1

വിഷുവിനു കൊന്നപ്പൂക്കളെ കണികാണുന്നതെന്തിന് എന്നറിയുമോ കൂട്ടുകാരേ ? അത് ഭഗവാന്‍ ഉണ്ണിക്കണ്ണനും ഒരു ദരിദ്രബാലനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നൂറു കണക്കിന് വര്‍ഷം മുന്‍പ്; ഗുരുവായൂര്‍ കണ്ണന്റെ അമ്പലത്തിനു സമീപം ഉണ്ണി എന്ന ഒരു ദരിദ്രബാലനും; അവന്റെ വിധവയായ അമ്മയും താമസിച്ചിരിന്നു. പാവം ആ കുട്ടിക്ക് നല്ല വസ്ത്രങ്ങളോ, ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനു അവനു കളിക്കാന്‍ കൂട്ടുകാര്‍ പോലും ഇല്ലായിരുന്നു.

പകല്‍ അന്തിയോളം സമ്പന്ന ഗൃഹങ്ങളില്‍ ജോലിചെയ്തു കൂലിയായിക്കിട്ടുന്ന നാഴി അരി വൈകിട്ട് കഞ്ഞിയാക്കി ആ പാവം അമ്മ അവനു കൊടുക്കും. പകല്‍ മുഴുവനും അവന്റെ വാസം അമ്പലത്തില്‍ തന്നെ. ആരെങ്കിലും അല്പം പ്രസാദം ഇടയ്ക്കു കൊടുത്തെങ്കിലായി. എന്നിരുന്നാലും രാവിലെ തന്നെ അവന്‍ കുളിച്ചു വന്നു കണ്ണനെ തൊഴുതു പ്രാര്‍ഥിക്കും. അവന്‍ കണ്ണനോട് പണവും കളിപ്പാട്ടവും ഒന്നും ചോദിച്ചില്ല. എന്തിനു ആഹാരം പോലും ചോദിച്ചില്ല.
കളിക്കാന്‍ പോലും തന്നെ കൂടെ കൂട്ടാത്ത പണക്കാരായ കുട്ടികള്‍ നല്‍കിയ ഒറ്റപ്പെടുത്തലിന്റെ വേദന തീര്‍ക്കാന്‍, തനിക്കും ഒരു കളിക്കൂട്ടുകാരനെ തരണമേ എന്ന് മാത്രമാണ് അവന്‍ പ്രാര്‍ഥിച്ചത്. പകല്‍ സമയം മുഴുവന്‍ അവന്‍ കണ്ണനെ കളിക്കൂട്ടുകാരനായി കരുതി അമ്പലമുറ്റത്തു ചുറ്റിത്തിരിയും. ഇടയ്ക്കു ഊരാളന്‍മാരുടെ കണ്ണില്‍പ്പെട്ടാല്‍ അവനു നല്ല വഴക്കും കിട്ടും.

അല്പം പായസം തരാമോ എന്ന് ചോദിച്ചതിനു ഒരു ഊരാളന്റെ കിഴുക്കും ഏറ്റുവാങ്ങി മതില്‍ ക്കു പുറത്തു കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു ഉച്ചനേരത്താണ് അവന്‍ മതില്‍ക്കകത്തുനിന്നും ഒരു ചൂളമടി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടി. കയ്യില്‍ ഒരു പുല്ലാങ്കുഴലും ഉണ്ട്. വലിയ പണക്കാരന്റെ മകനാണെന്ന് തോന്നുന്നു. കുറെ സ്വര്‍ണമാലയൊക്കെ ഉണ്ടല്ലോ. അപ്പോളുണ്ട് അവന്‍ ചോദിക്കുന്നു ‘നീ കളിക്കാന്‍ വരുന്നോ ? എന്റെ കൂടെ കളിക്കാന്‍ ആരുമില്ല’. സന്തോഷം കൊണ്ട് ദരിദ്രബാലന്‍ തുള്ളിച്ചാടി. തന്റെ പ്രാര്‍ത്ഥന കണ്ണന്‍ കേട്ടിരിക്കുന്നു. തനിക്കും ഒരു കളിക്കൂട്ടുകാരനെക്കിട്ടി.

പിന്നീടുള്ള ദിവസങ്ങളില്‍ എന്നും അവരിരുവരും ഒരുമിച്ചു അമ്പലപ്പറമ്പില്‍ കളിച്ചു നടന്നു .അവര്‍ ഇണപിരിയാത്ത കൂട്ടുകാരായി. കണ്ണന്‍ എന്നു പേരായ ആ കുട്ടി അമ്പലത്തിനടുത്തു തന്നെ പുതുതായി താമസിക്കാന്‍ വന്നതാണത്രേ. ഉണ്ണി ഇടയ്ക്കു പറയും ‘നിന്റെ മാലയും തളയും ഒക്കെ കാണാന്‍ നല്ല ഭംഗിയുണ്ട് കേട്ടോ’. ഒരു ദിവസം കണ്ണന്‍ നിര്‍ബന്ധിച്ചു അവന്റെ മാല ഉണ്ണിയുടെ കഴുത്തില്‍ ഇടുവിച്ചു. ഒരു പാട് സന്തോഷത്തോടെ ഉണ്ണി വൈകുന്നേരം അമ്മക്ക് മാല കാട്ടിക്കൊടുത്തു. ആ പാവം സ്ത്രീ മകന്റെ കഴുത്തില്‍ കിടക്കുന്ന വിലക്കൂടിയ സ്വര്‍ണ്ണ മാല കണ്ടു ഭയന്നുപോയി. നാളെത്തന്നെ അത് കണ്ണന് തിരികെ കൊടുക്കണം എന്ന് മകനോട് ചട്ടം കെട്ടുകയും ചെയ്തു. അല്പം വിഷമിച്ചെങ്കിലും ഉണ്ണിയും സമ്മതിച്ചു. ഉണ്ണിക്കണ്ണന്റെ പാട്ടുകള്‍ പാടി അമ്മ അവനെ ഉറക്കി.

പിറ്റേന്ന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അമ്പലത്തിന്റെ നടതുറന്ന ശാന്തിക്കാരന്‍ ഭഗവാന്റെ കഴുത്തിലെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി കണ്ടു. നാടുവാഴിയുടെ ഭടന്‍മാരെ വിവരമറിയിച്ച അദ്ദേഹം അമ്പലത്തിനു സമീപമുള്ള എല്ലാ വീടുകളിലും തെരയാനും എര്‍പ്പാടാക്കി. തിരഞ്ഞു ചെന്ന ഭടന്മാര്‍ കണ്ടതോ, ഭഗവാന്റെ മാലയും ധരിച്ചു നമ്മുടെ ഉണ്ണി ഉറങ്ങുന്നു.

2

പോരെ പൂരം. കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാതെ ഭടന്മാര്‍ ഉണ്ണിയെ വലിച്ചിഴച്ചു ആല്‍ത്തറയില്‍ കൊണ്ടുവന്നു. ശിക്ഷ കല്പ്പിക്കുവാന്‍ നാടുവാഴിയെ വിളിക്കാന്‍ ആളും പോയി. പാവം ഉണ്ണി ശ്രീകോവിലിലേക്ക് നോക്കി ”കണ്ണാ കണ്ണാ” എന്ന് വിളിച്ചു കരഞ്ഞു. കള്ളന്‍ എന്ന് വിളിച്ചു ആക്രോശിക്കുന്ന ജനത്തിറെ ശബ്ദത്തിനിടയിലും ഉണ്ണി, തന്റെ കൂട്ടുകാരാന്‍ കണ്ണന്റെ ശബ്ദം കേട്ടു. ‘ഉണ്ണീ ആ മാല ആലിനു സമീപമുള്ള കൊന്നയിലേക്ക് വലിച്ചെറിയൂ ‘. കണ്ണന്റെ വാക്കുകള്‍ അനുസരിച്ച ഉണ്ണിയേയും, തടിച്ചു കൂടിയ പുരുഷാരത്തെയും, ചീറിവന്ന നാടുവാഴിയെയും അമ്പരപ്പിച്ചുകൊണ്ട് കൊന്ന മരത്തില്‍ തൂങ്ങിക്കിടന്ന മാല അപ്രത്യക്ഷമാകുകയും പകരം മരം സ്വര്‍ണ്ണവര്‍ണ്ണമായ മാലപോലെയുള്ള പൂക്കള്‍ കൊണ്ട് നിറയുകയും ചെയ്തു. ശ്രീ കോവിലില്‍ നിന്നും അതേ സമയം താനാണ് ഉണ്ണിക്കു മാല നല്‍കിയത് എന്ന് ഭഗവാന്റെ ശബ്ദം അശരീരിയായി കേട്ടു. അന്ന് മുതലത്രേ വിഷുക്കണിയായി ഭഗവാന്റെ സ്വര്‍ണമാലയായ കണിക്കൊന്നപ്പൂക്കള്‍ ഉപയോഗിച്ചു തുടങ്ങിയത്‌.

You May Also Like

മൊബൈൽ ഫൊണിൽ നിന്നുയരുന്ന തേങ്ങലുകൾ

Sujith Kumar മുഖം മിനുക്കാനുപയോഗിക്കുന്ന മേക്കപ് സാമഗ്രികളിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ മൈക്ക ഖനനം ചെയ്തെടുക്കുന്ന…

ഇമെയില്‍ സുരക്ഷ – ചില വസ്തുതകള്‍

ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ്‌ എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.

ഖാന്‍ത്രയം ഒന്നിക്കുന്നു: ബോളിവുഡില്‍ നിന്ന് പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്ത

ബോളിവുഡിലെ സൂപ്പര്‍ ഖാന്‍മാര്‍ സൂപ്പര്‍ ചിത്രത്തിനായി ഒന്നിക്കുന്നു

ഹാപ്പി ബര്‍ത്ത് ഡേ; എസ് എം എസ്സിന് 20 വയസ്സ്

അതെ നമ്മളെല്ലാരും ദിവസവും ഒരു തവണയെങ്കിലും ഉപയോഗിക്കുന്ന എസ് എം എസ്സ് അഥവാ ഷോര്‍ട്ട് മെസ്സേജ് സര്‍വീസിന് 20 വയസ്സ്. മള്‍ട്ടി നാഷണല്‍ ഡീലുകള്‍ മുതല്‍ തങ്ങളുടെ പ്രണയ സ്വപ്‌നങ്ങള്‍ വരെ പരസ്പരം പങ്കു വെക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി എസ് എം എസ്സ് നമ്മുടെ കൂടെ ഉണ്ടെന്നര്‍ത്ഥം.