ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 2)..

326

01

‘വില ഉയരാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുക’ ഇതാണ് ഞാനുപദേശിയ്ക്കുന്ന തത്വം.

‘തത്വം ഇത്രേയുള്ളോ’ എന്നായിരിയ്ക്കും നിങ്ങള്‍ ചോദിയ്ക്കാനൊരുങ്ങുന്നത്. അതെ, തത്വം ഇത്ര മാത്രമേയുള്ളു!

തത്വം വളരെ ഹ്രസ്വമായിപ്പോയെന്നറിയാം. പക്ഷേ, ദീര്‍ഘമായ ഒരു കാലയളവുകൊണ്ട് ഓഹരിക്കമ്പോളത്തില്‍നിന്ന് ഗണ്യമായ ലാഭം നേടിയെടുക്കാന്‍ ഹ്രസ്വമായ ഈയൊരൊറ്റ തത്വം മാത്രം മതി. ‘ദീര്‍ഘമായ കാലയളവു’കൊണ്ടു ഞാനുദ്ദേശിച്ചത് ഏതാനും വര്‍ഷങ്ങളെയാണ്. അത്രയും കാലം ഈ തത്വം ഓഹരിക്കമ്പോളത്തില്‍ ഒരു വ്രതാനുഷ്ഠാനം പോലെ, വിശ്വസ്തതയോടെ, സജീവമായി പിന്തുടര്‍ന്നാല്‍ നിങ്ങള്‍ പിന്നീടൊരിയ്ക്കലും ഓഹരിക്കമ്പോളം ഉപേക്ഷിച്ചു പോകുകയില്ലെന്നു ഞാനുറപ്പു തരുന്നു; തത്വത്തോടൊപ്പം പല നിബന്ധനകളുമുണ്ട്, അവ തത്വത്തോടു ചേര്‍ത്തു വായിയ്ക്കുകയും കര്‍ശനമായി അനുസരിയ്ക്കുകയും വേണം.

മുകളില്‍ ഹ്രസ്വമായി പറഞ്ഞിരിയ്ക്കുന്ന തത്വം വിശദീകരിയ്ക്കുംമുന്‍പെ, നിങ്ങള്‍ക്കൊരു മുന്നറിയിപ്പു നല്‍കട്ടെ. നിക്ഷേപം സംബന്ധിച്ചുള്ള ഡസന്‍ കണക്കിന് ഉപദേശങ്ങള്‍ സൌജന്യമായി കിട്ടുന്നൊരു സ്ഥലമാണ് ഓഹരിക്കമ്പോളം. ഈ ഉപദേശങ്ങളില്‍ ചിലവ നിങ്ങള്‍ക്ക് അല്‍പ്പമൊരു ലാഭം ഇടയ്ക്കിടെ നേടിത്തരുമായിരിയ്ക്കും, പക്ഷേ, അവയില്‍ മറ്റു ചിലവ നിങ്ങള്‍ക്കു ഭീമമായ നഷ്ടം വരുത്തിവച്ചേയ്ക്കാമെന്നു മാത്രമല്ല, ഒരു പക്ഷേ ഓഹരിക്കമ്പോളത്തില്‍ നിങ്ങള്‍ മുടക്കിയിരിയ്ക്കുന്ന മൂലധനം മുഴുവനും തന്നെ തുടച്ചു നീക്കിയെന്നും വരാം. ഓഹരിക്കമ്പോളത്തില്‍ അടിയ്ക്കടി പരക്കുന്ന കിംവദന്തികളെ വഴികാട്ടിയായി സ്വീകരിച്ചാല്‍ ലാഭത്തേക്കാളേറെ നഷ്ടമാകും ഉണ്ടാകുക.

ഞാന്‍ മുകളില്‍ കൊടുത്തിരിയ്ക്കുന്ന തത്വവും സംശയത്തിന്റെ ഉലയിലിട്ട് ഉരുക്കിവേണം അതിന്റെ ഉപയുക്തത നിര്‍ണ്ണയിയ്ക്കാന്‍. കഴിഞ്ഞുപോയ കുറേയേറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഓഹരിവിലകളില്‍ വന്ന ഏറ്റക്കുറച്ചിലുകളെ സസൂക്ഷ്മം പഠനവിധേയമാക്കുന്നതിലൂടെ തത്വം ശരിയെന്നു ബോദ്ധ്യപ്പെടുകയും, അതോടൊപ്പംതന്നെ, ഈ തത്വം പിന്തുടര്‍ന്നാലുണ്ടായേയ്ക്കാവുന്ന അപകടങ്ങളെപ്പറ്റി പൂര്‍ണ്ണമായും മനസ്സിലാക്കുകയും ചെയ്ത ശേഷമേ ഈ തത്വമനുസരിച്ചുള്ള ഓഹരിനിക്ഷേപം നടത്താവൂ. ഓഹരിക്കമ്പോളത്തിലെ നിക്ഷേപം അവരവരുടെ ഉത്തരവാദിത്വത്തില്‍ത്തന്നെയായിരിയ്ക്കും എന്നുമറിയുക.

വാര്‍ത്തകളോ കിംവദന്തികളോ അല്ല, ഓഹരിവില മാത്രമായിരിയ്ക്കണം ഓഹരിക്കമ്പോളത്തിലെ നിങ്ങളുടെ വഴികാട്ടി. ഓരോ വാര്‍ത്തയേയും ഓരോ കിംവദന്തിയേയും ഓഹരിവില അപ്പപ്പോള്‍ കണക്കിലെടുത്ത്, അവയില്‍ കൊള്ളേണ്ടവയെ കൊള്ളുകയും തള്ളേണ്ടവയെ തള്ളുകയും ചെയ്യുന്നു. വാര്‍ത്തകള്‍ക്കും കിംവദന്തികള്‍ക്കുമെല്ലാമനുസൃതമായി ഓഹരിവില ഉയരുകയോ താഴുകയോ ചെയ്യുന്നു എന്നര്‍ത്ഥം. ഈ പ്രക്രിയ കമ്പോളം തുറന്നിരിയ്ക്കുന്ന സമയങ്ങളിലെല്ലാം അനുസ്യൂതം നടന്നുകൊണ്ടേയിരിയ്ക്കുന്നു. ഒരു ഡീലറുടെ കമ്പ്യൂട്ടര്‍ ടെര്‍മിനലില്‍ ഓഹരിവിലകള്‍ സദാസമയവും കണ്ണുചിമ്മിക്കൊണ്ടിരിയ്ക്കുന്നത് ഈ പ്രക്രിയയെയാണു സൂചിപ്പിയ്ക്കുന്നത്. ഉയരുകയോ താഴുകയോ ചെയ്യുന്നതിന്നനുസരിച്ച് ഓഹരിവിലകളുടെ നിറവും മാറിക്കൊണ്ടിരിയ്ക്കുന്നു. ഉയരുമ്പോള്‍ വില നീല നിറമാകുന്നു, താഴുമ്പോള്‍ ചുവപ്പും.

ഞാന്‍ മുന്നോട്ടു വയ്ക്കുന്ന തത്വം ഇവിടെ ആവര്‍ത്തിയ്ക്കട്ടെ: ഓഹരിവില ഉയരാന്‍ തുടങ്ങുമ്പോള്‍ ഓഹരി വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ ഓഹരി വില്‍ക്കുക. ഈ തത്വം, മറ്റു പല തത്വങ്ങളേയും പോലെ, പറയാന്‍ വളരെയെളുപ്പമാണ്, പക്ഷേ പാലിയ്ക്കുക ദുഷ്‌കരവും. സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന ഒരോഹരിയുടെ വില ഓരോ നിമിഷവും ഉയരുകയോ താഴുകയോ ചെയ്തുകൊണ്ടിരിയ്ക്കും. ഓരോ നിമിഷവും ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന ഒരോഹരി വാങ്ങാന്‍ യോഗ്യമായ തരത്തില്‍ ‘വില ഉയരാന്‍ തുടങ്ങി’, അല്ലെങ്കില്‍ വില്‍ക്കാന്‍ യോഗ്യമായ തരത്തില്‍ ‘വില താഴാന്‍ തുടങ്ങി’, എന്നെങ്ങനെ തീരുമാനിയ്ക്കും?

എന്റെ തത്വത്തിനു രണ്ടു ഭാഗങ്ങളുണ്ട്: വില ഉയരാന്‍ തുടങ്ങുമ്പോള്‍ ഓഹരി വാങ്ങുക, ഇതാണ് ആദ്യഭാഗം. വില താഴാന്‍ തുടങ്ങുമ്പോള്‍ ഓഹരി വില്‍ക്കുക, ഇതാണ് അന്ത്യഭാഗം. ഓഹരിവിലകള്‍ വിവിധ തലങ്ങളില്‍ അഥവാ വ്യത്യസ്ത വലിപ്പങ്ങളിലാണുള്ളത്. ജെപി അസോസിയേറ്റ്‌സ് എന്ന, സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന ഒരോഹരിയുണ്ട്. അതിന്റെ ഇതെഴുതുമ്പോഴത്തെ വില 52 രൂപയാണ്. എന്നാല്‍ ഇന്‍ഫോസിസ് ടെക്‌നോളജി എന്നൊരോഹരിയുടേതോ, 3561 രൂപയും. അഞ്ചു രൂപ ജെപി അസോസിയേറ്റ്‌സിന്റെ ഇപ്പോഴത്തെ വിലയുടെ പത്തുശതമാനത്തോളം വരുന്നു. എന്നാല്‍ അതേ അഞ്ചു രൂപ ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ വിലയുടെ 0.14 ശതമാനം മാത്രമേ ആകുന്നുള്ളു.

വിവിധ ഓഹരികളുടെ വിലകള്‍ തമ്മില്‍ ഇങ്ങനെ വലിയ വ്യത്യാസമുള്ളതുകൊണ്ട്, വിലയില്‍ ഒരു നിശ്ചിത തുകയുടെ കയറ്റമോ ഇറക്കമോ ഉണ്ടാകുമ്പോള്‍ വാങ്ങണം അല്ലെങ്കില്‍ വില്‍ക്കണം എന്നു പറയുക ബുദ്ധിമുട്ടാണ്. മുന്‍പറഞ്ഞ തത്വം വിവിധ വിലകളുള്ള വിവിധ ഓഹരികളില്‍ ഏകദേശം സമാനതയോടെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ തുകയ്ക്കല്ല, ശതമാനത്തിനാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

അഞ്ചു ശതമാനത്തെ നമുക്ക് ഒരുദാഹരണമായി തത്കാലമെടുക്കുക. ഒരോഹരിയുടെ വില അഞ്ചു ശതമാനം ഉയരുമ്പോള്‍ ‘വില ഉയരാന്‍ തുടങ്ങി’, അതുകൊണ്ട് നമ്മുടെ തത്വമനുസരിച്ച് ആ ഓഹരി വാങ്ങാറായെന്നും, വില അഞ്ചു ശതമാനം താഴുമ്പോള്‍ ‘വില താഴാന്‍ തുടങ്ങി’, അതുകൊണ്ട് ആ ഓഹരി വില്‍ക്കാറായെന്നും നമുക്ക് തത്കാലത്തേയ്ക്ക് കണക്കാക്കാം. നമ്മുടെ തത്വം തത്കാലത്തേയ്ക്ക് ഇങ്ങനെ പരിഷ്‌കരിച്ചെഴുതാം: വില അഞ്ചു ശതമാനം ഉയരുമ്പോള്‍ ഓഹരി വാങ്ങുക, വില അഞ്ചു ശതമാനം താഴുമ്പോള്‍ വില്‍ക്കുക. ഈ തത്വം പ്രാവര്‍ത്തികമാക്കാന്‍ ഒന്നിലേറെ മാര്‍ഗ്ഗങ്ങളുണ്ട്, അഞ്ചു ശതമാനത്തിന്റേതായ മാര്‍ഗ്ഗം അവയിലൊന്നു മാത്രമാണ്, എങ്കിലും പഠനത്തിന്റെ സൌകര്യത്തിന്നായി അഞ്ചു ശതമാനം ഉപയോഗിയ്ക്കുന്ന രീതി താത്കാലികമായെങ്കിലും നമുക്കു സ്വീകരിയ്ക്കാം.

രണ്ടു ചോദ്യങ്ങളുയരുന്നുണ്ടിവിടെ: വില അഞ്ചു ശതമാനം ഉയര്‍ന്നെന്നു കണക്കാക്കുന്നത് ഏതു ലെവലില്‍ നിന്നാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. വില അഞ്ചു ശതമാനം താഴ്‌ന്നെന്നു കണക്കാക്കുന്നത് ഏതു ലെവലില്‍ നിന്നാണ് എന്നതാണ് രണ്ടാമത്തെ ചോദ്യം.

സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന ഒരോഹരിയുടെ വിലയില്‍ സദാസമയവും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നെന്നു പറഞ്ഞുവല്ലോ. അത്തരമൊരോഹരി നൂറ്റഞ്ചു രൂപയില്‍ നിന്ന് നൂറു രൂപയിലേയ്ക്കു താഴുകയും, അവിടുന്നു നൂറ്റിരുപതു രൂപയിലേയ്ക്കു കയറുകയും, നൂറ്റിരുപതു രൂപ സ്പര്‍ശിച്ചശേഷം അതു നൂറ്റഞ്ചു രൂപയിലേയ്ക്ക് ഇറങ്ങുകയും, തുടര്‍ന്നത് നൂറ്റിനാല്‍പ്പത്തിനാലിലേയ്ക്കു കയറുകയും ചെയ്യുന്നെന്നു സങ്കല്‍പ്പിയ്ക്കുക. ഈ കയറ്റിറക്കങ്ങളെല്ലാം രേഖപ്പെടുത്തിയിരിയ്ക്കുന്ന ഒരു ഗ്രാഫ് താഴെക്കൊടുക്കുന്നു:

Graphshowingtopandbottom

നൂറു രൂപയിലേയ്ക്ക് ഇറങ്ങിയശേഷം വില തിരിച്ചുകയറിയതുകൊണ്ട്, നൂറു രൂപയുടെ ലെവലില്‍ ഒരു ബോട്ടം രൂപം കൊണ്ടെന്നു പറയാം. നൂറ്റിരുപതിലെത്തിയ ശേഷം വില ഇറങ്ങിപ്പോയതുകൊണ്ട്, നൂറ്റിരുപതില്‍ ഒരു ടോപ്പ് രൂപം കൊണ്ടു എന്നു പറയാം. നൂറ്റഞ്ചിലേയ്ക്കിറങ്ങിയ ശേഷം വില തിരിച്ചുയര്‍ന്നതുകൊണ്ട് നൂറ്റഞ്ചില്‍ പുതിയൊരു ബോട്ടം രൂപം കൊണ്ടെന്നു പറയാം. മുകളില്‍ കൊടുത്തിരിയ്ക്കുന്ന ഗ്രാഫ് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

‘ടോപ്പ്’, ‘ബോട്ടം’ എന്നീ ഇംഗ്ലീഷ് പദങ്ങളുപയോഗിയ്ക്കുന്നതു ക്ഷമിയ്ക്കുക. പീക്ക്, ഹൈ എന്നെല്ലാം ടോപ്പിനു പകരമായും, ട്രഫ്, ലോ എന്നെല്ലാം ബോട്ടമിനു പകരമായും ഉപയോഗിയ്ക്കാറുണ്ട്. നമുക്ക് ടോപ്പ്, ബോട്ടം എന്നീ പദങ്ങളുപയോഗിയ്ക്കാം.

നമ്മുടെ തത്വം ഓഹരിവില ഒരു ബോട്ടമില്‍ നിന്ന് അഞ്ചു ശതമാനം കയറുമ്പോള്‍ വില ഉയരാന്‍ തുടങ്ങിയതായി കണക്കാക്കണമെന്നും, അങ്ങനെ വില ഉയരാന്‍ തുടങ്ങുമ്പോള്‍ ഓഹരി വാങ്ങണമെന്നും അനുശാസിയ്ക്കുന്നു. അതുകൊണ്ട് നൂറ്റഞ്ചില്‍ നിന്നു വില നൂറിലേയ്ക്കിറങ്ങുകയും, നൂറില്‍ ഒരു ബോട്ടം ഉണ്ടാക്കിയശേഷം നൂറ്റഞ്ചിലേയ്ക്ക് ഉയരുകയും ചെയ്തപ്പോള്‍ നമ്മുടെ തത്വമനുസരിച്ച് നൂറ്റഞ്ചു രൂപയ്ക്ക് നാം ഓഹരി വാങ്ങേണ്ടിയിരുന്നു. നൂറില്‍ നിന്ന് നൂറ്റഞ്ചിലേയ്ക്ക് അഞ്ചു രൂപ ഉയര്‍ന്നപ്പോള്‍ വിലയിലുണ്ടായ ഉയര്‍ച്ച അഞ്ചു ശതമാനമായിരുന്നെന്നു ശ്രദ്ധിയ്ക്കുക.

മേല്‍ക്കൊടുത്തിരിയ്ക്കുന്ന ഗ്രാഫിലെ വിലകളിലെ ഓരോന്നും തൊട്ടു താഴെയുള്ള വിലയില്‍ നിന്നും അഞ്ചു ശതമാനം ഉയരത്തിലാണുള്ളത്. നൂറു രൂപ മുതല്‍ 120 രൂപ വരെ സൌകര്യാര്‍ത്ഥം അഞ്ചു ശതമാനമെന്നാല്‍ അഞ്ചു രൂപയായി ഈ ഗ്രാഫില്‍ കണക്കാക്കിയിരിയ്ക്കുന്നു. നൂറ്റിരുപതിനു മുകളില്‍ നൂറ്റിനാല്‍പ്പത്തി നാലു വരെ അഞ്ചു ശതമാനമെന്നാല്‍ ആറു രൂപയായും കണക്കാക്കിയിരിയ്ക്കുന്നു. ചുരുക്കത്തില്‍ ഗ്രാഫിലെ ഓരോ ഡിവിഷനും അഞ്ചു ശതമാനമാണെന്ന് പഠനത്തിന്റെ സൌകര്യത്തിനു വേണ്ടി കരുതുക. പഠനസൌകര്യത്തിനു വേണ്ടിത്തന്നെ ദശാംശങ്ങള്‍ തത്കാലത്തേയ്ക്ക് അവഗണിയ്ക്കുകയും ചെയ്യാം.

നൂറു രൂപയില്‍ നിന്നുയര്‍ന്ന വില നൂറ്റിരുപതു സ്പര്‍ശിച്ച ശേഷം ഒരു ഡിവിഷന്‍ ഇറങ്ങി നൂറ്റിപ്പതിനഞ്ചിലെത്തിയപ്പോള്‍ അതായത് അഞ്ചു ശതമാനം ഇറങ്ങിയപ്പോള്‍ ‘വില ഇറങ്ങാന്‍ തുടങ്ങി’ എന്നു കണക്കാക്കുകയും, വില ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുകയെന്ന തത്വമനുസരിച്ച് കൈയ്യിലുള്ള ഓഹരി നൂറ്റിപ്പതിനഞ്ചു രൂപയ്ക്ക് വില്‍ക്കുകയും ചെയ്യേണ്ടിയിരുന്നു. നൂറെന്ന ബോട്ടത്തില്‍ നിന്നു നൂറ്റഞ്ചിലേയ്ക്കു വിലയുയര്‍ന്നപ്പോള്‍ നൂറ്റഞ്ചിന് നാമോഹരി വാങ്ങിയതായും, നൂറ്റിരുപതില്‍ നിന്നു നൂറ്റിപ്പതിനഞ്ചിലേയ്ക്കിറങ്ങിയപ്പോള്‍ നൂറ്റിപ്പതിനഞ്ചു രൂപയ്ക്ക് നാം ആ ഓഹരി മുഴുവനും വിറ്റുകളഞ്ഞതായും നമുക്കു സങ്കല്‍പ്പിയ്ക്കാം.

ചുരുക്കത്തില്‍ നാമിവിടെ ചെയ്തതെന്തെല്ലാമാണ്? വില നൂറ് എന്ന ബോട്ടത്തില്‍ നിന്ന് ഒരു ഡിവിഷന്‍ അഞ്ചു ശതമാനം കയറിയപ്പോള്‍ നാം ഓഹരി വാങ്ങി. വില നൂറ്റിരുപത് എന്ന ടോപ്പില്‍ നിന്ന് ഒരു ഡിവിഷന്‍ അഞ്ചു ശതമാനം ഇറങ്ങിയപ്പോള്‍ നാം ഓഹരി വിറ്റു.

ഭാഗ്യത്തിന് നമ്മുടെ പ്രഥമ ഇടപാട് ലാഭത്തിലാണവസാനിച്ചിരിയ്ക്കുന്നത്. വിറ്റവിലയില്‍ നിന്നു വാങ്ങിയ വിലയും ഡീലറുടെ ബ്രോക്കറേജും കുറച്ചാല്‍ കിട്ടുന്നതാണു നമ്മുടെ ലാഭം. മേല്‍പ്പറഞ്ഞ തത്വമനുസരിച്ചു വാങ്ങലും വില്‍ക്കലും നടത്തുമ്പോള്‍ ലാഭം മാത്രമല്ല, ഇടയ്ക്കിടെ നഷ്ടവുമുണ്ടാകുമെന്നു തീര്‍ച്ച. ഹ്രസ്വമായ ഒരു കാലയളവിലെ അന്തിമനില നഷ്ടത്തിലവസാനിച്ചെന്നും വരാം. ഇവിടെ മുന്‍പു പറഞ്ഞു കഴിഞ്ഞത് ഒന്നു കൂടി ഉദ്ധരിയ്ക്കട്ടെ:

”ദീര്‍ഘമായ കാലയളവു’ കൊണ്ടു ഞാനുദ്ദേശിച്ചത് ഏതാനും വര്‍ഷങ്ങളെയാണ്.’

ഏതാനും മാസങ്ങള്‍ കഴിയുമ്പോഴേയ്ക്കും ലാഭത്തിലെത്തിയിട്ടുണ്ടെങ്കില്‍പ്പോലും അതില്‍ വ്യാമോഹിച്ചു പോകരുത്; സ്ഥിതി മേല്‍കീഴ് മറിയാന്‍ സമയമധികം വേണ്ട. അതേപോലെതന്നെ, ചുരുങ്ങിയൊരു കാലയളവിനിടയില്‍ ലാഭത്തേക്കാള്‍ കൂടുതലുണ്ടായിരിയ്ക്കുന്നതു നഷ്ടമാണെങ്കില്‍ അതേപ്പറ്റി നിരാശപ്പെടുകയുമരുത്. ഇതേപ്പറ്റി തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിയ്ക്കുന്നതാണ്.

ബോട്ടത്തില്‍ നിന്ന് വില അഞ്ചു ശതമാനം ഉയരുമ്പോള്‍ വില ഉയരാന്‍ തുടങ്ങിയതായി കണക്കാക്കി ഓഹരി വാങ്ങണമെന്നും, ടോപ്പില്‍ നിന്ന് വില അഞ്ചു ശതമാനം താഴുമ്പോള്‍ വില താഴാന്‍ തുടങ്ങിയതായി കണക്കാക്കി ഓഹരി വില്‍ക്കണമെന്നും പറഞ്ഞുവല്ലോ. അഞ്ചു ശതമാനം ഒരുദാഹരണം മാത്രമാണെന്നും പറഞ്ഞിരുന്നു. അഞ്ചു ശതമാനത്തിനു പകരം ആറോ ഏഴോ എട്ടോ പത്തോ ശതമാനമാകാം. രണ്ടോ മൂന്നോ നാലോ ശതമാനവുമാകാം. ഈ വ്യത്യസ്ത ശതമാനങ്ങള്‍ക്കെല്ലാം അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതുപോലെ തന്നെ, ഒന്നിലേറെ വിധത്തില്‍ മേല്‍പ്പറഞ്ഞ തത്വം നടപ്പില്‍ വരുത്താവുന്നതുമാണ്. ഇവയെപ്പറ്റിയെല്ലാം തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വിവരിയ്ക്കാം.

(തുടരും)