കബന്ധം (കഥ)

212

The_Old_Man_and_the_Sea_by_0487 (1)
അവിടമാകെ ഇരുട്ടായിരുന്നു , കണ്ണില്‍ കുത്തിയാല്‍ അറിയാത്തത്ര ഇരുട്ട് എന്ന് വേണമെങ്കില്‍ പറയാം. അതിനേക്കാള്‍ ഭയാനകമായി തോന്നിച്ചത് അവിടത്തെ നിശബ്ദതയാണ്; ഒരു മൊട്ടുസൂചി വീണാല്‍ കേള്‍ക്കാം. ഇരുളും നിശബ്ദതയും – എനിക്ക് ഭയമാണ് ഇവയെ ; ഇവിടെയിപ്പോ അകെ കേള്‍ക്കുന്നത് എന്റെ ശ്വാസോച്ചാസത്തിന്റെ ശബ്ദം മാത്രമാണ്. മുന്‍പിലേക്ക് ഒരടിപോലും വെയ്ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. മുന്നിലേക്ക്‌ വെയ്ക്കുന്ന കാല്‍ ഒരു വലിയ കുഴിയിലേക്കാവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു ; പക്ഷെ എന്തിനിങ്ങനെ ഒരു മരണം എന്നറിഞ്ഞിട്ടു മരിക്കണം എന്നതാണ് എന്റെ അന്ത്യാഭിലാഷം.

ഞാനല്ലാതെ ആ പരിസരത്ത് വേറെ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അവിടെ നിന്നനങ്ങാന്‍  തന്നെ എനിക്ക് പേടിയാണ്; പേരറിയാത്ത ഏതോ വലിയ മലയുടെ ഏറ്റവും മുകളിലുള്ള ഒരു കൊച്ചു സ്ഥലത്താണ് ഇരിക്കുന്നതെന്ന് എനിക്ക് തോന്നി ; അതല്ലെങ്കില്‍ അംബരചുംബിയായ എന്തെങ്കിലും കെട്ടിടത്തിനു ഏറ്റവും മുകളില്‍. ഉയരവും എനിക്ക് പേടിയാണ് ; കാണാന്‍ കഴിയുന്നില്ലെങ്കിലും ഇരുളിലും നിശബ്ദതയിലൂടെയും മുന്നിലുള്ള ശൂന്യത ഞാന്‍ അനുഭവിച്ചറിയുന്നു.

ചിലപ്പോള്‍ കുറച്ചു നേരം കഴിഞ്ഞാല്‍ വെളിച്ചം വരുമായിരിക്കും; പക്ഷെ എത്രനേരം?

നിശബ്ദത കൂടുതല്‍ അസഹ്യമാകുന്നു; എന്റെ ഹൃദയമിടിപ്പ്‌ പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. അറിയാതെ എന്റെ കൈകള്‍ നെഞ്ചിലൊന്ന് തടവി ; അംഗഭംഗം ഒന്നുമില്ല പക്ഷെ അത് സത്യമാണ് – എന്റെ ഹൃദയം നിലച്ചിരിക്കുന്നു.

ഭയം കൊണ്ടാവണം എന്റെ ശ്വാസോച്ചാസം കൂടുതല്‍ ശക്തമായി .എവിടെ നിന്നോ പതിയെ തണുപ്പ് അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ; ഞാന്‍ ചെറുതായി വിറയ്ക്കുന്നു.
എന്റെ ശരീരത്തിലേക്ക് ചെറുനനവും പടരുന്നു; എവിടെ നിന്നോ വെള്ളം എനിക്ക് ചുറ്റും ഉയരുന്നു; കണ്ണങ്കാല്‍ വരെയെത്തി. ഞാന്‍ പതിയെ എഴുന്നേറ്റു. ചുറ്റുമുള്ള ഇരുട്ടില്‍ കൈ പതിയെ പരതി. ഞാനേതോ അറയ്ക്കുള്ളില്‍ ആണ് ; നാല് വശവും അടച്ച ഒരു ചെറിയ അറ.  എപ്പോഴോ തെറിച്ച ഒരു തുള്ളി , വെള്ളത്തിനു ഉപ്പുരസം ആണെന്ന് മനസിലാക്കി തന്നു .

കടല്‍ വെള്ളം!

ഈശ്വരാ, കടലിനു നടുക്കണോ ഞാന്‍ ?! പക്ഷെ കടലിന്റെ ഇരമ്പമൊന്നും കേള്‍ക്കാനില്ലല്ലോ; പണ്ട് കടലിന്റെ ഇരമ്പം കേള്‍ക്കാന്‍ രാമേശ്വരത്ത് നിന്ന് വാങ്ങിയ ശംഖു ചെവിയില്‍ വെച്ചതോര്‍ക്കുന്നു.
അല്ല; ഇത് കടല്‍ വെള്ളമല്ല ; ഇതില്‍ മണ്‍തരികള്‍ ഒന്നുമില്ല.

വെള്ളത്തിന്റെ അളവ് കൂടിക്കൂടി വരുന്നു. അരയോളം മുങ്ങി. മരണം മുന്നില്‍ കാണുമ്പോഴും അവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമായിരുന്നു. എന്റെ ഏതു നേര്‍ത്ത ചലനവും മരണത്തിനു എന്നിലേക്കുള്ള കുറുക്കു വഴിയാകും എന്ന് ഞാന്‍ വിശ്വസിച്ചു.  വെള്ളം നിറഞ്ഞു കൊണ്ടേയിരുന്നു.

എനിക്ക് തെറ്റി. ഇത് കടല്‍വെള്ളമല്ല ; കണ്ണുനീരാണ്. എനിക്ക് വേണ്ടി കണ്ണുനീര്‍ വാര്‍ത്തവരുടെ കണ്ണുനീര്‍ ഒരുമിച്ചു ഒഴുകിയെത്തി എന്നെ അതില്‍ മുക്കികൊല്ലാന്‍ പോവുകയാണ്. വൈകിയെങ്കിലും ഞാനത് മനസിലാക്കി ; എന്തിനു എന്ന ചോദ്യം ഇനി അവശേഷിക്കുന്നില്ല.

നിമിഷങ്ങള്‍ക്കകം മൃതിയെന്നെ പുല്‍കുമെങ്കിലും അവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമായിരുന്നു. പണ്ടും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. പലപ്പോഴും വേണ്ട സമയത്ത് ഞാന്‍ നിശ്ചലന്‍ ആയിരുന്നു. ഏറെക്കുറെ സന്തുലിതമായിരുന്ന അന്തരീക്ഷം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു; എന്റെ സ്വാര്‍ത്ഥത. അതിന്റെ അനന്തര ഫലമാണ് ഈ ജലസമാധി.

ജലനിരപ്പുയര്‍ന്നു കൊണ്ടിരുന്നു. മൂക്കിനു കീഴെവരെയെത്തി വെള്ളം. വായ മുഴുവന്‍ കണ്ണുനീര്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ ഉപ്പുരസവും , അതില്‍ കലര്‍ന്നിരിക്കുന്ന വേദനയും ഞാന്‍ മനസിലാക്കുന്നു.

ഇനി നിമിഷങ്ങള്‍ മാത്രം; ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വമൃതി നേരില്‍ കാണാനുള്ള ധൈര്യം പോലും എനിക്കില്ലാതായി.

***********

നിമിഷങ്ങള്‍ പലതു കഴിഞ്ഞു. നിരപ്പുയര്‍ന്നില്ല.

അതെ നിരപ്പുയരുന്നില്ല!!!

എനിക്കുവേണ്ടി കരഞ്ഞ കണ്ണുകള്‍ കരച്ചില്‍ നിര്‍ത്തിയിരിക്കുന്നു. ഇനി കണ്ണുനീര്‍ ഒഴുകിയെത്തില്ല ; നിരപ്പുയരില്ല; ഞാന്‍ മരിക്കില്ല !

എന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു ; രണ്ടു തുള്ളി ആ കണ്ണുനീരിനോപ്പം ലയിച്ചു.

ഓ ! കണ്ണുനീര്‍ ഒഴുകിപോവുകയാണ്; നിരപ്പ് കുറയുന്നു. പതിയെ അവിടമാകെ പ്രകാശം പരക്കുന്നു. കണ്ണുകളിലേക്കു പ്രകാശം കുത്താന്‍ തുടങ്ങിയപ്പോള്‍ അറിയാതെ ഞാന്‍ കണ്ണുകള്‍ പൊത്തി.

ഒന്ന് രണ്ടു നിമിഷം ഞാന്‍ അങ്ങനെ നിന്ന് കാണണം. പതിയെ ഞാന്‍ കണ്ണുകള്‍ തുറന്നു.

ഒരിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ കൂടിയാളില്ലാത്ത ഒരനാഥ പ്രേതം മുന്നില്‍ കിടക്കുന്ന കണ്ടു; അതിന്റെ മുഖം വ്യക്തമല്ല.  മുന്നോട്ടു ചെന്ന് അത് നോക്കണമെന്നുണ്ട്; പക്ഷെ ഇവിടെ നിന്നനങ്ങാന്‍ എനിക്ക് ഭയമാണ്.. എനിക്കറിയാം – അതിനു എന്റെ മുഖച്ചായ ആയിരിക്കുമെന്ന്.