കടുവയെ പിടിച്ച കിടുവ!
കാവിങ്കല്‍ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കള്‍ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തില്‍ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവര്‍ക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സില്‍ ആള് മരിക്കുകയും ചെയ്തു.
61 total views
കാവിങ്കല്‍ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കള്‍ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തില്‍ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവര്‍ക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സില്‍ ആള് മരിക്കുകയും ചെയ്തു.
രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടില്‍ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടന്‍ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവന്‍ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയില് ചാഞ്ഞാല്‍, സന്ധ്യ വരുന്നതിനു തൊട്ടു മുന്‍പ് കുരിയാലയില്‍ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടില്‍ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ.
വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാന്‍ തയ്യാറായി കാക്കകള്‍ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാന്‍ ശട്ടം കെട്ടി നിര്‍ത്തുന്നത് എന്നെയായിരുന്നു.
ഞാനാണെങ്കില്‍ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിര്‍വൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.
നാട്ടില്‍ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങള്‍ക്കും ഒരു പണിയും ചെയ്യാത്ത, എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു നാല്‍വര്‍ സംഘം ഉണ്ടായിരുന്നു അന്ന്.
മന്ത്രവാദി നാരായണന്, ഗോപാലശാസ്ത്രികള്‍, വേലുക്കുറുപ്പ്, ശമേലച്ചായന്‍ എന്നിവരായിരുന്നു അവര്‍. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകള്‍ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കല്‍ യക്ഷിദര്‍ശനം ഉണ്ടാവുകയും, അതോടെ ചെത്തു നിര്‍ത്തി നാട്ടില്‍ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടില്‍ തന്നെ കൂടി.
പണ്ട് സംസ്കൃതത്തില്‍ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികള്‍. ആ പരീക്ഷ പാസായതോടെയാണ് ഗോപാലന് നായര്‍ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും പെടാന്‍ പ്രത്യക്ഷത്തില്‍ സാധ്യതയില്ലാഞ്ഞ ആള് ആയിരുന്നു ശമേലച്ചായന്‍.(ശമേല് = ശമുവേല്‍ = സാമുവല്‍ = സാം എന്ന് ഡെറിവേഷന്‍). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതില്‍ വീട്ടുകാര്‍ക്കും പരാതിയില്ല; നാട്ടുകാര്‍ക്കും പരാതിയില്ല.
അടിയന്തിരങ്ങള്‍ക്ക് വെറ്റില മുറുക്കല്‍ പ്രധാനമാണല്ലോ.. അത് നമ്മുടെ നാല്‍വര്‍ സംഘം ഭംഗിയായി നിര്‍വഹിക്കും. മേലനങ്ങാന്‍ ദേഹണ്ഡക്കാര്‍ ഉണ്ട്. അവര്‍ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കില്‍ ചാര്‍മിനാര്‍ പുകയ്ക്കും.
നാല്‍വര്‍ സംഘം ഒരുമിച്ചു കൂടിയാല്‍ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നില്ക്കും. ബാലാരിഷ്ടതകള്‍ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തില്‍ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി സിഗരറ്റ് മുറുക്കാന്‍ വിതരണം ആയിരുന്നു എന്റെ പോര്‍ട്ട്ഫോളിയോ!
ബീഡി ഒരു കെട്ട് ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാന്‍ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികള്‍ക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കില്‍ രാത്രി അവ ദേഹണ്ഡക്കാര്‍ക്കു കിട്ടും!
നാല്‍വര്‍ സംഘം വന്നാലുടന്‍ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളന്‍ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയില്‍ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.
ഭൂമിമലയാളം മുഴുവന്‍ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകള്‍ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികള്‍ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങള്‍ ചോദിച്ച് ശമേലച്ചായന്‍ തിളങ്ങും. ചില ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാവില്ല!
കൂട്ടത്തില്‍ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികള്‍ ഒരു ദിവസം മന്ത്രവാദിയെ മലര്‍ത്തിയടിച്ചു.
പതിവുപോലെ കാഞ്ഞൂര്‍ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികള്‍ പറഞ്ഞു ‘നാരായണാ… മതി! ഇയാളു പറയുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!’
‘അതെന്താപ്പാ അത്ര വല്യ കാര്യം!?’ ശമേലച്ചായന്‍ പുരികം ഉയര്‍ത്തി ചോദിച്ചു.
ശാസ്ത്രികള്‍ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമര്‍ത്തി മുറുക്കാന്‍ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.
പണ്ട്, എന്നുവച്ചാല്‍ തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വര്‍ഷം 1099 = ഇംഗ്ലീഷ് വര്‍ഷം 1925) എടവപ്പാതി തകര്‍ക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവന്‍ തറവാട്ടില്‍ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടില് അന്ന് സ്വന്തമായി തൊക്കുള്ള ഏകയാള്‍!
വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.
അമ്മാവന് വെള്ളക്കെട്ട് അഴിച്ചുവിടാന്‍ വല്ല മാര്ഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോല്‍ ചോദിച്ചു.
ആരോ പോയി താക്കോല്‍ കൊണ്ടുവന്നു. നിലവറ തുറക്കാന്‍ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!
അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല.
അമര്‍ത്തിയൊന്നു മൂളി ‘ ഉം….’
എല്ലാവരും നിര്‍ന്നിമേഷരായി നോക്കി നില്‍ക്കേ അമ്മാവന് നിലവറ വാതില്‍ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാന്‍ വയ്യ.
തല ഉള്ളിലേക്കിട്ട് അമ്മാവന് ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതില്‍ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.
കഥ കേട്ടുകൊണ്ടിരുന്ന നാലാളും നാല്‍വര്‍ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും ഞെട്ടി! ശമേലച്ചായന്‍ വായടയ്ക്കാന്‍ മറന്നു.
ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികള്‍ നുണഞ്ഞുകൊണ്ട് ശാസ്ത്രികള്‍ കഥ തുടര്‍ന്നു. നിലവറയില്‍ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാന്‍ പാകത്തില്‍ വികസിച്ചിരിക്കുന്നു!
അമ്മാവന് വിളിച്ചു പറഞ്ഞു ‘പുലിച്ചൂര്!!’
സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു ‘ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയില്‍ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!’
നിമിഷാര്‍ദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകള്‍ ദ്രുതഗതിയില്‍ ചലിച്ചു. അമ്മാവന് താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതില്‍ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.
പിന്നില്‍ നിന്നവര്‍ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!
ശങ്കുവമ്മാവന്‍ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടില്‍ പുലിക്കണ്ണുകള്‍ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരന് കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവന്‍ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലര്‍ച്ച!
അടുത്ത നിമിഷം പുലിയുടെ മുരള്‍ച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകള്‍!
കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങള്‍. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുള് മെല്ലെ മാഞ്ഞു. പുലിയുടെ മുന്നില്‍ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവന് അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.
ചാട്ടം പിഴച്ച പുലിയെ വാലില്‍ പിടിച്ച് ഒറ്റ വലി!
ഇരുകൈകളും പൊക്കി സര്‍വശക്തിയില്‍ നിലത്തൊരടി!
പുലി ഊര്‍ധ്വന്‍ വലിച്ചു!
അമ്മാവന് പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തില്‍ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.
അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവന് പറഞ്ഞു. ‘ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതില്‍ പൂട്ടാന്‍ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!’
കഥ കേട്ടിരുന്നവരെല്ലാം ദീര്‍ഘനിശ്വാസം വിട്ടു.
പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങള്‍ ഉയര്‍ന്നു. അച്ചായന് ചോദ്യം ചോദിക്കാന്‍ മുട്ടി. സത്യത്തില്‍ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാന്‍ ധൈര്യം പോരാ.
ശമേലച്ചായന്‍ ചോദിച്ചു ‘അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?’
‘പുലിയെ…. അല്ലെങ്കില്‍ വേണ്ട. ബാക്കിക്കഥ ഞാന്‍ പറയുകേല.’ ഗോപാലശാസ്ത്രി ഫുള്‍ സ്റ്റോപ്പിട്ടു.
‘അതെന്താ കാരിയം?’ ശമേലച്ചായന്‍ വീണ്ടും പുരികമുയര്‍ത്തി.
‘അത്….. അതിത്തിരി രഹസ്യമാ….’
‘ശാസ്ത്രികളേ… നമ്മള് തമ്മില്‍ ഈ എഴുപത്തഞ്ചാം വയസ്സില്‍ ഇനിയെന്തു രഹസ്യം?’ വേലുക്കുറുപ്പ് ചോദിച്ചു.
‘ഇങ്ങനാണെങ്കില്‍ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ‘ മന്ത്രവാദി പരിഭവം നടിച്ചു.
സമ്മര്‍ദം ഇത്രയുമായപ്പോള്‍ ശാസ്ത്രികള്‍ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേള്‍ക്കുന്നോ ഇല്ലെന്ന മട്ടില്‍ ,ഞാന്‍ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികള്‍ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികള്‍ പറഞ്ഞു തുടങ്ങി.
‘ആ പുലിയെ തറവാട്ടുപറമ്പില്‍ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങള്‍ മുഴുവന്‍ ശങ്കുവമ്മാവന്‍ ഊരിയെടുത്തു. രണ്ടു മുന്‍ കാലുകളില്‍ അഞ്ചുവീതം പത്ത്. പിന് കാലുകളില്‍ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവന് എടുത്തു. ഒരെണ്ണം സ്വന്തം മകള്‍ക്കു കൊടുത്തു. അവള് അത് അരഞ്ഞാണത്തില്‍ കെട്ടി അണിഞ്ഞു!’
എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങള്‍ ഓര്‍ത്തിരുന്നു.
നിശ്ശബ്ദത.
അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയര്‍ന്നു. ‘അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!’
‘ഹതെങ്ങനെ!?’ എല്ലാവരും ഒരുമിച്ചു ചോദിച്ചു.
‘എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?’
ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവര്‍ശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മല് ശ്രോതാക്കളുടെ മനസ്സില്‍. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മല് ശാസ്ത്രികളുടെ മുഖത്ത്.
എനിക്കാണെങ്കില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയില്‍ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.
ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവര്‍ എന്നെ ആട്ടിയോടിക്കുമോ?
ഹേയ്… അവര്‍ അങ്ങനെ ചെയ്യുമോ?
ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകള്‍ സംരക്ഷിക്കുന്നത്? ഞാനല്ലേ അവര്‍ക്ക് കര്‍പ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു…കാരന്?
ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാല്‍ കാര്യം നടക്കും. ഈ മണ്ടന്‍ ശാസ്ത്രികളെപ്പോലെയല്ല ഞാന്‍!
ആദ്യം അവളുടെ മുത്തശ്ശിയില്‍ നിന്ന് അത് അവള്‍ക്കു കിട്ടണം. പിന്നെ അവളെ ഞാന്‍ കല്യാണം കഴിക്കും. അപ്പോള്‍ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥന് ആരാ?
രേണുകയെ കല്യാണം കഴിക്കാന്‍ ഞാന്‍ അപ്പോള്‍, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!
അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയില്‍ കെട്ടിയാല്‍ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയില്‍ നിന്നു കൈക്കലാക്കും എന്നവള്‍ പ്രതിജ്ഞയെടുത്തു.
അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മള് ആണുങ്ങള് സ്ത്രീകളോട് മുഴുവന്‍ രഹസ്യവും പറയാന്‍ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.
ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവള്‍ക്കതു നല്‍കിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവള് പറഞ്ഞു.
പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.
ഇന്നിപ്പോള്‍ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കല്‍ തറവാട്ടില്‍ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉള്‍പ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകള്‍ പിരിഞ്ഞു തുടങ്ങി.
കോലായില്‍ രേണുക നില്ക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോള്‍ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാല്‍ അവള്‍ക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.
കുശലം ചോദിച്ചു. ഭര്‍ത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.
‘ഒരു ദിവസം തറവാട്ടില്‍ നിന്നു കൂടായിരുന്നോ?’ വെറുതെ ചോദിച്ചു.
അവള് വിളറിയ ഒരു ചിരി ചിരിച്ചു.
‘ദില്ലി മറ്റൊരു ലോകമാണ്….. അവിടെ നിലനില്ക്കണമെങ്കില് നാളെ ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം…..’
കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നല്‍ വേഗത്തില്‍ കടന്നുപോയി.
കൂടുതല്‍ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാര്‍ദ്ധം അവളുടെ കണ്ണില്‍ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.
‘ആ പഴയ പുലിനഖത്തിന്റെ കഥ ഓര്‍മ്മയുണ്ടോ?’ അവള് ചോദിച്ചു.
ഉവ്വെന്നു പറയുമ്പോള്‍ ചെറിയൊരു ചമ്മല് തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാന്‍! അതി ബുദ്ധിമാന്!
‘അന്ന്… അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!’
‘സത്യം?’ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തില്‍ കെട്ടിയാണൊ ഇവള് പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്…!
‘സത്യം…!’ അവള് പറഞ്ഞു.
എന്റെ ചമ്മല് മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോള്‍ അവള്‍ക്കും ചിരിവന്നു. മരണവീടെന്നോര്‍ക്കാതെ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
62 total views, 1 views today
