‘വണ്‍ ഡേ സിനിമ’ റിലീസ് ദിവസം തന്നെ കണ്ടു. പ്രഥമ സംരംഭം എന്ന നിലയില്‍ വിനയം മൂലം ഒരു വിശ്വോത്തര സിനിമയാണെന്നൊന്നും ഈ സിനിമയുടെ ശില്പികള് അവകാശപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ഈ സിനിമയില്‍ നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കരുതെന്ന് ഇതിന്റെ ശില്പികള് മുന്‍കൂര്‍ ജാമ്യവും എടുത്തിരുന്നു. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു മുന്‍വിധിയോടെതന്നെയാണ് ഈ സിനിമ കാണാനെത്തിയത്. എന്നാല്‍ എന്റെ മുന്‍വിധികള്‍ അസ്ഥാനത്തായിരുന്നു. സിനിമ ഒരു വിനോദ ഉപാധി എന്ന നിലയില്‍ സമീപിക്കുമ്പോള്‍ വണ്‍ ഡേ അത്രകണ്ട് നിരാശപ്പെടുത്തിയതായി തോന്നിയില്ല. ഏതാണ്ട് രണ്ട് മണിക്കൂര്‍ സമയം അധികം ബോറടിക്കാതെ തന്നെ കണ്ടിരിക്കാനുള്ള ചേരുവകള്‍ എല്ലാം ഈ വിനോദ സിനിമയിലുമുണ്ട്. എന്നാല്‍ കണ്ടു പരിചയിച്ച വന്‍കിട താരനിരകളുടെ സിനിമകള്‍ മാത്രം കണ്ടു രുചി പറ്റിയ ഒരു മാനസികാവസ്ഥയുമായി സിനിമയെ സമീപിക്കുന്നവരെ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയും നിരവധി പുതുമുഖങ്ങളെ അണിനിരത്തിയും നിര്‍മ്മിച്ച ഈ ചിത്രം അല്പം നിരാശപ്പെടുത്തിയെന്നിരിക്കും.
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. മുഖ്യ കാഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് നടന്മാരും മഖ്ബൂല്‍ സല്മാന്, ഫവാസ് സയാനി (സിനിമയിലെ അനില്‍ മേനോന്, എസ്.ഐ) എന്നിവര്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലെങ്കിലും പ്രധാന കഥാപാത്രങ്ങള്‍ക്ക് മികവേകാം എന്ന് തെളിയിച്ചിട്ടുണ്ട്. മഖ്ബൂല്‍ സല്‍മാന്റെ ശരീരഭാഷയ്ക്ക് ശരിയ്ക്കും ഇണങ്ങുന്നതായിരുന്നു അനില്‍ മേനോന് എന്ന കഥാപാത്രം.
കൊച്ചു പ്രേമന്, നോബി തുടങ്ങിയവരുടെ ഹാസ്യ വേഷങ്ങളും മോശപ്പെട്ടില്ല. പ്രത്യേകിച്ച് കൊച്ചു പ്രേമന്റെ ഡയലോഗുകളും അതിന്റെ പ്രസന്റേഷനും ഇടയ്ക്കിടെ നല്ല ചിരിക്ക് വക നല്‍കുന്നുണ്ട്. ആദ്യ പകുതിയിലെ ചെറിയൊരു ഇഴച്ചില്‍, ഉടനീളം മികവുറ്റ അഭിനയം കാഴ്ച വച്ച പ്രതിനായകന് അവസാന ചില രംഗങ്ങളില്‍ വന്ന ഒരു പതര്‍ച്ച, അവസാന രംഗങ്ങളില്‍ ഡയലോഗുകള്‍ക്ക് പ്രതീക്ഷിച്ചത്ര പഞ്ച് കിട്ടാത്തത് എന്നിവ ചെറിയ വിമര്‍ശനങ്ങളായി വേണമെങ്കില്‍ ഉന്നയിക്കാം.
സിനിമയുടെ സാങ്കേതികതയെക്കുറിച്ച് പരക്കെ പരിജ്ഞാനമുള്ളവര്‍ക്ക് പല കുറ്റങ്ങളും കുറവുകളും ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. അതിപ്പോള്‍ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതക്കണ്ണാടി വച്ച് നോക്കിയാല്‍ പല കുറ്റങ്ങളും കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഈ സിനിമ എത്രമാത്രം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാക്ഷാല്കരിച്ച ഒരു പ്രോജക്ട് ആണെന്ന് മനസ്സിലാക്കിയാല്‍ സാങ്കേതികമായ പോരായ്മകളെ ഗൗരവത്തിലെടുക്കാന്‍ കഴിയില്ല. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ ഒതുക്കിയെടുക്കാന്‍ ഇതിന്റെ കലാപാരവും സാഹിത്യപരവും സാങ്കേതികവുമായ വിവിധ മേഖാലകളില്‍ പല വിട്ടുവീഴ്ചകളും ഇതിന്റെ ശില്പികള്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ പരിമിതികളുടെ സമ്മര്‍ദ്ദം കണക്കിലെടുക്കുമ്പോള്‍ ഈ സിനിമ ശരാശരിക്കും മേലെയാണെന്ന് കാണാന്‍ കഴിയും.
തിയേറ്ററുകളില്‍ വന്നുപോകുന്ന നിരവധിചിത്രങ്ങളില്‍ പ്രേക്ഷകമനസ്സില്‍ സവിശേഷമായ ഒരിടം നേടുന്ന ഒരു കലാ ശില്പം എന്ന നിലയ്ക്കു തന്നെ മലയാള സിനിമാ ചരിത്രത്തില്‍ വാണ് ഡേയും അടയാളപ്പെടുത്തപ്പെടും. പ്രേക്ഷകര്‍ ഈ സിനിമയെ വേണ്ടവിധം വരവേല്‍ക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിവസത്തെ സൂചന അതായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ എത്ര ദിവസം ഓടുന്നു, എത്ര മേല്‍ സാമ്പത്തിക വിജയം നേടുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രം ഒരു സിനിമ വിലയിരുത്തപ്പെടുകയുമരുത്. വന്‍ സാമ്പത്തിക വിജയം നേടിയ എല്ലാ സിനിമകളും നല്ല സിനിമകളോ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളത്രയും മോശപ്പെട്ട ചിത്രങ്ങളോ ആയിരുന്നിട്ടില്ല.
ഈ സിനിമയുടെ സംവിധായകന് സുനില്‍ വി പണിക്കരും, ഇതിന്റെ കഥയും തിരക്കഥയും, സംഭാഷണവും എഴുതിയ ഡോ.ജെയിംസ് ബ്രൈറ്റും, ഈ ചിത്രത്തിനു പണം മുടക്കിയ ഡോ. മോഹന്‍ ജോര്‍ജ്ജും ഒക്കെ നല്ല ബ്ലോഗ്ഗര്‍മാരാണ്. വന്‍പുലികള്‍ മേയുന്ന മലയാള സിനിമാ രംഗത്തേയ്ക്ക് അവര്‍ പ്രവേശിക്കുമ്പോള്‍ അത് ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിമാനവും ആവേശവും ഉണ്ടാക്കുന്നുണ്ട്. അവരെല്ലാം വളരെ നല്ല സിനിമാ സ്വപ്നങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്. ഒരു സിനിമയ്ക്ക് വേണ്ട കഥയും തിരക്കഥയും സംഭാഷണവുമൊക്കെ അനായാസം എഴുതാന്‍ കഴിയുമെന്ന് ഡോ. ജെയിംസ് ബ്രൈറ്റ് തെളിയിച്ചിരിക്കുന്നു. ബ്ലോഗെഴുത്തില്‍ നിന്ന് ആര്‍ജ്ജിച്ച എഴുത്തിന്റെ ഊര്‍ജ്ജം അദ്ദേഹത്തിന് ഇനിയും പ്രചോദനമാകട്ടെ.
സംവിധായകന് സുനില്‍ വി പണിക്കരാകട്ടെ ഇതിനു മുമ്പേ തന്നെ ചില സിനിമാ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. എന്നാല്‍ പില്ക്കാലത്ത് പ്രശസ്തരായ പല നല്ല സംവിധായകര്‍ക്കും സംഭവിച്ചിട്ടുള്ളതുപോലുള്ള പല നിര്‍ഭാഗ്യങ്ങളാല്‍ അദ്ദേഹത്തിന് ഒരു എന്‍ട്രി ഇതുവരെ ലഭിക്കാതെ പോയി. എന്നാല്‍ വണ്‍ ഡേ തിയേറ്ററുകളില്‍ എത്തുന്നതുവഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനില്‍ വി പണിക്കര്‍ മലയാള സിനിമയ്ക്ക് ഒരു നല്ല പ്രതീക്ഷയാണ്. നല്ല പ്രോജക്ടുകള്‍ കിട്ടിയാല്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന ആത്മ വിശ്വാസം എത്രയോ നാള്‍മുതലേ വച്ചു പുലര്‍ത്തുന്ന ഒരു യുവാവാണ് അദ്ദേഹം. സിനിമ വലിയ മുതല്‍ മുടക്കുള്ള ഒരു വ്യവസായമായതിനാല്‍ പണം മുടക്കുന്നവര്‍ ഒരു പരീക്ഷണത്തിനു നില്‍ക്കാറില്ല എന്നതാണ് ഇദ്ദേഹത്തെ പോലെ ടാലന്റുള്ള പലര്‍ക്കും അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ കഴിയാതെ പോകുന്നത്.
തന്റെ അടുത്ത പടം ഇതിനേക്കാള്‍ നന്നായിരിക്കും എന്ന് ഈ യുവ സംവിധായകന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. വണ്‍ഡേ എന്ന തന്റെ കന്നി ചിത്രം വഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിലിന്റെ ആത്മ വിശ്വാസം കുറെക്കൂടി വര്‍ദ്ധിച്ചിട്ടുമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു സിനിമയുടെ ശില്പികള്ക്ക് തങ്ങളുടെ കഴിവികള്‍ക്കനുസരിച്ച് അവരുടെ സിനിമാ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ. അത്തരം വലിയ പ്രോജക്ടുകള്‍ വണ്‍ ഡേയുടെ ശില്പികള്ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. വണ്‍ ഡേയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങളും തുടര്‍ന്നുള്ള പ്രോജക്ടുകള്‍ക്ക് ഭാവുകങ്ങളും നേരുന്നു.