കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന് മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു.
126 total views

മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന് മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു.
ഞങ്ങളുടെ പ്രീയപ്പെട്ട ഹിന്ദി അദ്ധ്യാപകന്.
അദ്ദേഹം ഒരു ഹിന്ദി ഭാഷാ അദ്ധ്യാപകനെങ്കിലും ഞങ്ങളുടെ സ്കൂളിലെ (തിരുവല്ലക്ക് സമീപമുള്ള വളഞ്ഞവട്ടം കടപ്ര ഗവന്മെന്റെ ഹൈസ്കൂള്‍) ഏതൊരു കലോല്‍ത്സവ പരിപാടികള്‍ക്കും സാറിന്റെ സാന്നിദ്ധ്യമായിരിക്കും എപ്പോഴും മുന്നില്‍,
പേരെടുത്ത നിരണം കണ്ണശക്കവികളുടെ കുടുംബത്തില്‍ ഭൂജാതനായ സാര്‍ നിരവധി മലയാളം ഗാനങ്ങളും, കവിതകളും എഴുതിയിട്ടുണ്ട്. ഒരു മലയാള ഭാഷാദ്ധ്യാപകനാകേണ്ട സാര്‍ എന്തേ ഒരു ഹിന്ദി അധ്യാപകനായി എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എങ്കിലും നേരിട്ട് ചോദിക്കുവാന്‍ ആ കാലത്ത് ഒരിക്കലും ധൈര്യം വന്നിരുന്നില്ല.താന്‍ എഴുതിയ കവിതകള്‍ സ്കൂള്‍ കലോത്സവങ്ങളില്‍ സാര്‍ തന്നെ സ്റ്റേജില്‍ പാടി കേള്‍പ്പിക്കുമായിരുന്നു.
ആ മധുരോദരമായ വരികള്‍/വാക്കുകള്‍ ഇന്നു വെറും ഓര്‍മ്മകളില്‍ മാത്രമായി മാറി നില്ക്കുന്നു.
ഒരു സ്കൂളിന്റെ പ്രധാനാദ്ധ്യാപക പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്ന സാര്‍ ഞാന്‍ പഠിക്കുന്ന കാലം വരെയും ഒരു ഹിന്ദി അധ്യാപകനായിത്തന്നെ തുടര്‍ന്നു.
എന്റെ ക്ലാസ് അദ്ധ്യാപകന് കൂടി ആയിരുന്ന സാര്‍ പഠന കാര്യങ്ങളില്‍ വളരെ കര്‍ക്കശ നയം പാലിച്ച ഒരാള്‍ ആയിരുന്നു.
കപ്പലണ്ടിയോട് വളരെ ഇഷ്ടമുണ്ടായിരുന്ന ഞാന്‍ പലപ്പോഴും പിതാവിന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്കൂളിന്റെ മതിലിനു പുറത്തു കപ്പലണ്ടിക്കച്ചവടം നടത്തുന്ന മൊയ്തു മൂപ്പരുടെ മാടക്കടയില്‍ നിന്നും കടലയോ കപ്പലണ്ടിയോ വാങ്ങുക പതിവുണ്ടായിരുന്നു. അത് വാങ്ങി വിഷ്ണുവിനും മത്തായിക്കും ബഷീറിനും മറ്റും പങ്കു വെക്കുക എന്റെ ഒരു പതിവായിരുന്നു.
അന്നൊരിക്കല്‍ പതിവ് പോലെ കപ്പലണ്ടിയും വാങ്ങി ക്ലാസ്സിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു.
പണിക്കര്‍ സാര്‍ അന്നത്തെ പാഠം പഠിപ്പിച്ചു തുടങ്ങിയിരുന്നു.
ഇന്നു സാറിന്റെ ചൂരല്‍ക്കഷായം കിട്ടിയത് തന്നെ എന്ന് മനസ്സില്‍ ഉറച്ചു വിറയലോടെ ഞാന്‍ ക്ലാസ്സിന്റെ വാതില്ക്കല് എത്തി.
എന്നെക്കണ്ടതും സാര്‍ ഒന്ന് തുറിച്ചു നോക്കി
ഞാനാകെ വിയര്‍ത്തു പോയി
അപ്പോഴാണ് ഞാന്‍ വാങ്ങിയ കപ്പലണ്ടിപ്പൊതി എന്റെ കയ്യില്‍ ഇരിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്.
പെട്ടന്ന് അത് മറയ്ക്കാനായി ഒരു വിഫല ശ്രമം ഞാന്‍ നടത്തി.
കപ്പലണ്ടിപ്പൊതി നിക്കറിന്റെ കീശയിലേക്ക് വേഗം ഞാന്‍ തിരുകിക്കയറ്റി,
അത് കണ്ട സാര്‍.
ഡാ എന്താണതു?
ഞാന്‍ കപ്പലണ്ടിപ്പൊതി പുറത്തെടുത്തു,
അഴിക്കെടാ അത്.
ഞാന്‍ പൊതിയഴിച്ചു.
ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.
കുട്ടികളില്‍ ചിലര്‍ കുശുകുശുക്കുവാന്‍ തുടങ്ങി.
ഞാന്‍ നിന്നിടം താഴേക്കു താഴുന്നത് പോലെ എനിക്കു തോന്നി.
ഇനിയെന്താണോ സാറിന്റെ അടുത്ത പരിപാടി എന്നോര്‍ത്തു ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ട സാര്‍ എന്റെ അടുത്തേക്ക് വന്ന് തോളില്‍ പിടിച്ചു ചോദിച്ചു,
‘ഇതാണോ കാരണം ക്ലാസ്സിലെത്താന്‍ വൈകിയത്?
ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ ഞാന്‍ മൂകനായി നിന്നു.
സാര്‍ പിന്നീടൊന്നും ചോദിച്ചില്ല.
ആ പൊതി മേശമേല്‍ വെച്ചിട്ട് പോയി സീറ്റില്‍ ഇരിക്കൂ എന്നു മാത്രം പറഞ്ഞു.
അത് കേട്ടതും ഒരു യന്ത്രം കണക്കെ ഞാനാ പൊതി സാറിന്റെ മേശമേല്‍ നിക്ഷേപിച്ചു എന്നിട്ട് എന്റെ സീറ്റില്‍ പോയിരുന്നു.
ദൈവമേ ഇനി എന്തെല്ലാമാണോ സംഭവിക്കാന്‍ പോകുന്നത്.
പിതാവിനെക്കൂട്ടി വരാന്‍ പറയുമോ എന്തോ, അതോ ഇനി മറ്റു വല്ല ശിക്ഷയോ മറ്റോ കിട്ടുമോ, ആകെ കുഴപ്പം ആയല്ലോ. ഇങ്ങനെ നിരവധി ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി.
ഒന്നും സംഭവിക്കാത്ത മട്ടില്‍ സാര്‍ വീണ്ടും പാഠം പഠിപ്പിക്കുവാന്‍ തുടങ്ങി.
അക്ഷമയോടെ എല്ലാം കേട്ടിരുന്നു എങ്കിലും ഒന്നും മനസ്സില്‍ പതിഞ്ഞില്ല.
സാര്‍ തരാന്‍ പോകുന്ന ശിക്ഷ എന്തായിരിക്കുമോ എന്നത് മാത്രമായ്രിരുന്നു എന്റെ അപ്പോഴത്തെ ചിന്ത.
പെട്ടന്ന് ആദ്യ ക്ലാസ് അവസാനിച്ചു എന്നുള്ള മണി ശബ്ദം മുഴങ്ങി.
അടുത്തതു പീ ടീ ക്ലാസ് ആണ്.
എല്ലാവരും പുറത്തേക്കു പോകുവാനായി എഴുന്നേറ്റു.
കുട്ടികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തെത്തി ഞാനും പതിയെ പുറത്തേക്കു പോകുവാനായി തുടങ്ങുന്നത് കണ്ടു സാര്‍ എന്നെ വിളിച്ചു.
ഫിലിപ്പ് ഇവിടെ വരൂ,
മേശമേല്‍ ഇരിക്കുന്ന കപ്പലണ്ടിപ്പൊതി ചൂണ്ടി സാര്‍ പറഞ്ഞു.
ഈ പൊതിക്കെട്ടു നിന്റേതല്ലേ എടുത്തോളൂ, ഉം പൊയ്ക്കോ, ഇനി ഇതാവര്‍ത്തിക്കരുത് കേട്ടോ!
എന്റെ ശ്വാസം നേരെ വീണതപ്പോള്‍ മാത്രമായിരുന്നു.
പൊതിയുമായി ക്ലാസ്സിനു പുറത്തിറങ്ങിയ എന്നെ കൂട്ടുകാര്‍ വട്ടം പൊതിഞ്ഞു.
എന്താടാ സാര്‍ എന്തു പറഞ്ഞു?.
ഞാന്‍ നടന്ന സംഭവം അവരോടു പറഞ്ഞു.
കൂട്ടത്തില്‍ സരസ്സനായ കുട്ടന് പറഞ്ഞു.
സംഭവം കൊള്ളാമല്ലോ, ‘ക്യാപ്റ്റന്‍ കുക്കിനെ സൂയസ് കാനാലില്‍ വെച്ച് കപ്പലണ്ടിപ്പൊതി സഹിതം തൊണ്ടിയോടെ പിടിച്ചേ!!! പൂ ഹോയി!!!
മറ്റു കുട്ടികള്‍ അത് കേട്ടു വീണ്ടും വീണ്ടും കൂകി വിളിച്ചു. ഒപ്പം കുട്ടന് തട്ടി വിട്ട പല്ലവി അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
അങ്ങനെ എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നത് വരെ ‘ക്യാപ്റ്റന്‍ കുക്ക്’ എന്നൊരു നാമധേയവും എനിക്കു ലഭിച്ചു.
സാറിന്റെ അന്നത്തെ ആ പ്രതികരണം എന്നില്‍ സാറിനോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു എന്നു ഞാന്‍ എടുത്തു പറയട്ടെ.
സാര്‍ എന്നും എല്ലാവര്ക്കും ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു.
127 total views, 1 views today
