ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 3)

463

02

മറ്റു വിഷയങ്ങളിലേയ്ക്കു കടക്കുംമുന്‍പേ, നാം പിന്തുടരാന്‍ പോകുന്ന തത്വം ഇവിടെയൊന്ന് ആവര്‍ത്തിയ്ക്കാം: വില ഉയരാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുക.

ഓഹരിക്കമ്പോളത്തില്‍ സജീവമായിരിയ്ക്കുന്നിടത്തോളം നാമീ തത്വം ഒരു മന്ത്രം പോലെ സദാസമയവും ചൊല്ലിക്കൊണ്ടിരിയ്ക്കണം. തത്വത്തില്‍ മുറുകെപ്പിടിയ്ക്കാനും ഒരിയ്ക്കലും അതില്‍നിന്നു വ്യതിചലിയ്ക്കാതിരിയ്ക്കാനും ഇതു സഹായിയ്ക്കും.

വില ഉയരുകയോ താഴുകയോ ചെയ്യാന്‍ തുടങ്ങി എന്നു തീരുമാനിയ്ക്കാന്‍ നാമുപയോഗിയ്ക്കുന്ന മാനദണ്ഡം ഇവയിലെ ഏതെങ്കിലും ദിശയിലേയ്ക്കുള്ള വിലയുടെ അഞ്ചു ശതമാനം നീക്കമാണ്. അവസാനമായി രൂപം കൊണ്ടിരിയ്ക്കുന്ന ബോട്ടത്തില്‍ നിന്ന് വില അഞ്ചു ശതമാനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കില്‍ വില ഉയരാന്‍ തുടങ്ങിയിരിയ്ക്കുന്നെന്നും, ഇത് ഓഹരി വാങ്ങാന്‍ അനുയോജ്യമായ സമയമാണെന്നും നാം തീരുമാനിയ്ക്കും. മറുവശത്ത്, അവസാനമായി രൂപം കൊണ്ടിരിയ്ക്കുന്ന ടോപ്പില്‍ നിന്ന് വില അഞ്ചു ശതമാനം ഇറങ്ങിക്കഴിയുമ്പോള്‍ വില താഴാന്‍ തുടങ്ങിക്കഴിഞ്ഞെന്നും, ഇപ്പോള്‍ ഓഹരി വില്‍ക്കാന്‍ അനുയോജ്യമായ സന്ദര്‍ഭമാണെന്നും നാം നിര്‍ണ്ണയിയ്ക്കും.

താത്കാലികമായി നമുക്ക് മഞ്ഞുകട്ടയെപ്പറ്റി പറയാം. ഇതു വിചിത്രമായി തോന്നിയേയ്ക്കാം, പക്ഷേ മഞ്ഞുകട്ടയ്ക്ക് ഓഹരിവിലയുടെ ചലനവുമായി സാദൃശ്യമുണ്ട്. രണ്ടു മഞ്ഞുകട്ടകളെടുത്ത് അവ തമ്മില്‍ ചേര്‍ത്തമര്‍ത്തിയാല്‍ അവ കൂടിച്ചേര്‍ന്ന് ഒരൊറ്റക്കട്ടയായിത്തീരുന്നു. കൂടുതല്‍ മഞ്ഞുകട്ടകള്‍ അതിനോടു കൂട്ടിച്ചേര്‍ത്താല്‍, അവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു വലിയ കട്ടയായിത്തീരുന്നു.മഞ്ഞു മൂടിക്കിടക്കുന്ന ഒരു മലഞ്ചെരിവില്‍ ഒരു മഞ്ഞുകട്ട താഴേയ്ക്കുരുട്ടി വിട്ടാല്‍, അതു താഴേയ്ക്കുരുളുന്നതിന്നിടയില്‍ മറ്റു മഞ്ഞു കട്ടകളുമായി കൂടിച്ചേര്‍ന്ന് കൂടുതല്‍ വലുതാകുന്നു. ചുരുക്കം ചിലപ്പോഴെങ്കിലും താഴേയ്ക്കുരുളുന്ന മഞ്ഞുകട്ടകള്‍ കൂടുതല്‍ വലിപ്പവും വേഗതയുമാര്‍ജ്ജിച്ച് വിനാശകാരികളായിത്തീരാറുണ്ട്, അവയുടെ പാതയിലുള്ളതെല്ലാം നശിപ്പിയ്ക്കാറുമുണ്ട്.

03

ഒരോഹരിയുടെ വില തകര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ കൂടുതലാളുകള്‍ ആ ഓഹരി വിറ്റൊഴിയാന്‍ തിരക്കിടുന്നു. അപ്പോള്‍ വില കൂടുതല്‍ തകരുന്നു. താഴേയ്ക്കുരുളുന്ന മഞ്ഞുകട്ട കൂടുതല്‍ വലിപ്പവും ശക്തിയും വേഗതയുമാര്‍ജ്ജിയ്ക്കുന്നതു പോലെ, താഴേയ്ക്കു വീഴുന്ന ഓഹരിവിലയുടെ പതനത്തിന്ന് കൂടുതല്‍ ശക്തിയും വേഗതയും കൈവരികയും, അതു കൂടുതല്‍ താഴേയ്ക്ക് വീഴുകയും ചെയ്യുന്നു. ഓഹരിവില ഉയരുമ്പോഴും ഇതേ ശക്തി കൈവരുന്നു, എന്നാല്‍ മഞ്ഞുകട്ട മുകളിലേയ്ക്കുയരുന്നില്ല എന്നതാണ് മഞ്ഞുകട്ടയും ഓഹരിവിലയും തമ്മിലുള്ള വ്യത്യാസം. ഓഹരിവില ഉയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ അതു വാങ്ങാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടുന്നു. ഇതു വില കൂടുതല്‍ ഉയരാനിടയാക്കുന്നു.

ഓഹരിവില ഉയരുമ്പോള്‍ നിക്ഷേപകര്‍ വിവിധ തലങ്ങളില്‍ ലവലുകളില്‍ വച്ചാണ് അതു വാങ്ങുന്നത്. ചിലപ്പോള്‍ ആ ഓഹരിവില ദിവസങ്ങളോളം അഥവാ ആഴ്ചകളോളം തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്നതാവാം; എങ്കില്‍പ്പോലും ഉയരാനുള്ള പ്രവണത അതു തുടര്‍ന്നും പ്രദര്‍ശിപ്പിയ്ക്കുന്നുണ്ടാകാം. ഉയരാനുള്ളൊരു പൊതുപ്രവണത വര്‍ഷങ്ങളോളം ചില ഓഹരികള്‍ പ്രകടിപ്പിച്ച ചരിത്രവുമുണ്ട്. റിലയന്‍സ് കാപ്പിറ്റല്‍ എന്ന ഓഹരിയുടെ കാര്യമെടുക്കാം. 2005 ജനുവരിയില്‍ 134 രൂപയ്ക്കു ചുറ്റുമായിരുന്നു, ആ ഓഹരിയുടെ വില. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട് ആ ഓഹരിവില 2860ലേയ്ക്ക് കുത്തനെ ഉയര്‍ന്നു. നിക്ഷേപകര്‍ വിവേകം വെടിഞ്ഞ്, ഏതാണ്ടു ഭ്രാന്തമായിത്തന്നെ, വാങ്ങിക്കൂട്ടിയതാണ് വില ഇത്രയധികം ഉയരാനിടയാക്കിയത്. തുടര്‍ന്നുള്ള നാലുവര്‍ഷത്തിന്നിടയില്‍ നിക്ഷേപകര്‍ ഭ്രാന്തമായിത്തന്നെ ആ ഓഹരി വിറ്റൊഴിഞ്ഞതോടെ അത് 2860ല്‍ നിന്ന് 232ലേയ്ക്കിടിഞ്ഞു. ആ കാലഘട്ടത്തില്‍ റിലയന്‍സ് കാപ്പിറ്റല്‍ മാത്രമല്ല, മറ്റു പല ഓഹരികളും ഏതാണ്ടിതേ രീതിയില്‍ ആദ്യം മുകളിലേയ്ക്കും പിന്നീട് താഴേയ്ക്കും ചലിച്ചിരുന്നു.

04

ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്, ഓഹരിവില കയറുന്നു എന്നു വ്യക്തമാകുമ്പോള്‍ കൂടുതല്‍പേര്‍ അതു വാങ്ങാനൊരുങ്ങുന്നു എന്നും, ഓഹരിവില ഇടിയുന്നു എന്നു വ്യക്തമാകുമ്പോള്‍ കൂടുതല്‍പേര്‍ അത് വിറ്റുകളയുന്നു എന്നുമാണ്. മുകളിലേയ്‌ക്കോ താഴേയ്‌ക്കോ ഉള്ള ഈ ചലനം അഞ്ചു ശതമാനത്തിലെങ്കിലും എത്തുമ്പോള്‍ ആ ചലനം കൂടുതല്‍ വ്യക്തമാകുന്നു അഥവാ വ്യക്തമായതായി കണക്കാക്കണം എന്നാണു എന്റെ അഭിപ്രായം. അഞ്ചു ശതമാനത്തോളമെത്തിക്കഴിഞ്ഞിരിയ്ക്കുന്ന ചലനം നാലു ശതമാനത്തേക്കാളും, മൂന്നു ശതമാനത്തേക്കാളും രണ്ടു ശതമാനത്തേക്കാളുമെല്ലാമേറെ വ്യക്തമാണ്, പ്രകടമാണ്. അഞ്ചു ശതമാനത്തോളമെത്തിയിരിയ്ക്കുന്ന ഒരു ചലനത്തിന്ന് അതേ ദിശയില്‍ത്തന്നെ അതു മുകളിലേയ്ക്കാകാം, താഴേയ്ക്കുമാകാം – ബഹുദൂരം തുടരാനുള്ള ശക്തിയുണ്ട് എന്നാണു പൊതുവിലുള്ള അനുമാനം, അഥവാ, താരതമ്യേന സുരക്ഷിതവും ലാഭകരവുമായ അനുമാനം. ഈ അനുമാനമാണ് ആ ഓഹരി വാങ്ങാന്‍ കൂടുതല്‍ പേരേയും പ്രചോദിപ്പിയ്ക്കുന്നത്. നൂറോ ഇരുന്നൂറോ വരേയോ അതിലുമേറെയോ ശതമാനത്തോളമുള്ള ഉയര്‍ച്ച കുറഞ്ഞൊരു കാലം കൊണ്ടു നേടിയ ഓഹരികള്‍ക്കുള്ള ഒരുദാഹരണം മുന്‍ ഖണ്ഡികയില്‍ത്തന്നെ ഉദ്ധരിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഇതേ നിയമം തന്നെ ഉയര്‍ച്ചയ്‌ക്കെന്നപോലെ തന്നെ താഴ്ചയ്ക്കും ബാധകമാണ്. അതായത്, അഞ്ചുശതമാനത്തോളം ഇടിഞ്ഞു കഴിഞ്ഞ ഒരോഹരിയുടെ താഴ്ച അഥവാ പതനം കൂടുതല്‍ ശതമാനങ്ങളോളം തുടരാനാണു താരതമ്യേന കൂടുതല്‍ സാദ്ധ്യത എന്നനുമാനിയ്ക്കുന്നതാണു നല്ലത്.

ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഓഹരിവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ല. അഞ്ചുശതമാനത്തോളം ഉയര്‍ന്നിരിയ്ക്കുന്ന വില തുടര്‍ന്നും ഉയരുകതന്നെ ചെയ്യും എന്നൊരു നിയമവും, അഞ്ചുശതമാനത്തോളം താഴ്ന്നിരിയ്ക്കുന്ന വില തുടര്‍ന്നും താഴുക തന്നെ ചെയ്യും എന്നൊരു നിയമവുമുണ്ട് എന്നു നാം ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ ഉടനെ തന്നെ ആ നിയമങ്ങളെല്ലാം ഓഹരിവിലകള്‍ തെറ്റിച്ചെന്നു വരാം. ഈ നിയമങ്ങള്‍ എത്ര തവണ ഓഹരിവിലകള്‍ അനുസരിച്ചിട്ടുണ്ടോ അതിനേക്കാള്‍ കൂടുതല്‍ തവണ അവ ലംഘിച്ചിട്ടുമുണ്ടാകാം. എങ്കിലും ഓഹരിവിലകള്‍ പല ഇരട്ടി ഉയര്‍ന്ന ചരിത്രം ഓഹരിക്കമ്പോളത്തില്‍ നിരവധി തവണ ആവര്‍ത്തിയ്ക്കപ്പെട്ടിട്ടുള്ളതാണ്. ഓഹരിവില അന്‍പതു ശതമാനവും തൊണ്ണൂറു ശതമാനവുമൊക്കെ ഇടിഞ്ഞു തകര്‍ന്ന ചരിത്രവും അത്രതന്നെ തവണ ആവര്‍ത്തിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഈ അദ്ധ്യായങ്ങളിലൂടെ ഈ ലേഖകന്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന തത്വം അനുസരിയ്ക്കുന്ന ഒരു നിക്ഷേപകന് ഓഹരിവിലയിലെ മുന്‍ പറഞ്ഞതരമുള്ള ഉയര്‍ച്ച മാത്രമല്ല, താഴ്ചയും ഗുണകരമാകണമെങ്കില്‍ ഓഹരിവിലയിലുണ്ടാകുന്ന അഞ്ചുശതമാനമോ, ആറു ശതമാനമോ, പത്തു ശതമാനം വരേയോ ഉള്ള ചലനത്തെ ‘ചലനം തുടങ്ങി’ എന്ന തീരുമാനത്തിലെത്താന്‍ ആവശ്യമുള്ള, കര്‍ശനമാ!യ മാനദണ്ഡമാക്കേണ്ടതാണ്.

05

ഓഹരിക്കമ്പോളത്തില്‍ പരസ്പരവിരുദ്ധമായ രണ്ടു നിലപാടുകള്‍ സാദ്ധ്യമാണ്, സാധാരണവുമാണ്. വിലയുടെ ഓരോ തലത്തിലും അല്ലെങ്കില്‍ നിലയിലും (1) ഇപ്പോഴത്തെ ചലനം കൂടുതല്‍ ശക്തിപ്രാപിച്ച് അതേ ദിശയില്‍ത്തന്നെ കൂടുതല്‍ ദൂരം ചലിയ്ക്കുമെന്നും, (2) അങ്ങനെയല്ല, ഇപ്പോഴത്തെ ഈ ചലനം ഇവിടെ, ഉടന്‍ അവസാനിയ്ക്കുമെന്നും അതു വന്ന വഴിയേ മടങ്ങിപ്പോകുമെന്നുമുള്ള രണ്ട് വിരുദ്ധമായ നിലപാടുകള്‍ ഓഹരിക്കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് ഉണ്ടാകുക പതിവാണ്. ഓഹരിക്കമ്പോളത്തില്‍ ഒരാള്‍ ഒരോഹരി വാങ്ങുമ്പോള്‍ മറ്റൊരാളതു വില്‍ക്കുന്നുണ്ട്. വില കയറിപ്പോകും എന്നാണു വാങ്ങുന്നയാള്‍ വിശ്വസിയ്ക്കുന്നത്. ആ വിശ്വാസം കൊണ്ടാണയാള്‍ ആ ഓഹരി അപ്പോള്‍ വാങ്ങുന്നത്. എന്നാല്‍ ആ ഓഹരി വില്‍ക്കുന്നയാളുടെ അപ്പോഴത്തെ വിശ്വാസം വില ഇനി ഇടിയുമെന്നാണ്. വില കയറുമെന്നയാള്‍ വിശ്വസിച്ചിരുന്നെങ്കില്‍ അയാളത് അപ്പോള്‍ വില്‍ക്കുകയേ ഇല്ലായിരുന്നു.

ചുരുക്കത്തില്‍, ചലനത്തെപ്പറ്റിയുള്ള സര്‍ ഐസക് ന്യൂട്ടന്റെ മൂന്നാമത്തെ നിയമം ഓഹരിവിലകളുടെ ചലനത്തിന്റെ കാര്യത്തിലും അര്‍ത്ഥവത്തായി കാണാറുണ്ട്: ‘ഫോര്‍ എവരി ആക്ഷന്‍, ദെയര്‍ ഈസ് ആന്‍ ഈക്വല്‍ ആന്റ് ഓപ്പസിറ്റ് റിയാക്ഷന്‍’ എന്നാണ് ന്യൂട്ടന്റെ മൂന്നാമത്തെ നിയമത്തിന്റെ ലളിതരൂപം. ഓഹരിക്കമ്പോളത്തില്‍ നാം ഓഹരി വാങ്ങുന്നത് ആക്ഷന്‍ ആണെങ്കില്‍ മറ്റൊരാളതു നമുക്കു വില്‍ക്കുന്നത് തുല്യവും വിരുദ്ധവുമായ റിയാക്ഷന്‍ ആണ്! ഇതില്‍ രസകരമായ ഒരു കാര്യം കൂടിയുണ്ട്: ഓഹരി വില്‍ക്കുന്നയാള്‍ ബുദ്ധിമോശമാണു കാണിയ്ക്കുന്നതെന്നു ഓഹരി വാങ്ങുന്നയാള്‍ ചിന്തിയ്ക്കുകയും ഉള്ളാലെ ചിരിയ്ക്കുകയും ചെയ്യുന്നു. ഓഹരി വാങ്ങുന്നയാള്‍ ചെയ്യുന്നതാണു മണ്ടത്തരമെന്ന് വില്‍ക്കുന്നയാളും ചിന്തിയ്ക്കുന്നുണ്ടാകും. രണ്ടുപേരും തങ്ങള്‍ ബുദ്ധിമാന്മാരാണെന്നു സ്വയം അഭിമാനിയ്ക്കുന്നു! ഇവരില്‍ ആരുടെ പ്രവൃത്തിയാണു ശരി? ഇതിന്നുള്ള ശരിയുത്തരം ആരുടേയും പക്കല്‍, വില്‍ക്കല്‍വാങ്ങല്‍ നടക്കുന്ന സമയം, ഉണ്ടാകുകയില്ല. തുടര്‍ന്നുള്ള ഒരു നീണ്ട കാലഘട്ടത്തിലെ ഓഹരിവിലയിലെ ചലനത്തിനു മാത്രമേ ഈ വിധിനിര്‍ണ്ണയം നടത്താനാകൂ. ഇടപാടു നടക്കുന്ന നിമിഷം തുടര്‍ന്നുണ്ടാകാന്‍ പോകുന്ന ചലനത്തെപ്പറ്റിയുള്ള അനിശ്ചിതത്വമാണ് ഇരുകൂട്ടര്‍ക്കുമുണ്ടാകുക. ഏതു നിമിഷവും വാങ്ങണമെന്ന തീരുമാനമെടുക്കാം. അതേ നിമിഷം തന്നെ വില്‍ക്കണമെന്ന തീരുമാനവും എടുക്കാം. ഒരു നാണയം ടോസ്സു ചെയ്യുന്നതുപോലും നമ്മെ ഇക്കാര്യത്തില്‍ രക്ഷിച്ചെന്നു വരില്ല. കാരണം, ടോസ്സു ചെയ്‌തെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിത്തീരാനുള്ള സാദ്ധ്യത 50 ശതമാനത്തോളമുണ്ട്. അന്‍പതുശതമാനം ആപത്‌സാദ്ധ്യത വളരെയധികമാണ്.

ഇവിടെയാണ് ഓഹരിവിലയുടെ ചലനം നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. അഞ്ചുശതമാനം ചലനം എന്ന മാനദണ്ഡം നമ്മുടെ വഴികാട്ടിയായിത്തീരുന്നു. നാണയം ടോസ്സു ചെയ്യുന്നത് പൂര്‍ണ്ണമായും ഭാഗ്യപരീക്ഷണമാണ്. എന്നാല്‍, ഒരു ക്ലിപ്തശതമാനത്തെ – അഞ്ചു ശതമാനം തന്നെ ഉദാഹരണം – ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനുള്ള ചിഹ്നം, സിഗ്‌നല്‍, ആക്കിയാല്‍, ആ ചിഹ്നത്തെ ഒരിയ്ക്കലും അവഗണിയ്ക്കാതെ, അതിലടങ്ങിയിരിയ്ക്കുന്ന സന്ദേശത്തെ എപ്പോഴും മാനിയ്ക്കുന്നതു പതിവാക്കിയാല്‍, അതായിരിയ്ക്കും ബുദ്ധിപരം; അതു നമ്മെ ഓഹരിക്കമ്പോളത്തിലെ ആപത്കരമായ കുഴികളില്‍ വീണു പോകാതെ സംരക്ഷിയ്ക്കുമെന്നു മാത്രമല്ല, ക്രമേണ നമ്മുടെ സാമ്പത്തികനിലയെ ഉയരങ്ങളിലേയ്‌ക്കെത്തിയ്ക്കുകയും ചെയ്യും.

1%, 2%, 3%, 4%, 5%, 6%….10% ഇവയില്‍ ഏതെങ്കിലുമൊന്നിനെ മാനദണ്ഡമായി നാം സ്വീകരിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. നാം സ്വീകരിയ്ക്കുന്ന മാനദണ്ഡം 1% ആണെന്നു കരുതുക. ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ ചലനങ്ങള്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നതു സാധാരണയാണ്. ഓഹരി വില ഒരു ശതമാനം ഉയരുകയോ താഴുകയോ ചെയ്യുമ്പോഴേയ്ക്കും നാം ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നെങ്കില്‍ വളരെക്കൂടുതല്‍ തവണ വാങ്ങലും വില്‍ക്കലും നടത്തേണ്ടി വരും. ഇതു നമുക്കു ബുദ്ധിമുട്ടുകളുണ്ടാക്കും, തീര്‍ച്ച. അതിന്നനുസരിച്ചുള്ള ലാഭം ഉണ്ടാകാനുള്ള സാദ്ധ്യത കുറവുമാണ്. ഒരു ശതമാനത്തേക്കാള്‍ നന്നാണു 2%. അതിനേക്കാള്‍ നന്നാണ് 3%. എനിയ്‌ക്കേറ്റവും പ്രീതിയുള്ളത് അഞ്ചു ശതമാനത്തിനോടാണ്. എന്നാല്‍, 10 ശതമാനത്തിന്റെ ചലനം പൂര്‍ണ്ണമാകുന്നതു വരെ കാത്തിരിയ്ക്കാനുള്ള ക്ഷമ എനിയ്ക്കില്ല താനും. ഓഹരിവിലയില്‍ അഞ്ചുശതമാനം ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകുമ്പോഴേയ്ക്കും ഞാന്‍ കര്‍മ്മനിരതനാകുന്നു, ഉയര്‍ച്ചയാണെങ്കില്‍ വാങ്ങലും താഴ്ചയാണെങ്കില്‍ വില്‍ക്കലും നടത്തുന്നു. മാനദണ്ഡത്തിന്റെ ദൈര്‍ഘ്യം – അഞ്ചു ശതമാനമോ, ആറു ശതമാനമോ, പത്തു ശതമാനമോ എന്നെല്ലാം – അവരവരുടെ ക്ഷമാശക്തിയുടെ പ്രതിഫലനം കൂടിയാണ്. താരതമ്യേന കൂടുതല്‍ ക്ഷമയുള്ളവര്‍ പത്തുശതമാനത്തെ തങ്ങളുടെ മാനദണ്ഡമാക്കിയെങ്കില്‍ അതിശയമില്ല. ക്ഷമ തീരെക്കുറഞ്ഞവര്‍ ഒരു പക്ഷേ നാലോ, മൂന്നോ ശതമാനം മാത്രമായിരിയ്ക്കാം മാനദണ്ഡമാക്കുക.

ഇവയിലേതാണു നല്ലത്, അഞ്ചു ശതമാനമോ അതോ പത്തു ശതമാനമോ? സത്യം പറയട്ടെ, ഈ ചോദ്യത്തിന്ന് ശരിയായ ഒരുത്തരം എന്റെ പക്കലില്ല. ഈ രണ്ടു ശതമാനങ്ങള്‍ക്കും അവയുടേതായ ഗുണവും ദോഷവുമുണ്ട്. അഞ്ചുശതമാനത്തെയാണു നാം മാനദണ്ഡമായെടുക്കുന്നതെങ്കില്‍, വിലയില്‍ അഞ്ചുശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടാകുമ്പോഴേയ്ക്കും നാം ആ ഓഹരി വാങ്ങിക്കഴിഞ്ഞിരിയ്ക്കും. അഞ്ചു ശതമാനത്തിന്റെ താഴ്ചയുണ്ടാകുമ്പോഴേയ്ക്കും നാമതു വിറ്റും കഴിഞ്ഞിരിയ്ക്കും. പത്തു ശതമാനത്തിന്റെ ചലനമുണ്ടായെങ്കില്‍ മാത്രമേ നാം ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുകയുള്ളെങ്കില്‍, വില പത്തു ശതമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ നാമതു വാങ്ങുകയുള്ളു, വില പത്തു ശതമാനം ഇടിഞ്ഞെങ്കില്‍ മാത്രമേ നാമതു വില്‍ക്കുകയുമുള്ളു. കഴിഞ്ഞുപോയ ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഇവയിലേതാണ് – അഞ്ചു ശതമാനമോ അതോ പത്തു ശതമാനമോ – കൂടുതല്‍ ലാഭം തരുമായിരുന്നത് എന്നു കണക്കാക്കിനോക്കാന്‍ സാധിയ്ക്കും; ഇതിന്നാവശ്യമുള്ള മുന്‍കാലവിലകള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഒരോഹരിവിലയിലെ ചലനങ്ങളെടുത്ത്, അവയില്‍ മേല്‍പ്പറഞ്ഞ രണ്ടു മാനദണ്ഡങ്ങളും – അതായത് അഞ്ചു ശതമാ!നവും പത്തു ശതമാനവും – പ്രയോഗിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന ലാഭനഷ്ടക്കണക്കുകളുടെ ആകെത്തുകകള്‍ തമ്മില്‍ താരതമ്യം ചെയ്യുകയും, അവയനുസരിച്ച് ഏറ്റവുമധികം ലാഭം തരുമായിരുന്നത് ഏതു മാനദണ്ഡമാണോ അത് – അഞ്ചു ശതമാനം അല്ലെങ്കില്‍ പത്തു ശതമാനം – ഭാവിയിലേയ്ക്കു സ്വീകരിയ്ക്കുകയുമാണു നമുക്കു ചെയ്യാവുന്നത്, ഇതാണു നാം ചെയ്യേണ്ടതും.

ഈ തെരഞ്ഞെടുപ്പ് – അഞ്ചു ശതമാനമോ പത്തു ശതമാനമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശതമാനമോ മാനദണ്ഡമായി സ്വീകരിയ്‌ക്കേണ്ടത് എന്ന തീരുമാനം – ഓരോരുത്തരും സ്വയം ചെയ്യേണ്ട ഒന്നാണ്. ഈ തെരഞ്ഞെടുപ്പ് എളുപ്പവുമല്ല. മുന്‍ ഖണ്ഡികയില്‍ അഭിപ്രായപ്പെട്ടതുപോലെ, കഴിഞ്ഞ അഞ്ചു വര്‍ഷത്തെയോ, ആറു വര്‍ഷത്തെയോ ഏഴു വര്‍ഷത്തെയോ ചരിത്രപരമായ വിലകള്‍ കണക്കിലെടുത്ത്, അവയുപയോഗിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന ലാഭം അല്ലെങ്കില്‍ നഷ്ടം വിലയിരുത്തുകയാണ് ഒരേയൊരു മാര്‍ഗ്ഗം. ഈ വിലയിരുത്തലിന്റെ ആഴവും പരപ്പും എത്രത്തോളം കൂട്ടാമോ, അത്രത്തോളം കൂട്ടുകയും വേണം. ആഴം എന്നുദ്ദേശിച്ചത് വര്‍ഷങ്ങളെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിഗണിയ്ക്കുന്നതിനേക്കാള്‍ നന്നായിരിയ്ക്കും, കഴിഞ്ഞ അഞ്ച്, ആറ്, ഏഴ്, എന്നിങ്ങനെ നീണ്ട കാലയളവിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തുന്നത്. പരപ്പ് എന്നുദ്ദേശിച്ചത് ഒന്നിലേറെ ഓഹരികളെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിനെയാണ്. ഏതെങ്കിലും ഒരോഹരിയുടെ വിലയില്‍ വന്ന ചലനങ്ങളെ മാത്രം പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം, നാലോ അഞ്ചോ അതിലധികമോ ഓഹരികളെ പഠനത്തിലുള്‍പ്പെടുത്തുക. ഇങ്ങനെ ആഴവും പരപ്പുമുള്ള പഠനാന്ത്യത്തില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും നല്ലതെന്നു കാണുന്ന മാനദണ്ഡം തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക, ഇതിലും നല്ല മറ്റൊരു മാര്‍ഗ്ഗമില്ല തന്നെ.

റിലയന്‍സ് കാപ്പിറ്റലിന്റെ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ചലനം ഈ ലേഖകന്‍ പഠനവിധേയമാക്കിയിരുന്നു. ആ പഠനത്തില്‍ നിന്നുരുത്തിരിഞ്ഞ നിഗമനങ്ങളുടെ വെളിച്ചത്തില്‍ ആ കാലഘട്ടത്തില്‍ അഞ്ചു ശതമാനമാണ് പത്തുശതമാനത്തേക്കാള്‍ വളരെക്കൂടുതല്‍ ലാഭകരമായിരുന്നത് എന്നു കണ്ടെത്തി. ആ കണ്ടെത്തലാണ് അഞ്ചു ശതമാനത്തെ ഈ ലേഖകന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നത്. ഇതേ കാലയളവില്‍, മറ്റെല്ലാ ഓഹരികളും അഞ്ചു ശതമാനത്തെ പിന്താങ്ങുന്ന തരത്തിലാണു ചലിച്ചത് എന്ന് ഒരോഹരിയുടെ മാത്രം പഠനത്തെ മുന്‍നിര്‍ത്തി പറയുക വയ്യ. എങ്കിലും ഒരു കാര്യം ഉറപ്പ്: പഠനങ്ങളെ ആധാരമാക്കിയെടുത്തു കഴിഞ്ഞ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക തന്നെ വേണം. ഉദാഹരണത്തിന്, ആറു ശതമാനം ചലനത്തെയാണു പഠനഫലങ്ങളെ അടിസ്ഥാനപ്പെടുത്തി മാനദണ്ഡമായി തിരഞ്ഞെടുത്തിരിയ്ക്കുന്നതെന്നു വയ്ക്കുക. പിന്നീട് എക്കാലവും ആ മാനദണ്ഡത്തില്‍ തന്നെ ഉറച്ചു നില്‍ക്കണം; വിശദമായ മറ്റൊരു പഠനത്തിലൂടെയല്ലാതെ, ഇടയ്ക്കിടെ ആറില്‍ നിന്ന് അഞ്ചിലേയ്ക്കും, അഞ്ചില്‍ നിന്നു പത്തിലേയ്ക്കും മറ്റുമായി ചാഞ്ചാടാന്‍ പാടില്ല. ചാഞ്ചാട്ടം – അസ്ഥിരത – ഓഹരിക്കമ്പോളത്തില്‍ നഷ്ടത്തിലവസാനിപ്പിയ്ക്കും. ആഴവും പരപ്പുമുള്ള പഠനത്തെ ആസ്പദമാക്കിയെടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന് ആ തീരുമാനം നടപ്പാക്കുക: ഇതാണു വേണ്ടത്.

ഓരോ ഇടപാടിലും വന്നേയ്ക്കാവുന്ന നഷ്ടത്തിന്ന് ഒരു പരിധി നിശ്ചയിയ്ക്കാനുണ്ട്. ഓരോ ഇടപാടും നഷ്ടത്തില്‍ കലാശിയ്ക്കും എന്ന ചിന്ത – റിസ്‌ക് പെര്‍സപ്ഷന്‍ പൊതുവില്‍ നിഷേധാത്മകമായി തോന്നാമെങ്കിലും, ആ ചിന്തയുണ്ടാകണം എന്നു മാത്രമല്ല, അത്തരമൊരു സ്ഥിതിയെ അതിജീവിയ്ക്കാനുള്ള തയ്യാറെടുപ്പു നടത്തുകയും വേണം. ഉണ്ടാകാനിടയുള്ള നഷ്ടത്തിന്ന് പരിധി നിര്‍ണ്ണയിയ്ക്കുക വഴി ഈ സ്ഥിതിയെ അതിജീവിയ്ക്കാം. ഈ വിഷയം അതിപ്രധാനമാണ്, അത് തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതാണ്. നിക്ഷേപയോഗ്യമായ ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം, തത്വമനുസരിച്ചുള്ള വാങ്ങല്‍വില്‍ക്കലുകള്‍ക്കിടയില്‍ വന്നേയ്ക്കാവുന്ന ആപത്തുകള്‍, സ്‌റ്റോപ്പ്‌ലോസ്സ് ഓര്‍ഡറുകള്‍, ഇവയെയെല്ലാം പറ്റിയും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതിനിടെ, ഈ അദ്ധ്യായം അവസാനിയ്ക്കുന്നത് ഈ ലേഖകന്‍ തന്നെ രൂപം കൊടുത്തിരിയ്ക്കുന്ന ‘രണ്ടു കല്‍പ്പനകളി’ലാകട്ടെ: അവ ഇവയാണ്:

  1. ഇടിഞ്ഞുകൊണ്ടിരിയ്ക്കുന്ന ഓഹരി വാങ്ങരുത്.
  2. ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്ന ഓഹരി വില്‍ക്കരുത്.

(തുടരും)