേ വേണ്ടി വന്നുള്ളു. സ്വര്‍ഗ്ഗത്തില്‍ നിന്നു പാതാളത്തിലേയ്ക്കുള്ള ആ വീഴ്ചയുടെ ഏതാണ്ടു പകുതിയോളം തുടര്‍ന്നുള്ള ചില മാസങ്ങള്‍ കൊണ്ടു തിരിച്ചു കയറിയെങ്കിലും, വെറും 48 മണിക്കൂറിനുള്ളില്‍ ഓഹരിവിലയുടെ 96 ശതമാനത്തോളം ഇടിഞ്ഞത് നിക്ഷേപകസമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. 2008ല്‍ നിഫ്റ്റി 60 ശതമാനത്തോളവും, തുടര്‍ന്നുള്ളൊരു കാലഘട്ടത്തില്‍ വീണ്ടും 30 ശതമാനത്തോളവും ഇടിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഹൃദയസ്തംഭനങ്ങള്‍ വര്‍ദ്ധിച്ചിരുന്നിരിയ്ക്കണം!

പുകവലിയും ഓഹരികളും തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം ഓഹരികളെ സംബന്ധിച്ചിടത്തോളം അല്പം സന്തോഷമുള്ള ഒന്നാണ്. പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നു മോചനമുണ്ടാകുന്നില്ല. അവ കൂടുതല്‍ ഗുരുതരമായിത്തീര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു, ആരോഗ്യം ഇടിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു. എന്നാല്‍ തകര്‍ന്നടിഞ്ഞിരുന്ന ഓഹരികള്‍ ഓഹരിക്കമ്പോളം മെച്ചപ്പെടുമ്പോള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റെന്നു വരാം. ഓഹരികളുടെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ അവയിലെ നിക്ഷേപത്തിന്റെ മൂല്യവും മെച്ചപ്പെടുന്നു. 2005 ഏപ്രിലില്‍ നിഫ്റ്റി 1902ലെത്തിയിരുന്നു. 2008 ജനുവരി ആയപ്പോഴേയ്ക്കുമത് 230 ശതമാനമുയര്‍ന്ന് 6288ലെത്തി. അതുപോലെതന്നെ, 2008ലെ ഭീമമായ തകര്‍ച്ചയ്ക്കു ശേഷം രണ്ടു വര്‍ഷം കൊണ്ട് ഓഹരിക്കമ്പോളം 150 ശതമാനത്തോളം ഉയര്‍ന്നു. 2008 ഒക്ടോബറില്‍ 2524ലേയ്ക്കു കൂപ്പുകുത്തിയിരുന്ന നിഫ്റ്റി, 2010 നവമ്പറായപ്പോഴേയ്ക്ക് അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിലവാരമായ 6312 വരെ കയറിയിരുന്നു. പുകവലിയും ഓഹരികളും തമ്മിലുള്ളതായി മുകളില്‍ വിവരിച്ച രണ്ടു വ്യത്യാസങ്ങളില്‍ ഈ രണ്ടാമത്തേത് – തിരിച്ചു കയറല്‍ ആണ് ജനങ്ങളെ ഓഹരിക്കമ്പോളത്തിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതും അവരെ അവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നതും.

01

വന്‍ലാഭത്തിനുള്ള സാദ്ധ്യതകളെപ്പറ്റി കേട്ടു മോഹിച്ചു നിങ്ങള്‍ ഓഹരിക്കമ്പോളത്തിന്റെ നടുവിലേയ്ക്ക് എടുത്തു ചാടുംമുന്‍പേ, കൈയ്പ് ഒട്ടും കുറവില്ലാത്ത മറ്റൊരുദാഹരണം കൂടി ഞാന്‍ പറഞ്ഞോട്ടെ. ഈയൊരു ഉദാഹരണം നിങ്ങള്‍ക്ക് വിവേകത്തോടെ ചിന്തിയ്ക്കാനുള്ള പ്രേരകമാകും. റിലയന്‍സ് കാപ്പിറ്റല്‍ അനില്‍ ധിരുഭായി അംബാനി ഗ്രൂപ്പിലെ പ്രധാനപ്പെട്ട ഒരോഹരിയാണ്. 2005 ജനുവരിയില്‍ റിലയന്‍സ് കാപ്പിറ്റലിന്റെ വില 134 രൂപ മാത്രമായിരുന്നു. മൂന്നു വര്‍ഷംകൊണ്ട്, അതായത് 2008 ജനുവരിയായപ്പോഴേയ്ക്കും റിലയന്‍സ് കാപ്പിറ്റല്‍ 2860 രൂപയിലേയ്ക്ക് കുത്തനെ കയറിക്കഴിഞ്ഞിരുന്നു. വിലയിലുണ്ടായ ഈ വര്‍ദ്ധനവ് 2034 ശതമാനത്തോളമായിരുന്നു. നല്ല കാര്യം തന്നെ, പക്ഷേ, പിന്നീടെന്തു സംഭവിച്ചെന്നു കൂടി കേള്‍ക്കുക: ആ ഓഹരി 2012 ജനുവരി ആയപ്പോഴേയ്ക്കും 92 ശതമാനത്തോളം ഇടിഞ്ഞ് വെറും 232 രൂപയെന്ന നിലവാരത്തിലെത്തി! 2012 ജനുവരിയില്‍ അവശേഷിച്ച 232 രൂപ 2008 ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിന്റെ വെറും 8 ശതമാനം മാത്രമായിരുന്നു. ഒരോഹരി 92 ശതമാനം ഇടിഞ്ഞ് വെറും 8 ശതമാനം മാത്രമായി അവശേഷിയ്ക്കുന്നതും ഓഹരിക്കമ്പോളത്തില്‍ തികച്ചും സംഭവ്യമാണ് എന്നര്‍ത്ഥം. ഇതെഴുതുമ്പോള്‍ റിലയന്‍സ് കാപ്പിറ്റലിന്റെ വില 361ല്‍ നില്‍ക്കുന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, 2008നു ശേഷം അതൊരിയ്ക്കലും 2860ന്റെ ‘നാലയലത്തുപോലും’ തിരിച്ചെത്തിയിട്ടില്ല! 2008ല്‍ 2860 രൂപകൊടുത്ത് റിലയന്‍സ് കാപ്പിറ്റല്‍ വാങ്ങിയ നിര്‍ഭാഗ്യവാന്മാരുടെ കാര്യമൊന്നോര്‍ത്തു നോക്കൂ.

02

മുന്‍പു പറഞ്ഞതുപോലുള്ള ഭീമമായ നഷ്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഓഹരിക്കമ്പോളത്തില്‍ നിന്നു ഗണ്യമായ ലാഭം നേടാനുള്ള മാര്‍ഗ്ഗങ്ങളുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനു മുന്‍പ് മറ്റൊരു വസ്തുത നാം കണക്കിലെടുക്കേണ്ടതുണ്ട്. മെറില്‍ ലിഞ്ച്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍, ഗോള്‍ഡ്മാന്‍ സാക്‌സ്, എന്നിങ്ങനെയുള്ള ലോകപ്രസിദ്ധിയാര്‍ജ്ജിച്ച വന്‍കിട വിദേശനിക്ഷേപകര്‍ക്കെല്ലാം ലോകമെമ്പാടുമുള്ള ഓഹരിക്കമ്പോളങ്ങളില്‍ പലതവണ ഭീമമായ നഷ്ടമുണ്ടായിട്ടുണ്ട് എന്ന കാര്യമാണത്. ദശലക്ഷക്കോടിക്കണക്കിനു ഡോളര്‍ കൈയ്യിലുണ്ടായിരുന്ന ഈ നിക്ഷേപകഭീമന്മാര്‍ക്കു പോലും ഓഹരിക്കമ്പോളത്തില്‍ വലുതായ നഷ്ടം സഹിയ്‌ക്കേണ്ടി വന്നിരിയ്‌ക്കെ, താരതമ്യേന നിസ്സാരരായ നമുക്ക് ഓഹരിക്കമ്പോളത്തില്‍ നഷ്ടമുണ്ടാകാതിരിയ്ക്കുന്നതെങ്ങനെ! നിക്ഷേപകനെ നഷ്ടങ്ങളില്‍ നിന്നു രക്ഷിയ്ക്കാനായി ആരുടെ പക്കലും ഒരു മാന്ത്രികക്കോലില്ലെന്നതാണു പരമാര്‍ത്ഥം. എങ്കിലും, മേലുന്നയിച്ച ചോദ്യത്തിന് എന്റേതായ ഉത്തരമിതാണ്: ഉവ്വ്, നഷ്ടം കുറച്ചുകൊണ്ടും ലാഭം പരമാവധി വര്‍ദ്ധിപ്പിച്ചുകൊണ്ടും സമര്‍ത്ഥനായ ഒരു നിക്ഷേപകന്ന് ഓഹരിക്കമ്പോളത്തില്‍, ഒരതിദീര്‍ഘകാലയളവില്‍, ഗണ്യമായ ലാഭമുണ്ടാക്കാന്‍ തീര്‍ച്ചയായും കഴിയും.

‘സമര്‍ത്ഥനായ’ നിക്ഷേപകന്‍ നമ്മുടെ പ്രത്യേക താത്പര്യങ്ങള്‍ക്കനുസൃതമായാണ് നാം ഒരാളെ സമര്‍ത്ഥന്‍ എന്നു വിശേഷിപ്പിയ്ക്കാറ്. സാമര്‍ത്ഥ്യം അളന്നു തിട്ടപ്പെടുത്താന്‍ സാധിയ്ക്കുന്ന ഒന്നല്ല. ഓഹരിക്കമ്പോളത്തിന്റെ പശ്ചാത്തലത്തില്‍ സാമര്‍ത്ഥ്യം എന്ന പദം കൊണ്ടെന്താണ് അര്‍ത്ഥമാക്കിയതെന്നു ഞാന്‍ ക്രമേണ വ്യക്തമാക്കാം. ഈ ലേഖനം പല ഭാഗങ്ങളായായിരിയ്ക്കും അവതരിപ്പിയ്ക്കപ്പെടുന്നത്. അവയിലെ അവസാനഭാഗം പുറത്തിറങ്ങിക്കഴിയുമ്പോഴേയ്ക്കും സമര്‍ത്ഥന്‍ എന്ന വാക്കുകൊണ്ടു ഞാനെന്താണ് അര്‍ത്ഥമാക്കിയതെന്നു വിശദീകരിച്ചു കഴിഞ്ഞിരിയ്ക്കും. ആ പ്രക്രിയയ്ക്കിടയില്‍ നാം ഓഹരിക്കമ്പോളത്തിലെ ആഴമേറിയ കുഴികളില്‍ച്ചെന്നു ചാടാതിരിയ്ക്കാന്‍ ശ്രദ്ധ വയ്ക്കുന്ന, ഗണ്യമായൊരു ലാഭം ദീര്‍ഘമായൊരു കാലയളവില്‍ നമുക്കു നേടിത്തരാനുള്ള കഴിവുള്ള ഒരു നിക്ഷേപകച്ചവട മാര്‍ഗ്ഗം വിശദീകരിച്ചു കഴിഞ്ഞിരിയ്ക്കും.

(തുടരും)

(‘ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ഇക്വിറ്റി’ എന്ന ശീര്‍ഷകത്തില്‍ പത്തൊന്‍പതോളം ഭാഗം വരുന്നൊരു നീണ്ട ലേഖനം ഞാനെഴുതിയിരുന്നു. അതു മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്യണം എന്നുയര്‍ന്ന ആവശ്യം മാനിച്ചു തയ്യാറാക്കിയ ലേഖനപരമ്പരയുടെ ആദ്യ ഭാഗമാണിത്.)