ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 4)

247

3716941374_24382c72d1_z

ഓഹരിവില അവസാനമായി രൂപം കൊണ്ട ബോട്ടത്തില്‍ നിന്ന് അഞ്ചു ശതമാനത്തോളം ഉയര്‍ന്നു കഴിയുമ്പോള്‍ ആ ഓഹരി വാങ്ങാനും, അവസാനമായി രൂപം കൊണ്ട ടോപ്പില്‍ നിന്ന് അഞ്ചു ശതമാനത്തോളം വില ഇടിഞ്ഞു കഴിയുമ്പോള്‍, ആ ഓഹരി വില്‍ക്കാനുമാണ് മുന്‍പുള്ള അദ്ധ്യായങ്ങളില്‍ നാം തീരുമാനിച്ചിരുന്നത്. ആ അദ്ധ്യായങ്ങളില്‍ വിശദീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന തത്വത്തിന്റെ കാതല്‍ ഇതുതന്നെയാണ്.

അഞ്ചു ശതമാനം ചലനമെന്നത് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. അഞ്ചു ശതമാനത്തിനു പകരം ആറോ, ഏഴോ, എട്ടോ, ഒന്‍പതോ, പത്തോ ശതമാനം ചലനത്തേയും നിങ്ങള്‍ക്ക് അടയാളമായി സ്വീകരിക്കാവുന്നതാണ്. വിലയില്‍ പത്തു ശതമാനം ഉയര്‍ച്ച ഉണ്ടായിക്കഴിയുമ്പോള്‍ മാത്രമേ നിങ്ങള്‍ വാങ്ങുകയുള്ളു എന്നും, വിലയില്‍ പത്തു ശതമാനം ഇടിവുണ്ടായിക്കഴിയുമ്പോള്‍ മാത്രമേ നിങ്ങള്‍ വില്‍ക്കുകയുള്ളു എന്നുമുള്ള നിലപാടെടുക്കുന്നതിനും തടസ്സമൊന്നുമില്ല. ചിലര്‍ അഞ്ചു ശതമാനം ചലനത്തെ പ്രവര്‍ത്തിച്ചു തുടങ്ങാനുള്ള അടയാളമായി സ്വീകരിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ മറ്റേതെങ്കിലും ശതമാനത്തെ മാനദണ്ഡമായി സ്വീകരിച്ചേയ്ക്കാം.

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിയ്‌ക്കേണ്ടതായിട്ടുള്ളത്. ഓഹരി വില്‍ക്കാനോ വാങ്ങാനോ ഉള്ള ഏറ്റവും കുറഞ്ഞ ചലനം അഞ്ചു ശതമാനത്തില്‍ കുറവാകാന്‍ പാടില്ല, പത്തു ശതമാനത്തില്‍ കൂടാനും പാടില്ല ഇതാണ് ഒന്നാമത്തെ കാര്യം. കുറഞ്ഞ ശതമാനത്തെ വാങ്ങാനും വില്‍ക്കാനുമുള്ള മാനദണ്ഡമായി സ്വീകരിയ്ക്കുമ്പോള്‍, കൂടുതല്‍ തവണ വാങ്ങലും വില്‍ക്കലും നടത്തേണ്ടി വന്നേയ്ക്കാമെന്നും, കൂടുതല്‍ തുക ബ്രോക്കറേജായി നല്‍കേണ്ടിവന്നേയ്ക്കാമെന്നും, അങ്ങനെ വരുമ്പോള്‍ ലാഭം കുറഞ്ഞേയ്ക്കാമെന്നുമുള്ള കാര്യം ഓര്‍ക്കേണ്ടതുണ്ട്. വിലയില്‍ ഒരു ശതമാനം വ്യതിയാനമുണ്ടാകുമ്പോഴേയ്ക്കും വാങ്ങലോ വില്‍ക്കലോ ചെയ്യുന്നുവെന്നു കരുതുക. ഒരു പക്ഷേ, ഒറ്റ ദിവസം തന്നെ പല തവണ വാങ്ങലും വില്‍ക്കലും നടത്തേണ്ടി വന്നെന്നു വരാം. തന്നെയുമല്ല, ഈ ഇടപാടുകളില്‍ നല്ലൊരു ഭാഗവും നഷ്ടത്തിലായിരിയ്ക്കാം കലാശിച്ചിരിയ്ക്കുക. ഇടപാടുകളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്തോറും ഡീലറുടെ ബ്രോക്കറേജും വര്‍ദ്ധിയ്ക്കും. അതേസമയം തന്നെ, പത്തു ശതമാനത്തിലുമേറെയുള്ള ചലനങ്ങള്‍ ഉദാഹരണത്തിന് 20 ശതമാനം – മാനദണ്ഡമായെടുത്താല്‍, ലാഭം കുറയാനും നഷ്ടം കൂടാനും വഴിയുണ്ട്.

india train sadhu

ശ്രദ്ധിയ്ക്കാന്‍ രണ്ടു കാര്യങ്ങളുണ്ടെന്നു പറഞ്ഞല്ലോ. അവയില്‍ രണ്ടാമത്തേത് ഇതാണ്: വിലയിലെ അഞ്ചു ശതമാനം ചലനമാണ് ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള അടയാളമായി നാം കണക്കാക്കേണ്ടത് എന്നൊരു തീരുമാനം നാമെടുത്തു കഴിഞ്ഞെന്നു വയ്ക്കുക. അങ്ങനെയിരിയ്‌ക്കെ, അഞ്ചു ശതമാനത്തില്‍ നിന്നു വ്യതിചലിച്ച്, പത്തു ശതമാനത്തിലേയ്‌ക്കോ പതിനഞ്ചു ശതമാനത്തിലേയ്‌ക്കോ, അല്ലെങ്കില്‍ വെറും ഒരു ശതമാനത്തിലേയ്‌ക്കോ ഒക്കെ നാം ഇടയ്ക്കിടെ ‘ചാടുന്നെങ്കില്‍’ അത് അപകടത്തിലേയ്ക്കുള്ള കുറുക്കു വഴിയാകും. ഒരിയ്ക്കലൊരു തീരുമാനമെടുത്താല്‍ ആ തീരുമാനത്തില്‍ തന്നെ ഒരു നിശ്ചിതകാലയളവു വരെ ഉറച്ചു നില്‍ക്കണം. വിലകളിലെ ചാഞ്ചാട്ടം ഓഹരിക്കമ്പോളത്തില്‍ സര്‍വ്വസാധാരണമാണ്, പക്ഷേ, നിക്ഷേപകരെന്ന നിലയ്ക്കു നാം ചാഞ്ചാടുന്നത് ആത്മഹത്യാപരമായിരിയ്ക്കും. അഞ്ചു ശതമാനം വിലചലനത്തെ നാം അടയാളമായി സ്വീകരിയ്ക്കുന്നെന്നു കരുതുക. തുടര്‍ന്നു നാം അതില്‍ത്തന്നെ ഉറച്ചു നില്‍ക്കണം. ഒരു നിശ്ചിത, ദീര്‍ഘ കാലയളവ് – ഉദാഹരണത്തിന് ഒരു വര്‍ഷം കഴിയുമ്പോള്‍ തീര്‍ച്ചയായും ഒരു വിലയിരുത്തലോ പുനര്‍വിചിന്തനമോ നടത്താവുന്നതാണ്, അതിന്റെ വെളിച്ചത്തില്‍ നയങ്ങളില്‍ മാറ്റം വരുത്താവുന്നതുമാണ്.

ഈ ലേഖനങ്ങളുടെ താത്കാലികാവശ്യത്തിലേയ്ക്കായി, അഞ്ചു ശതമാനം വിലചലനത്തെ നമുക്കു സ്വീകരിയ്ക്കുക. കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത് അതോടെ എളുപ്പമാകും.

ഓഹരിക്കമ്പോളത്തില്‍ നാം ചെയ്യേണ്ടതായി ആകെ രണ്ടേ രണ്ടു കാര്യങ്ങളേ ഉള്ളു: വാങ്ങുക, വില്‍ക്കുക! ഇവിടെ നാം ആകെക്കൂടി ചെയ്യേണ്ടതായിട്ടുള്ളത്, ഓഹരി വില ബോട്ടത്തില്‍ നിന്ന് അഞ്ചു ശതമാനം ഉയര്‍ന്നുകഴിയുമ്പോള്‍ ഓഹരി വാങ്ങുക, വില ടോപ്പില്‍ നിന്ന് അഞ്ചു ശതമാനം ഇടിഞ്ഞുകഴിയുമ്പോള്‍ ഓഹരി വില്‍ക്കുക. മറ്റൊരു പ്രവര്‍ത്തന മേഖലയിലും കാര്യങ്ങള്‍ ഇത്രത്തോളമോ, ഇതിന്റെ പകുതി പോലുമോ ലളിതമല്ല. വാങ്ങുകയും വില്‍ക്കുകയും മാത്രമേ ഓഹരിക്കമ്പോളത്തില്‍ ചെയ്യാനുള്ളു. എങ്കില്‍ക്കൂടിയും വ്യക്തമായ നയപരിപാടികളില്ലാതെ വാങ്ങലും വില്‍ക്കലും ചെയ്താല്‍ ഫലം നഷ്ടമാകാനാണു സാദ്ധ്യത. തുടരെത്തുടരെയുണ്ടാകുന്ന നഷ്ടങ്ങള്‍ മൂലം ജീവിതം തന്നെ ദുസ്സഹമായെന്നും വരാം. ഇത്തരം ആപത്തുകളില്‍ നിന്നൊഴിവാകാനും ഓഹരിക്കമ്പോളത്തിന്റെ ഗുണഫലങ്ങള്‍ ആസ്വദിയ്ക്കാനും മേല്‍ വിവരിച്ചിട്ടുള്ള നയത്തില്‍ – തത്വത്തില്‍ – ഉറച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഗുണഫലങ്ങള്‍ പലതാണ്:

(1) ഒരോഹരിവില നൂറു ശതമാനമോ ഇരുന്നൂറു ശതമാനമോ കയറിയിരിയ്ക്കുന്നെന്നു കരുതുക. (റിലയന്‍സ് കാപ്പിറ്റല്‍ നാലു വര്‍ഷം കൊണ്ട് 2000 ശതമാനത്തോളം – തെറ്റിയിട്ടില്ല, 2000 ശതമാനം തന്നെ – കയറിയ കാര്യം ഓര്‍മ്മിയ്ക്കുമല്ലോ.) മുന്‍പറഞ്ഞ തത്വം അനുസരിച്ചിരുന്നെങ്കില്‍, വില അഞ്ചു ശതമാനം ഉയര്‍ന്നപ്പോഴേയ്ക്കും നിങ്ങളതു വാങ്ങിയിരുന്നു കാണണം. ഇടയിലൊരിയ്ക്കല്‍പ്പോലും വിലയില്‍ അഞ്ചു ശതമാനം ഇടിവുണ്ടായിട്ടില്ലെങ്കില്‍, വില തുടര്‍ന്ന് നൂറു ശതമാനമോ ഇരുന്നൂറു ശതമാനമോ, എന്തിന്, രണ്ടായിരം ശതമാനം തന്നെയും, കയറിയിരിയ്ക്കുന്ന അവസരത്തിലും ആ ഓഹരി നിങ്ങളുടെ പക്കല്‍ സുരക്ഷിതമായിത്തന്നെ ഇരിയ്ക്കുന്നുണ്ടാകും. ഓഹരിവിലയില്‍ എത്രത്തോളം വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ, അതിന്നനുസരിച്ചുള്ള മൂല്യവര്‍ദ്ധന ആ ഓഹരിയില്‍ നിങ്ങള്‍ നടത്തിയിരിയ്ക്കുന്ന നിക്ഷേപത്തിലും വന്നു കഴിഞ്ഞിട്ടുണ്ടാകും. ഓഹരിവിലയില്‍ വലുതായ ഉയര്‍ച്ചകളുണ്ടാകുമ്പോഴൊക്കെ നിങ്ങളുടെ പക്കല്‍ ആ ഓഹരിയുണ്ടാകും എന്നതാണ് ഈ അദ്ധ്യായങ്ങളില്‍ നിര്‍ദ്ദേശിച്ചുകഴിഞ്ഞ തത്വത്തിന്റെ, നയത്തിന്റെ, ഏറ്റവും വലിയ ഗുണം. ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന്റെ ലക്ഷ്യം മൂല്യവര്‍ദ്ധനയാണ്. ആ മൂല്യവര്‍ദ്ധന ഈ തത്വം ഉറപ്പാക്കും.

നാം ഒരോഹരി പല തവണ വാങ്ങിയിട്ടുണ്ടാകാം. എന്നിരുന്നാലും, ആ ഓഹരിയുടെ വില കുത്തനെ, നൂറോ ഇരുന്നൂറോ ശതമാനം കയറിയിരിയ്ക്കുമ്പോള്‍, അതിനു വളരെ മുന്‍പു തന്നെ വിറ്റു കളഞ്ഞിട്ടുള്ളതായി നാം ദുഃഖത്തോടെ പലപ്പോഴും മനസ്സിലാക്കും. അന്നതു വിറ്റു കളഞ്ഞത് അബദ്ധമായി എന്നു പിന്നീടു തെളിയുന്നതു സാധാരണയാണ്. ഈ അദ്ധ്യായങ്ങളില്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്ന തത്വം കര്‍ശനമായി പാലിയ്ക്കുന്ന ഒരാള്‍ക്ക് ഈയൊരബദ്ധം സംഭവിയ്ക്കുകയില്ല.

India train

(2) ഒരോഹരിയുടെ വില അന്‍പതോ അറുപതോ ശതമാനം ഇടിഞ്ഞു കഴിയുമ്പോഴും ആ ഓഹരി നിങ്ങളുടെ കൈയ്യില്‍ത്തന്നെ തുടരുന്ന അവസ്ഥയും ഓഹരിനിക്ഷേപകരുടെ ഇടയില്‍ സാധാരണയാണ്. ഓഹരിവില തിരിച്ചു കയറുമെന്നും, മുന്‍പു സ്പര്‍ശിച്ചിരുന്ന ഉയര്‍ന്ന തലങ്ങളിലേയ്‌ക്കൊക്കെ വീണ്ടും ഉയരുമെന്നും വ്യാമോഹിച്ച്, ഓഹരിമേല്‍ മുറുകെപ്പിടിച്ചുകൊണ്ടിരിയ്ക്കുമ്പോഴായിരിയ്ക്കും വില തുടര്‍ന്നും കുത്തനെ ഇടിയുന്നത്. അതുകണ്ടു ഭയന്ന്, കിട്ടിയ വിലയ്ക്ക് ഓഹരി വിറ്റൊഴിയുമ്പോഴേയ്ക്കും മൂലധനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇതും ഓഹരിക്കമ്പോളത്തില്‍ പതിവാണ്. പക്ഷേ, ഇതൊരു പതിവാകണമെന്നില്ല, ഈ അദ്ധ്യായങ്ങളില്‍ വിശദീകരിയ്ക്കുന്ന തത്വം കര്‍ക്കശമായി പാലിയ്ക്കുന്നുണ്ടെങ്കില്‍. ഈ തത്വം അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ടെങ്കില്‍, വിലയിടിവിന്റെ തുടക്കത്തില്‍ത്തന്നെ, അതായത് വില അഞ്ചുശതമാനം ഇടിഞ്ഞപ്പോള്‍ത്തന്നെ നിങ്ങള്‍ ആ ഓഹരി വിറ്റഴിച്ചു കഴിഞ്ഞിട്ടുണ്ടാകും, അന്‍പതോ അറുപതോ ശതമാനം ഇടിഞ്ഞു കഴിഞ്ഞിട്ടും ഓഹരി നിങ്ങള്‍ കൈവശം വച്ചുകൊണ്ടിരിയ്ക്കുന്നതായും, അതിനുവേണ്ടി നിങ്ങള്‍ മുടക്കിയിരുന്ന മൂലധനത്തില്‍ വലിയൊരിടിവു സംഭവിച്ചിരിയ്ക്കുന്നതായും കണ്ടു സങ്കടപ്പെടേണ്ടി വരികയേയില്ല.

ഈ തത്വത്തിന്റെ മേല്‍പ്പറഞ്ഞ രണ്ടു ഗുണങ്ങള്‍ ഓഹരിനിക്ഷേപകന്റെ ഏറ്റവും വലിയ രണ്ടു ഭീതികളെ ഇല്ലാതാക്കുന്നു. ആ ഭീതികള്‍ താഴെപ്പറയുന്നവയാണ്:

ഒന്നാമത്തെ ഭീതി

ഓഹരിവില കുതിച്ചുയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ ആ ഓഹരി കൈയ്യിലില്ലാതിരിയ്ക്കുന്ന അവസ്ഥയാണ് നിക്ഷേപകന്റെ ഭീതികളിലൊന്ന്. ഓഹരിവില ഉയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ അതു മൂലമുണ്ടാകുമായിരുന്ന മൂലധനത്തിലെ മൂല്യവര്‍ദ്ധന സാദ്ധ്യമാകണമെങ്കില്‍ ആ ഓഹരി നിങ്ങളുടെ പക്കലുണ്ടായിരിയ്‌ക്കേണ്ടതുണ്ട്. ആ ഓഹരി നിങ്ങളുടെ പക്കലില്ലെങ്കില്‍ അതിന്റെ വിലവര്‍ദ്ധന മൂലം മൂലധനത്തിലുണ്ടാകുമായിരുന്ന മൂല്യവര്‍ദ്ധന നിങ്ങള്‍ക്കു ലഭ്യമാകാതെ പോകും. ഓഹരി വാങ്ങേണ്ടിയിരുന്ന സമയത്ത് നിങ്ങള്‍ വാങ്ങാതിരുന്നു, ഓഹരിവില കയറിപ്പോയി. കയറേണ്ടിയിരുന്ന ബസ്സു വന്നപ്പോള്‍ നിങ്ങളതില്‍ കയറാതിരിയ്ക്കുകയും ആ ബസ്സു വിട്ടുപോകുകയും ചെയ്തു. ഈ അദ്ധ്യായങ്ങളില്‍ വിവരിച്ചിരിയ്ക്കുന്ന രീതി പിന്തുടര്‍ന്നാല്‍, ഈ വിട്ടുപോക്ക് സംഭവിയ്ക്കുകയില്ല. ഓഹരിവില ഉയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍, അതുയരാന്‍ തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ നിങ്ങളതു വാങ്ങിയിരിയ്ക്കും.

രണ്ടാമത്തെ ഭീതി

ഓഹരിവില തകര്‍ന്നടിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു, ഇതിന്നിടെ കൈയ്യിലുള്ള ഓഹരി വിറ്റഴിയ്ക്കാതിരുന്ന അവസ്ഥയാണ് ഓഹരിക്കമ്പോളത്തിലെ ഒരു നിക്ഷേപകന്റെ ഏറ്റവും വലിയ ഭീതി. വില തകര്‍ന്നടിഞ്ഞുകൊണ്ടിരിയ്ക്കുകയും എന്നാല്‍ നിങ്ങള്‍ ഓഹരി വില്‍ക്കാതെ മുറുകെപ്പിടിച്ചുകൊണ്ടിരിയ്ക്കുകയുമാണെങ്കില്‍, ഇത്തരം ഓരോ തകര്‍ച്ചയും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തില്‍ വലുതായ ഇടിവുണ്ടാക്കും. മൂലധനത്തിലുണ്ടാകുന്ന ഇത്തരമിടിവാണ് ഓഹരിക്കമ്പോളത്തിലെ ഏറ്റവും വലിയ ആപത്ത്. ഓഹരിക്കമ്പോളത്തിന്റെ തീരാശാപമാണ് ഇത്തരം തകര്‍ച്ചകള്‍. ഓഹരിക്കമ്പോളം തകരാനായി നിരവധി കാരണങ്ങളുണ്ടാകാം. ആ കാരണങ്ങളോ, തകര്‍ച്ചകളോ കൃത്യതയോടെ പ്രവചിയ്ക്കാന്‍ ആര്‍ക്കുമാവില്ല. ഈ അദ്ധ്യായങ്ങളില്‍ വിശദീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന തത്വം അഥവാ രീതി കര്‍ശനമായി പിന്തുടര്‍ന്നാല്‍ തകര്‍ച്ച മൂലമുണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന് 90 ശതമാനത്തോളം സംരക്ഷണം നേടാനാകും. ഓഹരിക്കമ്പോളത്തിലെ ഏറ്റവും വലിയ ആപത്തില്‍ നിന്ന് മതിയായ സംരക്ഷണമുള്ളപ്പോള്‍, ഓഹരിക്കമ്പോളം ജീവിയ്ക്കാനനുയോജ്യമായൊരു സ്ഥലം തന്നെയാണെന്നു കാണാന്‍ കഴിയും.

India Train

ഓഹരിവില എപ്പോള്‍, എത്രത്തോളം ഉയരും അല്ലെങ്കില്‍ ഇടിയും എന്നു പ്രവചിയ്ക്കുകയല്ല, മേല്‍ വിവരിയ്ക്കപ്പെട്ട തത്വം ചെയ്യുന്നത്. ഓഹരിവിലയിലെ ചലനങ്ങള്‍ കണക്കിലെടുത്ത്, അതിന്നനുസരിച്ച് നിങ്ങളെക്കൊണ്ട് ഓഹരി വാങ്ങിപ്പിയ്ക്കുകയോ വില്‍പ്പിയ്ക്കുകയോ ചെയ്യുക മാത്രമാണ് അതു ചെയ്യുന്നത്. ഓഹരിവില ബോട്ടത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനം ഉയര്‍ന്നാല്‍ നിങ്ങളെക്കൊണ്ടതു വാങ്ങിപ്പിയ്ക്കുന്നു. ടോപ്പില്‍ നിന്ന് വില ഒരു നിശ്ചിത ശതമാനം താഴ്ന്നാല്‍ നിങ്ങളെക്കൊണ്ടു വില്‍പ്പിയ്ക്കുന്നു. ഇത്രമാത്രമേ ഈ തത്വം ചെയ്യുന്നുള്ളു.

ഇതിന്റെ ഗുണങ്ങള്‍ ഇവിടെ അവസാനിയ്ക്കുന്നില്ല. ഒരുദാഹരണമിതാ.

200 രൂപ വിലയുള്ള ഒരോഹരി നിങ്ങളുടെ പക്കലുണ്ടെന്നു കരുതുക. അത് അന്‍പതു ശതമാനം തകര്‍ന്ന് നൂറു രൂപയിലെത്തുന്നു. മുന്‍പു പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്ന തത്വമനുസരിച്ച്, അഞ്ചു ശതമാനം ഇറങ്ങിയപ്പോള്‍ത്തന്നെ, അതായത് വില ഇരുന്നൂറില്‍ നിന്ന് 190ലേയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ, നിങ്ങളതു വിറ്റുകളഞ്ഞിട്ടുണ്ടാകും. നൂറു രൂപയിലേയ്ക്കിറങ്ങിയ ശേഷം, ആ ഓഹരി അഞ്ചു ശതമാനം കയറി 105 രൂപയിലെത്തുന്നെന്നു കരുതുക. മുന്‍പു പറഞ്ഞിരിയ്ക്കുന്ന തത്വമനുസരിച്ച് നിങ്ങളിപ്പോള്‍, 105 രൂപയ്ക്ക്, ആ ഓഹരി വാങ്ങിയിരിയ്ക്കും. നിങ്ങള്‍ ആ ഓഹരിയുടെ നൂറെണ്ണമാണ് 190 രൂപ നിരക്കില്‍ മുന്‍പു വിറ്റിരുന്നതെന്നു കരുതുക. അര ശതമാനം ബ്രോക്കറേജു കിഴിച്ച്, 18905 രൂപ നിങ്ങളുടെ പക്കലുണ്ടാകും. നൂറു രൂപയിലേയ്ക്കു വില തകര്‍ന്ന ശേഷം അഞ്ചു ശതമാനം ഉയര്‍ന്ന് 105 രൂപയിലേയ്‌ക്കെത്തിയപ്പോള്‍, നിങ്ങളുടെ കൈയ്യിലുള്ള 18905 രൂപ കൊണ്ട് ആ ഓഹരിയുടെ 179 എണ്ണം വാങ്ങാവുന്നതാണ്, അതുകൊണ്ട് 179 എണ്ണവും നിങ്ങള്‍ വാങ്ങുന്നു.

ഗുണം ഇതില്‍ നിന്നു വ്യക്തമാകുന്നു. ഓഹരി അന്‍പതു ശതമാനം തകര്‍ന്ന ശേഷം തിരിച്ചു കയറിയപ്പോള്‍, നിങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 79 ശതമാനം കൂടുതല്‍ ഷെയറുകള്‍ വാങ്ങാന്‍ പറ്റി. തകര്‍ച്ച തുടങ്ങുംമുന്‍പ് നിങ്ങളുടെ പക്കല്‍ ആ ഓഹരിയുടെ 100 എണ്ണമാണുണ്ടായിരുന്നത്. തകര്‍ച്ചയ്ക്കു ശേഷം വില തിരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് 179 എണ്ണം വാങ്ങാന്‍ സാധിച്ചു, അതായത് മുന്‍പുണ്ടായിരുന്ന എണ്ണത്തിന്റെ 79 ശതമാനം വര്‍ദ്ധന. പതിനഞ്ചു ശതമാനമോ അതിലധികമോ വരുന്ന ഓരോ വിലത്തകര്‍ച്ചയിലും ആ ഓഹരിയുടെ കൂടുതല്‍ എണ്ണം ഇത്തരത്തില്‍ വാങ്ങാന്‍ കഴിയും. വാങ്ങലിനെത്തുടര്‍ന്ന് വിലയില്‍ കയറ്റമുണ്ടാകുന്നെങ്കില്‍, നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും അതനുസരിച്ച് ഉയരുന്നു. ഉയര്‍ച്ചയ്ക്കു ശേഷം വില തകരാന്‍ തുടങ്ങുമ്പോള്‍, ഓഹരി മുഴുവന്‍ നിങ്ങള്‍ വിറ്റുകളയുന്നു. തകര്‍ച്ചയ്ക്കു ശേഷം വില ഉയരാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഓഹരി വാങ്ങുന്നു. ഈ പ്രക്രിയകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കുന്നു. നിങ്ങളുടെ ആകെ മൂല്യം ഇതനുസരിച്ച്, ക്രമേണ, വര്‍ദ്ധിയ്ക്കുന്നു.

വില തകരാന്‍ തുടങ്ങുമ്പോള്‍, കൈയ്യില്‍ ആ ഓഹരിയുടെ എത്ര എണ്ണമുണ്ടായാലും, അതു മുഴുവനും വിറ്റുകളഞ്ഞേ തീരൂ. അതുപോലെ തന്നെ, വില തിരിച്ചുയരാന്‍ തുടങ്ങുമ്പോള്‍, മുന്‍പ് ഓഹരി വിറ്റു കിട്ടിയ മുഴുവന്‍ തുകയും കൊണ്ട് ആ ഓഹരിയുടെ എത്രയെണ്ണം പരമാവധി വാങ്ങാനാകുമോ, അത്രയും എണ്ണം മുഴുവനും വാങ്ങുകയും വേണം. മുന്‍പു പറഞ്ഞ ഉദാഹരണത്തില്‍ 179 എണ്ണം വാങ്ങാനാകുമായിരുന്നു, അതു മുഴുവനും വാങ്ങുകയും ചെയ്തു. 179 എണ്ണം വാങ്ങാവുന്നതാണെന്നിരിയ്‌ക്കെ, 179 എണ്ണം തന്നെ വാങ്ങിയേ തീരൂ; ഒരെണ്ണം പോലും കുറയ്ക്കരുത് എന്നര്‍ത്ഥം; കുറച്ചാല്‍ മൂലധനവളര്‍ച്ചയും കുറഞ്ഞുപോകും.

വിലയുയര്‍ച്ചയും വിലത്തകര്‍ച്ചയും ഓഹരിക്കമ്പോളത്തില്‍ പതിവാണ്. അവ രണ്ടും ഒരേ ചക്രത്തിന്റെതന്നെ ഭാഗങ്ങളാണ്. ഈ ഉയര്‍ച്ചയും താഴ്ചയും വാങ്ങലിനും വില്‍ക്കലിനും കാരണമാകും. ഓരോ വാങ്ങലും ആ ഓഹരിയുടെ നിങ്ങളുടെ പക്കലുള്ള എണ്ണം വര്‍ദ്ധിപ്പിയ്ക്കും. വാങ്ങിയ ശേഷം വില ഉയരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിയ്ക്കുന്നു. വിലത്തകര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ നിങ്ങള്‍ മുഴുവന്‍ ഓഹരിയും വിറ്റുകളയുന്നതുകൊണ്ട് മൂലധനത്തിനു വലുതായ കോട്ടം തട്ടാതെ സംരക്ഷിയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നു. ചുരുക്കത്തില്‍, വിലയുയര്‍ച്ചകൊണ്ടുള്ള ഗുണം ആസ്വദിയ്ക്കുന്നതോടൊപ്പം, വിലത്തകര്‍ച്ചയെന്ന ആപത്തില്‍പ്പെട്ടുപോകാതെ, സുരക്ഷിതമായി അകന്നു നില്‍ക്കുകയും ചെയ്യുമ്പോള്‍, ഈ പ്രക്രിയകള്‍ അനുസ്യൂതം ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍, നിങ്ങളുടെ മൂല്യം, ഒരു ദീര്‍ഘകാലയളവിനുള്ളില്‍, ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കാനാണു കൂടുതല്‍ സാദ്ധ്യത. ഈ സാദ്ധ്യത മേല്‍ വിവരിച്ച നിക്ഷേപരീതിയെ അഥവാ തത്വത്തെ കര്‍ക്കശമായി – ഭക്തിയോടെ എന്നും പറയാം – പിന്തുടരാവുന്ന ഒന്നാക്കി മാറ്റുന്നു.

മേല്‍പ്പറഞ്ഞ തത്വം വിശ്വസ്തതയോടെ അനുസരിച്ചാല്‍പ്പോലും ഒഴിവാക്കാന്‍ പറ്റാത്ത പല ആപത്തുകളും നേരിടേണ്ടിവന്നെന്നു വരാം. അവയെപ്പറ്റിയും, ഏതെല്ലാം ഓഹരികളില്‍ നിക്ഷേപിയ്ക്കാം, സ്‌റ്റോപ്പ്‌ലോസ്സ് ഓര്‍ഡറുകളില്‍ കൂടിയുള്ള വാങ്ങലും വില്‍ക്കലും, ഊഹക്കച്ചവടം, എന്നിവയെപ്പറ്റിയും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വിശദീകരിയ്ക്കാം.

(തുടരും)