Dhanesh Damodaran
ഒരു ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ യുവതിയോടുള്ള അയാളുടെ പ്രണയാഭ്യർത്ഥന അത്ര മനോഹരമായിരുന്നു.” Do you want to take a picture of this place, so that we can show our children “ഇതുപോലെ വ്യത്യസ്തമായ ഒരു വിവാഹഭ്യർത്ഥന നിങ്ങൾക്ക് എവിടെ കാണാൻ കഴിയും? കപിൽദേവ് രാംലാൽ നിഖഞ്ജ് എന്നും വ്യത്യസ്തനായിരുന്നു .കാലഘട്ടങ്ങൾ കഴിഞ്ഞിട്ടും അയാളിലെ വ്യത്യസ്തതകൾ അയാൾക്ക് മാത്രം അവകാശപ്പെതാകുന്നു . ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻമാരോട് അവരുടെ ടീമിലേക്ക് ആദ്യം ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഭൂരിഭാഗംപേരും ആദ്യം ആവശ്യപ്പെടുന്നത് ഒരു സച്ചിൻ ടെണ്ടുൽക്കറെയോ ഡൊണാൾഡ് ബ്രാഡ്മാനെയോ വിവിയൻ റിച്ചാർഡ്സിനെയോ ആയിരിക്കില്ല.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിലും ഒരൊറ്റ നിമിഷം കൊണ്ട് കളിയുടെ ഗതി മാറ്റാൻ കഴിയുന്ന അപൂർവ്വ ജനുസ് ഏതൊരു ക്യാപ്റ്റൻ്റെയും സ്വപ്നമായിരിക്കും. അയാളിലെ നായക മികവ് ആകട്ടെ ചോദ്യം ചെയ്യാനാവാത്ത വിധം ലോകത്തിലെ ഏതൊരു ടീമും കൊതിക്കുന്നതും. ഒരു ” സമ്പൂർണ്ണ അത് ലറ്റ് ” ഒറ്റവാക്കിൽ കപിലിനെ വിശേഷിപ്പിക്കാൻ മറ്റൊരു പദം ഇല്ല. നിർണായക നിമിഷങ്ങളിൽ അയാളിലെ രക്ഷകൻ ബൗളറായി അല്ലെങ്കിൽ ബാറ്റ്സ്മാനായി അല്ലെങ്കിൽ ഫീൽഡർ ആയി അവതരിക്കുന്ന എത്രയോ മുഹൂർത്തങ്ങളാണ് കപിൽ സമ്മാനിച്ചത് . വിഷമിച്ചാലും തങ്ങളുടെ ആരാധനാ പാത്രങ്ങളെ മറന്ന് ഏറ്റവും മികച്ചവനായി കപിലിനെ പ്രതിഷ്ഠിക്കാൻ ക്രിക്കറ്റ് പ്രേമികളെ നിർബന്ധിതനാകുന്നതും അയാളിലെ അമാനുഷിക വ്യക്തിത്വം തന്നെയാണ് .
മറ്റു ലോകോത്തര താരങ്ങളുടെ മികച്ച പ്രകടനങ്ങൾ ചോദിച്ചാൽ അധികം ബുദ്ധിമുട്ടില്ലാതെ നിങ്ങൾക്ക്പറയാൻ സാധിക്കുമ്പോൾ അവിടെയും കപിൽ നിങ്ങളെ തോൽപ്പിക്കുന്നു .കപിൽ എന്ന താരോദയം തന്നെ ഒരു മാറ്റത്തിൻ്റെ പുതിയ സൂചനയായിരുന്നു. സ്പിന്നർമാർക്ക് ഗ്രിപ്പ് കിട്ടുന്ന വിധത്തിൽ പുതിയ പന്തിനെ പരുവപ്പെടുത്തി എടുക്കാൻ മാത്രം ഓവറുകൾ എറിഞ്ഞു തീർക്കുന്ന ഇന്ത്യയിലെ മീഡിയം പേസർമാർക്ക് ഒരു ബഹുമാനവും കൊടുക്കാതിരുന്ന കാലഘട്ടത്തിൽ ഒരു ഇന്ത്യൻ പേസറെ നേരിടാൻ ചരിത്രത്തിലാദ്യമായി ഒരു ബാറ്റ്സ്മാൻ ഹെൽമെറ്റ് അണിഞ്ഞ് ഇറങ്ങി എന്നത് തന്നെ വലിയ വിപ്ലവകാമായിരുന്നു .
35 വർഷങ്ങൾ കഴിഞ്ഞിട്ടും ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളുടെ കൂട്ടത്തിൽ നിങ്ങൾ 1983ലെ സിംബാബ്വേ എതിരായ കപിലിൻ്റെ 175 റൺസ് ഇന്നിംഗ്സ് പ്രതിഷ്ഠിക്കുന്നുവെങ്കിൽ നിങ്ങൾ ശരിയായ വഴിയിൽ ആണ് നീങ്ങുന്നത്. അന്ന് 17 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഒരു ടീമിനെ കൈപിടിച്ചുയർത്തിയ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ 175 റൺസ് എന്നത് ബാറ്റിംഗിൽ തീരെ വിപ്ലവം ഇല്ലാത്ത ആ കാലഘട്ടത്തിലെന്നല്ല ,ഈ കാലഘട്ടത്തിലെയും ,വരാനിരിക്കുന്ന കാലഘട്ടത്തെയും ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരിക്കുമെന്ന് നിസ്സംശയം പറയാം.
മഹാരഥന്മാർ അണിനിരന്ന ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഏകദിന ക്രിക്കറ്റിൽ ഒരു സെഞ്ചുറി ആദ്യം നേടാൻ കപിൽദേവ് വേണ്ടി വന്നു എന്നത് തന്നെ കാലഘട്ടത്തിൻ്റെ ഒരു കാവ്യനീതി ആയിരിക്കണം.നിർണായക നിമിഷങ്ങളിൽ ടീമിനെ ബാറ്റിംഗിലൂടെ കൈപിടിച്ചുയർത്താനുള്ള കഴിവ് തന്നെയാണ് കപിലിനെ തികവുറ്റ ഒരു ബൗളിംഗ് ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാൻ ഏവരും മടിക്കുന്നത്. അങ്ങനെ വിശേഷിപ്പിക്കുന്നതു തന്നെ കപിലിൻ്റെ ബാറ്റിംഗ് പ്രതിഭയോടുള്ള കുറച്ചു കാട്ടലും ആയിരിക്കും.യഥാർത്ഥത്തിൽ തൻറെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള എല്ലാ സാഹചര്യങ്ങളും അവസരങ്ങളും കഴിവുകളും ഉണ്ടായിട്ടും യാതൊരു മാറ്റവും വരുത്താൻ തയ്യാറാകാതെ കരിയറിലെ അവസാന മത്സരവും കളിച്ചു എന്നതാണ് ഏറ്റവും അതിശയകരം .
അല്ലെങ്കിൽ മഹാരഥന്മാരായ ബാറ്റ്സ്മാൻമാർ അണിനിരക്കുന്ന ഇന്ത്യൻ ലൈനപ്പിൽ തന്നെ ഏറ്റവും ആവശ്യം ഒരു ബൗളർ എന്ന നിലയിലാണ് എന്ന ബോധ്യമാകാം സ്റ്റംപുകളോട് കൂടുതൽ അടുപ്പം കാണിക്കാൻ കപിലിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. കപിൽദേവ് എന്ന മനുഷ്യനെ ഏത് രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് അടയാളപ്പെടുത്തും എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം പറയുമെന്നത് ഒരു സാധാരണക്കാരനെയും ക്രിക്കറ്റ് പണ്ഡിതന്മാരരെയും ഒരു പോലെ ആശയക്കുഴപ്പത്തിലെത്തിക്കും . ബാറ്റ്സ്മാന്മാരും സ്പിന്നർമാരും അരങ്ങുവാഴുന്ന പേസ് ബൗളിങ്ങിനെ തീരെ പിന്തുണക്കാത്ത ഇന്ത്യയിലെ വരണ്ട പിച്ചുകളിൽ എറിഞ്ഞു തളർന്ന ഒരാൾ ഒരു തരത്തിലും പേസ് ബൗളിങ്ങിന് സാഹചര്യമില്ലാത്ത ഒരു നാട്ടിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വേട്ടക്കാരൻ ആക്കുക എന്നത് അക്കാലത്ത് ഒരു സാധാരണ ക്രിക്കറ്റ് പ്രേമിയുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാകാനിടയില്ലായിരുന്നു .
കപിലിൻ്റെ അരങ്ങേറ്റം കഴിഞ്ഞിട്ട് 40 വർഷം കഴിഞ്ഞിട്ടും, അദ്ദേഹം വിരമിച്ച് 25 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ പേസ് ബൗളിംഗ് ഇപ്പോഴും അതിൻ്റെ ബാലാരിഷ്ഠ തിയിലാണെന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് “ഹരിയാന ഹരിക്കൈൻസ് ” ഒരു അത്ഭുതമാകുന്നത്.ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന പേസർമാരുടെ ഇടയിൽ കപിൽദേവ് ഇല്ലായിരിക്കാം. എന്നാൽ കളിക്കളത്തിലെ പോരാട്ടവീര്യവും, കൗശലവും ,ആത്മസമർപ്പണവും അതിനെല്ലാമുപരി പറയുന്ന കണക്കുകളും തന്നെയാണ് ലോകക്രിക്കറ്റിൽ മറ്റൊർക്കും സാധിക്കാത്ത നേട്ടങ്ങൾ കപിലിനെ തേടിയെത്തിയതും . ഒരേ സമയം 2 ഫോർമാറ്റുകളിലും ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ ആകുക എന്ന ബഹുമതിയുടെ സൂക്ഷിപ്പുകാരൻ ആദ്യം ആകാൻ പറ്റിയത് ഒരേയൊരു കപിലിന് തന്നെയായിരുന്നു .
ഒരുപക്ഷേ കപിലിൻ്റെ കരിയറിലെ 95% കളികളിലും കപിൽ എന്ന മനുഷ്യൻ ഒന്നുകിൽ പന്ത് കൊണ്ട് അല്ലെങ്കിൽ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻറെ ഭാഗഭാക്ക് ആയിരുന്നു . ഒരു കളിക്കാരൻ ഒരു രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കുക ,കൂടാതെ ലോക ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടി ചരിത്രം സൃഷ്ടിക്കുക, അതിനൊക്കെ പുറമേ ഒരു രാജ്യത്തിൻറെ ചരിത്രം മാറ്റിയെഴുതിയ ക്യാച്ച് എടുക്കുക . ശൂന്യതയിൽനിന്ന് ഒരു രാജ്യത്തിന് അപ്രതീക്ഷിതമായ ഒരു ലോകകപ്പ് വിജയം നേടിക്കൊടുത്ത് ഗെയിമിൽ രാജ്യത്തിൻറെ പുതുതലമുറയ്ക്ക് പ്രചോദനമാകാൻ മാറ്റുക .കപിൽദേവിൻ്റെ നാൾവഴികൾ ഏതൊരാൾക്കും പ്രചോദനമാണ്.
1983 ലോകകപ്പിലെ നിർണായകമായ 175 റൺ ,കരിയറിൻ്റെ അവസാന കാലത്ത് ആത്മസമർപ്പണത്തിന് ക്രിക്കറ്റ് തിരിച്ചു നൽകിയ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ്, 1983 ഫൈനലിൽ വിവിയൻ റിച്ചാർഡ്സ് എന്ന ചെയ്യുന്ന കാളക്കൂറ്റനെ 30 വാര പിറകോട്ടോടി അവിശ്വസനീയ കാച്ചെടുത്ത് ടീമിൻറെ ലോകകപ്പ് വിജയത്തിൽ നിർണായകമാവുക .ആ കപ്പ് കപിലിൻ്റ മാത്രം ലോകകപ്പ് ആയിരുന്നു .ആ ലോകകപ്പിലെ 8 മാച്ചുകളിൽ 303 റൺസ്, 12 വിക്കറ്റ്, 7 ക്യാച്ചുകൾ. .എല്ലാരീതിയിലും വിശ്വ വിജയികളുടെ യഥാർത്ഥ നായകൻ അയാൾ തന്നെയായിരുന്നു .ലോകകപ്പു കളുടെ ഇന്നോളമുള്ള ചരിത്രം എടുത്താൽ കപിലിനെ പോലൊരു ഓൾറൗണ്ട് പ്രകടനം നടത്തിയ ഒരു നായകനെ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ സാധിക്കില്ല . ഒരു പക്ഷേ ഇനി ഒരിക്കലും കണ്ടില്ലെന്നും വരും .Dhanam Cric
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കപിൽ എന്നു പറയേണ്ടി വരും . ഏതു പ്രതിസന്ധി ഘട്ടത്തിലും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന കപിൽ ഒരിക്കലും തൻറെ മേലെ ബൗളർമാർക്ക് മേധാവിത്തം അനുവദിക്കാറില്ലായിരുന്നു . ടെൻ്റ് ബ്രിഡ്ജിൽ 17 റൺസിന് അഞ്ചു വിക്കറ്റുകളും 78 റൺസിന് 7 വിക്കറ്റുകളും വീണപ്പോഴും ആറാമനായി എത്തിയ 24കാരൻ നായകൻ ടീമിനെ എട്ടു വിക്കറ്റിന് 266 ലെത്തിച്ചപ്പോൾ 175 റൺ നേടാൻ 138 പന്തുകൾ മാത്രമേ എടുത്തുള്ളു . 16 ഫോറുകളും 6 സിക്സറുകളും അലങ്കരിച്ച ആ അത്ഭുത ഇന്നിങ്സിന് ചരിത്രത്തിൽ പകരം വെക്കാൻ മറ്റൊരിന്നിങ്ങ്സില്ല താനും . പിന്നീട് ഇന്ത്യക്കാരുടെതടക്കം ഇരട്ടസെഞ്ചുറികളുടെ വലിയ മഴ തന്നെ കണ്ടിട്ടും കപിലിൻ്റെതിന് പകരം വയ്ക്കാൻ മറ്റൊരു ഇന്നിംഗ്സിനും ഇതുവരെ കഴിഞ്ഞിട്ടില്ല .ടീം തകരുമ്പോഴും കപിൽ എതിർ പാളയത്തിലേക്ക് പട നയിക്കുകയായിരുന്നു. സന്ദർഭവും ,സാഹചര്യവും ,പ്രതിസന്ധി ഘട്ടവും കണക്കിലെടുക്കുമ്പോൾ അവിശ്വസനീയം എന്നേ അതിനെ വിശേഷിപ്പിക്കാൻ പറ്റൂ .
7 വർഷത്തിനു ശേഷം 1990ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഫോളോ ഓൺ ഒഴിവാക്കാൻ 24 റൺസ് വേണ്ടിയിരുന്നപ്പോൾ പതിനൊന്നാമൻ നരേന്ദ്ര ഹിർവാനിയെ എതിർ ബൗളർമാർക്ക് ബലി നൽകാതെ സംരക്ഷിച്ച് എഡ്ഢി ഹെമ്മിങ്സിനെ തുടർച്ചയായി 4 സിക്സർ പറത്തി ലോകത്തെ ഞെട്ടിച്ച കപിലിൻ്റേത് ഒരു പ്രതികാരം കൂടിയായിരുന്നു .1983 ൽ വിശ്വ വിജയിയായ കപിൽ തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയത്തിന് വളരെ അരികിലെത്തിയതായിരുന്നു.
ആ സെമിഫൈനലിൽ 5 വിക്കറ്റ് കൈയിലിരിക്കെ 87 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ക്രീസിൽ കപിൽ നിൽക്കുമ്പോൾ ഇന്ത്യൻ വിജയമുറപ്പിച്ചതായിരുന്നു .എന്നാൽ അന്ന് ഹെമ്മിങ്ങ്സിൻ്റെ പന്തിലണ് കപിൽ പുറത്തായത്. ആ ഒരൊറ്റ വിക്കറ്റ് വീണതോടെ ഇന്ത്യ പരാജയം സമ്മതിച്ചത് പോലെയാണ് പിന്നീട് കളിച്ചത് .ക്രിക്കറ്റിൽ ഒരു ശക്തിയേ അല്ലായിരുന്ന ഇന്ത്യയ്ക്ക് ഒരു ലോക കിരീടം സമ്മാനിച്ചതിന് തൊട്ടു പിന്നാലെ അടുത്ത ലോകകപ്പിൽ സെമിഫൈനലിൽ എത്തിച്ച വിശ്വനായകനെ പക്ഷെ ബലിയാടാക്കി നായക സ്ഥാനത്തുനിന്നും ഒഴിവാക്കുകയാണ് അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് സമ്മാനമായി നൽകിയത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മുപ്പത്തിനാലാം വയസ്സിൽ അരങ്ങൊഴിയുമ്പോഴും മാന്യമായ ഒരു യാത്ര അന്നും ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ക്രിക്കറ്റിൻ്റെ എത് ഫോർമാറ്റിലാണ് മികച്ചവനെന്നതിനെപ്പറ്റി മറ്റുള്ളവരിൽ നിരന്തരം ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന അവസ്ഥാവിശേഷവും കൂടി കപിൽ സൃഷ്ടിക്കുകയുണ്ടായി .കപിൽ അരങ്ങൊഴിഞ്ഞ് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, ലോക ക്രിക്കറ്റിൽ ഓൾറൗണ്ടർ മാരുടെ ഒരു കുത്തൊഴുക്ക് ഉണ്ടായിട്ടും, ടെസ്റ്റിൽ 5000 റൺസും 400 വിക്കറ്റും തികക്കാൻ പറ്റിയത് മറ്റൊരാൾ ജനിച്ചിട്ടില്ല .എന്തിന് 4000 റൺസും 400 വിക്കറ്റ് പോലും കപിലിന് മാത്രം സ്വന്തമായ നേട്ടം . പൊള്ളോക്കും വെട്ടോറിയും അടുത്തെത്തും എന്ന് തോന്നിച്ചെങ്കിലും കപിലിനൊപ്പം ഉയരത്തിൽ പറക്കാൻ അവരുടെ ചിറകുകൾക്ക് ശക്തിയില്ലായിരുന്നു .
184 ഇന്നിംഗ്സുകളിൽ ഒരിക്കൽപോലും റണ്ണൗട്ടായി ഇല്ല എന്നത് അത്ഭുതകരമായ ഒരു കണക്ക് തന്നെയാണ്. പ്രത്യേകിച്ച് ആ റെക്കോർഡിനടുത്തു പോലും മറ്റൊരാളെ കാണാൻ കൂടി പറ്റാത്ത സ്ഥിതിക്ക് . വെറും ഇരുപത്തിയൊന്നാം വയസ്സിൽ 1000 റൺസും 100 വിക്കറ്റും നേടി അപൂർവ ഡബിൾ തികച്ച കപിലിന് പരിക്ക് കാരണം ഒരു ടെസ്റ്റ് പോലും നഷ്ടപ്പെട്ടിട്ടില്ല എന്നത് അദ്ദേഹത്തിൻറെ കായിക ക്ഷമതയുടെ ഉദാഹരണമാണ്. മെൽബണിൽ കലശലായ പനിക്കിടയിലും കാഴ്ച വെച്ച ബൗളിങ് സ്പെൽ മറക്കാൻ പറ്റില്ല . 1990 ആസ്ട്രേലിയക്കെതിരെ തോൽവി ഒഴിവാക്കി സമനില സമ്മാനിച്ച 138 പന്തിൽ നേടിയ 119 റൺസിൻ്റെയും 1992ലെ ഇന്ത്യൻ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങസ്സിൽ 180 പന്തിൽ നേടിയ 129 റൺസിൻ്റെ അതിമനോഹരമായ സെഞ്ചുറി എന്നിവയുടെയൊക്കെ വില ഇടാൻ പോയാൽ കുഴങ്ങിപ്പോകും .അലൻ ഡൊണാൾഡ് മാരക ഫോമിൽ പന്തെറിഞ്ഞ മാച്ചിൽ പുകൾ പെറ്റ ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ മറ്റൊരാൾക്ക് പോലും 17 റൺസിൽ കൂടുതൽ നേടാൻ പറ്റിയിരുന്നില്ല .സത്യത്തിൽ കപിൽ തൻ്റെ ബാറ്റിങ്ങിനോട് നീതി പുലർത്തിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് പോകാറുണ്ട് .
വരണ്ട ഏഷ്യൻ പിച്ചുകളിലായിരുന്നു കപിലിൻ്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളും സംഭവിച്ചതെന്നത് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു . പാകിസ്ഥാനെതിരെ 1980 ൽ ചിദംബരം സ്റ്റേഡിയത്തിൽ കാഴ്ച വെച്ച 7/56 ,1983 ൽ ഇഖ്ബാൽ സ്റ്റേഡിയത്തിലെ 7/220, 1983 ൽ ഗദ്ദാഫി സ്റ്റേഡിയത്തിലെ 8/85, 1983 ൽ തന്നെ അഹമ്മദാബാദിൽ കരുത്തരായ വിൻഡീസിനെതിരായ 9/83 എന്നി പ്രകടനങ്ങളൊക്കൊ ഏഷ്യൻപിച്ചുകളിൽ കപിലിനല്ലാതെ ആ കാലഘട്ടത്തിൽ മറ്റൊരാൾക്കും സാധിച്ചിട്ടില്ലായിരുന്നു. 1985 ൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരായ 8/85 പ്രകടനമൊക്കൊ ഒരു ഇന്ത്യൻ ബൗളർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രകടനമായിരുന്നു .
തൻ്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച വെടിക്കെട്ടുകാരനായ കപിൽ അക്കാര്യത്തിൽ വിവിയൻ റിച്ചാർഡ് സിനെപ്പോലും കടത്തി വെട്ടിയിരുന്നു .എല്ലാവരും കപിലിൻ്റെ 175 റൺസിൻ്റെ കഥ പറയുമ്പോൾ അതിനും 5 മത്സരങ്ങൾക്കു മുൻപ് വെസ്റ്റ് ഇൻഡീസിനെതിരെ വെറും 38 പന്തിൽ കപിൽ നേടിയ 72 റൺസിൻ്റെ പ്രകടനം പലർക്കുമറിയില്ല .1982 ൽ കപിലിൻ്റെ തുടർച്ചയായ 5 ടെസ്റ്റ് ഇന്നിങ്ങ്സുകൾ ഇങ്ങനെ ആയിരുന്നു.98 പന്തിൽ 116 ,69 പന്തിൽ 41,55 പന്തിൽ 89 ,55 പന്തിൽ 65,93 പന്തിൽ 97 !!
2019 ലോകകപ്പ് ഇന്ത്യ ജയിച്ചാൽ താൻ ഷർട്ടൂരി ഓടും എന്ന് പറഞ്ഞ് കപിൽ അന്നും ഇന്നും തന്നിലെ ദേശസ്നേഹം അതുപോലെ പിന്തുടർന്നു. ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനൻ്റ് കേണൽ ആയി സേവനമനുഷ്ഠിച്ച കപിലിനെതിരെ മനോജ് പ്രഭാകർ കോഴ ആരോപണം ഉന്നയിച്ച് അപഹാസ്യനായപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ കപിൽ പൊട്ടിക്കരയുകയായിരുന്നു .പക്ഷെ അതിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ക്രിക്കറ്റ് പ്രേമികളായിരുന്നു . 2002 ൽ ഗാവസ്കറിനും സച്ചിനും മേലേ ക്രിക്കറ്റർ ഓഫ് സെഞ്ചുറി അവാർഡ് നേടിയത് കപിലിനുള്ള യഥാർത്ഥ അംഗീകാരം തന്നെയായിരുന്നു. Dhanam Cric
വായുവിൽ ഉയർന്ന് തല ഇടത്തോട്ടു ചെരിച്ച് പന്തുകൾ സ്റ്റംപിന് വർഷിക്കുന്ന കപിലിൻ്റെ ആക്ഷനെപ്പോലെ സുന്ദരമായ മറ്റെന്ത് കാഴ്ചയാണുള്ളത് ? കപിൽ സമ്മാനിച്ച കാഴ്ചകൾ ഒരു തലമുറയെ ഉണ്ണാതെ ,ഉറങ്ങാതെ ക്രിക്കറ്റിനെ മാത്രം മനസിൽ കൊണ്ടു നടക്കാൻ പ്രേരിപ്പിച്ചത് ലക്ഷക്കണക്കിന് യുവതയെ ആയിരുന്നു .
ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ചവനാര് എന്നതിന് നിങ്ങളുടെ ഉത്തരങ്ങൾ പലതായിരിക്കാം .എന്നാൽ ശാരീരികക്ഷമത, കഠിനാധ്വാനം, ആത്മസമർപ്പണം വരുംതലമുറക്ക് പ്രചോദനം നൽകൽ ,ശൂന്യതയിൽ നിന്നും തൻ്റെ മികവ് കൊണ്ട് രാജ്യത്തിന് വിശ്വകിരീടം സമ്മാനിക്കുക, കളിയുടെ 3 മേഖലകളിലും ഒരുപോലെ മിന്നിത്തിളങ്ങുക . ഇതൊക്കെയാണ് ഒരു മനുഷ്യനെ ഗെയിമിലെ മഹാൻ ആക്കുന്നതെങ്കിൽ കപിൽ എന്ന മനുഷ്യനോളം വലിയ ഇതിഹാസം വേറെ ഇല്ല എന്ന് തുറന്നു സമ്മതിക്കേണ്ടിവരും.
ഇന്നത്തെ T20 യുഗത്തിലാണ് കളിച്ചിരുന്നത് കപിൽ എന്ന ലോകം കണ്ട ഏറ്ററും മികച്ച ഓൾറൗണ്ടറുടെ മൂല്യം എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും പറ്റില്ല .നഷ്ടം ക്രിക്കറ്റിന് തന്നെയാണ് .എന്നാൽ ഒരു കണക്കിന് ഈ യുഗത്തിൽ കളിക്കാത്തത് നന്നായി എന്ന് പറയേണ്ടിവരും. കാരണം വിലയിടാൻ പറ്റാത്ത കപിലിന് വിലയിടാൻ ശ്രമിച്ചു ഫ്രാഞ്ചൈസികൾ അപഹാസ്യരാകുന്ന കാഴ്ചയെക്കാൾ ദയനീയം വേറൊന്നും ഇല്ലല്ലോ……
……. പ്രിയപ്പെട്ട കപിൽ പാജിക്ക് ഒരായിരം ജൻമദിനാശംസകൾ…..