Career
കഠിനാധ്വാനം ചെയ്യുന്നതല്ല, കൃത്യതയോടെ ചെയ്യുക എന്നതാണ് വിജയത്തിന്റെ പുതിയ മന്ത്രം
കൃത്യമായി സ്വയം വിലയിരുത്തുന്നവര്‍ക്ക് മാത്രമേ ശരിയായ പ്ലാനിംഗ് നടത്തുവാന്‍ കഴിയൂ. ശരിയായി പ്ലാനിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമേ അപ്രതീക്ഷിതമായ ഒരു കാര്യം വന്നുപെട്ടാല്‍ അതിനനുസരിച്ച് ചെയ്യേണ്ട ജോലികളില്‍ മാറ്റം വരുത്താന്‍ സാധിക്കൂ.
233 total views, 1 views today

‘എനിക്ക് കൂടുതല്‍ പണം സമ്പാദിക്കണം, എനിക്ക് ജോലിയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തണം, എന്റെ മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചുപറ്റണം. ഇതിനൊക്കെ ഞാന്‍ എന്താണ് ചെയ്യേണ്ടത്?’
‘കൂടുതല്‍ കഠിനാധ്വാനം ചെയ്യണം’
‘പക്ഷേ, ഞാന്‍ എന്നും ഓവര്‍ ടൈം ജോലി ചെയ്യാറുണ്ടല്ലോ.ചെയ്യാനുള്ളതെല്ലാം ഓവര്‍ ടൈം ഇരുന്നു തീര്‍ത്തിട്ടേ ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങൂ.’
‘ചെയ്യാനുള്ളതെല്ലാം തീര്‍ക്കാന്‍ ഓഫീസ് ടൈം മതിയായിരുന്നല്ലോ. അപ്പോള്‍, അത്രയും നേരം ജോലി ചെയ്തിട്ടും നിന്റെ പണികള്‍ ഒന്നും തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ നീ ജോലി ചെയ്യുന്ന രീതിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം.’
നമ്മളില്‍ പലര്‍ക്കും പലപ്പോഴും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലേ? നമ്മള് നന്നായി അധ്വാനിക്കുന്നുണ്ട്. അതില്‍ ഒരു മടിയും കാണിക്കുന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് നമ്മുക്ക് ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കാത്തത്?
നമ്മുക്കൊരു ഉദാഹരണം എടുക്കാം. മനു ഒരു പ്രശസ്ത സ്ഥാപനത്തിലെ ജോലിക്കാരന് ആണ്. ഒരു വെള്ളിയാഴ്ച ദിവസം മനുവിന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജോലികള്‍ ആണ് തീര്‍ക്കുവാന്‍ ഉള്ളത്.
1. ബോസിന് വേണ്ടി ഒരു പ്രസന്റേഷന് തയ്യാറാക്കുക.
2. ആ ആഴ്ചത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുക.
3. കുറച്ചു മെയില്‍ പരിശോധിക്കുക.
രണ്ടു മണിക്ക് മനു ജോലികള്‍ ആരംഭിക്കുന്നു. ചെയ്യേണ്ട ജോലികളുടെ പ്രാധാന്യം അനുസരിച്ച് ഇങ്ങനെയാവും മനു മനസില്‍ പ്ലാന്‍ ചെയ്യുക.
2:00 – 3:30 : പ്രസന്റേഷന്
3:45 – 4:15 : റിപ്പോര്‍ട്ട്
4:30 – 5:00 : ഇ-മെയില്‍
രണ്ടു മണിക്ക് ജോലി ചെയ്യാന്‍ ആരംഭിച്ച മനു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആലോചിക്കുന്നു, മെയില്‍ ഒന്ന് നോക്കിയേക്കാം. മടുപ്പ് മാറുകയും ചെയ്യും, ചിലപ്പോള്‍ നേരത്തെ പോകാനും പറ്റിയേക്കും.’ ഇന്‍ബോക്സ് തുറന്നപ്പോള്‍ വേറെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഒരു മെയില്‍ കിടക്കുന്നു. കഴിഞ്ഞ മാസത്തെ കണക്കില്‍ എന്തോ പ്രശ്നം ഉണ്ട്. അടുത്ത ശനിയാഴ്ചയ്ക്ക് മുന്‍പേ ഒന്ന് നോക്കി കാരണം കണ്ടെത്തണം. അടുത്ത ആഴ്ച മതി. പക്ഷേ, മനുവിന് ആ പറഞ്ഞ കണക്കില്‍ സംശയം ഒന്നുമില്ല. അതുകൊണ്ട് മനു ഉടന്‍ തന്നെ കഴിഞ്ഞ മാസത്തെ കണക്കു പരിശോധിക്കാന്‍ ആരംഭിക്കുന്നു. കുറെ സമയം കൊണ്ട് മനു കണക്കില്‍ പ്രശ്നം ഒന്നുമില്ല എന്ന് കണ്ടെത്തുന്നു. എന്നാല്‍, എല്ലാം കഴിഞ്ഞു സമയം നോക്കിയപ്പോള്‍ സമയം 4 മണി. പ്രസന്റേഷന് തീര്‍ന്നില്ല, റിപ്പോര്‍ട്ട് തുടങ്ങിയില്ല, മെയില്‍ എല്ലാം നോക്കിയതും ഇല്ല. 5 മണിക്ക് വീട്ടില്‍ പോകേണ്ട മനു 6 മണി കഴിഞ്ഞും ഓഫീസില്‍ ഇരിക്കുന്നു.
മനു ചെയ്തതെല്ലാം അയാള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍, ആ സമയത്ത് അത് ആവശ്യമില്ലായിരുന്നു താനും. അടുത്ത ആഴ്ചയും മനു ഇങ്ങനെ തന്നെ ചെയ്യും. എല്ലാ ദിവസവും ഇങ്ങനെ തന്നെ മുന്നോട്ടു പോകും. അങ്ങനെ എന്നും ഓവര്‍ ടൈം ഇരുന്നിട്ടും മനു പഴയ മനുവായി പഴയ സ്ഥാനത്ത് തന്നെ എന്നും ഇരിക്കും.
അപ്പോള്‍ കഠിനാധ്വാനം വേണ്ടെന്നല്ല, പക്ഷെ കൃത്യമായ പ്ലാനിംഗ് വേണം. എങ്കിലേ കഠിനാധ്വാനം കൊണ്ട് പ്രയോജനം ഉള്ളൂ. കഠിനാധ്വാനം എന്ന് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും മനസ്സില്‍ കിട്ടാത്ത ഒരു ആശയമാണ് ഈ പ്ലാനിംഗ് എന്നുള്ളത്.
ഇനി വേണ്ടത് ഒരു സ്വയം അവലോകനം ആണ്. എല്ലാവരും തന്നോടുതന്നെ ചോദിക്കട്ടെ. ‘ഞാന്‍ എല്ലാക്കാര്യങ്ങളും കൃത്യമായ പ്ലാനിംഗ് നടത്തിയാണോ ചെയ്യുന്നത്? അതോ ഏതാണ്ടൊക്കെ ചെയ്തുവെച്ച് ബാക്കിയുള്ളവരെക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ജോലി ചെയ്തു എന്നുപറഞ്ഞ് ഇരിക്കുകയാണോ ഞാന്‍ ചെയ്യുന്നത്?’ ഇങ്ങനെ ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഇങ്ങനെ കൃത്യമായി സ്വയം വിലയിരുത്തുന്നവര്‍ക്ക് മാത്രമേ ശരിയായ പ്ലാനിംഗ് നടത്തുവാന്‍ കഴിയൂ. ശരിയായി പ്ലാനിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമേ അപ്രതീക്ഷിതമായ ഒരു കാര്യം വന്നുപെട്ടാല്‍ അതിനനുസരിച്ച് ചെയ്യേണ്ട ജോലികളില്‍ മാറ്റം വരുത്താന്‍ സാധിക്കൂ.
അപ്രതീക്ഷിതമായ ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ എങ്ങനെ പ്ലാനിങ്ങില്‍ മാറ്റം വരുത്താം എന്ന് അടുത്ത ലേഖനത്തില്‍ നമ്മുക്ക് കാണാം.
234 total views, 2 views today